പ്രമേഹരോഗികളെ സംബന്ധിച്ചിടത്തോളം പാദങ്ങളുടെ സൂക്ഷ്മമായ പരിചരണം എന്നത് വളരെ ഗൗരവമേറിയ ഒന്നാണ്. അവരുടെ ആരോഗ്യ പരിപാലനത്തിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒരു ഭാഗമാണത്. ഞരമ്പുകൾക്കുണ്ടാകുന്ന തകരാറും (പെരിഫറൽ ന്യൂറോപ്പതി) രക്തയോട്ടം കുറയുന്നതും (പെരിഫറൽ ആർട്ടറി ഡിസീസ്) കൂടിച്ചേരുമ്പോൾ, ഒരു ചെറിയ മുറിവുപോലും ഗുരുതരമായ അണുബാധയിലേക്കും, വ്രണങ്ങളിലേക്കും (അൾസർ), ചിലപ്പോൾ കാൽ മുറിച്ചുമാറ്റുന്ന അവസ്ഥയിലേക്കും വരെ നയിക്കുന്നു.

To advertise here,

അപകട ഘടകങ്ങൾ

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാതിരിക്കുന്നത്, ദീർഘകാലമായുള്ള പ്രമേഹം, ഞരമ്പുകൾക്ക് തകരാറ് (സ്പർശനശേഷി നഷ്ടപ്പെടൽ), രക്തയോട്ടക്കുറവ്, പാദങ്ങളിലെ വൈകല്യങ്ങൾ (ഉദാഹരണത്തിന്, ബനിയൻ, ഹാമർ ടോ), മുമ്പ് കാലിൽ വ്രണങ്ങൾ ഉണ്ടായിട്ടുള്ള അവസ്ഥ എന്നിവ പ്രധാന അപകട ഘടകങ്ങളാണ്. പുകവലിയും വിട്ടുമാറാത്ത വൃക്കരോഗങ്ങളും ഈ അപകടസാധ്യതകൾ വർധിപ്പിക്കുന്നു.

പാദങ്ങളിലെ സാധാരണ പ്രശ്നങ്ങൾ

പ്രമേഹരോഗികളുടെ പാദങ്ങളിൽ വ്രണങ്ങൾ (തുറന്ന മുറിവുകൾ), സെല്ലുലൈറ്റിസ് പോലുള്ള അണുബാധകൾ, ചർമത്തിലും നഖത്തിലുമുള്ള ഫംഗസ് ബാധ, ചാർക്കോട്ട് ആർത്രോപ്പതി പോലുള്ള ഗുരുതരമായ വൈകല്യങ്ങൾ എന്നിവ വരാൻ സാധ്യത കൂടുതലാണ്. കട്ടിയുള്ള തഴമ്പുകൾക്ക് താഴെയായി പുറമേ കാണാത്ത വിധം വ്രണങ്ങൾ ഉണ്ടാവാനും സാധ്യതയുണ്ട്.

ദിവസേനയുള്ള പാദസംരക്ഷണം

പ്രമേഹ രോഗികൾ കാലുകൾ ദിവസേന സ്വയം പരിചരണം ഉറപ്പുവരുത്തണം. എല്ലാ ദിവസവും നിങ്ങളുടെ പാദങ്ങൾ പൂർണ്ണമായി, വിരലുകൾക്കിടയിൽ ഉൾപ്പെടെ, മുറിവുകൾ, കുമിളകൾ, ചുവപ്പ് നിറം അല്ലെങ്കിൽ നീർവീക്കം എന്നിവയുണ്ടോ എന്ന് പരിശോധിക്കുക. ആവശ്യമെങ്കിൽ ഒരു കണ്ണാടി ഉപയോഗിക്കാം. ഇളം ചൂടുവെള്ളവും വീര്യം കുറഞ്ഞ സോപ്പും ഉപയോഗിച്ച് കഴുകുക.

ഫംഗസ് വളർച്ച തടയാൻ, മൃദുവായി ഒപ്പിയെടുത്ത് ഉണക്കുക, പ്രത്യേകിച്ച് കാൽവിരലുകൾക്കിടയിൽ. ഈർപ്പം നിലനിർത്തുന്നതിനായി പാദങ്ങളുടെ മുകളിലും അടിയിലും ലോഷൻ പുരട്ടുക, എന്നാൽ വിരലുകൾക്കിടയിൽ പുരട്ടാതിരിക്കാൻ ശ്രദ്ധിക്കുക.

പാദരക്ഷകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കാം

ശരിയായ പാദരക്ഷയാണ് നിങ്ങളുടെ പ്രധാന പ്രതിരോധം. പാദങ്ങൾക്ക് കൃത്യമായി പാകമാകുന്നതും, സപ്പോർട്ട് നൽകുന്നതും, മുൻഭാഗം അടഞ്ഞതുമായ ഷൂസുകൾ ധരിക്കുക. ഈർപ്പം വലിച്ചെടുക്കുന്നതും തുന്നലുകൾ ഇല്ലാത്തതുമായ സോക്സുകൾ വേണം തിരഞ്ഞെടുക്കാൻ. ഷൂസ് ധരിക്കുന്നതിന് മുമ്പ് അതിനുള്ളിൽ മറ്റു വസ്തുക്കൾ ഇല്ലെന്ന് ഉറപ്പുവരുത്തുക. വീടിനകത്ത് പോലും നഗ്നപാദരായി നടക്കരുത്.

എപ്പോൾ ഡോക്ടറെ കാണണം

പാദങ്ങളിൽ പുതുതായി കാണുന്ന ഏതൊരു പ്രശ്നത്തിനും ഉടൻ തന്നെ വൈദ്യസഹായം തേടുക. മുറിവ്, കുമിള, കുഴിനഖം, ചർമ്മത്തിലെ നിറവ്യത്യാസം, അസാധാരണമായ ചൂട്, നീര് അല്ലെങ്കിൽ സ്രവങ്ങൾ എന്നിവ കണ്ടാൽ ഉടൻ ഡോക്ടറെ സമീപിക്കുക. തഴമ്പുകളോ മറ്റോ സ്വയം മുറിച്ചുമാറ്റാൻ ശ്രമിക്കരുത്.

ചികിത്സ

പ്രമേഹം മൂലമുള്ള പാദത്തിലെ വ്രണങ്ങൾക്ക് വിദഗ്ദ്ധ ചികിത്സ ആവശ്യമാണ്. ഇതിൽ മുറിവിലെ മൃതമായ കോശങ്ങൾ നീക്കം ചെയ്യുക (ഡീബ്രൈഡ്മെൻ്റ്), അനുയോജ്യമായ ആൻറിബയോട്ടിക്കുകൾ ഉപയോഗിച്ച് അണുബാധ നിയന്ത്രിക്കുക, മുറിവിലെ സമ്മർദ്ദം കുറയ്ക്കുന്നതിന് പ്രത്യേകതരം കാസ്റ്റുകളോ പാദരക്ഷകളോ ഉപയോഗിക്കുക (ഓഫ്-ലോഡിംഗ്) എന്നിവ ഉൾപ്പെടുന്നു. രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനുള്ള പരിശോധനകളും ചികിത്സയും ആവശ്യമായി വന്നേക്കാം.

പ്രതിരോധ മാർഗങ്ങൾ

പ്രതിരോധമാണ് പ്രമേഹ പാദസംരക്ഷണത്തിന്റെ അടിസ്ഥാനം. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൃത്യമായി നിയന്ത്രിക്കുക, വർഷത്തിലൊരിക്കൽ ഒരു പൊഡിയാട്രിസ്റ്റിനെയോ ഡോക്ടറെയോ കാണിച്ച് വിശദമായ പാദപരിശോധന നടത്തുക, പുകവലി നിർത്തുക, രോഗിയെ ബോധവതിക്കരിക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. രോഗിക്ക്‌ കഴിയുമെങ്കിൽ സ്വയം ശ്രദ്ധിക്കുന്നതാണ് പ്രമേഹം മൂലമുള്ള പാദങ്ങളിലെ സങ്കീർണതകൾക്കെതിരെയുള്ള ഏറ്റവും ഫലപ്രദമായ പ്രതിവിധി. അത് കഴിയാത്തവർ ആണെങ്കിൽ പരിചരണം നൽകുന്നവർക്ക് പ്രമേഹ പാദസംരക്ഷണത്തിന്റെ പ്രാധാന്യവും ദിനേന ചെയ്യേണ്ട കാര്യങ്ങളും കൃത്യമായി ബോധ്യപ്പെടുത്തേണ്ടതും അനിവാര്യമാണ്.

 

(തലശ്ശേരി മിഷൻ ഹോസ്പിറ്റലിലെ കൺസൾട്ടന്റ്- ജനറൽ ആന്റ് ലാപ്രോസ്കോപിക് സർജൻ ആണ് ലേഖിക)