ശരീരത്തിലെ സുപ്രധാന അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായി അവയവദാതാക്കളെ കാത്തിരിക്കുന്നവരുടെ എണ്ണം പെരുകുകയാണ്. കാത്തിരിപ്പുപട്ടികയില്‍ കാത്തുകിടന്ന് മരണം വരിക്കുന്നവരും ഏറെയുണ്ട്. അതേസമയം, മുന്‍കാലങ്ങളെ അപേക്ഷിച്ച് അവയദാനങ്ങളുടെ എണ്ണത്തില്‍ വര്‍ധനവും ഉണ്ട്.
അവയവമാറ്റ ശസ്ത്രക്രിയകളില്‍ ഏറ്റവും കൂടുതല്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ്.1954-ലാണ് ലോകത്ത് ആദ്യമായി വൃക്ക മാറ്റിവെച്ചത്.
ഇന്ത്യയില്‍ ഒരു വര്‍ഷത്തില്‍ ശരാശരി 2,20,000 രോഗികള്‍ക്ക് വൃക്ക മാറ്റിവയ്ക്കല്‍ ആവശ്യമുണ്ടെങ്കിലും 7500 റീനല്‍ ട്രാന്‍സ്പ്ലാന്റ് സര്‍ജറികള്‍ മാത്രമാണ് നടക്കുന്നത്. ഇതില്‍ 90 % വൃക്കകളും ജീവനുള്ള ദാതാവില്‍ നിന്നും ലഭിക്കുന്നു(live donor transplantation) 10 ശതമാനം വൃക്കകള്‍ മസ്തിഷ്‌കമരണം സംഭവിച്ചവരില്‍നിന്നും (Diseased donor Transplantation) ആണ്. ലോകമെങ്ങും നോക്കിയാല്‍ തുടര്‍ച്ചയായി ഡയാലിസിസ് നടത്തിക്കൊണ്ടിരിക്കുകയും വൃക്ക മാറ്റിവയ്ക്കലിനായി കാത്തിരിക്കുകയും ചെയ്യുന്നവരുടെ എണ്ണം 2021 വരെയുള്ള കണക്കുകള്‍ അനുസരിച്ച് 15 ലക്ഷം ആണ്. എന്നാല്‍ പ്രതിവര്‍ഷം വൃക്ക മാറ്റിവയ്ക്കല്‍ നടക്കുന്നത് 91,000 പേര്‍ക്കാണ്. ആവശ്യക്കാരും അതിന്റെ ലഭ്യതയും തമ്മിലുള്ള വലിയ അന്തരമുണ്ട്. ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് ആവശ്യക്കാരില്‍ 10 ശതമാനത്തിനു താഴെ പേര്‍ക്കു മാത്രമേ അവയവം ലഭിക്കാറുള്ളൂ.
അവയവ കൈമാറ്റം ആവശ്യമുള്ളവര്‍ ഏറെയുണ്ടെങ്കിലും അവയവദാനത്തിനായി തയ്യാറായി വരുന്നവരുടെ എണ്ണം താരതമ്യേന കുറവാണ്.
കാത്തിരിപ്പ് ഇന്ത്യയില്‍ 15 വര്‍ഷം വരെ
അവയവങ്ങള്‍ ദാനം നല്‍കുന്നതും സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ ഒട്ടേറെ തെറ്റിദ്ധാരണകളും ആശയക്കുഴപ്പങ്ങളും നിലനില്‍ക്കുന്നുണ്ട്. ദാതാവിന് വേണ്ടത്ര ആതുരപരിചരണമോ ശ്രദ്ധയോ ലഭിക്കില്ലെന്നൊരു ധാരണ വ്യാപകമാണ്. എന്നാല്‍ ആതുരപരിചരണ രംഗത്തുള്ളവരെ സംബന്ധിച്ച് രോഗികള്‍ക്ക് എല്ലാവര്‍ക്കും തുല്യപരിഗണന നല്‍കുക എന്നത് അവരുടെ സദാചാരനിഷ്ഠയുടെ കൂടി ഭാഗമാണ്. അവയവ കൈമാറ്റത്തിനു വരുന്ന ഭീമമായ ചെലവു മൂലം ഇത് സമ്പന്നര്‍ക്കു മാത്രം പറഞ്ഞ കാര്യമാണെന്നതാണ് മറ്റൊരു ധാരണ. നമ്മുടെ രാജ്യത്തുള്‍പ്പെടെ മിക്ക രാജ്യങ്ങളിലും അവയവദാതാക്കളെ കാത്തിരിക്കുന്നവരുടെ കാത്തിരിപ്പുപട്ടിക തയ്യാറാക്കി അതില്‍ നിന്ന് ക്രമമനുസരിച്ച് രോഗികളെ തിരഞ്ഞെടുക്കുന്ന രീതിയാണ് ഉള്ളത്. ചില അപഭ്രംശങ്ങളൊഴിവാക്കിയാല്‍ വ്യവസ്ഥാപിതരീതിയിലാണ് ഈ നടപടിക്രമങ്ങള്‍ നടന്നുവരുന്നത്. അവയവകൈമാറ്റം സംബന്ധിച്ച വാര്‍ത്തകള്‍ക്കു പ്രാമുഖ്യം ലഭിക്കുന്നതുപോലെ തന്നെ ഇതു സംബന്ധിച്ച പ്രതികൂലവാര്‍ത്തകളും വലിയ സ്വാധീനമുണ്ടാക്കുന്നു. അവയവം സ്വീകരിക്കുന്നതിലൂടെ എല്ലാ പ്രശ്നങ്ങളും ഒറ്റ ദിവസം കൊണ്ടു തീര്‍ന്നുവെന്ന് കരുതരുത്. അതേ സമയം ജീവിതത്തിന്റെ ഗുണനിലവാരം നിലനിര്‍ത്താന്‍ ഇത് സഹായിക്കുമെന്ന കാര്യത്തിലും തര്‍ക്കമില്ല.
ആഗോളതലത്തില്‍ അവയവം ആവശ്യമുള്ളവര്‍ അതിനായി ശരാശരി കാത്തിരിക്കേണ്ടി വരുന്നത് മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെയാണ്. അഞ്ചില്‍ ഒരാള്‍ ഈ കാലയളവ് പൂര്‍ത്തിയാക്കാനാവാതെ മരിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ കണക്കെടുത്താല്‍ ഇത് 10 മുതല്‍ 15 വര്‍ഷം വരെയാണ്, കൂടാതെ രണ്ടില്‍ ഒരാള്‍ ചികിത്സ ലഭിക്കാതെ മരിക്കുകയും ചെയ്യുന്നു. കേരളത്തില്‍ 2022ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഏകദേശം 1,000 അവയവ ദാനങ്ങളാണ്. ദേശീയശരാശരിയെക്കാള്‍ പത്തിരട്ടി മുകളിലാണ് കേരളത്തിന്റെ സ്ഥാനം.
ഭയം വേണ്ടാ.. തെറ്റിദ്ധാരണകളും
അവയവദാനത്തെക്കുറിച്ചുള്ള അവബോധമില്ലായ്മ, സാംസ്‌കാരികവും മതപരവുമായ കാഴ്ചപ്പാടുകളിലുള്ള വ്യത്യാസം, അവയവ കൈമാറ്റ കച്ചവടത്തെക്കുറിച്ചുള്ള ഭയം, ദേശീയ തലത്തില്‍ ഒരു രജിസ്ട്രി സംവിധാത്തിന്റെ അപര്യാപ്തത തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ അവയവദാനത്തെ പുറകോട്ടടിപ്പിക്കുന്നു. ഔദ്യോഗിക സംവിധാനങ്ങളും ആതുരപരിചരണ കേന്ദ്രങ്ങളും പൊതുസമൂഹവും ഒറ്റക്കെട്ടായി നേരിടുമ്പോള്‍ മാത്രമേ പരിവര്‍ത്തനം സാധ്യമാകൂ.
പ്രതീക്ഷ പകര്‍ന്ന് ഗവേഷണങ്ങള്‍
നേരത്തെ രക്തഗ്രൂപ്പും ടിഷ്യുകളും മാത്രമാണ് മാച്ചിംഗിന് പരിഗണിച്ചിരുന്നതെങ്കില്‍ ഇന്ന് സ്വീകര്‍ത്താവിന്റെ ശാരീരിക പ്രതിരോധ ശേഷി ഉള്‍പ്പെടെ മറ്റു നിരവധി ഘടകങ്ങള്‍ പരിഗണിച്ചാണ് അവയവം മാറ്റിവയ്ക്കുന്നത്. ഇത് കൂടുതല്‍ മികച്ച ഫലങ്ങള്‍ രോഗികള്‍ക്ക് നല്‍കുന്നു. സ്വീകരിച്ച അവയവം ശരീരത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ നല്‍കിവരുന്ന മരുന്നുകളുടെ പാര്‍ശ്വഫലം പരമാവധി കൂറച്ച് ശരീരത്തെ സുഗമമായി പ്രവര്‍ത്തിക്കാന്‍ പുതിയ മരുന്നുകള്‍ സഹായിക്കുന്നുണ്ട്.
അവയവദാതാക്കളെ കാത്തിരിക്കുന്നവര്‍ക്ക് അവര്‍ക്ക് ആവശ്യമായ അവയവങ്ങള്‍ ലാബുകളില്‍ നിര്‍മിച്ചു നല്‍കുന്നതിനുള്ള ഗവേഷണങ്ങള്‍ മുന്നേറുകയാണ് . ലക്ഷക്കണക്കിന് ആളുകള്‍ക്ക് ജീവന്‍ നിലനിര്‍ത്താന്‍ പ്രതീക്ഷയേകുന്ന കാര്യമാണിത്. മൃഗങ്ങളില്‍ നിന്ന് അവയവങ്ങളെടുത്ത് മനുഷ്യരില്‍ സ്ഥാപിക്കാനുള്ള -xenotransplantation ഗവേഷണങ്ങളും നടക്കുന്നുണ്ട്.
പ്രതീക്ഷാനിര്‍ഭരമായ മറ്റൊരു കാര്യം അവയവങ്ങള്‍ക്കു സംഭവിക്കുന്ന നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ കഴിയുംവിധത്തിലുള്ള സ്റ്റെം സെല്‍ ചികിത്സാ ഗവേഷണങ്ങളാണ്. ഇത്തരം ഗവേഷണങ്ങളെല്ലാം അതിന്റെ ആദ്യഘട്ടങ്ങളില്‍ തന്നെയാണെങ്കിലും ചികിത്സാ രംഗത്തെ നൂതന പ്രവണതകള്‍ ലക്ഷക്കണക്കിന് ആളുകളുടെ ജീവന് പുതിയ ഊര്‍ജ്ജവും ശക്തിയവും പകരാന്‍ കഴിയും.
(കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലിൽ സെന്റര്‍ ഫോര്‍ നെഫ്രോ-യൂറോ സയന്‍സസ് വിഭാഗം കൺസൾട്ടന്റ് ആണ് ലേഖകൻ)
Content Highlights: things to know about organ donation
Published: 13 Aug 2023, 07:07 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented