മഴ പെയ്യുന്നതിനു പിന്നാലെയെത്തുന്ന പകര്‍ച്ചവ്യാധികളായിരുന്നു അല്‍പം മുമ്പുവരെ കേരളത്തെ പേടിപ്പിച്ചിരുന്നത്. എലിപ്പനിയും ഡെങ്കിപ്പനിയും ചിക്കുന്‍ഗുനിയയുമൊക്കെ മഴക്കാലത്ത് വന്നെത്തി വേനലില്‍ പിന്‍വാങ്ങുന്ന ശീലം മാറിയിരിക്കുന്നു. ഇപ്പോള്‍ നമുക്കിടയില്‍ സ്ഥിരവാസമുറപ്പിച്ച ഈ അസുഖങ്ങളെല്ലാം തഞ്ചംകിട്ടിയാല്‍ വര്‍ഷത്തിലേതു സമയത്തും ആക്രമിക്കുന്നവയായി മാറി. ഇതിനൊപ്പമാണ് എന്നന്നേക്കുമായി മടങ്ങിപ്പോയെന്ന് വിശ്വസിച്ചിരുന്ന ചില രോഗങ്ങള്‍ തിരികെവരുന്നത്, നമ്മളില്‍ ഭീതി നിറയ്ക്കാനായി മാത്രം.

To advertise here,

രോഗവ്യാപനത്തിന്റെയും ആരോഗ്യത്തിന് ഭീഷണിയുയര്‍ത്തുന്ന ഗുരുതരരോഗങ്ങളുടെയും പിടിയിലാണ് മലയാളിയെന്ന് സര്‍ക്കാര്‍തന്നെ സമ്മതിക്കുന്നുണ്ട്. 2022-ലെ സാമ്പത്തികാവലോകന റിപ്പോര്‍ട്ടിലുണ്ട് ഇതിന്റെ സൂചനകള്‍.

'നിതി ആയോഗിന്റെ 2019-20ലെ സംസ്ഥാന ആരോഗ്യസൂചിക അനുസരിച്ച് കേരളം 82.2 എന്ന സ്‌കോറോടെ ഒന്നാം സ്ഥാനം നിലനിര്‍ത്തി. എന്നിരുന്നാലും സാംക്രമികരോഗങ്ങളുടെ തിരിച്ചുവരവ്, പരിസ്ഥിതിനാശം മൂലമുള്ള രോഗങ്ങള്‍ എന്നിങ്ങനെ പുതുതായുള്ള ആരോഗ്യവെല്ലുവിളികള്‍ കേരളം ഇപ്പോള്‍ അഭിമുഖീകരിക്കുകയാണ്. ചിക്കുന്‍ഗുനിയ, ഡെങ്കിപ്പനി, എലിപ്പനി, കോവിഡ് തുടങ്ങിയ പകര്‍ച്ചവ്യാധികളും സംസ്ഥാനത്തിന്റെ പ്രധാന ഉത്കണ്ഠയാണ്' -റിപ്പോര്‍ട്ട് പറയുന്നു.

പകര്‍ച്ചവ്യാധികളില്‍ പലതും ആദ്യം കേരളത്തില്‍ കണ്ടെത്തുന്നതെന്തു കൊണ്ട്? | രോഗക്കിടക്കയിലോ കേരളം 01- പരമ്പരയുടെ ഒന്നാംഭാഗം വായിക്കാം

വെല്ലുവിളിയായി ഡെങ്കി

കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കണക്കെടുത്താല്‍ 2018-ല്‍ സംസ്ഥാനത്ത് 4090 ഡെങ്കിപ്പനി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2021-ല്‍ ഡെങ്കിപ്പനി കേസുകള്‍ 3251 ആയെങ്കിലും രോഗമുയര്‍ത്തുന്ന വെല്ലുവിളികള്‍ അവസാനിച്ചില്ല. 2022-ല്‍ 4468 പേര്‍ക്ക് ഡെങ്കിപ്പനി ബാധിക്കുകയും 58 പേര്‍ മരണമടയുകയും ചെയ്തതോടെ കേരളം ഭയക്കുന്ന രോഗങ്ങളുടെ കൂട്ടത്തില്‍ത്തന്നെയാണ് ഇപ്പോഴും ഡെങ്കിപ്പനിയുടെ സ്ഥാനമെന്ന് മനസ്സിലാവും. ജില്ലകള്‍തോറും ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാംക്രമികരോഗവും ഡെങ്കിപ്പനിയാണ്. ഈ വര്‍ഷം മഴയുടെ തുടക്കത്തിലും ഡെങ്കിപ്പനിനിരക്ക് ഉയര്‍ന്നിരുന്നു. ജനുവരിമുതല്‍ ജൂണ്‍വരെയുള്ള ആറു മാസംകൊണ്ട് 3409 പേര്‍ക്ക് ഡെങ്കിപ്പനി വന്നതായുള്ള കണക്കുകള്‍ രോഗബാധ ഭീഷണിയായിത്തുടരുന്നതിന്റെ മുന്നറിയിപ്പാണ്.

കൊതുകുജന്യരോഗമായ ഡെങ്കിപ്പനി സീസണ്‍ മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഒന്നായിരിക്കുന്നു. 1998-ലാണ് ഡെങ്കി കേരളത്തില്‍ പടര്‍ന്നുപിടിച്ചത്. 2015 വരെ രോഗം കൂടുതലായും തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് കണ്ടിരുന്നത്. എന്നാല്‍, 2017 ആയപ്പോഴേക്കും അത് ജില്ലകളുടെ അതിര്‍ത്തികളെല്ലാം മായ്ച്ചുകളഞ്ഞു.

എലിപ്പനി അപൂര്‍വമല്ലാതായി

എണ്‍പതുകളുടെ തുടക്കത്തില്‍ അപൂര്‍വരോഗമായി കണക്കാക്കപ്പെട്ടിരുന്ന എലിപ്പനി ഇന്നും കേരളത്തിന് ഭീഷണിയാണ്. ജന്തുക്കളുടെ മൂത്രം കലര്‍ന്ന വെള്ളത്തിലൂടെയാണ് എലിപ്പനിയുടെ രോഗാണു മനുഷ്യശരീരത്തിലേക്ക് പ്രവേശിക്കുന്നത്. രോഗകാരിയായ ബാക്ടീരിയ മാസങ്ങളോളം വെള്ളത്തിലും മണ്ണിലും ജീവിക്കുന്നതുകൊണ്ടുതന്നെ അപകടസാധ്യത എപ്പോഴും നിലനില്‍ക്കുന്നു. കേരളത്തില്‍ മഴ വരുന്ന ജൂണോടെ തുടങ്ങി ഓഗസ്റ്റോടെ കുതിച്ചുകയറുകയും സെപ്റ്റംബര്‍-ഒക്ടോബര്‍ ആവുന്നതോടെ കുറയുന്നതുമായിരുന്നു മുന്‍കാലത്തെ എലിപ്പനിബാധയുടെ ട്രെന്‍ഡ്. ഇപ്പോള്‍ അതിലും മാറ്റങ്ങള്‍ വന്നിരിക്കുന്നു. എപ്പോള്‍ വേണമെങ്കിലും വരാവുന്ന രോഗമായി എലിപ്പനി കേരളത്തില്‍ വാസമുറപ്പിച്ചിട്ടുണ്ട്. 2021-ല്‍ 1745 പേര്‍ എലിപ്പനിക്ക് ചികിത്സ തേടിയപ്പോള്‍ 97 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 2022-ല്‍ 2482 പേര്‍ എലിപ്പനി ബാധിച്ച് ആശുപത്രികളിലെത്തി. ഇതില്‍ 121 പേര്‍ക്ക് ജീവന്‍ നഷ്ടമായി. എലിപ്പനിപോലുള്ള മിക്ക രോഗങ്ങളുടെയും ലക്ഷണങ്ങളിലൊന്നാണ് പനി എന്നതിനാല്‍ സാധാരണ പനിപോലും അതിശ്രദ്ധയോടെ കാണേണ്ട അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. അതുകൊണ്ടുതന്നെ വര്‍ഷങ്ങളായി പനിയൊഴിയാത്ത നാടായ കേരളത്തില്‍ ഓരോ പനിക്കാലവും വലിയ ആരോഗ്യ വെല്ലുവിളിയായി മാറുന്നു.

2021-ല്‍ കേരളത്തില്‍ 14,63,517 വൈറല്‍ പനി കേസുകളാണ് റിപ്പോര്‍ട്ട്‌ചെയ്തത്. 2022-ല്‍ 33,10,649 പേര്‍ക്ക് പനിവന്നു. 2023 ജൂണ്‍ എത്തുമ്പോഴേക്കും 2,93,424 പേര്‍ക്ക് പനിപിടിച്ചു കഴിഞ്ഞു. വൈറല്‍രോഗങ്ങളുടെയും രോഗാണുവിന്റെയും സ്വഭാവത്തിലും പടരുന്ന രീതികളിലുമൊക്കെ വലിയ മാറ്റങ്ങള്‍ വന്നിരിക്കുന്നു എന്നതാണ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം നേരിടുന്ന വലിയ വെല്ലുവിളി.

വര്‍ഷങ്ങളായി ആയിരക്കണക്കിനാളുകളെ വലച്ച ചിക്കുന്‍ഗുനിയ 2021-ല്‍ വീണ്ടും ശക്തിപ്രാപിക്കുന്നതിന്റെ സൂചനകള്‍ കണ്ടിരുന്നു. ആ വര്‍ഷത്തെ 334 കേസുകളില്‍ 315 എണ്ണവും തിരുവനന്തപുരം ജില്ലയിലാണ് റിപ്പോര്‍ട്ട് ചെയ്തത്. പക്ഷേ, 2022-ല്‍ 66 പേരിലേക്കായി രോഗം ചുരുങ്ങി. 16 വര്‍ഷമായി ഏറിയും കുറഞ്ഞും ചിക്കുന്‍ഗുനിയ കേരളത്തിലുണ്ട്. കുറച്ചുവര്‍ഷങ്ങളായി മരണമില്ല എന്നതിലാണ് ആശ്വാസം.

പുതിയ അസുഖങ്ങള്‍ കൂടുന്നു

പുതിയ അസുഖങ്ങള്‍ ഒരുപാട് വരുന്നുണ്ട്. വരുന്ന അസുഖങ്ങള്‍ എന്താണെന്നുപോലും പറയാന്‍ പറ്റില്ല. എബോളയും നിപയുമെല്ലാം ഇനിയും വ്യാപിക്കാന്‍ സാധ്യതയുള്ളവയാണ്. ഇപ്പോള്‍ അത് പടരുന്നതിന്റെ വ്യാപ്തി കുറവായതു കൊണ്ടുമാത്രമാണ് അറിയാതിരിക്കുന്നത്. ഒരിക്കല്‍ ഒരു വൈറസ് പകരാന്‍ പഠിച്ചു കഴിഞ്ഞാല്‍ അത് വലിയ ഭീഷണിയായി മാറും. ഡെങ്കിപ്പനിയും രക്തസ്രാവമുണ്ടാക്കുന്ന മറ്റ് അസുഖങ്ങളും വരുംകാലത്ത് കൂടുതല്‍ ഭീഷണിയായി മാറാം.'

ഡോ. ജി.ആര്‍. സന്തോഷ്‌കുമാര്‍, ആരോഗ്യഗവേഷകന്‍

തിരികെ വരുന്നൂ, പോയ രോഗങ്ങള്‍

1965-ല്‍ മലേറിയ മുക്തമായി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. പക്ഷേ, പതിറ്റാണ്ടുകള്‍ക്കു ശേഷം മലേറിയ വീണ്ടും വന്നിരിക്കുന്നു. 2021-ല്‍ 309 പേരിലും 2022-ല്‍ 439 പേരിലും രോഗം കണ്ടെത്തി. ഏറ്റവും ഗുരുതരമായ ഫാല്‍സിപിയം മലേറിയയും കേരളത്തില്‍ കണ്ടിട്ടുണ്ട്. തീരദേശമേഖലകളില്‍ മലേറിയ വ്യാപനത്തിന് സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. കര്‍ണാടകയിലെ ഉയര്‍ന്ന മലമ്പനിനിരക്കുള്ള ജില്ലകളുടെ സമീപത്താകയാല്‍ കാസര്‍കോട് ജില്ലയില്‍ വര്‍ഷങ്ങളായി മലമ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. കേരളത്തിന്റെ പടിഞ്ഞാറന്‍ തീരദേശമേഖലയിലൂടെയുള്ള മറ്റുനാടുകളിലെ മത്സ്യത്തൊഴിലാളികളുടെ സഞ്ചാരം തീരദേശ ജില്ലകളിലെ മലേറിയവ്യാപനസാധ്യത വര്‍ധിപ്പിക്കുന്നുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ നിരീക്ഷണം. നേരത്തേ കണ്ടുപിടിച്ച് ചികിത്സിച്ചില്ലെങ്കില്‍ ജീവനെടുക്കുന്ന അസുഖമാണ് മലേറിയ. തലച്ചോറിനെ ബാധിക്കുന്ന മലേറിയയ്ക്ക് ഇരുപതുശതമാനം മരണസാധ്യതയുണ്ട്. 2025-ഓടെ മലേറിയ പൂര്‍ണമായും തുടച്ചുനീക്കാനുള്ള പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പാക്കുന്നുണ്ട്.

ഡിഫ്തീരിയയാണ് വില്ലന്‍വേഷത്തില്‍ വീണ്ടുമെത്തിയ മറ്റൊരു രോഗം. 2015-'17 കാലത്ത് കേരളത്തിലാകെ 734 ഡിഫ്തീരിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. എട്ടുമരണമുണ്ടായി. ഇതില്‍ 72 ശതമാനം കേസും പത്തുവയസ്സിന് മുകളിലുള്ള കുട്ടികളിലാണ് കണ്ടെത്തിയത്. പ്രതിരോധകുത്തിവെപ്പിനെ മറികടന്നുകൊണ്ടുതന്നെ ഇത്രയധികം ഡിഫ്തീരിയകേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ആരോഗ്യപ്രവര്‍ത്തകരെ അമ്പരപ്പിച്ചിരുന്നു. 2015 വരെ അടങ്ങിനിന്നിരുന്ന രോഗം പെട്ടെന്ന് കുടത്തില്‍നിന്ന് പുറത്തുചാടിയപ്പോള്‍ പ്രതിരോധകുത്തിവെപ്പ് എടുക്കാത്തവരോ ഭാഗികമായി എടുത്തവരോ ആയിരുന്നു രോഗത്തിന്റെ ഇരകളെല്ലാം.

(തുടരും)