പ്രായത്തിന്റേതായ പലതരം വ്യതിയാനങ്ങൾ അനിയന്ത്രിതമായ തോതിൽ ഉണ്ടാകുന്ന സമയമാണ് ഹൈസ്കൂൾ, ഹയർസെക്കൻഡറി കാലം. പ്രണയങ്ങളെല്ലാം തുടങ്ങുമ്പോൾ ലോലവും തരളവുമായിട്ടായിരിക്കും. എന്നാൽ, എന്തെങ്കിലും കാരണംകൊണ്ട് അകന്നുപോയാൽ അത് വളരെ വിഷമയമാവും, 'ടോക്‌സിക് ' എന്നാണ് പുതുകാലത്തിന്റെ പ്രയോഗം തന്നെ.

To advertise here,

അകലാനാണെങ്കിൽ ചെറിയ കാരണങ്ങൾ മതിതാനും. കൂടുതൽസമയം സാമൂഹിക മാധ്യമങ്ങളിലാണ്, എന്നെ ശ്രദ്ധിക്കുന്നില്ല, എന്നോട് ചാറ്റ് ചെയ്യുന്നില്ല... തുടങ്ങിയ പരാതികളാണ് കാരണമായി പരസ്പരം ഉന്നയിക്കാറ്. മറ്റുള്ളവർക്ക് ഇതൊക്കെ ചെറിയ പ്രശ്‌നങ്ങളായി തോന്നുമെങ്കിലും അവരെ സംബന്ധിച്ചിടത്തോളം വലിയ പ്രതിസന്ധികളാണ്. ഏറെ വൈകാരികതയോടെ, വിറയ്ക്കുന്ന ശബ്ദത്തോടെയൊക്കെയാണ് ഇത്തരം പരാതികൾ കുട്ടികൾ പങ്കുവെക്കാറുള്ളത്.

പുതിയ തലമുറ കൂടുതൽ വിശാലമായി ചിന്തിക്കുന്നു എന്നൊക്കെ പറയാറുണ്ട്. അടിച്ചുപൊളി, പൊളിവൈബ്, ലിംഗസമത്വം എന്നിവയൊക്കെയുള്ളവരാണ് എന്ന കാര്യത്തിലൊന്നും തർക്കമില്ല. അപ്പോഴും ബന്ധങ്ങളുടെ കാര്യത്തിൽ സ്വാർത്ഥരാണവർ. തലച്ചോറിന്റെ വളർച്ച പൂർത്തിയായിട്ടില്ലാത്ത കുട്ടികളാണെന്ന് നമ്മൾ ഓർക്കണം. വികാരങ്ങൾ അടക്കാൻ കഴിയാത്ത, പൊട്ടിത്തെറിക്കുന്ന സ്വഭാവമാണ് കാണുന്നത്. അതുകൊണ്ടുതന്നെ പലപ്പോഴും ആ ബന്ധങ്ങൾ വേഗം 'ടോക്‌സിക് ’ എന്ന ഗണത്തിലേക്കു മാറും. ആ സാഹചര്യത്തിൽ ആരെങ്കിലുമൊരാൾ പിന്തിരിയും. അതോടെ അതൊരു വൈരാഗ്യമായി, പിന്നെ പ്രതികാരചിന്തയായി. ചില കേസുകൾ ഇരുവരോടും സംസാരിച്ച് പെട്ടെന്ന് തീർക്കാൻ കഴിയും. ചിലത് രണ്ടോ മൂന്നോ സിറ്റിങ്ങുകൾ വേണ്ടിവരും. അതിലും ഒതുങ്ങാത്ത പ്രശ്‌നങ്ങളുണ്ട്, അത് സൈക്കോളജിസ്റ്റുകൾക്ക് റഫർചെയ്യുകയാണ് ചെയ്യാറ്.

ചില കാര്യങ്ങളിൽ ഈ കുട്ടികളിൽനിന്ന് നമുക്കും പലതും പഠിക്കാനുണ്ടെന്ന് തോന്നാറുണ്ട്. നമ്മൾ പഠിച്ചിട്ടില്ലാത്ത പല മനഃശാസ്ത്ര സമസ്യകളും ഉണ്ട് എന്ന് മനസ്സിലാവുന്നത് ഇവരുടെ പ്രശ്‌നങ്ങൾ കേൾക്കുമ്പോഴാണ്. അതെ, നമ്മുടെ കുട്ടികളെ കൂടുതൽ കരുതലോടെ കൈകാര്യംചെയ്യേണ്ടതുണ്ട്.

(നടുവട്ടം ഗവ. ജനതാ ഹയർസെക്കൻഡറി സ്‌കൂളിൽ സ്റ്റുഡന്റ് കൗൺസലറാണ് ലേഖിക. )