അഞ്ചു വർഷംകൊണ്ട് തൃശ്ശൂർ മെഡിക്കൽ കോളേജിൽ പകർച്ചവ്യാധികൾക്കു മാത്രം ചികിത്സ തേടിയവരുടെ എണ്ണം കേട്ടാൽ ഞെട്ടും-14,337 പേർ. ഇതിൽ 764 പേർ രോഗമുക്തരാവാതെ മരണത്തിന് കീഴടങ്ങി. വായുവിലൂടെ പകരുന്ന ന്യുമോണിയപോലുള്ള അസുഖങ്ങളാണ് കൂടുതൽ പേരെയും ആശുപത്രിയിലെത്തിച്ചത്. 2370 പേരാണ് വായുജന്യ വൈറസ്‌രോഗങ്ങളുമായി ചികിത്സ തേടിയെത്തിയത്. 553 പേർക്ക് ജീവൻ നഷ്ടപ്പെട്ടു.

To advertise here,

തൃശ്ശൂർ ഒരു ഓർമപ്പെടുത്തലാണ്. നമ്മൾ മറന്നുപോകാനിടയുള്ള ചില കണക്കുകളെ അത് വീണ്ടും ഓർമയിലെത്തിക്കുന്നു. ഓരോ വർഷവും കേരളത്തിൽ പകർച്ചവ്യാധികൾകൊണ്ട് മരണമടയുന്നവരുടെ സംഖ്യ അത്ര ചെറുതല്ല. സംസ്ഥാനത്തിന്റെ ആരോഗ്യനേട്ടങ്ങളെയെല്ലാം ചോദ്യം ചെയ്യുകയാണ് വർഷാവർഷം മുന്നോട്ടുകുതിക്കുന്ന ഈ മരണക്കണക്കുകൾ.  2022-ൽ സംസ്ഥാനത്ത് പനി ബാധിച്ചവരുടെ എണ്ണം മാത്രം മുപ്പത്തിമൂന്ന് ലക്ഷം കവിയും.

വായുവിലൂടെയും ജലത്തിലൂടെയും പ്രാണികളിലൂടെയും പകരുന്നതാണ് കേരളത്തിലുണ്ടാവുന്ന സാംക്രമികരോഗങ്ങളിൽ ഭൂരിഭാഗവും. ന്യുമോണിയയും ടൈഫോയ്ഡും മഞ്ഞപ്പിത്തവുമെല്ലാം ഈ ഗണത്തിൽ വരുന്നുണ്ട്. വാക്സിൻകൊണ്ട് നിയന്ത്രിക്കാവുന്ന ചിക്കൻപോക്സ്, ഡിഫ്ത്തീരിയ, ഇൻഫ്ളുവൻസ പോലുള്ള അസുഖങ്ങളും നമ്മെ വിടാതെ പിന്തുടരുന്നു. ഇതിനൊപ്പമാണ് ജന്തുക്കളിൽനിന്ന്‌ മനുഷ്യരിലേക്ക് പകരുന്ന എലിപ്പനിയും മങ്കിപോക്സും കാസന്നൂർ വനരോഗവുമെല്ലാം ഭീഷണിയായി കടന്നുവരുന്നത്. കഴിഞ്ഞ വർഷം 727 പേരെ ബാധിക്കുകയും 24 പേരുടെ ജീവനെടുക്കുകയുംചെയ്ത ചെള്ളുപനിയും നിസ്സാരക്കാരനല്ല. വർഷങ്ങളായി മാറിയും മറിഞ്ഞും രൂപംമാറിയും വന്ന് കേരളത്തിന്റെ സ്വാസ്ഥ്യംകെടുത്തുകയാണ് പകർച്ചവ്യാധികൾ.

നാം രോഗാതുരസമൂഹമോ ?

രണ്ടായിരത്തിനു ശേഷം കേരളത്തിന്റെ ആരോഗ്യരംഗത്ത് വെല്ലുവിളിയുയർത്തി വന്ന വൈറസ് രോഗങ്ങളുടെ എണ്ണം രണ്ടു ഡസനിലേറെ വരും. നിപയും കോവിഡുംപോലെ തുടക്കത്തിലേ പേടിപ്പിച്ച വൈറസുകളും ഈ കൂട്ടത്തിലുണ്ട്. നോവാ വൈറസ്, സിക വൈറസ്, ജപ്പാൻജ്വരം, വെസ്റ്റ്‌നൈൽ, റുബെല്ല, മെർസ്, സാർസ്, മലേറിയ, കോളറ, ഷിഗല്ല തുടങ്ങി ഓരോ വർഷവുമെത്തുന്നുണ്ട് പലതരത്തിലും കാഠിന്യത്തിലുമുള്ള വൈറസ് രോഗങ്ങൾ.

പതിറ്റാണ്ടുകളായി മലയാളിയെ കഷ്ടപ്പെടുത്തുന്ന ചിക്കുൻഗുനിയയും ഡെങ്കിപ്പനിയുംപോലുള്ള വൈറസ് രോഗങ്ങളാവട്ടെ ഇനിയും കേരളത്തെ വിട്ടുപോകാൻ തയ്യാറായിട്ടുമില്ല. കൂടിയ രോഗാതുരതയുള്ള സമൂഹമായി കേരളം മാറുന്നു എന്നതിന്റെ സൂചനകളായാണ് വൈദ്യഗവേഷകർ ഈ പരിണാമത്തെ കാണുന്നത്. ആരോഗ്യപരിവർത്തനത്തിന്റെ ഘട്ടത്തിലാണ് കേരളമെന്ന് അവർ സൂചിപ്പിക്കുന്നു.

രോഗങ്ങളുടെ ആദ്യത്തെ പരീക്ഷണസ്ഥലം

ഇന്ത്യയിൽ പല രോഗങ്ങളും ആദ്യമെത്തുന്നത് കേരളത്തിലാണെന്നതാണ് പേടിപ്പിക്കുന്ന യാഥാർഥ്യം. 2022 മേയ് ആറിന് കൊല്ലം ജില്ലയിലാണ് കുട്ടികളിലെ തക്കാളിപ്പനി ഇന്ത്യയിൽ ആദ്യം റിപ്പോർട്ട് ചെയ്യുന്നത്. അന്ന് അഞ്ചു വയസ്സിൽ താഴെയുള്ള 82 കുട്ടികൾക്ക് രോഗം വന്നു. അഞ്ചൽ, ആര്യങ്കാവ്, നെടുവാതൂർ തുടങ്ങിയ മേഖലകളിലായിരുന്നു രോഗം പടർന്നത്.

2021 ജൂലായ് എട്ടിന് കേരളത്തിൽ ആദ്യമായി സിക വൈറസ് രോഗം സ്ഥിരീകരിച്ചു. തുടർന്ന് തിരുവനന്തപുരത്ത് 13 പേർക്ക് ഈ രോഗം സ്ഥിരീകരിച്ചിരുന്നു. 2021 നവംബറിൽ വയനാട്ടിൽ 76 പേർക്ക് നോറോ വൈറസ് രോഗം വന്നു. ആലപ്പുഴയിലും തൃശ്ശൂരിലും എറണാകുളത്തുമൊക്കെയുള്ള സ്കൂൾ വിദ്യാർഥികളിൽ തുടർന്ന് രോഗം കണ്ടെത്തി. 1957-ൽ കർണാടകയിലെ ഖൈസന്നൂർ വനത്തിൽ കുരങ്ങിൽ കണ്ടെത്തിയ ഖൈസന്നൂർ വനരോഗം ഒടുവിൽ സംസ്ഥാനത്തിന്റെ അതിരുകൾ കടന്ന് വയനാട്ടിലെ മനുഷ്യരിലേക്ക് പ്രവേശിച്ചിട്ട് ഏതാനും വർഷങ്ങളായതേയുള്ളൂ. 2022 ജൂലായ് 22-നാണ് ഇന്ത്യയിൽ ആദ്യത്തെ മങ്കിപോക്സ് കേസ് കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്നത്. വിദേശത്തുനിന്നെത്തിയ വ്യക്തിക്കായിരുന്നു രോഗം വന്നത്. എട്ടു പേർക്കാണ് കഴിഞ്ഞ വർഷം രോഗം വന്നത്. അതിൽ ഒരാൾ മരിച്ചു. ഇടവേളയ്ക്കു ശേഷം നിപ വൈറസ് അതിന്റെ ഒളിയാക്രമണത്തിന് തിരഞ്ഞെടുത്തതും കേരളത്തെത്തന്നെ. 1957-ൽ ടാൻസാനിയയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ചിക്കുൻഗുനിയ ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിലൊക്കെ ചുറ്റിക്കറങ്ങി ഒരിടവേളയ്ക്കു ശേഷം ആക്രമണം നടത്തിയതും കേരളത്തിലാണ്.

ലോകത്താകെയുള്ളതിൽ അറുപതു ശതമാനം പകർച്ചവ്യാധികളും പുതുതായി ഉയർന്നു വരുന്ന എഴുപതു ശതമാനം സാംക്രമികരോഗങ്ങളും ജന്തുജന്യ രോഗങ്ങളാണെന്നാണ് പഠനങ്ങൾ പറയുന്നത്. അതായത് മൂന്നിൽ രണ്ട് പകർച്ചവ്യാധികളും വന്യമൃഗങ്ങളിൽനിന്നാണ് ഉദ്‌ഭവിക്കുന്നത്. കേരളത്തിലാവട്ടെ, ഈയടുത്ത് പ്രത്യക്ഷപ്പെട്ട മിക്ക പകർച്ചവ്യാധികളും ജന്തുജന്യ രോഗങ്ങളുടെ കൂട്ടത്തിലുള്ളതാണ്. വനവും വന്യജീവികളുമായുള്ള മനുഷ്യന്റെ അകലം കുറയുന്നതും ഇടപഴകൽ കൂടുന്നതും പരിസ്ഥിതി-കാലാവസ്ഥാ മാറ്റങ്ങളുമെല്ലാം ചേർന്ന് ജന്തുജന്യ രോഗങ്ങളുടെ ആവാസഭൂമിയായി കേരളത്തെ മാറ്റുകയാണെന്ന് ഭയക്കേണ്ടിയിരിക്കുന്നു.

രണ്ടു ജീവനുംകൂടി അപഹരിച്ച് നാലാമതും കടന്നുവന്ന നിപ ഒരിക്കൽക്കൂടി പിൻവാങ്ങിയതിന്റെ ആശ്വാസത്തിലാണ് കേരളം. എങ്കിലും മരണമുഖത്തുനിന്ന് തിരിച്ചെത്തിയ ആ ഒമ്പതു വയസ്സുകാരന്റെ പുഞ്ചിരി കേരളത്തിന്റെ ആശ്വാസമാണ്. അത് നമ്മുടെ സംസ്ഥാനത്തിന്റെ ആരോഗ്യപുരോഗതി വീണ്ടും ലോകത്തിനു മുന്നിൽ തെളിയിച്ചു. ഒറ്റയക്ക ശിശുമരണ നിരക്കുള്ള (ദേശീയശരാശരി-28, കേരളം-6) ഇന്ത്യയിലെ ഏക സംസ്ഥാനം. ഏറ്റവും കൂടുതൽ ആയുർദൈർഘ്യമുള്ള ജനത. മാതൃമരണനിരക്ക് ഏറ്റവും കുറവുള്ള പ്രദേശം. ആരോഗ്യസൂചികകളിൽ പലതിലും ഇന്ത്യയുടെ മുൻനിരയിലാണ് കേരളം. ഈ മേൽക്കോയ്മയ്ക്കിടയിലാണ് നിപപോലുള്ള അസംഖ്യം ആരോഗ്യവെല്ലുവിളികൾ നമ്മെ അലട്ടുന്നത്. ഇവയ്ക്ക് അടിയന്തര ചികിത്സയെടുത്തില്ലെങ്കിൽ കേരളം ഇനിയും രോഗക്കിടക്കയിലാകും

എന്തുകൊണ്ട് കേരളം?

പല പകർച്ചവ്യാധികളും കേരളത്തിൽ ആദ്യം കണ്ടെത്തുന്നത് എന്തുകൊണ്ടാണ്‌ എന്നതിനെക്കുറിച്ച് ധാരാളം പഠനങ്ങളുണ്ടായിട്ടുണ്ട്. ഇതിനുള്ള പ്രധാന ഉത്തരം, കേരളത്തിലേത് ദേശീയവും അന്തർദേശീയവുമായ യാത്രകൾ കൂടുതൽ നടത്തുന്ന സമൂഹമാണെന്നതാണ്. പഠനത്തിനും ജോലിക്കുമായി വിദേശരാജ്യങ്ങളിലേക്കടക്കം ധാരാളമാളുകൾ യാത്ര ചെയ്തുകൊണ്ടിരിക്കുന്നു. രാജ്യാന്തര സഞ്ചാരം കൂടുന്നതനുസരിച്ച് രോഗാണുക്കളുടെ യാത്രയും വർധിച്ചുകൊണ്ടിരിക്കും. നിർമാർജനം ചെയ്യപ്പെട്ട രോഗങ്ങളിൽ പലതും തിരികെവരുന്നതും ഇതേ കാരണം കൊണ്ടുതന്നെയാണ്.

മറ്റൊന്ന് പശ്ചിമഘട്ടമടങ്ങിയ കേരളത്തിന്റെ ഭൂപ്രകൃതിയാണ്. ജൈവവൈവിധ്യത്തിന്റെ കേന്ദ്രമായ ഇവിടെ വവ്വാലുകളടക്കം രോഗവാഹികളായ ധാരാളം ജന്തുജീവജാലങ്ങളുണ്ട്. നിപ പോലുള്ള അസുഖങ്ങളൊക്കെ കേരളത്തിൽ വരാൻ കാരണമായതും ഇതുകൊണ്ടുതന്നെയാണ്. ജൈവവൈവിധ്യത്തിന്റെ കലവറയായതിനാൽ കേരളത്തിൽ പ്രകൃതിയിലേക്കുള്ള മനുഷ്യന്റെ കടന്നുകയറ്റവും കൂടുതലാണ്. മഴക്കാലരോഗങ്ങളും എലിപ്പനിയുമൊക്കെ കൂടാനുള്ള കാരണങ്ങളിലൊന്ന് നമ്മുടെ ഭൂമിശാസ്ത്ര പ്രത്യേകതയാണ്. കെട്ടിക്കിടക്കുന്ന വെള്ളവും ധാരാളം ജലാശയങ്ങളുള്ളതും പകർച്ച വ്യാധികളുടെ വരവ് എളുപ്പമാക്കുന്നു. വെള്ളത്താൽ ചുറ്റപ്പെട്ട സ്ഥലമായതുകൊണ്ട് ജലജന്യ രോഗങ്ങൾക്ക് സാധ്യത കൂടുതലാണ്. കേരളത്തിൽ ജനസാന്ദ്രത കൂടുതലാണ്. ആൾത്താമസം അടുത്തടുത്തായതിനാൽ രോഗങ്ങൾ പകരാനുള്ള സാഹചര്യവും കൂടുതലാണ്. പകർച്ചവ്യാധികൾക്കകത്ത് രാജ്യങ്ങളുടെ വേർതിരിവില്ല. അതുകൊണ്ടുതന്നെ ലോകത്തുണ്ടാവുന്ന ഏത് പുതിയ രോഗവും മലയാളിക്കും ഭീഷണിയായി മാറുന്നു.

കേരളം ഇനി ഏറ്റവുമധികം ഭയക്കേണ്ട രോഗം മഞ്ഞപ്പനിയാണെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. അതിന് അനുകൂലമായ കാര്യങ്ങളെല്ലാം കേരളത്തിൽ ഒത്തുചേർന്നിട്ടുണ്ട്. ഡെങ്കിയും ചിക്കുൻഗുനിയയുമൊക്കെയുണ്ടാക്കുന്ന അതേ കൊതുകുകളാണ് മഞ്ഞപ്പനിയും പരത്തുന്നത്. ഇവിടെ ഇല്ലാത്തത് ഏജന്റായ വൈറസ് മാത്രമാണ്. അതും ഒരുപക്ഷേ കേരളത്തിലേക്കുള്ള സഞ്ചാരപാതയിലായിരിക്കാം.

ജന്തുജന്യ രോ​ഗങ്ങളെ കരുതിയിരിക്കാം

ജന്തുജന്യ രോ​ഗങ്ങളാണ് ഭാവിയിൽ ഏറ്റവുമധികം ഭീഷണി സൃഷ്ടിക്കുക. വൈറൽ രോ​ഗങ്ങളിൽ 90 ശതമാനവും ജന്തുക്കളിൽ നിന്നുവരുന്നതാണ്. കാലാവസ്ഥാമാറ്റം അനുസരിച്ച് വൈറസ് രോ​ഗങ്ങൾ മാറിവരും. വേനലിൽ ഇടയ്ക്കിടെ മഴപെയ്യുന്നതുകൊണ്ട് ഡെങ്കി, സിക വൈറസുകളുടെ സാധ്യത കൂടുതലാണ്. പ്രാണിജന്യരോ​ഗങ്ങളും വർധിക്കും. കോവിഡ് പോലുള്ള രോ​ഗങ്ങളൊക്കെ എപ്പോഴും വന്നുംപോയുമിരിക്കും. ഇൻഫ്ലുവൻസ വൈറസുകളും ഇതേപോലെതന്നെ. രോ​ഗനിരീക്ഷണ സംവിധാനങ്ങൾ മെച്ചപ്പെടുത്തുക എന്നതാണ് ഇതിനെ നേരിടാനുള്ള പോംവഴി. രോ​ഗചികിത്സയ്ക്കും പ്രതിരോധത്തിനുമായി മൃ​ഗസംരക്ഷണ-വൈദ്യശാസ്ത്ര വിഭാങ്ങൾ ഒരുമിച്ചുനീങ്ങണം. 

ഡോ.ബി. അനുകുമാർ
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി
ആലപ്പുഴ

(തുടരും)