സംസ്ഥാനത്ത് ചൂട് കൂടിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി ജാഗ്രതാനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുമുണ്ട്. കാലംതെറ്റിയുള്ള ചൂടുകൂടല്‍ ആരോഗ്യത്തെ സാരമായി ബാധിക്കാം. ഈ സമയത്തുണ്ടാകുന്ന ചെറിയ ആരോഗ്യപ്രശ്നങ്ങള്‍ പോലും അവഗണിക്കരുതെന്ന് ആരോഗ്യമന്ത്രി വീണ ജോർജും നിർദേശിച്ചിരുന്നു. ഇതിനൊപ്പം കുട്ടികളുടെ പരീക്ഷക്കാലവും ഇങ്ങെത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അന്തരീക്ഷ താപനിലയിലെ വ്യതിയാനം നമ്മെ എങ്ങനെ ബാധിക്കുമെന്നും ചൂടിനെ പ്രതിരോധിക്കാന്‍ എന്തൊക്കെ മുന്‍കരുതല്‍ എടുക്കണമെന്നും പരിശോധിക്കാം.
സൂര്യാഘാതവും ലക്ഷണങ്ങളും
മനുഷ്യശരീരത്തിന്റെ താപനില 37 ഡിഗ്രിയായി ക്രമീകരിക്കുവാന്‍ ശരീരത്തില്‍ സംവിധാനങ്ങള്‍ ഉണ്ട്. ഒരു പരിധിയില്‍ കൂടുതല്‍ താപനില ഉയര്‍ന്നാല്‍ ഈ സംവിധാനം തകരാറിലാകും. പല രീതിയിലാണ് ഇത് ശരീരത്തെ ബാധിക്കുന്നത്. ഇതിനെയാണ് സൂര്യാഘാതം എന്നു പറയുന്നത്. സൂര്യാഘാതം ഏറ്റിട്ടുണ്ടെങ്കില്‍ തൊലിപ്പുറത്ത് കുമിളകള്‍ അല്ലെങ്കില്‍ നിറവ്യത്യാസം എന്നിവയുണ്ടാകും. ഇത്തരത്തിലുണ്ടാകുന്ന കുമിളകള്‍ പൊട്ടിക്കരുത്. അമിതമായ ചൂടില്‍ വിയര്‍പ്പില്ലാത്ത അവസ്ഥയും മൂത്രത്തിന്റെ അളവ് കുറയുകയും ചെയ്യും. നിര്‍ജലീകരണം സംഭവിക്കുന്നതുകൊണ്ട് അമിതമായ ദാഹവും അനുഭവപ്പെടും. ഇവകൂടാതെ തലവേദന, തലകറക്കം, ബോധക്ഷയം തുടങ്ങി അപസ്മാരം വരെ ഉണ്ടായേക്കാം. താപനിലയില്‍ വ്യതിയാനം ഉള്ളതുകൊണ്ട് അന്തരീക്ഷത്തില്‍ രോഗാണുക്കളുടെ എണ്ണവും കൂടുതലായിരിക്കും. സാംക്രമികരോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്നതിനും ഇത് കാരണമാകും.
സൂര്യാഘാതത്തിന് നല്‍കേണ്ട പ്രഥമശ്രുശ്രൂഷ
- സൂര്യാഘാതം ഏറ്റ വ്യക്തിയെ തണലുള്ള അല്ലെങ്കില്‍ ചൂടുകുറഞ്ഞ സ്ഥലത്തേക്ക് മാറ്റുക.
- അല്ലെങ്കില്‍ ഫാനിന്റെ അടിയില്‍ കിടത്തുക.
- ശരീരം തണുപ്പിക്കാന്‍ ഐസ് ഉപയോഗിക്കാം.
- കട്ടികൂടിയ വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നതെങ്കില്‍ അത് നീക്കം ചെയ്യുക.
- വെള്ളത്തില്‍ മുക്കിയ തുണി അല്ലെങ്കില്‍ സ്പോഞ്ച് കൊണ്ട് ശരീരം മൃദുവായി ഒപ്പുക.
- കക്ഷം കഴുത്ത് പുറം എന്നിവടങ്ങളില്‍ ഐസ് പാക്ക് വെയ്ക്കുക.
- ഉടനടി ആശുപത്രിയില്‍ എത്തിക്കുക.
പ്രത്യേകം ശ്രദ്ധിക്കേണ്ടവര്‍
4 വയസ്സ് വരെയുള്ള കുട്ടികള്‍ 65 വയസ്സിന് മുകളിലുള്ള മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, കിടപ്പുരോഗികള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. തുറസ്സായസ്ഥലത്ത് ജോലിചെയ്യുന്നവര്‍ മുന്‍കരുതല്‍ എടുക്കേണ്ടതുണ്ട്.
കുട്ടികളും ഗര്‍ഭിണികളും എടുക്കേണ്ട മുന്‍കരുതലുകള്‍
നിര്‍ജലീകരണം കൂടുതല്‍ ഉണ്ടാകാന്‍ സാധ്യതയുള്ള വിഭാഗമാണ് കുട്ടികളും ഗര്‍ഭിണികളും. ചൂട് അധികമായതിനാല്‍ രാവിലെ നടത്തുന്ന ഓപ്പണ്‍ അസംബ്ലി സ്‌കൂളുകള്‍ ഒഴിവാക്കുവാന്‍ ശ്രമിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ അസംബ്ലിയുടെ സമയദൈര്‍ഘ്യം കുറയ്ക്കുക. രാവിലെ 11 മണി മുതല്‍ വൈകിട്ട് 3 മണി വരെയുള്ള സമയം കുട്ടികള്‍ വെയിലത്ത് കളിക്കുന്നത് ഒഴിവാക്കുക. അതിനുപകരമായി പല ഇന്‍ഡോര്‍ ആക്ടിവിറ്റീസും കുട്ടികള്‍ക്ക് നല്‍കാവുന്നതാണ്.
കൃത്യമായ ഇടവേളകളില്‍ വെള്ളംകുടിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കണം. സര്‍ക്കാര്‍ നിര്‍ദേശപ്രകാരമുള്ള 'വാട്ടര്‍ ബെൽ' നടപ്പില്‍ വരുത്തുക. കാര്‍ബണേറ്റഡ് പാനീയങ്ങള്‍ ജങ്ക്ഫുഡുകള്‍ എന്നിവ അനിയന്ത്രിതമായി കുട്ടികള്‍ കഴിക്കുന്ന സാഹചര്യം ഉണ്ടാകുന്നു. ഇവ വീണ്ടും നിര്‍ജലീകരണം ഉണ്ടാക്കുന്നതിനാണ് വഴിവെക്കുക. ആ ശീലങ്ങള്‍ ഒഴിവാക്കുവാന്‍ കുട്ടികള്‍ക്ക് മതിയായ നിര്‍ദ്ദേശങ്ങള്‍ നല്‍കുക കൂടാതെ തിളപ്പിച്ചാറിയ വെള്ളമാണ് കുട്ടികള്‍ കുടിക്കുന്നതെന്ന് ഉറപ്പു വരുത്തുക.
പഴവര്‍ഗങ്ങളും പച്ചക്കറികളും അവരുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുക. അധികസമയം പുറത്തായിരിക്കുന്നതിനാലും മറ്റു പലരുമായി ഇടപഴകുന്നതിനാലും പകര്‍ച്ചവ്യാധികള്‍ അതിവേഗം പടര്‍ന്നുപിടിക്കാനുള്ള സാധ്യത കുട്ടികളുടെ കാര്യത്തില്‍ കൂടുതലാണ്. പ്രതിരോധം തീര്‍ക്കുന്നതിനു മുമ്പുതന്നെ രോഗം പിടിപെടാം. എന്നിരുന്നാലും ചിക്കന്‍പോക്സ്, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ ചെറുക്കാന്‍ പരമാവധി ശ്രമിക്കാം. വ്യക്തിശുചിത്വം പാലിക്കാൻ കുട്ടികളെ വീടുകളിലും സ്‌കൂളുകളിലും ശീലിപ്പിക്കുക. കൈകള്‍ വൃത്തിയായി സൂക്ഷിക്കുവാന്‍ പ്രോത്സാഹിപ്പിക്കുക. സാനിറ്റൈസര്‍, കൈ കഴുകുന്നതിനുള്ള സോപ്പുവെള്ളം എന്നിവ നിര്‍ദിഷ്ട സ്ഥലങ്ങളില്‍ വെക്കുക. കാര്‍ബണേറ്റഡ് പാനീയങ്ങള്‍ പോലെ തന്നെ സിപ്പപ്പ്, ഐസ്‌ക്രീം, കുല്‍ഫി തുടങ്ങിയ, വൃത്തിയില്ലാത്ത ചുറ്റുപാടുകളില്‍ നിര്‍മിക്കുന്നതോ, വില്‍പനയ്ക്ക് വെച്ചിരിക്കുന്നതോ ആയ ഭക്ഷണങ്ങളോ പാനീയങ്ങളോ കഴിക്കുന്നതില്‍ നിന്നും കുട്ടികളെ വിലക്കുക.
മറ്റുള്ളവരെ അപേക്ഷിച്ച് ഗര്‍ഭിണികള്‍ക്ക് ഹീറ്റ് സ്ട്രോക്ക്, ചൂടുമൂലമുള്ള ബുദ്ധിമുട്ടുകള്‍ തുടങ്ങിയവ അധികമായിരിക്കും. സ്വന്തം ശരീരത്തിന്റെയും ഗര്‍ഭസ്ഥ ശിശുവിന്റെയും താപനില നിയന്ത്രിക്കുന്നതിന് കൂടുതല്‍ ഊര്‍ജം എടുക്കേണ്ടി വരുന്നതിനാലാണിത്. നിര്‍ജലീകരണം ഉണ്ടാകുന്നതിനുള്ള സാധ്യതയും അവര്‍ക്ക് കൂടുതലാണ്. ചില സാഹചര്യങ്ങളില്‍ ആന്തരിക താപനിലയില്‍ ഉണ്ടാകുന്ന വര്‍ധനവും പനിയും ജനനവൈകല്യങ്ങള്‍ക്കും മറ്റ് ഗര്‍ഭകാല സങ്കീര്‍ണതകള്‍ക്കും കാരണമായേക്കാം. ചൂട് കൂടുതലുള്ള സമയങ്ങളില്‍ (രാവിലെ 11 മണി മുതല്‍ വൈകിട്ട് 3 മണി വരെ) ഗര്‍ഭിണികള്‍ ദീര്‍ഘ ദൂരയാത്രകള്‍ പരമാവധി ഒഴിവാക്കണം. അത്യാവശ്യമല്ലാത്ത സാഹചര്യമാണെങ്കില്‍ യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കുക. ചെറിയ യാത്രകളിലാണെങ്കിലും തുറസ്സായ സ്ഥലങ്ങളില്‍ നില്‍ക്കേണ്ടുന്ന സാഹചര്യത്തിലും സൂര്യാഘാതമേല്‍ക്കാത്ത വിധം ശരീരം മുഴുവന്‍ മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുവാന്‍ ശ്രദ്ധിക്കുക. അതും അയഞ്ഞ വസ്ത്രങ്ങളാണ് ഉചിതം. കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കുക, പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക.
ചൂടുകാലത്ത് കരുതിയിരിക്കേണ്ട രോഗങ്ങൾ
ചിക്കന്‍ പോക്സ്
രോഗകാരിയായ വൈറസ് ശരീരത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ 10 മുതല്‍ 21 ദിവസം വരെ വേണ്ടി വരും ലക്ഷണങ്ങള്‍ കണ്ടുതുടങ്ങാന്‍. പനിയും തലവേദനയുമാണ് ആദ്യ ലക്ഷണം. ഒരാഴ്ചയ്ക്ക് ശേഷം തൊലിപ്പുറത്ത് തിണിര്‍പ്പ് പ്രത്യക്ഷപ്പെടും തുടര്‍ന്ന് വെള്ളം നിറഞ്ഞ ആ കുമിളകള്‍ ശരീരം മുഴുവന്‍ വ്യാപിക്കും. വൈറസ് മൂലമുണ്ടാകുന്ന രോഗമായതിനാല്‍ ഇത് പകരാനുള്ള സാധ്യത കൂടുതലാണ്. രോഗി സ്വയം ഐസോലേറ്റ് ചെയ്ത് അവശ്യ ചികിത്സ തേടേണ്ടുന്നതാണ്. ആന്റി വൈറല്‍ ഗുളികകള്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കഴിക്കുക. കുമിളകള്‍ പൊട്ടാതെ ശരീരം കഴുകി വൃത്തിയാക്കണം. ചുമ, തുമ്മല്‍ എന്നിവയിലൂടെ രോഗം പകരും എന്നതിനാല്‍ രോഗിയും ഒപ്പമുള്ളവരും മാസ്‌ക് ധരിക്കാന്‍ ശ്രദ്ധിക്കുക.
മഞ്ഞപ്പിത്തം
മലിനമായ ഭക്ഷണമോ വെള്ളമോ കഴിക്കുന്നത് മൂലം ഉണ്ടാകുന്നതാണ് മഞ്ഞപ്പിത്തം അഥവ ഹെപ്പറ്റൈറ്റിസ്-എ. കണ്ണിലും തൊലിപ്പുറത്തും കൂടാതെ മലത്തിലും മൂത്രത്തിലും മഞ്ഞനിറം കാണുന്നതാണ് ഇതിന്റെ പ്രധാന ലക്ഷണം. രക്തപരിശോധനയിലൂടെയും ലിവര്‍ ഫങ്ഷന്‍ ടെസ്റ്റിലൂടെയുമാണ് രോഗനിര്‍ണ്ണയം നടത്തുന്നത്. കണ്ടുപിടിക്കപ്പെടാതിരുന്നാല്‍ രോഗിയുടെ മരണത്തിനു വരെ കാരണമായേക്കാവുന്ന ഈ രോഗം ഡോക്ടറുടെ നിര്‍ദേശപ്രകാരം ശരിയായ രീതിയില്‍ ചികിത്സിക്കുക.
ടൈഫോയ്ഡ്
വെള്ളത്തിലൂടെ പകരുന്ന രോഗമാണിത്. ബലഹീനത, വിശപ്പില്ലായ്മ, ക്ഷീണം, അടിവയറ്റിലെ വേദന, ഉയര്‍ന്ന പനി എന്നിവയാണ് ടൈഫോയ്ഡിന്റെ പ്രധാന ലക്ഷണങ്ങള്‍. വ്യക്തി ശുചിത്വം പാലിക്കേണ്ടത് പ്രധാനമാണ്. തിളപ്പിച്ച വെള്ളം കുടിക്കുക, വൃത്തിയായ സ്ഥലത്ത് പാകം ചെയ്ത് ആഹാരം കഴിക്കുക.
ചെങ്കണ്ണ്
വൈറസ് മൂലവും ബാക്ടീരിയ മൂലവും ഉണ്ടാകുന്ന ഒരു രോഗമാണിത്. കണ്ണില്‍ നിന്നും സ്രവം ഒഴുകുക, കണ്ണിന് വീക്കം, വേദന എന്നിവയാണ് ലക്ഷണങ്ങള്‍. കണ്ണില്‍ നിന്നുളള സ്രവത്തില്‍ കൂടിയും രോഗം പകരുമെന്നതിനാല്‍ രോഗി ഇടയ്ക്കിടയ്ക്ക് കൈ കഴുകുക. രോഗിയുടെ വസ്തുക്കള്‍ മറ്റൊരാള്‍ ഉപയോഗിക്കാതിരിക്കുക. കണ്ണുകള്‍ ഇടയ്ക്കിടയ്ക്ക് വെള്ളം കൊണ്ട് നന്നായികഴുകുക.
ചൂടുകുരു
ചൂടുകൂടുമ്പോള്‍ വിയര്‍പ്പുഗ്രന്ഥികളില്‍ തടസ്സമുണ്ടാകുകയും വിയര്‍പ്പ് ശരീരത്തില്‍ കെട്ടിനില്‍ക്കുകയും ചെയ്യും. ഇതുമൂലം ചര്‍മോപരിതലത്തില്‍ ചെറിയ കുരുക്കളുണ്ടാകും. രോമകൂപങ്ങളിലെ അണുബാധയ്ക്ക് ഇത് കാരണമായേക്കാം. ദിവസവും രണ്ടുനേരം കുളിക്കുക ഇതു ശരീരത്തിന് തണുപ്പ് നല്‍കും. നന്നായി വെള്ളം കുടിക്കുക.
ഭക്ഷ്യവിഷബാധ
ചൂടുള്ള കാലാവസ്ഥയില്‍ അന്തരീക്ഷത്തില്‍ ബാക്ടീരിയ അധികമായിരിക്കും. തയ്യാറാക്കിയ ഭക്ഷണം അതിവേഗം കേടാകുന്നതിന് ഇത് കാരണമാകും. മലിനമായ ഭക്ഷണപാനീയങ്ങള്‍ വയറിളക്കത്തിനും ഛര്‍ദിക്കും കാരണമാകും.
ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കേണ്ടതെന്തെല്ലാം ?
ശരീരത്തില്‍ നിര്‍ജ്ജലീകരണം തടയാന്‍ കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കുക.10 മുതല്‍ 12 ഗ്ലാസ് വെള്ളം വരെ നിര്‍ബന്ധമായും കുടിക്കണം. വൃക്കരോഗമോ ഹൃദ്രോഗമോ ഉള്ളവര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം വെള്ളം കുടിക്കുക. പഴവര്‍ഗങ്ങള്‍ സാലഡുകള്‍ എന്നിവ കൂടി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ജങ്ക് ഫുഡുകള്‍, എണ്ണയില്‍ വറുത്തെടുത്ത ആഹാരങ്ങള്‍, ഫ്രീസ്ഡ് ഫുഡുകള്‍ തുടങ്ങിയവ പരമാവധി ഒഴിവാക്കുക. ഇവയില്‍ ഉപ്പിന്റെ അംശം അധികമായതിനാല്‍ അതിയായ ദാഹം അനുഭവപ്പെടാനും ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കില്‍ നിര്‍ജലീകരണം ഉണ്ടാകുവാനും സാധ്യതയുണ്ട്. ഒരു സമയം ഒരുപാടാഹാരം കഴിക്കുന്നത് ഒഴിവാക്കി കൃത്യമായ ഇടവേളകളില്‍ മിതമായി ആഹാരം കഴിക്കുവാന്‍ ശ്രദ്ധിക്കണം. മദ്യം, ചായ, കാപ്പി, കുപ്പിയിലും ക്യാനിലും ലഭിക്കുന്ന കാര്‍ബണേറ്റഡ് ശീതളപാനീയങ്ങള്‍, ഇവയെല്ലാം ഒഴിവാക്കുക. പകരം തിളപ്പിച്ചാറിയ വെള്ളം, ഇളനീര്, മോരും വെള്ളം, നാരങ്ങാ വെള്ളം, ജലാംശം കൂടൂതലുള്ള തണ്ണിമത്തന്‍ പോലുള്ളവ കഴിക്കുവാന്‍ ശ്രദ്ധിക്കുക. എരിവ്, എണ്ണ, ഉപ്പ് എന്നിവ കൂടുതലുള്ള ഭക്ഷണപദാര്‍ഥങ്ങള്‍ ഒഴിവാക്കുക.
പുറത്തിറങ്ങുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍
- പുറത്ത് ജോലി ചെയ്യുന്നവര്‍ രാവിലെ 11 മണി മുതല്‍ വൈകിട്ട് 3 മണി വരെ വെയില്‍ കൊള്ളാതെ ശ്രദ്ധിക്കുക. അന്തരീക്ഷത്തില്‍ ചൂട് ഏറ്റവും അധികമുള്ള സമയമാണിത്.
- സെന്‍സിറ്റീവ് സ്‌കിന്‍ ഉള്ളവര്‍ പുറത്തിറങ്ങുമ്പോള്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നത് ഉചിതമായിരിക്കും.
- ചൂട് അധികം ഉള്ള സമയത്ത് പരമാവധി പുറത്തിറങ്ങാതിരിക്കുക.അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കുക.
- വീട്ടിലാണെങ്കിലും പുറത്തിറങ്ങുമ്പോഴാണെങ്കിലും കടും നിറത്തിലുള്ള വസ്ത്രം ധരിക്കുന്നത് ഒഴിവാക്കുക.കടും നിറങ്ങള്‍ ചൂട് കൂടുതല്‍ ആഗിരണം ചെയ്യും.
- ശരീരത്തിനോട് ഒട്ടിച്ചേര്‍ന്ന് കിടക്കുന്നവ ഒഴിവാക്കി അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ കൂടുതല്‍ ഉപയോഗിക്കുക.
- വെളിയില്‍ ഇറങ്ങുന്നവര്‍ അല്ലെങ്കില്‍ ജോലി ചെയ്യുന്നവര്‍ ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രങ്ങള്‍ ധരിക്കുവാന്‍ ശ്രദ്ധിക്കുക.നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് തടയാന്‍ ഇത് സഹായിക്കും.
- പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക, കുടയോ തൊപ്പിയോ ഉപയോഗിക്കുക. കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കുക
വിവരങ്ങൾക്ക് കടപ്പാട്
ഡോ. സൗമ്യ സത്യന്‍
കണ്‍സല്‍ട്ടന്റ് ഫിസിഷ്യന്‍
ജനറല്‍ മെഡിസിന്‍ വിഭാഗം
മൗലാന ഹോസ്പിറ്റല്‍
Content Highlights: tips to stay healthy in summer
Published: 29 Feb 2024, 05:00 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented