പാമ്പുകടിയുമായി ബന്ധപ്പെട്ട കണക്കുകള്‍ ഇന്ത്യയെ സംബന്ധിച്ച് ആശങ്കപ്പെടുത്തുന്നതാണ്. ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം 50,000 ആളുകളെങ്കിലും ഒരു വര്‍ഷം പാമ്പുകടിയേറ്റ് ഇന്ത്യയില്‍ മരിക്കുന്നുണ്ട്. ഇത് പരമാവധി കുറച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. പാമ്പ് കടിയേല്‍ക്കുന്ന സാഹചര്യം പരമാവധി ഒഴിവാക്കുക എന്നതും ശാസ്ത്രീയമായ ചികിത്സ കൃത്യസമയത്ത് സ്വീകരിക്കുക എന്നതും പ്രധാനമാണ്.

To advertise here,

ഇന്ത്യയില്‍ ധാരാളം പാമ്പുകള്‍ കാണപ്പെടുന്നുണ്ടെങ്കിലും അതില്‍ കുറച്ചെണ്ണത്തിന് മാത്രമേ വിഷമുള്ളൂ. ഇന്ത്യയില്‍
പ്രധാനമായും വിഷമുള്ള നാല് തരം പാമ്പുകളുടെ കടിയേറ്റാണ് കൂടുതലും മരണം സംഭവിക്കുന്നത്. ഈ പാമ്പുകളെ ബിഗ് ഫോര്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. മൂര്‍ഖന്‍, ശംഖുവരയന്‍, അണലി/ചേനത്തണ്ടന്‍, ചുരുട്ടമണ്ഡലി എന്നിവയാണ് ബിഗ് ഫോര്‍.  

കേരളത്തില്‍ പാമ്പുകടിയേറ്റ് ആശുപത്രികളില്‍ ചികിത്സ തേടേണ്ടി വന്നവരുടെ കണക്ക് പരിശോധിച്ചാല്‍ മനസ്സിലാകുന്ന കാര്യം,  തവിട്ട് /മുഴു മൂക്കന്‍ കുഴിമണ്ഡലി എന്ന പാമ്പിന്റെ കടിയേറ്റും പലരും ഗുരുതരാവസ്ഥയിലാകുന്നുണ്ട് എന്നാണ്.

പാമ്പിന്‍ വിഷം ശരീരത്തിലെത്തിയാല്‍

പലതരം പ്രോട്ടീനുകളുടെയും എന്‍സൈമുകളുടെയും സങ്കീര്‍ണ മിശ്രിതമാണ് പാമ്പിന്റെ വിഷം. പാമ്പിന്റെ കണ്ണിന് പിന്നിലായുള്ള ഗ്രന്ഥിയിലാണ് വിഷം സംഭരിച്ചിട്ടുള്ളത്. ഇതിന് ചുറ്റും കംപ്രസര്‍ മസിലുകളുമുണ്ട്. ഇതില്‍നിന്ന് വിഷപ്പല്ലുകളിലേക്ക് വിഷം എത്താന്‍ നാളികളുമുണ്ട്. കടിക്കുന്ന നേരത്ത് വിഷം ഇരയുടെ ശരീരത്തിലേക്ക് കുത്തിവയ്ക്കപ്പെടുന്നു.

കടിച്ച പാമ്പിന് അനുസരിച്ച് വിഷം പ്രധാനമായും രണ്ട് തരത്തിലാണ് ശരീരത്തെ ബാധിക്കുക. ചില പാമ്പുകളുടെ വിഷം രക്തത്തെയാണ് ബാധിക്കുന്നത്. ഇതിനെ ഹീമോടോക്സിന്‍ (Haemotoxin) എന്ന് പറയുന്നു. രണ്ടാമത്തേത് നാഡീവ്യൂഹത്തെയാണ് ബാധിക്കുന്നത്. ഇത് ന്യൂറോടോക്സിന്‍ (Nerotoxin) എന്നറിയപ്പെടുന്നു. അണലിവര്‍ഗത്തില്‍പ്പെട്ട പാമ്പുകളുടെ വിഷം രക്തത്തെയാണ് ബാധിക്കുന്നത്. അണലിവിഷത്തിലെ ചില പ്രത്യേക പ്രോട്ടീനുകള്‍ ശരീരത്തിലെ രക്തം കട്ടപിടിക്കുന്നത് തടയും. ഇതിന്റെ ഫലമായി രക്തസ്രാവം ഉണ്ടാകാന്‍ സാധ്യതയുണ്ട്.

മൂര്‍ഖന്‍, ശംഖുവരയന്‍ എന്നിവയുടെ വിഷം നാഡികളെയാണ് ബാധിക്കുന്നത്. ശരീരത്തിലെ നാഡികള്‍ തമ്മില്‍ ചേരുന്ന ഭാഗത്ത് നേര്‍ത്ത വിടവുകളുണ്ട്. സിനാപ്‌സ് എന്നാണ് ഇതിനെ പറയുന്നത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് രാസസന്ദേശങ്ങള്‍ കൈമാറുന്നതില്‍ വളരെ നിര്‍ണായകമായ പങ്ക് വഹിക്കുന്നവയാണ് സിനാപ്‌സ്. എന്നാല്‍ വിഷം ബാധിക്കുന്നതോടെ ഈ പ്രവര്‍ത്തനം തകരാറിലാകും. ഇതിന്റെ ഫലമായി ശ്വാസതടസ്സം, നടക്കാന്‍ പ്രയാസം, കാഴ്ചത്തകരാര്‍ എന്നിവ ഉണ്ടാകുന്നു.

ഉടന്‍ ചെയ്യേണ്ടത്

  • പാമ്പുകടിയേറ്റ വ്യക്തിയെ ഉടനെ സംഭവസ്ഥലത്തുനിന്ന് സുരക്ഷിത സ്ഥലത്തേക്ക് മാറ്റുകയും ആ വ്യക്തിക്ക് മനോധൈര്യം നല്‍കുകയും വേണം.
  • നിങ്ങള്‍ ഒറ്റയ്ക്ക് ആണെങ്കില്‍, സ്വയം സുരക്ഷിതമായ അകലത്തിലേക്ക് മാറാന്‍ ശ്രമിക്കണം. സഹായത്തിനായി ആരെയെങ്കിലും വിളിക്കുക.
  • പാമ്പ് കടി ഏറ്റാല്‍ ഏതൊരാളും ഭയപ്പെടും എന്നത് സ്വാഭാവികമാണ്. കഴിവതും ഭയത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കുക. ഭയപ്പെടുന്നതും ഓടാന്‍ ശ്രമിക്കുന്നതുമൊക്കെ ഹൃദയമിടിപ്പും രക്തയോട്ടവും വര്‍ധിപ്പിക്കും.  അതുമൂലം വിഷം അതിവേഗം ശരീരത്തില്‍ പടരും.
  • വിശ്രമിക്കുന്നതിനോടൊപ്പം കടിയേറ്റ ശരീരഭാഗം അനങ്ങാതെ നോക്കണം. ചലിപ്പിക്കാതിരിക്കാനായി, പാമ്പുകടിയേറ്റ ശരീരഭാഗത്ത് ചെറിയ മരക്കഷണമോ/സ്പ്ലിന്റോ വച്ചുകെട്ടി സപ്പോര്‍ട്ട് ചെയ്യാം.
  • കടിയേറ്റ ഭാഗത്ത് ഒരു വിരല്‍ കടത്താവുന്നത്ര അയവില്‍ ബാന്റേജ് വച്ചുകെട്ടുക. ഇങ്ങനെ കെട്ടുന്നതിന്റെ ഉദ്ദേശ്യം രക്തയോട്ടം തടസ്സപ്പെടുത്തുക എന്നതല്ലെന്ന് മനസ്സിലാക്കുക.  
  • പാമ്പുകടിയേറ്റ ശരീരഭാഗത്തുള്ള ആഭരണങ്ങളും വസ്ത്രവും നീക്കം ചെയ്യുക. കാരണം പാമ്പുകടിയേറ്റ ഭാഗം നീര് വയ്ക്കാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ ഇറുകുന്ന രീതിയില്‍ ഉള്ള ആഭരണങ്ങളും മറ്റും ഉണ്ടെങ്കില്‍ അത് അപകടകരമായി മാറാം.
  • പാമ്പുകടിയേറ്റ വ്യക്തിയെ ഒട്ടും താമസിക്കാതെ പാമ്പ് കടിക്ക് ചികിത്സ നല്‍കാന്‍ സൗകര്യമുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുക.
  • പാമ്പുകടിയേറ്റതിനുശേഷം ആ വ്യക്തിക്കുണ്ടായ മാറ്റത്തെക്കുറിച്ചും അയാളുടെ അവസ്ഥയെക്കുറിച്ചും ഡോക്ടര്‍ക്ക് പൂര്‍ണമായ വിവരം നല്‍കുക.
placeholder
ഫോട്ടോ: പി.പി. രതീഷ്‌

മാറ്റങ്ങള്‍

പാമ്പുകടിയേറ്റാലുണ്ടാവുന്ന മാറ്റങ്ങളെ മൂന്നായി തരംതിരിക്കാം:

  1. രക്തസ്രാവം. അണലിയുടെ വര്‍ഗത്തില്‍പ്പെട്ടവ കടിച്ചാലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. വൃക്കകളുടെ പ്രവര്‍ത്തനത്തെയും ബാധിക്കാം.
  2. പേശികളുടെ ബലക്ഷയം/ ബലക്കുറവ്, ഇരട്ടയായി കാണുക, കണ്ണുകള്‍ തുറക്കാന്‍ വയ്യാത്ത അവസ്ഥ. ഇത് കൂടുതലായി കാണുന്നത് ശംഖുവരയന്‍, മൂര്‍ഖന്‍ എന്നിവയുടെ കടിയേറ്റവരിലാണ്.
  3. അണലിയുടെ കടിയേറ്റവര്‍ക്ക് രക്തസ്രാവവും ബലക്കുറവും ഒരുമിച്ച് കാണാറുണ്ട്. കടിയേറ്റ ഭാഗത്ത് പാമ്പിന്റെ പല്ലുകളുടെ പാടും വീക്കവും കാണാറുണ്ട്. മാത്രമല്ല കടിയേറ്റ ഭാഗത്ത് നീരും, വീക്കവും, വേദനയും കൂടാനും പിന്നീട് അണുബാധ വരാനുള്ള സാധ്യതയുമുണ്ട്.

പാമ്പുകടിയേറ്റാല്‍ ചെയ്യേണ്ടത്

  • കടിയേറ്റ ഭാഗം ചലിപ്പിക്കാതിരിക്കാന്‍ മരക്കഷ്ണമോ സ്പ്ലിന്റോ വെച്ചുകെട്ടുക
  • കടിയേറ്റ വ്യക്തിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുക.
  • കടിയേറ്റ വ്യക്തിയില്‍ പ്രകടമായ മാറ്റങ്ങള്‍ ഡോക്ടറോട് വിശദീകരിക്കുക. 

പാമ്പുകടിയേറ്റാല്‍ ചെയ്യരുതാത്തത്

  • പാമ്പുകടിയേറ്റ മുറിവിന് മുകളില്‍ മുറുക്കി കെട്ടരുത്. മുറിവില്‍ ഐസ് വെയ്ക്കുകയും അരുത്. കടിച്ചത് വിഷമില്ലാത്ത പാമ്പാകാം. എന്നാല്‍ മുറുകെ കെട്ടുന്നതുമൂലം രക്തയോട്ടം തടസ്സപ്പെടുന്നത് മറ്റ് അപകടങ്ങള്‍ക്ക് കാരണമാകും.
  • പാമ്പുകടിയേറ്റ ഭാഗത്ത് മുറിവുണ്ടാക്കി വിഷംകളയാന്‍ ശ്രമിക്കരുത്. 

ആശുപത്രിയില്‍ എത്തിയാല്‍

  • പാമ്പുകടിയേറ്റ വ്യക്തിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചാല്‍ പൂര്‍ണമായ വൈദ്യപരിശോധനയ്ക്കും നിരീക്ഷണത്തിനും വിധേയമാക്കും. ശാരീരികലക്ഷണങ്ങള്‍, കടിയേറ്റ പാട് എന്നിവ വിലയിരുത്തും. വിഷമുള്ള പാമ്പുകളുടെ കടിയേറ്റാല്‍ മിക്കവാറും സൂചിക്കുത്തുകള്‍ പോലെ രണ്ടു പാടുകളുണ്ടാകാം. ഒപ്പം നീരുമുണ്ടാകും.
  • വളരെ നേരിയ പല്ലുകളായതിനാല്‍ ശംഖുവരയന്റെ കടിയേറ്റാല്‍ പാട് തിരിച്ചറിയാന്‍ കഴിയണമെന്നില്ല. മാത്രമല്ല കടിച്ച സ്ഥലത്ത് വേദനയോ നീരോ അനുഭവപ്പെടണമെന്നുമില്ല.
  • കടിയുടെ പാടിനനുസരിച്ചല്ല ചികിത്സ നിര്‍ണയിക്കുന്നത്. ശാരീരികലക്ഷണങ്ങളുടെയും മറ്റ് പരിശോധനകളുടെയും അടിസ്ഥാനത്തിലാണ് ചികിത്സ.
  • പാമ്പിന്‍വിഷം രക്തത്തില്‍ കൂടുതലായി അലിഞ്ഞുചേര്‍ന്നാല്‍ അത് കടിയേറ്റ ആളിന്റെ രക്തസ്രാവം കൂട്ടുകയും വൃക്കകളെ പ്രവര്‍ത്തനരഹിതമാക്കുകയും ചെയ്യും.
  • കടിയേറ്റ വ്യക്തിയുടെ രക്തം ശുദ്ധീകരിക്കാനായി ഡയാലിസിസ് ചെയ്യുകയും രക്തം കൊടുക്കുകയും ചെയ്യേണ്ടിവരാം.
  • പാമ്പിന്‍കടിയേറ്റ എല്ലാ വ്യക്തികള്‍ക്കും ടി.ടി. ഇഞ്ചക്ഷന്‍ തീര്‍ച്ചയായും നല്‍കണം.

കടിച്ച പാമ്പിനെ ആശുപത്രിയിലേക്ക് പിടിച്ചുകൊണ്ടുവരേണ്ട കാര്യമുണ്ടോ?

ഒരിക്കലുമില്ല. പാമ്പുകടിച്ചാല്‍ ചികിത്സ നല്‍കുന്നത് കടിയേറ്റയാളുടെ ശരീരത്തിലുള്ള ലക്ഷണങ്ങളുടെയും പരിശോധനകളുടെയും അടിസ്ഥാനത്തിലാണ്. കടിച്ച പാമ്പ് വിഷമുള്ളതായാലും രോഗിക്ക് ലക്ഷണമൊന്നുമില്ലെങ്കില്‍ ഉടന്‍ ആന്റി സ്നേക് വെനം നല്‍കേണ്ട കാര്യമില്ല. കാരണം, ചിലപ്പോള്‍ അത് 'ഡ്രൈ ബൈറ്റ്' ആകാം. പാമ്പ് വിഷം ഇരയില്‍ പ്രവേശിക്കാത്ത കടിയെയാണ് ഡ്രൈ ബൈറ്റ് എന്ന് പറയുന്നത്.

പരിശീലനം ലഭിക്കാത്തവര്‍ പാമ്പുകളെ കൈകാര്യംചെയ്യുന്നതും ഉചിതമല്ല. അപൂര്‍വമായി, കടിച്ചതും കൊണ്ടുവരുന്നതുമായ പാമ്പുകള്‍ തമ്മില്‍ വ്യതാസമുണ്ടാകാം. കാരണം, ഒരേ ആവാസവ്യവസ്ഥയില്‍ വിഷമുള്ളതും ഇല്ലാത്തതുമായ പാമ്പുകള്‍ സഹവസിക്കാം.

അഥവാ കടിച്ചത് ഒരു പാമ്പാണെന്ന് തീര്‍ത്തും ഉറപ്പുള്ള അവസരങ്ങളില്‍ അതിന്റെ ഫോട്ടോയെടുത്തു കാണിക്കാവുന്നതാണ്. പക്ഷേ, ചികിത്സ അപ്പോഴും ലക്ഷണങ്ങളുടെയും രക്തപരിശോധനകളുടെയും അടിസ്ഥാനത്തിലായിരിക്കും.

placeholder
ഫോട്ടോ: എ.എഫ്.പി.

കുട്ടികളിലും മുതിര്‍ന്നവരിലും ഒരേ രീതിയിലാണോ ആന്റിവെനം നല്‍കുന്നത്?

പാമ്പുകടിയേറ്റാല്‍ കുട്ടികളിലും മുതിര്‍ന്നവരിലേതുപോലെതന്നെയാണ് ചികിത്സ. വിഷത്തെ നിര്‍വീര്യമാക്കാന്‍ നല്‍കുന്ന ആന്റി സ്നേക് വെനത്തിന്റെ അളവും കുട്ടികളിലും മുതിര്‍ന്നവരിലും ഒരേപോലെതന്നെയാണ്.

ഉറങ്ങാന്‍ പാടില്ല എന്ന് പറയുന്നതില്‍ ശാസ്ത്രീയതയുണ്ടോ?

ശാസ്ത്രീയാടിസ്ഥാനമൊന്നുമില്ല. രാഗി ഉണര്‍ന്നിരിക്കുന്നതാണ് രോഗിയെ നിരീക്ഷിക്കാന്‍ കൂടുതല്‍ സൗകര്യമെന്നുമാത്രം. എന്നാല്‍ കുട്ടികളെ ഉറങ്ങാന്‍ പാടില്ലെന്നു പറഞ്ഞ് ആശങ്കപ്പെടുത്തുന്നത് അപകടംചെയ്യും.

കടിയേറ്റ ശരീരഭാഗത്തിനനുസരിച്ച് അപകടസാധ്യത കൂടുതലുണ്ടോ?

കടിയേല്‍ക്കുന്നത് തലയിലോ കാലിലോ എന്നതിനനുസരിച്ചുള്ള അപകടസാധ്യത ഏറക്കുറെ ഒരേപോലെയാണ്. എന്നാല്‍, പാമ്പിന്റെ വിഷപ്പല്ലുകള്‍ നേരിട്ട് രക്തക്കുഴലില്‍ പതിക്കുകയാണെങ്കില്‍ അത് പെട്ടെന്നുതന്നെ അപകടാവസ്ഥയിലേക്കെത്താനുള്ള സാധ്യതയുണ്ട്.

രാജവെമ്പാലയുടെ കടിയേറ്റാല്‍ ചികിത്സയുണ്ടോ?

രാജവെമ്പാല മനുഷ്യനെ കടിച്ച സംഭവങ്ങള്‍ അപൂര്‍വമാണ്. കടിയേല്‍ക്കുമ്പോള്‍ വളരെ കൂടുതല്‍ അളവില്‍ വിഷം ഉള്ളിലെത്തും. അതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് അപകടാവസ്ഥയിലെത്തുകയും ചെയ്യും. നിലവില്‍ ഈ വിഷത്തിനെതിരേയുള്ള ആന്റി വെനം ഇന്ത്യയിലില്ല.

പാമ്പിന്‍കുഞ്ഞിന്റെ കടിയേറ്റാല്‍ അപകടമുണ്ടോ?

പാമ്പിന്റെ കുട്ടിയാണ് കടിച്ചതെന്നു കരുതി ചികിത്സ തേടാതിരിക്കരുത്. കുട്ടിയാണെങ്കിലും അതിന് മനുഷ്യനെ അപകടപ്പെടുത്താനുള്ള വിഷമുണ്ടാകാം. അളവ് കുറവാണെങ്കിലും വീര്യത്തില്‍ മാറ്റമുണ്ടാകില്ല.

എന്താണ്‌​ ആന്റി സ്‌നേക്ക് വെനം

പാമ്പിന്‍ വിഷം ശരീരത്തിലെത്തിയാലുള്ള പ്രധാന ചികിത്സ ആന്റി സ്നേക് വെനം (എ.എസ്.വി.) നല്‍കലാണ്. പാമ്പിന്‍വിഷത്തെ നിര്‍വീര്യമാക്കാനുള്ള മറുമരുന്നാണിത്.

ശരീരത്തില്‍ വിഷാംശമുണ്ടോയെന്ന് അറിയുന്നതിനും എ.എസ്.വി. നല്‍കേണ്ടതുണ്ടോയെന്ന് തീരുമാനിക്കുന്നതിനും രക്തപരിശോധന നടത്തും. ശരീരത്തില്‍നിന്നു ശേഖരിച്ച രക്തം ടെസ്റ്റ് ട്യൂബില്‍വെച്ച്, അതു കട്ടപിടിക്കുന്നത് 20 മിനിറ്റ് നിരീക്ഷിക്കും. കട്ടപിടിക്കുന്നില്ലെങ്കില്‍ അപകടസൂചനയാണ്.

കടിയേറ്റ വ്യക്തിയില്‍ രക്തസ്രാവമുണ്ടാവാനുള്ള സാധ്യതയും വൃക്കകളുടെ പ്രവര്‍ത്തനവും വിലയിരുത്താനായി രക്തപരിശോധന നടത്തേണ്ടതുണ്ട്. അതിനോടൊപ്പംതന്നെ ആ വ്യക്തിക്ക് മറ്റെന്തെങ്കിലും അസുഖമുണ്ടോ എന്നറിയാനും രക്തപരിശോധന ആവശ്യമായിവരും.

ഇന്ത്യയില്‍ ലഭ്യമായ വിഷപ്രതിരോധചികിത്സ മൂര്‍ഖന്‍, ശംഖുവരയന്‍, അണലി, ചുരുട്ടമണ്ഡലി എന്നീ വിഷപ്പാമ്പുകളുടെ വിഷത്തെ പ്രതിരോധിക്കാന്‍ ശേഷിയുള്ളവയാണ്. ഇതിനെ പോളിവാലന്റ് ആന്റി സ്നേക് വെനം (Polyvalent anti snake venom) എന്നുപറയും.

വിഷം ഉള്ളില്‍ച്ചെന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍ത്തന്നെ എ.എസ്.വി. ചികിത്സ തുടങ്ങണം. ആന്റി വെനം നല്‍കുമ്പോള്‍ അലര്‍ജിയുണ്ടാവാനുള്ള സാധ്യതയുള്ളതിനാല്‍ നിരീക്ഷണം ആവശ്യമാണ്.

നിരന്തരമായ നിരീക്ഷണത്തിലൂടെയാണ് എത്ര അളവില്‍ ആന്റി സ്നേക് വെനം നല്‍കണമെന്ന് തീരുമാനിക്കുന്നത്. പലപ്പോഴും ആദ്യം 8-10 വയല്‍ (vial) എ.എസ്.വി ആണ് നല്‍കുക. തുടര്‍ നിരീക്ഷണത്തില്‍, അനിവാര്യമാണ് എന്ന് തോന്നുകയാണെങ്കില്‍, വീണ്ടും എ.എസ്.വി നല്‍കും. 30 വയല്‍ വരെയാണ് പരമാവധി ഉപയോഗിക്കാവുന്നത് എന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

ആന്റി വെനം തയ്യാറാക്കുന്നത്

പാമ്പിന്റെ വിഷം കുതിര, മുയല്‍ പോലെയുള്ള മൃഗങ്ങളില്‍ കുത്തിവെച്ച്, അതിന്റെ ഫലമായി ആ മൃഗങ്ങളുടെ ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ആന്റിബോഡി രക്തത്തില്‍നിന്നു വേര്‍തിരിച്ചെടുത്തു ശുദ്ധീകരിച്ചാണ് ആന്റി സ്നേക് വെനം ഉത്പാദിപ്പിക്കുന്നത്.

സ്‌നേക്ക്പീഡിയ- പാമ്പുകളെക്കുറിച്ചൊരു വിജ്ഞാനകോശം

പാമ്പുകളുടെ കാര്യത്തില്‍ വിഷത്തേക്കാള്‍ ചിലപ്പോള്‍ മാരകമാകാറുള്ളത് അറിവില്ലായ്മയും തെറ്റിദ്ധാരണകളുമാണ്. ഇഴജന്തുക്കളെ കൈകാര്യം ചെയ്യുന്നതുമുതല്‍ വിഷം തീണ്ടിയാല്‍ പ്രാഥമിക ശുശ്രൂഷ നല്‍കുന്നതിലും ആശുപത്രിയില്‍ കൊണ്ടുപോകുന്നതിലുംവരെ മുന്‍വിധികള്‍ തടസ്സമാകാറുണ്ട്. ഇക്കാര്യത്തില്‍ അശാസ്ത്രീയതകള്‍ക്കുള്ള 'ആന്റി വെന'മാണ് സ്‌നേക്ക്പീഡിയ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍.

കേരളത്തിലെ പാമ്പുകളെക്കുറിച്ചും വിഷചികിത്സയെക്കുറിച്ചുമൊക്കെ സമഗ്രമായ വിവരങ്ങള്‍ സ്‌നേക്ക്പീഡിയയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കേരളത്തില്‍ കണ്ടുവരുന്ന പാമ്പുകളില്‍ അപകടകാരികള്‍ ഏതൊക്കെ, അല്ലാത്തവ ഏതൊക്കെ, കാഴ്ചയില്‍ ഒരുപോലെ തോന്നിക്കുന്ന പാമ്പുകള്‍, ഇവയെ എങ്ങനെ തിരിച്ചറിയാം, പ്രഥമശുശ്രൂഷ, ശാസ്ത്രീയമായ വിഷചികിത്സ ലഭ്യമായ ആശുപത്രികള്‍, ചികിത്സാരീതികള്‍, പാമ്പിനെ പിടിക്കാന്‍ പരിശീലനം നേടിയവര്‍ എന്നുതുടങ്ങി അടിയന്തര സാഹചര്യത്തില്‍ വേണ്ട എല്ലാ വിവരങ്ങളും ഒറ്റ ക്ലിക്കില്‍ ലഭ്യമാകുന്നു.

ഇംഗ്ലീഷിലും മലയാളത്തിലും വിവരങ്ങള്‍ ലഭ്യമാണ്. ഇന്‍ഫോഗ്രാഫിക്‌സിന്റെ സഹായത്തോടെയാണ് ഓരോ കാര്യങ്ങളും വിശദീകരിച്ചിട്ടുള്ളത്. പാമ്പുകളുടെ ചിത്രം, അവയുടെ ശാസ്ത്രീയനാമം, സാധാരണമായി കണ്ടുവരുന്ന ഇടങ്ങള്‍, അവയുടെ പ്രാദേശിക പേരുകള്‍ എന്നിവയെല്ലാം എളുപ്പത്തില്‍ മനസ്സിലാക്കാന്‍ ഇന്‍ഫോഗ്രാഫിക്‌സുകള്‍ സഹായിക്കും.

പ്രാഥമിക ശുശ്രൂഷയുടെ കാര്യത്തില്‍ പാമ്പുകടിയേറ്റ ആള്‍ ഒറ്റയ്ക്കാണെങ്കില്‍ എന്ത്‌ചെയ്യണം, സഹായത്തിന് ആളുണ്ടെങ്കില്‍ അവര്‍ എങ്ങനെ പെരുമാറണം, എന്തൊക്കെ കാര്യങ്ങള്‍ ചെയ്യരുത് തുടങ്ങിയവയെല്ലാം വ്യക്തമാക്കുന്നുണ്ട്. ഇതോടൊപ്പം പാമ്പുകളുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകള്‍ക്ക് ശാസ്ത്രീയമായ മറുപടികളും ലഭ്യമാണ്.

പാമ്പുകളുടെ കാര്യത്തില്‍ മറ്റൊരു പ്രധാനപ്പെട്ട കാര്യം അവയെ പിടികൂടുന്നതും കൈകാര്യം ചെയ്യുന്നതും എങ്ങനെ എന്നതാണ്. വളരെ മുന്‍കരുതലുകളോടെ ചെയ്യേണ്ട കാര്യമാണിത്. എന്നാല്‍ പാമ്പുപിടിത്തത്തിന്റെ പല അശാസ്ത്രീയ രീതികള്‍ക്കും സമൂഹമാധ്യമങ്ങളിലും മറ്റും ഇന്ന് നിരവധി ആരാധകരുണ്ട്. ഇത്തരം രീതികള്‍ കുട്ടികള്‍പോലും അനുകരിക്കാന്‍ സാധ്യതയുണ്ട് എന്നത് അപകടകരമാണ്.

അത്യാവശ്യ ഘട്ടങ്ങളില്‍ ശാസ്ത്രീയമായ രീതിയില്‍ പാമ്പിനെ പിടിക്കുന്നതിന് കേരളത്തിലെ വനംവകുപ്പ് പ്രത്യേക പരിശീലനംനല്‍കുന്നുണ്ട്. ഈ പരിശീലനം പൂര്‍ത്തിയാക്കി ലൈസന്‍സ് നേടിയിട്ടുള്ളവരുടെ പേരുവിവരങ്ങളും ഫോണ്‍ നമ്പറും സ്‌നേക്ക്പീഡിയയില്‍ ലഭ്യമാണ്. വീട്ടിലോ പരിസരത്തോ അപകടത്തിന് ഇടയാക്കും വിധംപാമ്പുകളെ കണ്ടാല്‍ അവയെ ആക്രമിക്കുകയോ സ്വയം പിടികൂടാന്‍ ശ്രമിക്കുകയോ ചെയ്യുംമുന്‍പ് സ്‌നേക്ക്പീഡിയയുടെ ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.

പാമ്പുകടിയേറ്റാല്‍ ചികിത്സ ലഭ്യമായ തൊട്ടടുത്തുള്ള ആശുപത്രിയും അവിടെയെത്താനുള്ള ഗൂഗിള്‍ മാപ്പും ലഭ്യമാണെന്നതിനാല്‍തന്നെ സ്‌നേക്ക്പീഡിയ ഒരു ജീവന്‍ രക്ഷാ ആപ്പാണ്. പാമ്പ് കടിച്ചാല്‍ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ആന്റി സ്‌നേക്ക് വെനം (എ.എസ്.വി) എന്ന മരുന്നാണ് ചികിത്സയില്‍ നിര്‍ണായകം. സ്വയംചികിത്സയും സംശയങ്ങളും ഒഴിവാക്കി പാമ്പുകടിയേറ്റ ആളെ എത്രയുംവേഗം എ.എസ്.വി. ലഭ്യമായ ആശുപത്രിയില്‍ എത്തിക്കണം.

പൊതുജനത്തിന്റെകൂടി പങ്കാളിത്തത്തോടെ പാമ്പിന്‍വിഷ ചികിത്സയില്‍ ശാസ്ത്രീയാവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഒരുകൂട്ടം യുവ ഡോക്ടര്‍മാരും സാങ്കേതിക പ്രവര്‍ത്തകരുമാണ് സ്‌നേക്ക്പീഡിയ യാഥാര്‍ഥ്യമാക്കിയത്.

''വിഷചികിത്സയുടെ പേരില്‍ അശാസ്ത്രീയമായ ഒട്ടേറെ ചികിത്സാ രീതികള്‍ പ്രചാരത്തിലുണ്ട്. ഇവയുടെ പിന്നാലെ പോകുന്നതുകൊണ്ട് ഇന്നത്തെക്കാലത്തും വിലപ്പെട്ട ജീവനുകള്‍ നഷ്ടമാകുന്നു. പാമ്പുകടിയേറ്റാല്‍ ആധുനിക വൈദ്യശാസ്ത്രത്തെ തന്നെ ആശ്രയിക്കുന്നതാണ് ഉചിതം. ഇക്കാര്യത്തില്‍ കൂടുതല്‍ ബോധവത്കരണം ആവശ്യമാണ്. ഇതോടൊപ്പം നിരവധി അന്ധവിശ്വാസങ്ങളും മാറ്റിയെടുക്കേണ്ടതുണ്ട്. പാമ്പുകടി കൂടുതലുണ്ടാകുന്നത് ഗ്രാമീണ മേഖലകളിലാണ്. ആധുനിക സൗകര്യങ്ങളുള്ള ആശുപത്രികള്‍ ആകട്ടെ കൂടുതലും പട്ടണങ്ങളിലും. ഈ സ്ഥിതിയും മാറേണ്ടതുണ്ട്.''

- ഡോ. ജിനേഷ് പി.എസ്.
കോ- ഫൗണ്ടര്‍, സ്‌നേക്ക്പീഡിയ

(ലേഖനം തയ്യാറാക്കിയ ഡോ. ശബരീഷ് ബിയും, ഡോ. ടി.പി. ശ്രീകൃഷ്ണനും അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ എമര്‍ജന്‍സി വിഭാഗം കണ്‍സള്‍ട്ടന്റുമാരാണ്)

Content Highlights: Snake Bite, Health, Snake Venom, Vava Suresh

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്‌