കോഴിക്കോട്: നിപഭീതിയിൽ പഴങ്ങൾ കഴിക്കുന്നത് പൂർണമായി ഒഴിവാക്കേണ്ടതില്ല. പക്ഷേ, ശ്രദ്ധവേണമെന്ന് വിദഗ്ധർ. നിലത്ത് വീണുകിടക്കുന്നതോ പക്ഷികളോ വവ്വാലുകളോ കടിച്ചതോ ആയ പഴങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. വൃക്ഷത്തിൽനിന്ന് പറിച്ചെടുക്കുന്ന പഴങ്ങളോ പച്ചയായിരിക്കെ പറിച്ചെടുത്ത് പഴുപ്പിക്കുന്നവയോ ഉപയോഗിക്കുന്നതിൽ അപകടമില്ല.
പഴങ്ങൾ വാങ്ങുമ്പോൾ ഓരോന്നും എടുത്തുനോക്കി നല്ലതുമാത്രം തിരഞ്ഞെടുക്കുക. വവ്വാൽ കടിച്ചതുപോലുള്ള പാട്, ചതവ് , നിറംമാറ്റം എന്നിവയുള്ള പഴങ്ങൾ വാങ്ങരുത്. കൂടുതലായി പഴുത്തവയും ചീഞ്ഞുതുടങ്ങിയവയും ഉപയോഗിക്കരുത്. കട്ടിയുള്ള തൊലിയുള്ള പഴങ്ങൾ പൊതുവേ സുരക്ഷിതമാണ്. തൊലി നീക്കംചെയ്തശേഷം കഴിക്കുന്നതിനാലാണിത്. എല്ലാ പഴങ്ങളും 15-20 മിനിറ്റ് വെള്ളത്തിൽ ഇട്ടശേഷം ശുദ്ധമായ വേറെ വെള്ളത്തിൽ കഴുകിയശേഷമേ ഉപയോഗിക്കാവൂ. രണ്ടോ മൂന്നോ പ്രാവശ്യം കഴുകുന്നതാണ് നല്ലത്. പഴങ്ങൾ നന്നായി കഴുകി ഉപയോഗിക്കുന്നതുമൂലം വൈറസിനെ ഒഴിവാക്കാം. തൊലി ചെത്തിയശേഷം ഉപയോഗിക്കുന്ന പഴങ്ങളുടെ കാര്യത്തിൽ കഴുകിയശേഷംവേണം തൊലി ചെത്താൻ. വീട്ടുവളപ്പിലെ റംബുട്ടാനും മറ്റു ഫലവൃക്ഷങ്ങൾക്കും വലയിടാനാവുമെങ്കിൽ നല്ലതാണ്.
പപ്പായ, പേരയ്ക്ക, സപ്പോട്ട, മാങ്ങ, റംബൂട്ടാൻ, ലിച്ചി, ചാമ്പയ്ക്ക തുടങ്ങിയ പഴങ്ങളാണ് നിപ സാഹചര്യത്തിൽ കൂടുതൽ ശ്രദ്ധയോടെ ഉപയോഗിക്കേണ്ടത്. വാഴപ്പഴം അത്ര അപകടകാരിയല്ല. തൊലിയുള്ളതിനാലും പച്ചക്കായ ആയിരിക്കുമ്പോൾ കുല വെട്ടിവെച്ച് പഴുപ്പിക്കുന്നതിനാലുമാണിത്. വവ്വാൽ, അണ്ണാൻ തുടങ്ങിയവ ഭാഗികമായി കടിച്ച വാഴപ്പഴം കഴിക്കരുത്. കടയിൽനിന്ന് വാങ്ങുന്ന പഴങ്ങളിൽ മുന്തിരി, ഈന്തപ്പഴം, വെണ്ണപ്പഴം (ബട്ടർഫ്രൂട്ട് ) എന്നിവ താരതമ്യേന സുരക്ഷിതമാണ്.
പഴങ്ങൾ ആരോഗ്യത്തിന് അത്യാവശ്യമായ പോഷകാഹാരമാണ്. പഴങ്ങളിലും പച്ചക്കറികളിലും ധാരാളം വിറ്റാമിനുകൾ അടങ്ങിയിട്ടുമുണ്ട്. അതുകൊണ്ടുതന്നെ പ്രതിരോധം ആർജ്ജിക്കാൻ പഴങ്ങൾ കഴിക്കുന്നത് നല്ലതാണ്.
വിവരങ്ങൾക്ക് കടപ്പാട്
സന്ധ്യാസുരേഷ്
ചീഫ് ക്ലിനിക്കൽ ന്യൂട്രീഷ്യനിസ്റ്റ്
മേയ്ത്ര ഹോസ്പിറ്റൽ
കോഴിക്കോട്
Content Highlights: things to care about consumption of fruits in nipah season
Published: 16 Sept 2023, 03:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented