കവിൾ, ചുണ്ട്, നാവിന്റെ അടിഭാ​ഗം, അണ്ണാക്കിന്റെ ചില ഭാ​ഗങ്ങൾ എന്നിവിടങ്ങളിലെല്ലാം വായ്പുണ്ണ് പ്രത്യക്ഷപ്പെടാറുണ്ട്. ആഫ്തസ് അൾസർ എന്നാണ് ശാസ്ത്രീയമായി അറിയപ്പെടുന്നത്. പൊതുവെ അപകടകാരികളല്ലെങ്കിലും വായ്പുണ്ണ് മൂലം ഉണ്ടാകാറുള്ള അസഹ്യമായ വേദന, ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനുമുള്ള വിഷമം, സംസാരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയെല്ലാം ആഴ്ചകൾ നീണ്ടുനിൽക്കുമ്പോൾ ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. 

To advertise here,

വായ്പുണ്ണ് പൊതുവേ വൃത്താകൃതിയിലും വെളുപ്പ്, തവിട്ട്, മഞ്ഞ നിറങ്ങളിലും അ​ഗ്രഭാ​ഗം ചുവപ്പുനിറത്തിലുമാണ് കാണുന്നത്. സിട്രിക് ആസിഡ് കൂടുതലടങ്ങിയ പഴവർ​ഗങ്ങളായ ലെമൺ, പൈനാപ്പിൾ, ഓറഞ്ച് എന്നിവ കൂടുതൽ കഴിച്ചാൽ ചിലരിൽ വായ്പുണ്ണ് വരാറുണ്ട്. അസിഡിക് ശീതളപാനീയങ്ങളും പുകവലിയും വായ്പുണ്ണിലേക്ക് നയിക്കുന്നു. 

പൊതുവേ തീവ്രത കുറഞ്ഞ വായ്പുണ്ണുകൾ മൈനർ മൗത്ത് അൾസർ എന്നാണ് അറിയപ്പെടുന്നത്. 25 മില്ലിമീറ്റർ വരെ വ്യാപ്തിയുള്ള ചെറിയ വ്രണങ്ങളായിരിക്കും. പൊതുവേ ഇത്തരത്തിലുള്ള വായ്പുണ്ണുകൾ മറ്റ് ചികിത്സകളൊന്നും നടത്താതെ മാറുന്നു. 

വളരെ വ്യാപ്തിയുള്ളതും ആഴമേറിയതുമായ വായ്പുണ്ണുകൾ മേജർ മൗത്ത് അൾസറുകൾ എന്നാണ് അറിയപ്പെടുന്നത്. ഇത്തരത്തിലുള്ള വായ്പുണ്ണുകളുടെ അ​ഗ്രഭാ​ഗം ക്രമരഹിതമായിരിക്കും. ഉണങ്ങാൻ മാസങ്ങൾ വേണ്ടിവരും. ചിലരിൽ കൂട്ടമായുള്ള ചെറിയ വ്രണങ്ങളാണ് കാണപ്പെടുന്നത്. ഇവയെ ഹെർപെറ്റിക് ഫോം അൾസർ എന്നാണ് അറിയപ്പെടുന്നത്. പൊതുവേ അഞ്ചുപേരിൽ ഒരാളിലെങ്കിലും ഇത്തരത്തിലുള്ള വായ്പുണ്ണുകൾ ഉണ്ടാകാറുണ്ട്. സ്ത്രീകളിലും കൗമാരക്കാരായ കുട്ടികളുമാണ് പൊതുവേ വായ്പുണ്ണ് കൂടുതലായി കണ്ടുവരുന്നത്. 

കാരണങ്ങൾ

രോ​ഗപ്രതിരോധശേഷിയിലുള്ള കുറവ്, പോഷകാഹാര ന്യൂനത, വിറ്റാമിൻ ബി 12, സിങ്ക്, ഇരുമ്പ്, ഫോളിക് ആസിഡ് എന്നിവയുടെ അഭാവം തുടങ്ങിയവകൊണ്ടും ചില ​ഗുളികകളുടെ പാർശ്വഫലമായും അസിഡിറ്റി, ദഹനേന്ദ്രിയരോ​ഗങ്ങൾ ഉള്ളവർ, വൈറൽ പനി, ബ്രഷ് തട്ടി ഉണ്ടാകുന്ന മുറിവ്, മൂർച്ചയുള്ള പല്ലുകൾ, വെപ്പുപല്ലുകൾ, മാനസിക സമ്മർദം, അമിതഭാരം ഇവയൊക്കെ വായ്പുണ്ണിന് കാരണമായേക്കാം. 

മൂന്നാഴ്ച്ചയ്ക്കുശേഷവും വായ്പുണ്ണ് തുടരുകയാണെങ്കിൽ ചികിത്സ തേടണം. നാവിന്റെ അടിയിലും കവിളിന്റെ ഉൾഭാ​ഗത്തും രൂപാന്തരപ്പെടുന്ന ചില വ്രണങ്ങൾ വായയിലെ കാൻസറിന്റെ തുടക്കമാകാറുണ്ട്. വളരെ ചുരുങ്ങിയ ആളുകളിൽ മാത്രമേ ഇത്തരത്തിൽ വായ്പുണ്ണ് വായയിലെ കാൻസറിന് കാരണമാകാറുള്ളു. 

എങ്ങനെ തടയാം? 

വായ വൃത്തിയോടെ സംരക്ഷിക്കുക എന്നതാണ് പ്രധാന പോംവഴി. ധാരാളം വെള്ളം കുടിക്കുക,മുരിങ്ങയില, കാരറ്റ്, പച്ചക്കറികൾ, പഴവർ​ഗങ്ങൾ എന്നിവ നിത്യേന ഭക്ഷണത്തിൽ ഉൾപ്പെടുത്തുക, മാനസിക സമ്മർദം കുറയ്ക്കാൻ ലഘുവ്യായാമങ്ങളും യോ​ഗയും ശീലമാക്കാം. ചെറുചൂടുവെള്ളത്തിൽ ഉപ്പിട്ട് കവിൾകൊള്ളുക, ലീ​ഗ്നോകെയ്ൻ ജെൽ, മൗത്ത് വാഷുകൾ എന്നിവ ഡോക്ടറുടെ നിർദേശാനുസരണം ഉപയോ​ഗിച്ചും വായ്പുണ്ണിന്റെ തീവ്രത കുറയ്ക്കാം. 

(ആരോഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്)