കഴിഞ്ഞ ദിവസമാണ് ഐ.എസ്.ആർ.ഒ. ചെയർമാൻ എസ്. സോമനാഥ് തനിക്ക് വയറ്റിൽ അർബുദബാധയുണ്ടെന്ന വെളിപ്പെടുത്തൽ നടത്തിയത്. ആദിത്യ-എൽ വണ്ണിന്റെ വിക്ഷേപണദിവസമാണ് അർബുദ ബാധയുണ്ടെന്ന് തിരിച്ചറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ചന്ദ്രയാന്റെ സമയത്തുതന്നെ ചില ആരോഗ്യപ്രശ്നങ്ങൾ തോന്നിയിരുന്നെന്നും എന്നാൽ, അന്നത് വ്യക്തമായിരുന്നില്ലെന്നും ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സോമനാഥ് പറയുകയുണ്ടായി. ആദിത്യ എൽ വണ്ണിന്റെ ലോഞ്ച് കഴിഞ്ഞ് ചെന്നൈയിലേക്ക് പോയി സ്കാൻ ചെയ്താണ് രോഗം സ്ഥിരീകരിച്ചത്. ശസ്ത്രക്രിയ നടത്തിയെന്നും ശേഷം കീമോതെറാപ്പി പ്രോസസും കഴിഞ്ഞെന്നും അദ്ദേഹം പറയുകയുണ്ടായി. ഈ സാഹചര്യത്തിൽ എന്താണ് ഉദരാർബുദം എന്നും ലക്ഷണങ്ങൾ എപ്രകാരമാണെന്നും പരിശോധിക്കാം.
എന്താണ് ഉദരാർബുദം?
അന്നനാളം, ആമാശയം, ലിവർ, പിത്തസഞ്ചി-പിത്തക്കുഴൽ, പാൻക്രിയാസ്, ചെറുകുടൽ, വൻകുടൽ, മലാശയം എന്നിങ്ങനെ ഉദരാശയവുമായി ബന്ധപ്പെട്ടുകിടക്കുന്ന അവയവങ്ങളിൽ ഉണ്ടാകുന്ന അർബുദമാണിത്.
ലക്ഷണങ്ങൾ
വേദന, ഛർദി, രക്തസ്രാവം തുടങ്ങിയ ലക്ഷണങ്ങളൊക്കെ പ്രകടമാകാമെങ്കിലും ഇവ പലരോഗങ്ങൾക്കുമുണ്ടാകാം. തുടർപരിശോധനകളിലാണ് രോഗംസ്ഥിരീകരിക്കുക. എൻഡോസ്കോപ്പിയിലൂടെ വയറിലെ അർബുദങ്ങളെ തിരിച്ചറിയാനാകും.
തുടർച്ചയായുള്ള വയറുവേദന, ഛർദി, പുറംവേദന, മഞ്ഞപ്പിത്തം തുടങ്ങിയവയൊക്കെ പ്രകടമാകാം. അന്നനാളത്തിലാണെങ്കിൽ ഭക്ഷണം ഇറക്കാൻ ബുദ്ധിമുട്ടുണ്ടാകാം. ആമാശയത്തിലാണെങ്കിൽ ഭക്ഷണംചെന്നശേഷം വേദന അനുഭവപ്പെട്ടേക്കാം. വൻകുടലിലെ കാൻസറുകൾ രക്തസ്രാവത്തോടെയും ചെറുകുടലിലുള്ളവ വേദനയോടെയുമാകാം പ്രത്യക്ഷമാവുക. വയറിലെ ഏതുഭാഗത്തെയാണ് ബാധിച്ചത് എന്നതിനനുസരിച്ച് ലക്ഷണം വ്യത്യാസപ്പെട്ടിരിക്കാം. ലക്ഷണങ്ങൾ കാണുന്നതിനനുസരിച്ച് മറ്റുപരിശോധനകൾ ചെയ്താണ് രോഗം സ്ഥിരീകരിക്കേണ്ടത്.
ലക്ഷണങ്ങൾ നീണ്ടുനിൽക്കാൻ കാത്തുനിൽക്കുകയുമരുത്. പ്രത്യക്ഷമാവുമ്പോൾ തന്നെ വിദഗ്ധ അഭിപ്രായം തേടാം. ചില അർബുദങ്ങൾ ആദ്യസ്റ്റേജിൽ തന്നെ ലക്ഷണങ്ങൾ കാണിക്കണമെന്നില്ല. അതിനാൽ ചെറിയ ലക്ഷണങ്ങളായാലും ഗൗരവത്തോടെ സമീപിക്കണം.
കാരണങ്ങൾ
ഉദരാർബുദത്തിന്റെ യഥാർഥ കാരണങ്ങൾ എന്താണെന്ന് കണ്ടെത്തിയിട്ടില്ലെങ്കിലും ആഹാരരീതിയും ജീവിതശൈലിയും ഒരുപരിധിവരെ ഘടകമാകാറുണ്ട്. ഉയർന്ന അളവിൽ ഉപ്പുള്ളതും പുകയിൽ വേവിച്ചതുമായ ആഹാരങ്ങൾ, സംസ്കരിച്ച മാംസങ്ങൾ തുടങ്ങിയവ ശീലമാക്കുന്നതും പഴങ്ങളും പച്ചക്കറികളും കുറയ്ക്കുന്നതും സാധ്യത കൂട്ടുന്ന ഘടകങ്ങളാണ്.
മദ്യപാനം, പുകവലി എന്നിവയും അപകടസാധ്യത വർധിപ്പിക്കാറുണ്ട്. ആമാശയത്തിന്റെ ആന്തരികപാളിയെ ബാധിക്കുന്ന ഹെലിക്കോബാക്റ്റർ പൈലോറി എന്ന സൂക്ഷ്മാണുക്കൾ കാൻസറുണ്ടാകാൻ കാരണമാകാം. ആമാശയത്തിലെ ചില വ്രണങ്ങൾ, ആന്തരികപാളിയിലെ കോശങ്ങളുടെ അമിതവളർച്ച തുടങ്ങിയവയും ചിലരിൽ പാരമ്പര്യഘടകങ്ങളും കാൻസറിലേക്ക് നയിക്കാം.
Content Highlights: isro chief somnath was diagnosed with cancer know all about the condition
Published: 06 Mar 2024, 09:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented