സാമൂഹ്യമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം വൈറലായ ഒരു വീഡിയോ ഉണ്ട്. വയനാട് ജില്ലയിലെ നൂല്‍പ്പുഴ കുടുംബാരോഗ്യകേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫീസറായ ഡോ. ദാഹര്‍ മുഹമ്മദ് ആരാേഗ്യമന്ത്രി വീണാ ജോർജിനോട് വികാരാധീനനായി സംസാരിക്കുന്ന വീഡിയോ.
കുടുംബാരോഗ്യകേന്ദ്രത്തില്‍ പുതുതായി സ്ഥാപിച്ച ഫിസിയോതെറാപ്പിക്കായുള്ള ജി-ഗെയ്റ്റര്‍ എന്ന അത്യാധുനിക ഉപകരണം ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു മന്ത്രി. ഒരാശുപത്രിയില്‍ പുതുതായി ഉപകരണം സ്ഥാപിക്കുന്നത് സാധാരണ കാര്യമാണ്. പക്ഷേ എന്തുകൊണ്ടാകും ഡോക്ടറെ ഇത് വികാരാധീനനാക്കിയത്? ഡോ. ദാഹര്‍ മാതൃഭൂമി ഡോട് കോമിനോട് സംസാരിക്കുന്നു.
നൂല്‍പ്പുഴ എഫ്എച്ച്‌സി
സാധാരണ പ്രാഥമികാരോഗ്യകേന്ദ്രമായിരുന്നു നൂല്‍പ്പുഴയിലുണ്ടായിരുന്നത്. മുന്‍ സര്‍ക്കാരിന്റെ കാലത്തെ ആര്‍ദ്രം മിഷന്റെ ഭാഗമായാണ് കുടുംബാരോഗ്യ കേന്ദ്രം അഥവാ എഫ്എച്ച്‌സിയായി ഉയര്‍ത്തിയത്. ഇതിന്റെ ഭാഗമായി ഒപി സമയം വര്‍ധിപ്പിക്കുകയും കൂടുതല്‍ ക്ലിനിക്കുകള്‍ തുടങ്ങുകയും ചെയ്തു.
എന്നാല്‍ അതിനെല്ലാം അപ്പുറം, നൂല്‍പ്പുഴയെന്നത് ഒരു ട്രൈബല്‍ ബെല്‍റ്റാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഗോത്രജനവിഭാഗമുള്ള രണ്ടാമത്തെ പഞ്ചായത്ത്. ഇവിടത്തെ ജനസംഖ്യയില്‍ 50 ശതമാനം പേര്‍ ഗോത്രവര്‍ഗത്തില്‍ പെട്ടവരാണ്. ഏത് കമ്യൂണിറ്റിയില്‍ പെട്ടവരാണെങ്കിലും പിന്നാക്കം നില്‍ക്കുന്നവര്‍. അവര്‍ക്ക് അത്യാധുനിക ചികിത്സാസൗകര്യം കൊടുക്കേണ്ടതുണ്ട്.
ട്രൈബല്‍ കമ്യൂണിറ്റിയില്‍ പെട്ടവര്‍ കുറേസമയം യാത്ര ചെയ്ത് ദൂരെയുള്ള ഹെല്‍ത്ത് സെന്ററില്‍ ചികിത്സയ്ക്ക് പോകില്ല. അപ്പോൾ അവര്‍ക്കുള്‍പ്പെടെ ചികിത്സ വാതില്‍പ്പടിയില്‍ എത്തണം. അതിന്റെ ഭാഗമായി ഇവിടെ പല പദ്ധതികളും ഞങ്ങള്‍ നടത്തുന്നുണ്ട്.
ഫിസിയോതെറാപ്പി
തുടങ്ങുമ്പോൾ ഇവിടെ ഒരു ഫിസിയോതെറാപ്പിസ്റ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ ഞങ്ങള്‍ ഏറ്റവും നൂതനമായ ചികിത്സയാണ് ഇവിടെ കൊടുക്കുന്നത്. പഞ്ചായത്തിന്റേയും സര്‍ക്കാരിന്റേയും എംപിയുടേയും എംഎല്‍എയുടേയുമെല്ലാം പിന്തുണയോടെ കുറേ ഉപകരണങ്ങള്‍ വാങ്ങുകയും ആറ് ഫിസിയോതെറാപ്പിസ്റ്റും ഒരു കൗണ്‍സിലറും ഉള്‍പ്പെടെ കൂടുതല്‍ ജീവനക്കാരെ നിയമിക്കുകയും ചെയ്തു.
ഫിസിയോതെറാപ്പിക്കായാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഇവിടെ എത്തുന്നത്. നൂറോളം രോഗികളാണ് ഇങ്ങനെ എത്തുന്നുണ്ട്. അതില്‍ 80 ശതമാനവും മറ്റു പഞ്ചായത്തുകളില്‍ നിന്നും അതിര്‍ത്തി കടന്ന് തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമെല്ലാമാണ് വരുന്നത്.
ജി-ഗെയ്റ്റര്‍ അഥവാ റോബോട്ടിക് ഫിസിയോതെറാപ്പി
പക്ഷാഘാതം, അപകടം തുടങ്ങി വിവിധ കാരണങ്ങളാല്‍ ചലനശേഷി നഷ്ടമായവരെ വീണ്ടും നടക്കാന്‍ പഠിപ്പിക്കുന്ന റോബോട്ടാണ് ലളിതമായി പറഞ്ഞാല്‍ ജി-ഗെയ്റ്റര്‍. മലയാളി സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ജെന്‍ റോബോട്ടിക്‌സ് ആണ് അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഈ ഉപകരണം വികസിപ്പിച്ചത്. തിരുവനന്തപുരം ജനറല്‍ ആശുപത്രി ഉള്‍പ്പെടെ വിവിധ ആശുപത്രികളില്‍ ജി-ഗെയ്റ്റര്‍. എന്നാല്‍ ഒരു കുടുംബാരോഗ്യകേന്ദ്രത്തില്‍ ഈ ഉപകരണം ആദ്യമായി എത്തുന്നത് നൂല്‍പ്പുഴയിലാണ്.
തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലുള്ളത് മുതിര്‍ന്നവര്‍ക്ക് മാത്രമുള്ള തരം ജി-ഗെയ്റ്ററാണ്. എന്നാല്‍ നമുക്ക് തന്നിരിക്കുന്നത് കുട്ടികള്‍ക്കും കൂടെ ഉപയോഗിക്കാന്‍ കഴിയുന്നതാണ്. സാധാരണ ശരീരം തളര്‍ന്ന രോഗികളെ ട്രെഡ്മില്ലിലാണ് നടപ്പിക്കാറ്. എന്നാല്‍ അങ്ങനെ ചെയ്യുമ്പോള്‍ ഒരിക്കലും നമുക്ക് കാലിന്റെ ആംഗിള്‍ നോക്കി കൃത്യമായി നടക്കാന്‍ പറഞ്ഞുകൊടുക്കാന്‍ കഴിയില്ല. എന്നാല്‍, ഈ മെഷീന്‍ അങ്ങനെയല്ല. റോബോട്ടിന്റെ സഹായത്തോടെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. രോഗി നടക്കുന്നത് എങ്ങനെ എന്ന് തിരിച്ചറിഞ്ഞ് മെഷീന്‍ സ്വയം ചലിക്കും. എഐയുടെ സഹായത്തോടെയാണ് ഇത്.
ജി-ഗെയ്റ്ററിനെ കുറിച്ച് അറിഞ്ഞതു മുതല്‍ ഇവിടെയും അത് കൊണ്ടുവരണമെന്നുണ്ടായിരുന്നു. വയനാട് പാക്കേജിന്റെ ഭാഗമായി ജി-ഗെയ്റ്റര്‍ വേണമെന്ന് ഞങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മൂന്നുകോടി രൂപയോളം ചെലവുള്ള ഉപകരണമാണ്. അതും ഒരു കുടുംബാരോഗ്യകേന്ദ്രത്തിലേക്ക്. പല ഭാഗത്തുനിന്നും എതിര്‍പ്പുകള്‍ ഉയരാന്‍ സാധ്യതയുണ്ട്. പല ചോദ്യങ്ങളും ഞങ്ങള്‍ നേരിട്ടു. എന്തിനാണ് ഇത്ര വലിയ ഉപകരണം എന്നൊക്കെ.
എന്നാല്‍ സര്‍ക്കാര്‍ ഞങ്ങളുടെ കൂടെ നിന്നു. പ്രത്യേകിച്ച് ജില്ലാ കളക്ടര്‍ മേഘശ്രീ മാഡം. പിന്നെ ഡിഎംഒ. അവര്‍ വലിയ പിന്തുണ നല്‍കിയതുകൊണ്ടാണ് ഇത് സാധ്യമായത്. അപ്രൂവലിന് പോയപ്പോള്‍ ഉള്‍പ്പെടെ ഒരുഘട്ടത്തില്‍ പോലും ഇതിനെ ആരും എതിര്‍ത്തില്ല. മെയിന്റനന്‍സിനായി അഞ്ച് വര്‍ഷം വാറണ്ടി ഞങ്ങള്‍ കമ്പനിയോട് ചോദിച്ചുവാങ്ങി. കൂടാതെ ജി-ഗെയ്റ്റര്‍ പ്രവര്‍ത്തിപ്പിക്കാനായി ഒരുവര്‍ഷത്തേക്ക് ഒരാളെയും കമ്പനി വിട്ടുനല്‍കി.
വികാരാധീനനായതിനെക്കുറിച്ച്
ഉദ്ഘാടനത്തിന് ആരോഗ്യമന്ത്രി വന്നപ്പോള്‍ തമിഴ്‌നാട്ടിലെ പാട്ടവയലില്‍ നിന്നുള്ള പേഷ്യന്റാണ് ജി-ഗെയ്റ്ററില്‍ ഉണ്ടായിരുന്നത്. ജഗദീഷ്. ആ പയ്യന് ബൈക്കപകടത്തില്‍ പരിക്കുപറ്റി പത്ത് മാസമായി കിടപ്പിലാണ്. ജി-ഗെയ്റ്ററില്‍ കയറിയപ്പോഴാണ് ഇത്രകാലത്തിന് ശേഷം അവന്‍ ആദ്യമായി നടക്കുന്നത്. അതിന്റെ സന്തോഷം വലുതായിരുന്നു.
വയനാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി പ്രഖ്യാപിച്ച പാക്കേജാണ് വയനാട് പാക്കേജ്. അതിന്റെ ഭാഗമായി ഒരു പിഎച്ച്‌സിക്ക് തന്നെ മൂന്ന് കോടിയുടെ ഉപകരണം തന്ന് ചേര്‍ത്തുപിടിക്കുകയെന്നത് വലിയ കാര്യമാണല്ലോ. അതും പ്രൊപ്പോസല്‍ കൊടുത്ത് ആറുമാസം കൊണ്ട്. അതിന്റെയെല്ലാം സന്തോഷമാണ് പെട്ടെന്ന് മന്ത്രിയെ കണ്ടപ്പോള്‍ അണപൊട്ടിയൊഴുകിയത്.
ഇത് സാധ്യമായതില്‍ എനിക്ക് ഏറ്റവും കൂടുതല്‍ കടപ്പാടുള്ളത് ജില്ലാ കളക്ടര്‍ മേഘശ്രീ മാഡത്തോടാണ്. പിന്നെ കല്‍പ്പറ്റയിലെ ജില്ലാ പ്ലാനിങ് ഓഫീസിനോടും. അപകടങ്ങളില്‍ തലയ്‌ക്കോ നട്ടെല്ലിനോ പരിക്കേറ്റവര്‍, സെറിബ്രല്‍ പാള്‍സിയും ഓട്ടിസവുമെല്ലാം ബാധിച്ച കുട്ടികള്‍, ജന്മനാ മസിലുകള്‍ തളര്‍ന്ന കുട്ടികള്‍ അങ്ങനെ ഒട്ടേറെ പേര്‍ക്ക് ഇത് വലിയ ഉപകാരമാകും.
ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
നമുക്ക് വലിയ പിന്തുണ നല്‍കുന്നയാളാണ് മന്ത്രി. പ്രത്യേകിച്ച് ഇതൊരു ട്രൈബല്‍ ബെല്‍റ്റായതുകൊണ്ട് പൂർണ പിന്തുണയാണ്. അതുകൊണ്ടൊക്കെ കൂടിയാണ് മാഡത്തെ കണ്ടപ്പോള്‍ ഞാന്‍ വികാരാധീനനായത്.
ഞാന്‍ വെറുമൊരു ഹെല്‍ത്ത് സെന്റര്‍ എംഒ മാത്രമാണ്. എനിക്ക് മുകളില്‍ ഡിഎംഒ ഉണ്ട്. ഡിഎച്ച്എസ് ഉണ്ട്. ഹെല്‍ത്ത് സെക്രട്ടറി ഉണ്ട്. അവരെല്ലാം കഴിഞ്ഞ് ഏറ്റവും മുകളിലാണ് മന്ത്രി. അപ്പൊ ഈ മുഴുവന്‍ സിസ്റ്റവും നമ്മുടെ കൂടെ നിന്നുവെന്നതില്‍ വലിയ സന്തോഷമുണ്ട്.
നൂല്‍പ്പുഴയിലെ ആരോഗ്യവിശേഷങ്ങള്‍
ഗര്‍ഭാശയ കാന്‍സറിനെ പ്രതിരോധിക്കുന്ന എച്ച്പിവി വാക്‌സിന്‍ ഒമ്പത് വയസ്സിന് മുകളിലുള്ള പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി നല്‍കുന്ന പദ്ധതി കഴിഞ്ഞ വര്‍ഷമാണ് ആരംഭിച്ചത്. രാജ്യത്ത് ആദ്യമായി ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത് നൂല്‍പ്പുഴയിലാണ്. 'ഹാപ്പി നൂല്‍പ്പുഴ' എന്നാണ് പദ്ധതിയുടെ പേര്.
ഗോത്രവര്‍ഗങ്ങള്‍ക്കിടയിലെ പ്രധാന പ്രശ്‌നമാണ് അനീമിയ. അത് നിയന്ത്രിക്കാനായി പദ്ധതിയുണ്ട്. ഒരു പെണ്‍കുട്ടി ജനിക്കുമ്പോള്‍ മുതല്‍ അനീമിക് ആയിരിക്കും. അവള്‍ക്ക് ജനിക്കുന്ന കുഞ്ഞിനും അനീമിയ ഉണ്ടാകും. ആ സൈക്കിള്‍ എവിടെയും ബ്രേക്ക് ആകുന്നില്ല. അപ്പൊ നമ്മള്‍ കോളനികളില്‍ പോയി കൗമാരക്കാരായ പെണ്‍കുട്ടികളെ സ്‌ക്രീന്‍ ചെയ്ത് അവര്‍ അനീമിക് ആണെങ്കില്‍ നമ്മുടെ വാഹനത്തില്‍ ഇങ്ങോട്ട് കൊണ്ടുവരും. ഇവിടെ വെച്ച് അവര്‍ക്ക് രക്തം കൂടാനുള്ള കുത്തിവെപ്പ് നല്‍കും. അതിന് പ്രത്യേകമായൊരു വീടുണ്ട്. അവിടെ അവര്‍ക്ക് ഉച്ചഭക്ഷണമുണ്ട്. സിനിമ കാണാം. ഒരു ക്ലാസും നല്‍കും. ഇതെല്ലാം കഴിഞ്ഞ് അവര്‍ക്ക് വീട്ടിലേക്ക് മടങ്ങാം.
മുപ്പതോളം കോളനികള്‍ കാട്ടിലുണ്ട്. രാത്രി അങ്ങോട്ട് വാഹനങ്ങള്‍ പോകില്ല. പ്രസവമടുത്ത സ്ത്രീകള്‍ക്ക് ഇത് ബുദ്ധിമുട്ടാണ്. അതുകൊണ്ട് അങ്ങനെയുള്ള സ്ത്രീകളെ ഒരാഴ്ച മുമ്പ് ഹെല്‍ത്ത് സെന്ററിനടുത്തുള്ള വീട്ടില്‍ താമസിപ്പിക്കും. അങ്ങനെയുള്ള സ്ത്രീയുടെ കൂടെ നില്‍ക്കാന്‍ ആരുമില്ലെങ്കില്‍ അവരുടെ കമ്യൂണിറ്റിയില്‍ നിന്ന് ഒരാളെ തിരഞ്ഞെടുത്ത് കൂടെ നിര്‍ത്തും. ഇതും അനീമിയ നിയന്ത്രണവും ഒന്നിച്ച് 'അമ്മത്താരാട്ട്' എന്ന പദ്ധതിയായാണ് നടപ്പാക്കുന്നത്. ആയാ മോണിറ്ററി മെറ്റേണല്‍ ആക്ടിവിറ്റീസ്, ട്രൈബല്‍ അനീമിയ അസസ്‌മെന്റ് റിവ്യൂ ആന്‍ഡ് ട്രീറ്റ്‌മെന്റ് എന്നിവയുടെ ചുരുക്കരൂപമാണ് അമ്മത്താരാട്ട്.
പോഷകാഹാരക്കുറവുള്ള കുട്ടികള്‍ക്കായുള്ള പദ്ധതിയാണ് ചാമ്പ്യന്‍. ഈ പ്രശ്‌നമുള്ള അമ്മയും കുഞ്ഞും എന്‍ആര്‍സിയില്‍ വന്ന് താമസിക്കേണ്ടതായുണ്ട്. എന്നാല്‍ അവര്‍ അതിന് സന്നദ്ധരല്ല. അതിന് പരിഹാരമായാണ് ചൈല്‍ഡ് ഹെല്‍ത്ത് അസസ്‌മെന്റ് മോണിറ്ററിങ് പ്രോഗ്രാം ഇന്‍ അവര്‍ നൂല്‍പ്പുഴ അഥവാ ചാമ്പ്യന്‍ എന്ന പദ്ധതി കൊണ്ടുവന്നത്. ഇവിടെയുള്ള എല്ലാ കുഞ്ഞുങ്ങളേയും ചാമ്പ്യന്മാരാക്കുകയാണ് ലക്ഷ്യം. ഇതുപ്രകാരം അമ്മയ്ക്കും കുഞ്ഞിനും രാവിലെ വന്ന് വൈകീട്ട് തിരികെ പോകാന്‍ കഴിയും. അപ്പൊൾ അമ്മയും ഹാപ്പി, കുഞ്ഞും ഹാപ്പി, വീട്ടിലുള്ളവരും ഹാപ്പി. അവരെ കൊണ്ടുപോകാനും വരാനുമായി ഒരു വൈദ്യുതവാഹനം പ്രിയങ്കാഗാന്ധി എംപി നല്‍കിയിട്ടുണ്ട്. ഇന്ധനച്ചെലവ് വളരെ കുറവ്. ഹോസ്പിറ്റല്‍ സോളാര്‍ ആയതിനാല്‍ ചെലവ് വീണ്ടും കുറയും.
പിന്നെ ഞങ്ങള്‍ക്ക് നല്ലൊരു ഹൈടെക് ജിം ഉണ്ട് ഹോസ്പിറ്റലില്‍. അത് എല്ലാ ആളുകള്‍ക്കും ഉപയോഗിക്കാം. മാസം മുന്നൂറ് രൂപ മാത്രമേ ചെലവുള്ളൂ. അവിടെയൊരു ട്രെയിനറും ഉണ്ട്. ജീവിതശൈലി രോഗങ്ങളെ തടയാനും യുവാക്കളിലെ ലഹരി ഉപയോഗം ഇല്ലാതാക്കാനുമാണ് ജിം. വയോജനങ്ങള്‍ക്ക് സൗജന്യ വെപ്പുപല്ല് നല്‍കാന്‍ സ്‌മൈല്‍ എന്ന പദ്ധതിയുണ്ട്. രോഗികളെ സൗജന്യമായി കൊണ്ടുവരാനും കൊണ്ടുപോകാനും ഞങ്ങള്‍ക്കൊരു ഇലക്ട്രിക് ഓട്ടോറിക്ഷയുണ്ട്. രാഹുല്‍ ഗാന്ധി എംപി ഒരു ഥാര്‍ ജീപ്പ് നല്‍കിയിട്ടുണ്ട്.
ഫിസിയോതെറാപ്പി ചെയ്യുന്ന രോഗികള്‍ കൂട്ടിരിപ്പുകാര്‍ക്കൊപ്പം മാസങ്ങളോളം ഇവിടെ താമസിക്കേണ്ടതായി വരും. ആ സമയം നഷ്ടമാകാതിരിക്കാന്‍ അവരെ എന്തെങ്കിലും തൊഴില്‍ പഠിപ്പിക്കാനുള്ള പദ്ധതിയുണ്ട്. ഇതിന് കെട്ടിടമുണ്ടാക്കാനായി കൊച്ചിന്‍ ഷിപ്പ്യാര്ഡ് 40 ലക്ഷം രൂപ നല്‍കി. കരകൗശലവസ്തു നിര്‍മാണം, എല്‍ഇഡി ബള്‍ബ് നിര്‍മാണം എന്നിവപോലുള്ള തൊഴിലുകളാണ് പരിശീലിപ്പിക്കുക.
കഴിഞ്ഞദിവസം പി.ടി. ഉഷ എംപി ഇവിടെ സന്ദര്‍ശിച്ചിരുന്നു. ഇവിടെ സ്പോര്‍ട്സ് ഇന്‍ജുറി ക്ലിനിക് തുടങ്ങിയിട്ടുണ്ട്. വയനാട് ജില്ലയില്‍ സര്‍ക്കാര്‍ മേഖലയില്‍ ഇങ്ങനെയൊരു ക്ലിനിക്ക് വേറെയില്ല.
ഡോക്ടറെ കുറിച്ച്
ഒമ്പത് വര്‍ഷത്തിലേറെയായി ഞാന്‍ നൂല്‍പ്പുഴയിലുണ്ട്. 2013-ല്‍ പനമരത്താണ് സര്‍വീസ് തുടങ്ങിയത്. മൂന്നുവര്‍ഷത്തിനുശേഷം 2016-ല്‍ നൂല്‍പ്പുഴയിലെത്തി. മലപ്പുറം ജില്ലയിലെ താനൂരാണ് സ്വദേശം. ഭാര്യയും മൂന്ന് മക്കളുമുണ്ട്. ഞങ്ങളെല്ലാവരും നൂല്‍പ്പുഴയിലാണ് ഇപ്പോള്‍.
Content Highlights: The emotional reaction of Dr. Dahar Muhammed, Medical Officer of Noolpuzha FHC (Wayanad), highlights the significance of the newly installed G-Gaiter, a ₹3 Crore AI-powered robotic physiotherapy unit.
Published: 22 Oct 2025, 03:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented