ലര്‍ക്കും വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്ന അവസ്ഥയാണ് വായ്പ്പുണ്ണ്. കുട്ടികളിലും മുതിര്‍ന്നവരിലും ഒരേ പോലെ കാണുന്ന പ്രശ്‌നമാണിത്. ചുണ്ടിലും നാവിലും കവിളുലുമൊക്കെയായി ഉണ്ടാകുന്ന ഈ ചെറിയ വ്രണങ്ങള്‍ കുറച്ചൊന്നുമല്ല ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. വിറ്റാമിനുകളുടെ കുറവ്, പ്രതിരോധശേഷിക്കുറവ്, മാനസിക സമ്മര്‍ദ്ദം, ഉറക്കക്കുറവ് തുടങ്ങിയവയാണ് വായ്പ്പുണ്ണ് ഉണ്ടാകുന്നതിനുള്ള പ്രധാന കാരണങ്ങള്‍. ചിലര്‍ക്ക് എരുവ് കൂടിയ മസാലകള്‍ ചേര്‍ന്ന ഭക്ഷണങ്ങള്‍ കഴിച്ചാലും വായ്പ്പുണ്ണ് ഉണ്ടാകാറുണ്ട്.

To advertise here,

എന്താണ് വായ്പുണ്ണ്?

വായിൽ അടിക്കടിയുണ്ടാകുന്ന നീർവീക്കം കാരണമുണ്ടാവുന്ന ഒരു അവസ്ഥയാണ് വായ്‌പ്പുണ്ണ്. അസഹ്യമായ നീറ്റലും വേദനയും ഈ അവസ്ഥയുടെ പ്രത്യേകതയാണ്. ഇവയെ മൂന്നായി തിരിക്കാറുണ്ട്.

1. ലഘുവായത്: ഇവ വൃത്താകൃതിയിലും ദീർഘവൃത്താകൃതിയിലും കാണപ്പെടാറുണ്ട്. ചാരനിറത്തിലുള്ള പാട ഇവയെ മൂടുന്നതായി കാണാം. ചുണ്ടിന്റെ ഉൾഭാഗത്തും കവിളിന്റെ ഉൾഭാഗത്തും നാവിന്റെ അരികിലോ അടിഭാഗത്തോ ഒക്കെ കാണപ്പെടുന്ന ഇവ രണ്ടാഴ്ചകൊണ്ട് അപ്രത്യക്ഷമാവുന്നു. ഇവയ്ക്ക് 10മില്ലിമീറ്ററിൽ താഴെയേ വലുപ്പം ഉണ്ടാവൂ.

2. സങ്കീർണമായ തരം: 10 മില്ലിമീറ്ററിൽ കൂടുതൽ വലുപ്പമുള്ള ഇവ കുറച്ചുകൂടി ആഴത്തിൽ കാണപ്പെടുന്നു. ചുണ്ടിലും അണ്ണാക്കിലും മേലണ്ണാക്കിലും ഒക്കെയായുള്ള ഈ ഗണത്തിൽപ്പെട്ടവ ആറാഴ്ചയിലേറെ സമയമെടുത്തേ അപ്രത്യക്ഷമാവാറുള്ളൂ.

3. കൂട്ടമായി കാണുന്നതരം(Herpetiform): 2-3 മില്ലിമീറ്റർ വലുപ്പത്തിൽ പത്തുമുതൽ നൂറുവരെ കൂട്ടമായി കാണപ്പെടുന്ന വായ്‌പ്പുണ്ണുകളാണ് ഈ ഗണത്തിൽപ്പെടുന്നത്. ഇവ ചുണ്ടിലും നാക്കിലും മോണയിലും കൂടുതലായി കാണാറുണ്ട്. സ്ത്രീകളിലാണ് ഇവ പുരുഷന്മാരെക്കാൾ കൂടുതൽ ഉണ്ടാകാറ്. ഇവ ഒരുമാസംവരെ നീണ്ടുനിൽക്കാറുണ്ട്.

കാരണങ്ങൾ

  • പോഷകക്കുറവ്
  • അണുബാധ
  • വിളർച്ച
  • ശരീരം തന്നെ സ്വന്തം പ്രതിരോധശേഷി കുറയ്ക്കുന്നതരം Auto Immuna അസുഖങ്ങൾ
  • മാനസിക സമ്മർദം
  • വിഷാദരോഗം
  • രക്താർബുദം അഥവാ ലൂക്കീമിയ
  • റേഡിയേഷൻ ചികിത്സ എടുക്കുന്നവരിൽ
  • ഉദര രോഗ പ്രശ്നങ്ങൾ
  • ഉമിനീർ ഗ്രന്ഥികളെ ബാധിക്കുന്ന നീർവീക്കം
  • ജനിതക ഘടകങ്ങൾ
  • സ്ഥിരമായി സംഭവിക്കുന്ന വായിലെ മുറിവുകൾ

എങ്ങനെ തടയാം?

  • ദന്തശുചിത്വം നന്നായി പാലിക്കുക
  • പല്ലുകൾക്കിടയിൽ കുടുങ്ങിയ ഭക്ഷണാവശിഷ്ടങ്ങൾ ഫ്ളോസ് അഥവാ പല്ലിട ശുചീകരണ ബ്രഷ് ഉപയോഗിച്ച് നീക്കം ചെയ്യുക
  • മൃദുവായ നാരുകൾ അടങ്ങിയ ബ്രഷ് ഉപയോഗിക്കുക
  • സമീകൃതമായ പോഷകസമ്പുഷ്ടമായ ആഹാരം ശീലമാക്കുക
  • നീർവീക്കം ഉണ്ടാക്കുന്ന മറ്റ് ഉദരപ്രശ്നങ്ങൾ, പ്രമേഹം പോലുള്ള രോഗങ്ങൾ തുടങ്ങിയവ യഥാസമയം ചികിത്സിച്ച് നിയന്ത്രിച്ച് നിർത്തുക

(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണ്ണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)