
ലോകത്തുള്ള മനുഷ്യരിൽ പകുതിയോളംപേർക്കും പല്ലിനോ വായയ്ക്കോ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളുണ്ടെന്നാണ് കണക്കുകൾ. ലോകാരോഗ്യ സംഘടനയുടെ ഗ്ലോബൽ ഓറൽ ഹെൽത്ത് സ്റ്റാറ്റസ് റിപ്പോർട്ട് പ്രകാരം ലോകമെമ്പാടുമായി ഏകദേശം 350 കോടി ആളുകൾ ദന്തരോഗങ്ങൾ അനുഭവിക്കുന്നുണ്ട്. ഏകദേശം 200 കോടി ആളുകൾ സ്ഥിരമായ ദന്തരോഗവും അമ്പതുകോടിയിലേറെ കുട്ടികൾ പ്രാഥമിക ദന്തങ്ങളുടെ ക്ഷയരോഗവും അനുഭവിക്കുന്നു.
നല്ല വായ നല്ല ആരോഗ്യം
വായയുടെ ആരോഗ്യം ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യപരിരക്ഷയുടെ കാര്യത്തിൽ അതീവ പ്രാധാന്യമുള്ളതാണ്. ഹൃദ്രോഗം, പക്ഷാഘാതം, ന്യുമോണിയ എന്നിവയുൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യാവസ്ഥകളിലേക്ക് ദന്തക്ഷയം നയിച്ചേക്കാം. വായയിലുള്ള സൂക്ഷ്മാണുക്കൾ ശ്വാസകോശ, ആമാശയരോഗങ്ങൾക്ക് കാരണമാകും. വായയിൽ വളരുന്ന മധുരം ഇഷ്ടപ്പെടുന്ന ബാക്ടീരിയകളാണ് ദന്തക്ഷയത്തിന് കാരണം. ബാക്ടീരിയകൾ ആസിഡുകൾ നിർമ്മിക്കാൻ ഇത്തരം മധുരം ഉപയോഗിക്കുന്നു. കാലക്രമേണ, ഈ ആസിഡുകൾ പല്ലിന്റെ ഇനാമൽ ഇല്ലാതാക്കി ദ്വാരമുണ്ടാക്കും. മധുരം കഴിക്കുന്നത് ബാക്ടീരിയകളെ പോഷിപ്പിക്കും.
മോണരോഗം
പല്ലുകളെ ചുറ്റിപ്പറ്റിയും അവയെ താങ്ങിനിർത്തുന്നതുമായ കലകളെയാണ് പെരിയോഡോന്റൽ രോഗം ബാധിക്കുന്നത്.
മോണയിൽ രക്തസ്രാവമോ വീക്കമോ, വേദന, ചിലപ്പോൾ വായ്നാറ്റം എന്നിവയാണ് ലക്ഷണങ്ങൾ.
മോണ പല്ലിൽനിന്ന് അകന്ന് പല്ലുകൾ അയഞ്ഞുപോവുകയും ചിലപ്പോൾ കൊഴിഞ്ഞുപോവുകയും ചെയ്യും.
കുഞ്ഞുങ്ങളുടെ ദന്തപരിചരണം
ആദ്യത്തെ പല്ല് പുറത്തുവരുന്നതിനുമുൻപേ ദന്തപരിചരണം ആരംഭിക്കാം. മൃദുവായതും നനഞ്ഞതുമായ തുണി ഉപയോഗിച്ച് മോണകൾ വൃത്തിയാക്കുക. പല്ലുകൾ വന്നുതുടങ്ങിയാൽ, മൃദുവായ കുട്ടികളുടെ ടൂത്ത് ബ്രഷും ഒരു അരിമണിയോളം വലിപ്പമുള്ള ചെറിയ അളവിൽ ഫ്ലൂറൈഡ് അടങ്ങിയ ടൂത്ത് പേസ്റ്റും ദിവസത്തിൽ രണ്ടുതവണ ഉപയോഗിക്കുക.
ദന്താരോഗ്യത്തിന്റെ വിവിധ അവസ്ഥകൾ
- എൻഡോകാർഡൈറ്റിസ്: ഇത് എൻഡോകാർഡിയം എന്നറിയപ്പെടുന്ന ഹൃദയ വാൽവുകളുടെയോ, അറകളുടെയോ ആന്തരിക പാളിയിലെ അണുബാധയാണ്. ശരീരത്തിന്റെ മറ്റൊരു ഭാഗത്തുനിന്നുള്ള അണുക്കൾ രക്തത്തിലൂടെ പടർന്ന് ഹൃദയത്തിലെ ചിലഭാഗങ്ങളിൽ പറ്റിപ്പിടിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്.
- മോണരോഗമുള്ളവർക്ക് ആമാശയക്കാൻസർ വരാനുള്ള സാധ്യത 52 ശതമാനം കൂടുതലാണ്.
- രണ്ടോ അതിലധികമോ പല്ലുകൾ നഷ്ടപ്പെടുന്നത് ആമാശയ കാൻസറിന്റെ സാധ്യത 33 ശതമാനം വർധിപ്പിക്കുന്നു.
- മോണരോഗമുള്ളവരിൽ സെറേറ്റഡ് പോളിപ്പ്-വൻകുടലിലെ കാൻസറിലേക്ക് നയിക്കുന്ന ഒരുതരം പോളിപ്പ് ഉണ്ടാകാനുള്ള സാധ്യത 17 ശതമാനം കൂടുതലാണ്.
- നാലു പല്ലുകളെങ്കിലും നഷ്ടപ്പെട്ട ആളുകൾക്ക് സെറേറ്റഡ് പോളിപ്പ് ഉണ്ടാകാനുള്ള സാധ്യത 20 ശതമാനം കൂടുതലാണ്.
- മോണരോഗമുള്ള ആളുകൾക്ക് അന്നനാള കാൻസർ സാധ്യത 43ശതമാനം കൂടുതലാണ്.
- പ്രമേഹമുള്ളവരിൽ മോണരോഗം കൂടുതലായിരിക്കും. ദന്തപരിചരണം പ്രമേഹ നിയന്ത്രണം മെച്ചപ്പെടുത്തും.
- അൽഷിമേഴ്സ് രോഗം വഷളാകുമ്പോൾ, വായയുടെ ആരോഗ്യവും വഷളാകുന്നു.
വദനാരോഗ്യം സംരക്ഷിക്കാം
- കുറഞ്ഞത് രണ്ടുമിനിറ്റ് വീതം ദിവസം രണ്ടുതവണയെങ്കിലും പല്ലുതേയ്ക്കുക.
- സോഫ്റ്റ് ബ്രഷും ഫ്ലൂറൈഡ് ടൂത്ത്പേസ്റ്റും ഉപയോഗിക്കുക.
- നാക്ക് ബ്രഷ് ഉപയോഗിച്ച് പതുക്കെ തേയ്ക്കുക.
- ഫ്ലോസ്, വാട്ടർ ഫ്ലോസർ അല്ലെങ്കിൽ അതിനുള്ള ഉത്പന്നങ്ങൾ ഉപയോഗിച്ച് ദിവസവും പല്ലുകൾക്കിടയിൽ വൃത്തിയാക്കുക.
- നാലുമാസം കൂടുമ്പോഴെങ്കിലും ടൂത്ത് ബ്രഷ് മാറ്റുക.
- പരിശോധനകൾക്കും വൃത്തിയാക്കലുകൾക്കുമായി വർഷത്തിൽ രണ്ടുതവണയെങ്കിലും ദന്തരോഗവിദഗ്ധനെ കാണുക.
- പുകയിലയുടെ എല്ലാതരം ഉപയോഗവും നിർത്തുക.
- മദ്യപാനം നിർത്തുക.
മലബാർ ദന്തൽ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറും ഐ.ഡി.എ. തിരൂർ ബ്രാഞ്ച് പ്രസിഡന്റുമാണ് ലേഖകൻ.
Content Highlights: world oral health day, Good Oral Hygiene:Tips & Health Benefits
Published: 20 Mar 2025, 10:36 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented