ഡിസംബറിലെ തണുത്ത അന്തരീക്ഷവും കാലാവസ്ഥയിലെ വ്യതിയാനങ്ങളുമാണ് രോഗംകൂടാൻ കാരണം. തണുപ്പിലും കുറഞ്ഞ ആർദ്രതയിലും പനിപോലുള്ള രോഗങ്ങളുടെ നിരക്ക് ഉയരാറുണ്ട്. രോഗവാഹകരായ കീടാണുക്കൾക്ക് അന്തരീക്ഷത്തിൽ അധികനേരം തങ്ങിനിൽക്കാനാകും. മറ്റു വൈറസ് രോഗങ്ങളെപ്പോലെ കോവിഡും കൂടിയും കുറഞ്ഞും നിലനിൽക്കും. മുതിർന്ന വൈറോളജിസ്റ്റും വെല്ലൂർ സി.എം.സി.യിലെ റിട്ട. പ്രൊഫസറുമായ ഡോ. ടി. ജേക്കബ് ജോൺ സംസാരിക്കുന്നു
രോഗികളുടെ എണ്ണത്തിലെ വർധന ഒരു കോവിഡ് തരംഗത്തിനുകൂടി വഴിവെക്കുമോ ?
എപ്പിഡമിക് വിഭാഗത്തിൽനിന്ന് എന്റമിക് വിഭാഗത്തിലേക്ക് കോവിഡ് കടന്നതിനാൽത്തന്നെ നിലവിലെ സാഹചര്യത്തിൽ ഇനിയൊരു തരംഗത്തിന് ആഗോളതലത്തിൽ സാധ്യതയില്ല. പ്രതിരോധകുത്തിവെപ്പിലൂടെയും മറ്റും ഇന്ത്യയിലെ ജനങ്ങൾ രോഗാണുവിനുനേരെ പ്രതിരോധം നേടിക്കഴിഞ്ഞു. എന്നാൽ 60 പിന്നിട്ടവർ, മറ്റ് ഗുരുതരരോഗബാധിതർ എന്നിവർ തീർച്ചയായും മുൻകരുതലെടുക്കണം. കോവിഡ് മാനദണ്ഡങ്ങളും പാലിക്കണം. രണ്ടുഡോസ് കോവിഡ് പ്രതിരോധ കുത്തിവെപ്പെടുത്തവർ ബൂസ്റ്റർ ഡോസ് എടുക്കുന്നത് ഗുണംചെയ്യും.
ആദ്യകേസ് സ്ഥിരീകരിച്ചതുമുതൽ ഏറ്റവുംപുതിയ ഒമിക്രോൺ വകഭേദമായ ജെ.എൻ-ഒന്നുവരെ... എന്തുകൊണ്ടാണ് കോവിഡിന്റെ ഹബ്ബായി കേരളത്തെ വിലയിരുത്തുന്നത്
കേരളത്തിൽ സ്ഥിരീകരിക്കപ്പെട്ട ജെ.എൻ-ഒന്ന് ഒമിക്രോൺ ഉപവകഭേദം റിപ്പോർട്ടുചെയ്യപ്പെട്ട വൈറസുകളെ അപേക്ഷിച്ച് വ്യാപനശേഷിയേറിയതാണ്. എന്നാൽ, മരണകാരിയല്ല. കൃത്യമായ പരിശോധനയിലൂടെ ജാഗ്രതപുലർത്തുകയാണ് വേണ്ടത്. സംസ്ഥാനത്ത് കേസുകൾ കൂടാൻ കാരണം ഇൻഫ്ലുവൻസാ വിഭാഗത്തിലെ ചെറിയ പനിപോലും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നതിനാലാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ രണ്ടായിരത്തിനടുത്തുള്ള സജീവരോഗികളിൽ ഭൂരിഭാഗംപേരും നേരിയ രോഗലക്ഷണങ്ങളുള്ളവരാണ്. രാജ്യത്താദ്യം കോവിഡ് റിപ്പോർട്ടുചെയ്യപ്പെട്ടത് കേരളത്തിലാണ് എന്നതിനർഥം രാജ്യത്ത് ആദ്യം വൈറസ് എത്തിയത് സംസ്ഥാനത്താണ് എന്നല്ല. കേരളത്തിലെ ശക്തമായ ആരോഗ്യസംവിധാനങ്ങൾ കൃത്യമായ പരിശോധനയിലൂടെ രോഗം കണ്ടെത്തിയതിനാലാണ്.
ലോകത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് രോഗങ്ങളുടെ എണ്ണവും കൂടുന്നുണ്ട്. എന്തുതരത്തിലുള്ള ആഗോളപ്രതിരോധമാണ് രോഗങ്ങളെ ചെറുക്കാൻ ആവശ്യം ?
ലോകം മലർക്കെ തുറന്നുകിടക്കുന്ന ഇക്കാലത്ത് രോഗങ്ങളുടെ സഞ്ചാരവേഗവും വർധിച്ചിരിക്കുകയാണ്. സുരക്ഷാ ഏജൻസികൾക്ക് സമാനമായി രാജ്യത്ത് ആരോഗ്യസംരക്ഷണ ഏജൻസികൾ രൂപവത്കരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇംഗ്ലണ്ടുപോലുള്ള വിദേശരാജ്യങ്ങളിൽ പൊതുജനസുരക്ഷ ഉറപ്പാക്കാൻ ‘ഹെൽത്ത് പ്രൊട്ടക്‌ഷൻ ഏജൻസി’ പ്രവർത്തിക്കുന്നുണ്ട്. ലോകത്തെ ആരോഗ്യമേഖലയെ സൂക്ഷ്മമായി നിരീക്ഷിച്ച് മുൻകരുതൽ ഉറപ്പാക്കുകയാണ് ഏജൻസിയുടെ ലക്ഷ്യം.
1990-കളിൽ ബ്രസീലിൽ റിപ്പോർട്ടുചെയ്ത ഡെങ്കു ഹെമറേജ് 2002-ൽ ഇന്ത്യയിൽ കുഞ്ഞുങ്ങളുടെ മരണത്തിനുകാരണമായതും 2009-ൽ കാലിഫോർണിയയിൽ സ്ഥിരീകരിച്ച എച്ച് 1 എൻ 1 ഇന്ത്യയിൽ അതേവർഷം നൂറോളം ഗർഭിണികളുടെ ജീവനെടുത്തതുമൊക്കെ ലോകത്തിന്റെ ആരോഗ്യസ്ഥിതി മനസ്സിലാക്കി മുൻകരുതൽ എടുക്കാത്തതിനാലാണ്. ചിക്കുൻഗുനിയ, പന്നിപ്പനി, നിപ തുടങ്ങി ഒട്ടേറെ ഉദാഹരണങ്ങൾ വേറെയുമുണ്ട്.
Content Highlights: JN.1 Covid variant emerge in Kerala
Published: 20 Dec 2023, 09:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented