ജമ്മു: ജമ്മു-കശ്മീരിലെ രജൗരിയില്‍ 17 പേരുടെ ജീവനെടുത്തത് ഓര്‍ഗാനോ ഫോസ്ഫറസ് വിഭാഗത്തില്‍പ്പെടുന്ന വിഷമാണെന്ന് തിരിച്ചറിഞ്ഞു. ഞായറാഴ്ച ഫുഡ് സേഫ്റ്റി സ്റ്റാന്റേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയാണ് ഇക്കാര്യം ജമ്മു ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചത്. വിഷം തിരിച്ചറിഞ്ഞതോടെ ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍ക്ക് മറുമരുന്ന് നല്‍കിത്തുടങ്ങിയിട്ടുണ്ടെന്നും ഇത് രോഗികളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
ഭക്ഷണത്തിലൂടെയാണ് പ്രധാനമായും ഓര്‍ഗാനോ ഫോസ്ഫറസ് വിഷം ശരീരത്തിലെത്തുക. അതുകൊണ്ട് ഇത് സംബന്ധിച്ച് അന്വേഷിക്കുമെന്നും ആരെങ്കിലും മനപൂര്‍വം വിഷം കലര്‍ത്തിയതാണോ, മനഃപൂർവമല്ലാതെ സംഭവിച്ചതാണോ എന്ന് പരിശോധിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
രജൗരിയിലെ ബദാല്‍ ഗ്രാമത്തിലെ മുഹമ്മദ് ഫസല്‍, മുഹമ്മദ് അസ്ലം, മുഹമ്മദ് റഫീഖ് എന്നിവരുടെ കുടുംബത്തിലെ 13 കുട്ടികളടക്കം 17 പേരാണ് കഴിഞ്ഞ ഒന്നരമാസത്തിനിടെ മരിച്ചത്. മരിച്ചവരുടെ സാംപിളുകളില്‍ ന്യൂറോടോക്സിനുകളുടെ ഘടകങ്ങള്‍ കണ്ടെത്തിയിരുന്നു. തലച്ചോറിലും നാഡീവ്യവസ്ഥയിലുമുണ്ടായ തകരാറിനെ തുടർന്നാണ് എല്ലാവരും മരിച്ചത്.
ലഖ്നൗവിലെ ടോക്സിക്കോളജി ലബോറട്ടറി നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വിഷവസ്തു ഉള്ളില്‍ച്ചെന്നാണ് മരണമെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് കൂടുതല്‍ പരിശോധനയ്ക്ക് സാംപികള് അയച്ചത്. ഈ പരിശോധനാഫലമാണ് ഓര്‍ഗാനോ ഫോസ്ഫറസ് വിഷം ഉള്ളില്‍ചെന്നാണ് മരണങ്ങളുണ്ടായതെന്ന് സ്ഥിരീകരിച്ചത്. ഗ്രാമത്തിലെ ജലസംഭരണിയില്‍ കീടനാശിനിയുടെ അംശവും കണ്ടെത്തിയിട്ടുണ്ട്. ഇതിനേക്കുറിച്ചും അന്വേഷിക്കുമെന്ന് അധികൃതർ അറിയിച്ചു.
Content Highlights: 17 deaths in Rajouri, J&K, linked to organophosphate poisoning.
Published: 28 Jan 2025, 10:15 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented