‘ആൻജിയോഗ്രാം ടെസ്റ്റിന് പന്ത്രണ്ടായിരം. രണ്ട് സ്റ്റെന്റ് ഇടാൻ ചുരുങ്ങിയത് ഒന്നേമുക്കാൽ ലക്ഷം. ബൈപ്പാസ് സർജറിയാണെങ്കിൽ മൂന്നു ലക്ഷം’ - തൃശ്ശൂരിൽ സ്വകാര്യാശുപത്രിയിലെ ഹൃദ്രോഗവിദഗ്ധൻ പറഞ്ഞ കണക്ക്. ചികിത്സാച്ചെലവിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്താണ് കേരളം. നാഷണൽ ഹെൽത്ത് അക്കൗണ്ട് (2019-20 എസ്റ്റിമേറ്റ്) റിപ്പോർട്ട് അനുസരിച്ച് കേരളത്തിൽ ചികിത്സയ്ക്കായി ആളോഹരി 10,607 രൂപ ചെലവഴിക്കുന്നുണ്ട്. ദേശീയ ശരാശരി 4863 രൂപയാകുമ്പോഴാണ് ഇരട്ടിയിലധികം തുക രോഗങ്ങളെ നേരിടാനായി മലയാളി ചെലവിടുന്നത്. രണ്ടാം സ്ഥാനത്തുള്ള ഹിമാചൽ പ്രദേശിനുപോലും 7386 രൂപയേ ചെലവുള്ളൂ.

To advertise here,

കോവിഡ് കാലത്ത് മിക്കവർക്കും വർധിച്ച ചികിത്സാച്ചെലവും പിന്നാലെ കടബാധ്യതയും നേരിടേണ്ടിവന്നിട്ടുണ്ട്. ജീവിതശൈലീ രോഗങ്ങൾക്കായി നിത്യേനയുള്ള മരുന്നിന് വലിയ തുക ചെലവഴിക്കുമ്പോൾത്തന്നെ കോവിഡനന്തരമുള്ള ആരോഗ്യപ്രശ്നങ്ങൾ മാറ്റാനും പണം ചെലവായി. മലയാളികളിൽ ആരോഗ്യത്തെക്കുറിച്ചുള്ള ഭയാശങ്കകൾ കൂടിവരുന്നതും ചികിത്സ-പരിശോധന ചെലവുകൾ കൂട്ടുന്നുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. രോഗമുണ്ടോ എന്നറിയാനായി ഇടയ്ക്കിടെ പരിശോധനകൾ നടത്തുന്നവർ കൂടുതലാണ്. പല രോഗവും നേരത്തേ കണ്ടുപിടിക്കപ്പെടുന്നുണ്ട് എന്നത് നല്ല വശമാണെങ്കിലും അനാവശ്യ പരിശോധനകളിലൂടെ നല്ലൊരു തുക നഷ്ടപ്പെടുന്നുണ്ട്. കേരളത്തിൽ ആയിരത്തിൽ 105 പേർ (പത്തു ശതമാനം) ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ട് ചികിത്സയെടുക്കുമ്പോൾ ദേശീയതലത്തിൽ അത് വെറും 29 (മൂന്ന് ശതമാനം) മാത്രമാണെന്നാണ് നാഷണൽ സാംപിൾ സർവേ റിപ്പോർട്ട് പറയുന്നത്. വീട്ടിലൊരാൾക്ക് കാൻസർ, ഹാർട്ട്‌ അറ്റാക്ക്, പക്ഷാഘാതം തുടങ്ങിയ രോഗങ്ങൾ വന്നാൽ ചികിത്സയിലൂടെ ആ കുടുംബം പട്ടിണിയിലാവാം. കടം വാങ്ങിയും സ്വത്തുക്കൾ വിറ്റും ഇതിന് പണം കണ്ടെത്തുന്നവരുണ്ട്.

വാർധക്യത്തിലേക്ക് നീങ്ങുന്ന ജനത

ഇനി കേരളം നേരിടാൻ പോകുന്ന ആരോഗ്യ വെല്ലുവിളികളിലൊന്ന് മുതിർന്ന പൗരരുടെ ശാരീരിക-മാനസിക പ്രശ്നങ്ങളാവുമെന്നാണ് വിദഗ്ധരുടെ പ്രവചനം. ഇപ്പോൾത്തന്നെ സംസ്ഥാനത്ത്‌ പന്ത്രണ്ടു ശതമാനത്തിലധികം മുതിർന്ന പൗരരാണ്. 2011-ലെ സെൻസസ് അനുസരിച്ച് കേരളത്തിൽ അറുപതു വയസ്സിന് മുകളിലുള്ളവർ 12.7 ശതമാനമാണ്. ദേശീയതലത്തിൽ ഇത് എട്ടു ശതമാനമേയുള്ളൂ. 2022-ലെ സംസ്ഥാന സാമ്പത്തിക സർവേ റിപ്പോർട്ടനുസരിച്ച് മൊത്തം ജനസംഖ്യയിലെ വയോജനങ്ങളുടെ അനുപാതത്തിലും കേരളം ഒന്നാമതാണ്. (16.5 ശതമാനം) ഇത് 2031-ൽ 20.9 ശതമാനമാകുമെന്നാണ് കണക്കുകൂട്ടുന്നത്.

വാർധക്യത്തിൽ മറ്റുള്ളവരെ ആശ്രയിച്ച് ജീവിക്കുന്നവരുടെ എണ്ണവും ഉയർന്ന നിലയിലെത്തും. പ്രായമായവരിൽ പലരുടെയും മക്കൾ കേരളത്തിന് പുറത്തോ വിദേശത്തോ ജീവിക്കുന്നവരാണ്. അവർക്ക് അസുഖമുണ്ടെങ്കിൽ ഒറ്റയ്ക്ക് ആശുപത്രിയിൽ പോകാൻ പറ്റാത്തതും നോക്കാൻ ആളില്ലാത്തതുമൊക്കെ സാമൂഹികപ്രശ്നമായി മാറുന്നു. ഭൂരിഭാഗം ആശുപത്രികളിലും മുതിർന്ന പൗരർക്ക് പ്രത്യേക പരിഗണനയോ ചികിത്സാസൗകര്യമോ ലഭ്യമല്ല. അവർക്ക് പ്രത്യേക ക്യൂ പോലുമില്ല. ലാഭകരമല്ലാത്ത ചികിത്സാവിഭാഗത്തിലാണ് ജെറിയാട്രിക് കെയറിനെ സ്വകാര്യമേഖല കാണുന്നത്. അതുകൊണ്ടുതന്നെ ചികിത്സാസൗകര്യം മെച്ചപ്പെട്ടു വരണമെങ്കിൽ ജെറിയാട്രിക് കെയർ മേഖലയിൽ സർക്കാർതന്നെ കൂടുതൽ പണം മുടക്കേണ്ടിവരും. പ്രാദേശികസംവിധാനങ്ങളും ഉയർന്നുവരേണ്ടിയിരിക്കുന്നു.

ഏകാരോഗ്യം

മനുഷ്യന്റെ ആരോഗ്യത്തെ പ്രകൃതിയുടെ ആരോഗ്യത്തിൽനിന്ന് വേർതിരിച്ചു കാണാൻ ഇനി പറ്റില്ല. പ്രകൃതിയും മണ്ണും ജീവജാലങ്ങളും രോഗാതുരമായിരിക്കുന്നു. ഇതെല്ലാം പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നതാണ്. ജന്തുക്കളിൽനിന്ന് മനുഷ്യരിലേക്ക് രോഗങ്ങൾ പകരുകയും അതിന്റെ തീവ്രത വർധിക്കുകയുംചെയ്യുന്ന സാഹചര്യത്തിൽ പല വിഭാഗങ്ങളായി തിരിഞ്ഞ് അതിനെ നേരിടുന്നതിനു പകരം ഒരേ രീതിയിൽ ഒരേ സമീപനത്തോടെ രോഗങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാമെന്നാണ് ആലോചിക്കേണ്ടത്. അതുകൊണ്ടാണ് ഇപ്പോൾ ലോകാരോഗ്യ സംഘടന ഏകാരോഗ്യ സമീപനം നിർദേശിക്കുന്നത്. ആരോഗ്യ- കാർഷിക- പരിസ്ഥിതി- വന- മൃഗസംരക്ഷണ വകുപ്പുകളെല്ലാം ചേർന്ന് പ്രവർത്തിക്കണം. വകുപ്പുകളുടെ ഏകോപനമുണ്ടാവണം. കേരളത്തിൽ ഈ സങ്കല്പം വികസിച്ചുവരുന്നതേയുള്ളൂ.

സംവിധാനങ്ങൾ മാറാനുണ്ട്

കേരളത്തിലെ ചികിത്സാരംഗത്തെ ചില പരിമിതികൾ ചൂണ്ടിക്കാട്ടുകയാണ് ആരോഗ്യവിദഗ്ധൻ ഡോ. ജി.ആർ. സന്തോഷ് കുമാർ

മെഡിക്കൽകോളേജുകൾ അവസാനവാക്കല്ല

മെഡിക്കൽ കോളേജുകൾ ഗുണനിലവാര കേന്ദ്രമാണെന്നാണ് മിക്കവരുടെയും ധാരണ. അത് തെറ്റാണ്. മെഡിക്കൽ കോളേജിൽ ഗുണനിലവാരമുള്ള പരിചരണം കിട്ടുമെന്ന് ഉറപ്പില്ല. അതൊരു പഠനസ്ഥാപനം മാത്രമാണ്. ആളുകളെല്ലാം ആവശ്യപ്പെടുന്നത് എല്ലായിടത്തും മെഡിക്കൽ കോളേജ് വേണമെന്നാണ്. അത് വന്നാൽ നാട്ടിലെ ആരോഗ്യം മെച്ചപ്പെടുമെന്നാണ് വിചാരം. ഇതൊക്കെ അബദ്ധധാരണകളാണ്. പുതിയ മെഡിക്കൽ കോളേജുകൾ ഉണ്ടാക്കുന്നതിനു പകരം നിലവിലുള്ള ജില്ലാ ആശുപത്രികളുടെ നിലവാരമുയർത്തുകയാണ് വേണ്ടത്.

ഗവേഷണം നടക്കണം

മെഡിക്കൽ കോളേജിൽ ഗവേഷണത്തിനുള്ള അന്തരീക്ഷമില്ല. രണ്ടോ മൂന്നോ വർഷം കൂടുമ്പോൾ ഡോക്ടർമാർക്ക് സ്ഥലംമാറ്റമാണ്. ഗവേഷണത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള സമീപനം മെഡിക്കൽ കോളേജിൽ ഉണ്ടാവണമെങ്കിൽ ഇൻസ്റ്റിറ്റ്യൂഷൻ അടിസ്ഥാനമാക്കിയുള്ള നിയമനങ്ങൾ നടക്കണം.

അവബോധമുള്ള രോഗികൾ വേണം

മെഡിക്കൽ കോളേജുകളിൽ ഇൻഫോർമ്ഡ് പേഷ്യന്റ്‌സ് ഉണ്ടാകേണ്ടത് പ്രധാനമാണ്. ഡോക്ടറുടെ അടുത്ത് രോഗിക്ക് സംശയങ്ങൾ പ്രകടിപ്പിക്കാനുള്ള സാഹചര്യമുണ്ടാവണം. അതേക്കുറിച്ച് വിശദീകരിക്കാനുള്ള ഉത്തരവാദിത്വം ഡോക്ടർക്കും വേണം.

നിയമനം നടത്തണം

ആരോഗ്യവകുപ്പിൽ മനുഷ്യവിഭവശേഷി കുറവുണ്ട്. ഒരുപാട് തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. താഴെത്തട്ടിലുള്ള പ്രവർത്തനങ്ങൾ നടത്താൻ ആളുകളില്ല.

കുടുംബഡോക്ടർമാർ വേണം

എം.ബി.ബി.എസ്. ഡോക്ടർമാരെ ഫാമിലി ഫിസിഷ്യൻമാരായി പരിശീലിപ്പിക്കണം. അതിനുള്ള സംവിധാനമില്ല. അനസ്തേഷ്യ ഡോക്ടർ പ്രാഥമികാരോഗ്യകേന്ദ്രത്തിലാണ്. അവിടെ അവർക്കൊന്നും ചെയ്യാനില്ല. അതുപോലെയാണ് സർജനെ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ നിയമിക്കുന്നത്.

പകര്‍ച്ചവ്യാധികളില്‍ പലതും ആദ്യം കേരളത്തില്‍ കണ്ടെത്തുന്നതെന്തു കൊണ്ട്? | രോഗക്കിടക്കയിലോ കേരളം 01- പരമ്പരയുടെ ഒന്നാംഭാഗം വായിക്കാം

മടങ്ങിപ്പോയെന്ന് വിശ്വസിച്ചിരുന്ന രോഗങ്ങളെല്ലാം തിരികെ വരുന്നു | രോഗക്കിടക്കയിലോ കേരളം 02- പരമ്പരയുടെ രണ്ടാംഭാഗം വായിക്കാം

40 കഴിഞ്ഞാൽ മരുന്ന് കഴിക്കാത്തവർ ഇല്ലാതായി; ഇരട്ടരോ​ഗമുള്ള മലയാളി | രോ​ഗക്കിടക്കയിലോ കേരളം? 03

രോഗം മാറിയാൽ ദൈവത്തിന് നന്ദി; മാറിയില്ലെങ്കിൽ ആരോ​ഗ്യപ്രവർത്തകർക്ക് അടി | രോ​ഗക്കിടക്കയിലോ കേരളം? 04

(അവസാനിച്ചു)