
മൃഗങ്ങളിൽനിന്നു മനുഷൃരിലേയ്ക്ക് പകരാൻ സാധ്യതയുള്ള രോഗങ്ങളെയും അവയുടെ നിയന്ത്രണത്തെയും നിവാരണത്തെയും പറ്റിയുള്ള ഓർമ്മപ്പെടുത്തലുമായി ജൂലായ് ആറ് ലോക ജന്തുജന്യരോഗദിനമായി ആചരിക്കുകയാണ്. 'ജന്തുജന്യരോഗങ്ങൾ പ്രതിരോധിക്കാൻ ഏകാരോഗ്യസമീപനം' എന്നതാണ് ദിനാചരണത്തിന്റെ പ്രധാനപ്രമേയം. മനുഷ്യരാശിക്ക് ഇന്നും വെല്ലുവിളിയുയർത്തുന്ന ജന്തുജന്യരോഗങ്ങളിൽ പ്രധാനമായ പേവിഷബാധയെ പ്രതിരോധിക്കാൻ വിഖ്യാത ശാസ്ത്രജ്ഞനായിരുന്ന ലൂയി പാസ്ചർ ഇന്നേക്ക് നൂറ്റിനാല്പത്തിയൊന്ന് വർഷങ്ങൾക്ക് മുൻപ്, 1885 ജൂലൈ ആറാം തീയതി നടത്തിയ പ്രഥമവും വിജയകരവുമായ റാബീസ് പ്രതിരോധ വാക്സിൻ പരീക്ഷണത്തിന്റെ ഓർമ്മപുതുക്കൽ കൂടിയാണ് ഈ ദിനം.
നൂറ് ശതമാനം പ്രതിരോധിക്കാം; എങ്കിലും എന്തുകൊണ്ട് ഈ പേവിഷ മരണങ്ങൾ?
ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം ഇക്കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സംസ്ഥാനത്ത് നൂറിലധികം പേർക്കാണ് പേവിഷബാധ മൂലം ജീവൻ നഷ്ടമായത്. ഇതിൽ ഭൂരിഭാഗം പേരും പ്രതിരോധ വാക്സിന്റെ ഒരു ഡോസ് പോലും എടുക്കാത്തവരായിരുന്നു. സംസ്ഥാനത്തെ കഴിഞ്ഞ രണ്ടു വർഷത്തെ ഔദ്യോഗിക കണക്കുകൾ പരിശോധിച്ചാൽ, 2024-ൽ 26 മരണങ്ങൾ റിപ്പോർട്ട് ചെയ്ത സ്ഥാനത്ത് 2025-ൽ അത് 33 ആയി ഉയർന്നു; അതായത് മരണനിരക്കിൽ ഏകദേശം 27 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പ്രതിരോധ പ്രവർത്തനങ്ങളും ബോധവത്കരണവും ശക്തമായി തുടരുമ്പോഴും മരണനിരക്ക് ഇത്തരത്തിൽ ഉയരുന്നത് ഗൗരവത്തോടെ കാണേണ്ടതുണ്ട്. വാക്സിൻ എടുത്തിട്ടും മരണം സംഭവിക്കുന്നതിന് പിന്നിലെ പ്രധാന കാരണം 'കാറ്റഗറി 3' വിഭാഗത്തിൽപ്പെടുന്ന ആഴത്തിലുള്ള മുറിവുകൾക്ക് നൽകേണ്ട പ്രഥമശുശ്രൂഷയിലെ വീഴ്ച ആണ്. കടിയേറ്റ ഭാഗത്തെ മുറിവിൽ പറ്റിപ്പിടിക്കുന്ന റാബീസ് വൈറസ് സാവധാനം നാഡീവ്യൂഹത്തിലേക്ക് കടന്ന് തലച്ചോറിലെത്തുന്നതിന് മുമ്പുള്ള ഇടവേളയിൽ, നിർദേശിക്കപ്പെട്ട ക്രമപ്രകാരം നൽകുന്ന പേവിഷ പ്രതിരോധ വാക്സിന് രോഗബാധയെ നൂറുശതമാനം പ്രതിരോധിക്കാൻ കഴിവുണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. അതുപോലെ തന്നെ, പേവിഷബാധ സംശയിക്കുന്ന മൃഗങ്ങളിൽനിന്ന് കടിയോ മാന്തോ ഏൽക്കുമ്പോൾ നൽകേണ്ട പ്രഥമശുശ്രൂഷയ്ക്കും വാക്സിനോളം തന്നെ പ്രാധാന്യമുണ്ട്. മൃഗങ്ങളിൽനിന്ന് കടിയോ പോറലോ ഏൽക്കുകയോ ഉമിനീർ മുറിവിൽ പുരളുകയോ ചെയ്താൽ മുറിവേറ്റ ഭാഗം ഒഴുകുന്ന വെള്ളത്തിലും സോപ്പിലും കുറഞ്ഞത് 15 മിനിറ്റെങ്കിലും നന്നായി കഴുകി വൃത്തിയാക്കണം. ഈയൊരു ലളിതമായ പ്രഥമശുശ്രൂഷ വഴി മുറിവിലുള്ള വൈറസിന്റെ അളവ് 80 മുതൽ 90 ശതമാനം വരെ കുറയ്ക്കാൻ കഴിയും .
മനുഷ്യരിലേക്കുള്ള പേവിഷ വൈറസ് വ്യാപനത്തിൽ 99 ശതമാനവും സംഭവിക്കുന്നത് വർധിച്ചുവരുന്ന തെരുവുനായ്ക്കളിലൂടെയാണ്. വൈറസ് ബാധിതരായ മറ്റു നായ്ക്കളിൽനിന്നോ കുറുനരി, കീരി തുടങ്ങിയ വന്യജീവികളിൽനിന്നോ തെരുവുനായ്ക്കളിലേക്ക് രോഗാണു പകരാം. തെരുവിലുള്ള കടിയൻ നായ്ക്കളെ അതേപടി നിലനിർത്തി വാക്സിനേഷൻ മാത്രം നടത്തി പേവിഷബാധയെ പൂർണമായും ഇല്ലാതാക്കാനാകില്ല എന്നതിനാൽ, നിലവിലെ നിയമപരമായ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് ഫലപ്രദമായ തെരുവുനായ നിയന്ത്രണ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.
ഈ സാഹചര്യത്തിൽ തെരുവുകളിൽനിന്ന് നായ്ക്കളെ മാറ്റിപ്പാർപ്പിക്കാൻ മതിയായ ഷെൽട്ടർ സംവിധാനങ്ങൾ ഒരുക്കേണ്ടതും അക്രമകാരികളായ നായ്ക്കളെ ഉൻമൂലനം ചെയ്യേണ്ടതും അടിയന്തിര ആവശ്യമാണ്. തെരുവുകളിൽ സുലഭമായി ലഭിക്കുന്ന ഭക്ഷണാവശിഷ്ടങ്ങളാണ് നായ്ക്കളുടെ പെരുപ്പത്തിന് പ്രധാന കാരണമാകുന്ന മറ്റ് ഘടകങ്ങൾ. ഭക്ഷണവും മറ്റ് അനുകൂല സാഹചര്യങ്ങളും ലഭ്യമായാൽ ഒരു ജോഡി നായ്ക്കളിൽനിന്ന് തലമുറകളിലൂടെ പെരുകി വെറും ആറു വർഷത്തിനുള്ളിൽ അറുപതിനായിരത്തിലധികം (ഏകദേശം 67,000) നായ്ക്കൾ രൂപപ്പെടാമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
ഒരു നിശ്ചിത പ്രദേശത്തെ ഭക്ഷണ ലഭ്യതയ്ക്ക് അനുസരിച്ചാണ് അവിടുത്തെ തെരുവുനായ്ക്കളുടെ എണ്ണം നിശ്ചയിക്കപ്പെടുന്നത് എന്നതിനാൽ (Biological Carrying Capacity), വാക്സിനേഷനും വന്ധ്യംകരണവും (ABC program) മാത്രമല്ല, ഉറവിട മാലിന്യസംസ്കരണവും ഭക്ഷ്യാവശിഷ്ടങ്ങളുടെ ശാസ്ത്രീയ നിയന്ത്രണവും ഈ പ്രശ്നപരിഹാരത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ്. തെരുവിൽ കശാപ്പ് മാലിന്യങ്ങളും ഭക്ഷ്യാവശിഷ്ടങ്ങളും കുറയുമ്പോൾ, അവിടുത്തെ പരിസ്ഥിതിക്ക് താങ്ങാനാകുന്ന നായ്ക്കളുടെ എണ്ണവും സ്വാഭാവികമായി കുറയുക തന്നെ ചെയ്യും.
ആശങ്കയായി എലിപ്പനി: ചികിത്സ തേടാൻ വൈകിയാൽ മരണം വരെ
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ആളുകളുടെ ജീവനെടുക്കുന്ന ജന്തുജന്യ പകർച്ചവ്യാധിയാണ് ലെപ്റ്റോസ്പൈറോസിസ് (Leptospirosis) അഥവാ എലിപ്പനി. മഴക്കാലത്തിന്റെ വരവോടെ ഏറ്റവും കൂടുതൽ പടർന്നുപിടിക്കുന്നതും ജനങ്ങൾ അതീവ ജാഗ്രത പുലർത്തേണ്ടതുമായ രോഗമാണിത്. ഔദ്യോഗിക കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം സംസ്ഥാനത്ത് മൂവായിരത്തിലധികം ആളുകൾക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. ഇതിൽ ഇരുനൂറിലധികം പേർ മരണപ്പെട്ടു എന്ന ഭയപ്പെടുത്തുന്ന കണക്ക് രോഗത്തിന്റെ തീവ്രതയും അത് ഉയർത്തുന്ന പൊതുജനാരോഗ്യ വെല്ലുവിളിയും വ്യക്തമാക്കുന്നു.
രോഗാണുവിന്റെ പ്രധാന സ്രോതസ്സായ എലികളുടെയോ, രോഗബാധിതരായ കന്നുകാലികൾ, നായ്ക്കൾ, പന്നികൾ തുടങ്ങിയ വളർത്തുമൃഗങ്ങളുടെയോ മൂത്രം കലർന്ന് മലിനമായ വെള്ളത്തിലൂടെയും ചെളിയിലൂടെയുമാണ് ലെപ്റ്റോസ്പൈറ (Leptospira) എന്ന ബാക്ടീരിയ മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നത്. തൊലിപ്പുറമേയുള്ള ചെറിയ പോറലുകൾ, മുറിവുകൾ എന്നിവയിലൂടെയോ മൃഗങ്ങളുടെ മൂത്രം കലർന്ന മലിനജലം കണ്ണിലോ മൂക്കിലോ വീഴുന്നതിലൂടെയോ രോഗാണുക്കൾ ഉള്ളിലെത്താം. വെള്ളം തിളപ്പിച്ചാറ്റാതെ കുടിക്കുന്നതും രോഗവ്യാപനത്തിന് വഴിയൊരുക്കുന്നുണ്ട്.
തുടക്കത്തിൽതന്നെ രോഗം തിരിച്ചറിഞ്ഞ് ആന്റിബയോട്ടിക് ചികിത്സ ആരംഭിച്ചാൽ വളരെ എളുപ്പത്തിലും ഫലപ്രദമായും ഭേദമാക്കാൻ കഴിയുന്ന ഒന്നാണ് എലിപ്പനി. എന്നാൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയിട്ടും സാധാരണ പനിയെന്ന് കരുതി ചികിത്സ തേടാൻ വൈകുന്നതും സ്വയംചികിത്സ നടത്തുന്നതുമാണ് പലപ്പോഴും രോഗം ഗുരുതരമാകുന്നതിനും മരണനിരക്ക് വർധിക്കുന്നതിനും പ്രധാന കാരണം. ചികിത്സ വൈകുംതോറും ഈ രോഗാണുക്കൾ കരൾ, വൃക്ക, ശ്വാസകോശം തുടങ്ങിയ ശരീരത്തിലെ പ്രധാന അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുകയും (Multi-organ failure), രോഗി മാരകമായ അവസ്ഥയിലേക്ക് മാറുകയും ചെയ്യുന്നു.
ഇതോടെ ചികിത്സയുടെ ഫലപ്രാപ്തി കുറയുകയും രോഗിയുടെ ജീവൻ തന്നെ അപകടത്തിലാവുകയും ചെയ്യാം. മലിനജലവുമായോ മണ്ണുമായോ നിരന്തരം സമ്പർക്കത്തിൽ ഏർപ്പെടുന്ന തൊഴിലുകളിൽ (തൊഴിലുറപ്പ് തൊഴിലാളികൾ, കർഷകർ, ശുചീകരണ തൊഴിലാളികൾ) ഏർപ്പെടുന്നവർ ആരോഗ്യപ്രവർത്തകരുടെ നിർദേശപ്രകാരം കൃത്യമായി എലിപ്പനി പ്രതിരോധ ഗുളികകൾ കഴിക്കേണ്ടതുണ്ട്. ആഹാരത്തിന് ശേഷം ആഴ്ചയിലൊരിക്കൽ ഡോക്സിസൈക്ലിൻ (Doxycycline) 100 mg ഗുളികകൾ രണ്ടെണ്ണം വീതം കഴിക്കുന്നത് എലിപ്പനിയെ പ്രതിരോധിക്കാൻ സഹായിക്കും. എന്നാൽ ഇത്തരം പ്രതിരോധ മരുന്നുകൾ സ്വയം വാങ്ങി കഴിക്കാതെ, ആരോഗ്യപ്രവർത്തകരുടെയോ ഡോക്ടറുടെയോ കൃത്യമായ മേൽനോട്ടത്തിൽ മാത്രമേ ഉപയോഗിക്കാവൂ.
വില്ലനാകുന്ന ചെറുചെള്ളുകൾ; കേരളത്തിൽ ചെള്ളുപനി കേസുകൾ ഉയരുമ്പോൾ
കേരളത്തിന്റെ പൊതുജനാരോഗ്യ രംഗത്ത് സമീപകാലത്തായി വലിയ ആശങ്കയുയർത്തുന്ന ജന്തുജന്യ പകർച്ചവ്യാധികളിലൊന്നാണ് ചെള്ളുപനി അഥവാ സ്‌ക്രബ് ടൈഫസ്. 'ഓറിയൻഷ്യ സുസുഗാമുഷി' എന്ന ബാക്ടീരിയ കാരണമുണ്ടാകുന്ന ഈ രോഗം, എലിവർഗ്ഗത്തിൽപ്പെട്ട ജീവികളുടെ ശരീരത്തിൽ കാണപ്പെടുന്ന ഒരുതരം ചെറുചെള്ളുകളുടെ (ചിഗ്ഗറുകൾ) ലാർവ ഘട്ടത്തിലുള്ള കടിയിലൂടെയാണ് മനുഷ്യരിലേക്ക് പകരുന്നത്. എലികളാണ് ഈ രോഗാണുവിന്റെ പ്രധാന സ്രോതസ്സായി പ്രവർത്തിക്കുന്നത്. ഇന്ത്യയിൽ പരമ്പരാഗതമായി പശ്ചിമ ബംഗാൾ, അസം തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഈ രോഗം കൂടുതൽ കണ്ടിരുന്നതെങ്കിൽ, കഴിഞ്ഞ ഏതാനും വർഷങ്ങളായി കേരളത്തിലും ചെള്ളുപനി കേസുകൾ ഗണ്യമായി വർദ്ധിച്ചുവരികയാണ്.
ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം തിരുവനന്തപുരം, വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് നിലവിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കേരളത്തിന്റെ രോഗവ്യാപന ചരിത്രം പരിശോധിച്ചാൽ, 2002-ൽ തിരുവനന്തപുരത്ത് ആദ്യമായി ചെള്ളുപനി സ്ഥിരീകരിച്ചതിനു ശേഷം 2012-ൽ സംസ്ഥാനത്താകെ വെറും 39 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ, 2021-ലേക്ക് എത്തിയപ്പോൾ രോഗബാധിതരുടെ എണ്ണം 438 ആയി ഉയരുകയും ഇതിനിടയിലുള്ള ചില വർഷങ്ങളിൽ ആയിരത്തിലധികം കേസുകൾ വരെ റിപ്പോർട്ട് ചെയ്യപ്പെടുകയും ഉണ്ടായിട്ടുണ്ട്.
മുതിർന്നവരെ അപേക്ഷിച്ച് കുട്ടികളിലാണ് ഈ രോഗബാധ കൂടുതലായി കണ്ടുവരുന്നത് എന്നത് മാതാപിതാക്കൾ പ്രത്യേകം ഓർമ്മിക്കേണ്ടതുണ്ട്. പനി, കടുത്ത തലവേദന, ശരീരവേദന, അമിതമായ ക്ഷീണം എന്നിവയാണ് ചെള്ളുപനിയുടെ പ്രധാന ലക്ഷണങ്ങൾ. ഇതിനൊപ്പം ചെള്ളുകടിയേറ്റ ഭാഗത്ത് കാണുന്ന, സിഗരറ്റ് പൊള്ളലേറ്റതുപോലെയുള്ള കരിഞ്ഞുണങ്ങിയ കറുത്ത വ്രണപ്പാട് (Eschar) ഈ രോഗനിർണ്ണയത്തിലെ ഏറ്റവും നിർണ്ണായകമായ സൂചനയാണ്. മറ്റ് പല ജന്തുജന്യ രോഗങ്ങളെയും പോലെ തുടക്കത്തിൽ തന്നെ തിരിച്ചറിഞ്ഞ് കൃത്യമായ ആന്റിബയോട്ടിക് ചികിത്സ നൽകിയാൽ പൂർണ്ണമായും ഭേദമാക്കാവുന്ന ഒന്നാണ് ചെള്ളുപനിയും.
എന്നാൽ, രോഗലക്ഷണങ്ങൾ അവഗണിക്കുകയോ ചികിത്സ വൈകിക്കുകയോ ചെയ്താൽ ഇത് ശ്വാസകോശം, കരൾ, വൃക്ക, തലച്ചോർ തുടങ്ങിയ പ്രധാന അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിച്ച് അതീവ ഗുരുതരമായ സങ്കീർണ്ണതകളിലേക്കും മരണത്തിലേക്കും നയിച്ചേക്കാം.
നിപ ഭീതി: വവ്വാലുകളിലെ വൈറസ് സാന്നിധ്യവും മാറുന്ന സീസണുകളും
ഇക്കഴിഞ്ഞ ഒൻപത് വർഷങ്ങൾക്കിടെ കേരളത്തിൽ ഇത് ഒൻപതാം തവണയാണ് നിപ വൈറസ് (Nipah virus) പൊട്ടിപ്പുറപ്പെടുന്നത്. പഴംതീനി വവ്വാലുകളുടെ പ്രധാന പ്രജനനകാലമായി പരിഗണിക്കപ്പെടുന്ന മെയ് മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ സംസ്ഥാനത്ത് നിപ വീണ്ടും പ്രത്യക്ഷപ്പെടാമെന്ന മുന്നറിയിപ്പ് നിലനിൽക്കെത്തന്നെയാണ്, ഇത്തവണയും അജ്ഞാതമായ ഏതോ വഴിയിലൂടെ ഒരാൾക്ക് രോഗബാധയേറ്റത്.
പ്രാഥമികമായി തലച്ചോറിനെയും ശ്വാസകോശത്തെയും ബാധിച്ച് തീവ്രരോഗമുണ്ടാക്കുന്ന ഈ വൈറസ് ശരീരത്തിനകത്ത് പ്രവേശിച്ചാൽ നാല് മുതൽ പതിനാല് ദിവസത്തിനകം ലക്ഷണങ്ങൾ പ്രകടമാകും. എന്നാൽ, നിപ വൈറസ് ഒരിടത്ത് പൊട്ടിപ്പുറപ്പെട്ടാൽ വളരെ വേഗത്തിൽ ആളുകളിൽനിന്ന് ആളുകളിലേക്ക് പടർന്നുപിടിക്കുന്ന രോഗമല്ല എന്നത് വലിയൊരു ആശ്വാസമാണ്. രോഗിയുമായുള്ള വളരെ അടുത്ത ഇടപഴകൽ വഴിയോ അവരുടെ ശരീരസ്രവങ്ങളുമായി നേരിട്ട് സമ്പർക്കം പുലർത്തുന്ന സാഹചര്യത്തിലോ മാത്രമേ രോഗപകർച്ചയ്ക്ക് സാധ്യതയുള്ളൂ. മാത്രമല്ല, രോഗലക്ഷണങ്ങൾ ഏറ്റവും മൂർധന്യത്തിൽ നിൽക്കുന്ന അവസ്ഥയിലാണ് രോഗിയിൽനിന്നു മറ്റൊരാളിലേക്ക് വൈറസ് പടരാൻ കൂടുതൽ സാധ്യതയുള്ളത്.
തീർത്തും അപ്രതീക്ഷിതമായി ഒരു നിശ്ചിത മേഖലയിൽ പൊട്ടിപ്പുറപ്പെടുകയും ആ പ്രദേശത്ത് മാത്രം ഒതുങ്ങിനിന്ന് ഏതാനും ആഴ്ചകൾക്കകം സ്വാഭാവികമായി കെട്ടടങ്ങുകയും ചെയ്യുന്നതാണ് ഈ രോഗത്തിന്റെ പൊതുവായ സ്വഭാവം. ഒരു പാരിസ്ഥിതിക മേഖലയിൽ നിപ ഒരു തവണ റിപ്പോർട്ട് ചെയ്യപ്പെട്ടാൽ, പിന്നീടുള്ള വർഷങ്ങളിലും അവിടെ രോഗബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നുണ്ട്.
നമ്മുടെ പരിസ്ഥിതിയിൽ കാണപ്പെടുന്ന പഴംതീനി വവ്വാലുകളിൽ നിപാ വൈറസിന്റെ ഉയർന്ന സാന്നിധ്യമുണ്ടെന്നതിന് ഇന്ന് വ്യക്തമായ തെളിവുകളുണ്ട്. കേരളത്തിൽ ഇതുവരെ നിപ രോഗബാധ കണ്ടെത്തിയ എല്ലാ ജില്ലകളിലും സമീപപ്രദേശങ്ങളിലും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (NIV) നടത്തിയ പഠനങ്ങളിൽ വവ്വാലുകളിൽ വൈറസിന്റെയോ ആന്റിബോഡിയുടെയോ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.
മാത്രമല്ല, വവ്വാലുകളിൽ കണ്ടെത്തിയ നിപ വൈറസ് തന്നെയാണ് മനുഷ്യർക്കും രോഗമുണ്ടാക്കുന്നത് എന്ന് വവ്വാലുകളിൽനിന്നും രോഗികളിൽനിന്നും വേർതിരിച്ച വൈറസിന്റെ ജനിതക ശ്രേണീകരണത്തിലൂടെ (Genetic Sequencing) ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുമുണ്ട്. എന്നാൽ, കേരളത്തിൽ ഇതുവരെ ഉണ്ടായ രോഗബാധകളിൽ ആദ്യത്തെ വ്യക്തിയിലേക്ക് (Index case) വവ്വാലുകളിൽനിന്ന് ഏത് സ്രോതസ്സ് വഴി വൈറസ് പകർന്നു എന്നത് ഇപ്പോഴും അവ്യക്തമായി തുടരുകയാണ്.
വവ്വാലുകളുടെ സ്രവമോ കാഷ്ഠമോ മൂത്രമോ പറ്റിയ പഴങ്ങൾ കൈകാര്യം ചെയ്തപ്പോഴോ, മറ്റേതെങ്കിലും തരത്തിൽ സമ്പർക്കമുണ്ടായപ്പോഴോ ആകാം വൈറസ് ബാധയുണ്ടായത്. വവ്വാലുകളുമായി സമ്പർക്കമുണ്ടായ ഈന്തപ്പനക്കള്ളിൽ നിന്നാണ് നിപ പടരുന്നതെന്ന് ഉറപ്പിച്ചു പറയുന്ന ബംഗ്ലാദേശിൽ പോലും, ഇതുവരെ കള്ളിൽനിന്ന് വൈറസിനെ നേരിട്ട് കണ്ടെത്താൻ സാധിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. വവ്വാലുകളിൽ വൈറസിനെതിരെയുള്ള ആന്റിബോഡികളുടെ സാന്നിധ്യം മെയ് മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ മൂർധന്യത്തിൽ എത്തുന്നതായി 2023-ലെ പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. വവ്വാലുകളിൽ പ്രതിരോധശേഷി കുറയുന്ന ഈ പ്രജനന കാലയളവിലാണ് അവയിൽനിന്ന് വൈറസ് പുറന്തള്ളപ്പെടാൻ കൂടുതൽ സാധ്യതയുള്ളത് എന്നതിനാൽ, ഈ മാസങ്ങളിൽ നാം അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്.
സ്പിൽ ഓവർ തടയാൻ വേണ്ടത് ആരോഗ്യജാഗ്രത
മനുഷ്യാരോഗ്യത്തിന് ഭീഷണിയുയർത്തുന്ന സാംക്രമിക രോഗങ്ങളിൽ 60 ശതമാനവും പുതുതായി കണ്ടെത്തുന്ന പകർച്ചവ്യാധികളിൽ 75 ശതമാനവും മൃഗങ്ങളിൽനിന്നോ ജന്തുജന്യ ഉൽപ്പന്നങ്ങളിൽനിന്നോ പ്രത്യക്ഷമായോ പരോക്ഷമായോ പകരുന്നവയാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ (WHO) നിരീക്ഷണം. അതുകൊണ്ടുതന്നെ, കേവലം മനുഷ്യരിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ചികിത്സ കൊണ്ടോ ആരോഗ്യവകുപ്പിന്റെ ഒറ്റപ്പെട്ട പ്രതിരോധ പ്രവർത്തനങ്ങൾ കൊണ്ടോ മാത്രം ജന്തുജന്യ രോഗങ്ങളെ പൂർണ്ണമായി നിയന്ത്രിക്കുക അസാധ്യമാണ്.
മൃഗങ്ങളിൽ വസിക്കുന്ന രോഗാണുക്കൾ ജനിതകമാറ്റങ്ങളിലൂടെയോ മറ്റ് അനുകൂല സാഹചര്യങ്ങളിലൂടെയോ മനുഷ്യരിലേക്ക് കടന്നുകയറുന്ന പ്രതിഭാസത്തെയാണ് ശാസ്ത്രലോകം 'സ്പിൽ ഓവർ' (Spillover) എന്ന് വിളിക്കുന്നത്. വനനശീകരണം, വന്യജീവികളുടെ സ്വാഭാവിക ആവാസവ്യവസ്ഥകളിലേക്കുള്ള മനുഷ്യന്റെ കടന്നുകയറ്റം, അശാസ്ത്രീയമായ മാലിന്യസംസ്കരണം, കാലാവസ്ഥാ വ്യതിയാനം എന്നിവയെല്ലാം ഇത്തരം സ്പിൽ ഓവറുകൾക്ക് വേഗത കൂട്ടുന്ന പ്രധാന ഘടകങ്ങളാണ്.
ജന്തുജന്യ രോഗങ്ങളെക്കുറിച്ചും അവ പകരുന്ന രീതികളെക്കുറിച്ചും പൊതുസമൂഹത്തിന് കൃത്യമായ അറിവും അവബോധവും ഉണ്ടെങ്കിൽ മാത്രമേ, രോഗാണുക്കൾ മനുഷ്യരിലേക്ക് പടരുന്ന സാഹചര്യങ്ങൾ ഒഴിവാക്കാനും സ്പിൽ ഓവർ ഫലപ്രദമായി തടയാനും സാധിക്കുകയുള്ളൂ. മനുഷ്യന്റെയും മൃഗങ്ങളുടെയും പരിസ്ഥിതിയുടെയും ആരോഗ്യം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന യാഥാർത്ഥ്യം ഉൾക്കൊണ്ടുള്ള 'വൺ ഹെൽത്ത്' (One Health) അഥവാ 'ഏക ലോകം ഏക ആരോഗ്യം' എന്ന സമീപനമാണ് ഇന്ന് ലോകം മുന്നോട്ട് വെക്കുന്നത്. വെറ്ററിനറി, മെഡിക്കൽ, എൻവയൺമെന്റൽ മേഖലകളുടെ സംയുക്തമായ ഏകോപനത്തിലൂടെ മാത്രമേ വരാനിരിക്കുന്ന പകർച്ചവ്യാധികളെ മുൻകൂട്ടി തടയാൻ നമുക്ക് സാധിക്കൂ.
രോഗം വന്നതിന് ശേഷം ചികിത്സിക്കുന്നതിനേക്കാൾ രോഗാണുക്കളുടെ സ്പിൽ ഓവർ സാധ്യതകളെ തുടക്കത്തിലേ നുള്ളിക്കളയാനുള്ള സാമൂഹിക ജാഗ്രതയാണ് നാം ഉറപ്പുവരുത്തേണ്ടത്.
Content Highlights: preventing zoonotic diseases like Rabies, Leptospirosis, and Nipah in 2026.
Published: 07 Jul 2026, 11:35 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented