
കന്നുകാലികൾ, പന്നികൾ, ആട്, ചെമ്മരിയാടുകൾ, നായകൾ എന്നിവയെ ബാധിക്കുന്ന വിവിധ ബ്രൂസെല്ല ഇനങ്ങളാൽ ഉണ്ടാകുന്ന ഒരു ബാക്ടീരിയ രോഗമാണ് ബ്രൂസെല്ലോസിസ്. രോഗബാധിതരായ മൃഗങ്ങളുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയോ മലിനമായ മൃഗ ഉത്‌പന്നങ്ങൾ ഭക്ഷിക്കുന്നതുവഴിയോ വായുവിലൂടെയുള്ള അണുക്കൾ ശ്വസിക്കുകവഴിയോ മനുഷ്യർക്കും രോഗം പിടിപെടാം. മൃഗങ്ങളിൽനിന്ന് പകരുന്ന ഏറ്റവും വ്യാപകമായ ജന്തുജന്യരോഗങ്ങളിൽ ഒന്നാണിത്.
പടരുന്നവിധം
രോഗംബാധിച്ച മൃഗത്തിന്റെ ഗർഭം അലസുകയോ പ്രസവിക്കുകയോ ചെയ്യുമ്പോൾ രോഗം പടരുന്നു. രോഗം ബാധിച്ച മൃഗത്തിന്റെ ജനനദ്രാവകത്തിൽ ഉയർന്ന അളവിൽ ബാക്ടീരിയകൾ കാണപ്പെടുന്നു. ബാക്ടീരിയകൾക്ക് മൃഗത്തിനുപുറത്ത് മാസങ്ങളോളം പരിസ്ഥിതിയിൽ, പ്രത്യേകിച്ച് തണുത്ത ഈർപ്പമുള്ള സാഹചര്യങ്ങളിൽ അതിജീവിക്കാൻ കഴിയും. ബാക്ടീരിയ വിഴുങ്ങുന്നതിലൂടെ മറ്റ് മൃഗങ്ങളിൽ അണുബാധ ഉണ്ടാകുകയും ബാക്ടീരിയകൾ അകിടിൽ കോളനിവത്‌കരിച്ച് പാലിനെ മലിനമാക്കുകയും ചെയ്യുന്നു. ചർമത്തിലെ മുറിവുകളിലൂടെയും രോഗം പകരാം.
ലക്ഷണങ്ങൾ
കന്നുകാലികളുടെ പ്രത്യുത്പാദനത്തെ സാരമായി ബാധിക്കുന്ന രോഗമാണിത്. പശുക്കളെയും എരുമകളെയുമാണ് പ്രധാനമായും ബാധിക്കുന്നത്. ഗർഭാവസ്ഥയുടെ അവസാന മൂന്നാംമാസത്തിലെ ഗർഭച്ഛിദ്രം, വന്ധ്യത, വൈകിയുള്ള ഗർഭധാരണം, മറുപിള്ള തടസ്സം, ചാപിള്ള ജനനം, ആരോഗ്യക്കുറവുള്ള കിടാക്കളുടെ ജനനം, പാലുത്‌പാദനം കുറയൽ തുടങ്ങിയവയാണ് കന്നുകാലികളുടെ ലക്ഷണങ്ങൾ.
മനുഷ്യരിലും
മാംസം ശരിയായി വേവിക്കാതെയും പാലും മറ്റു പാലുത്പന്നങ്ങളും തിളപ്പിക്കാതെയും അണുവിമുക്തമാക്കാതെയും നേരിട്ട് ഉപയോഗിക്കുന്നതിലൂടെ രോഗം മനുഷ്യരിലേക്കെത്താം. രോഗബാധയേറ്റ മൃഗങ്ങളുടെ ചാണകം, മൂത്രം എന്നിവയും രോഗഹേതുവാകാം. പ്രസവവും ഗർഭം അലസിയതിന്റെ അവശിഷ്ടങ്ങളും മറ്റും അശ്രദ്ധമായും കൈയുറ ഉപയോഗിക്കാതെയും കൈകാര്യം ചെയ്യുന്നതും രോഗബാധയ്ക്ക് കാരണമാകും. മനുഷ്യർക്ക് രോഗബാധയേറ്റാൽ ഇടവിട്ടുള്ള പനി, തലവേദന, പേശിവേദന, രാത്രിയിലെ അമിതവിയർപ്പ്, വേദനയോടുകൂടിയ സന്ധിവീക്കം, വൃഷണത്തിൽ വീക്കം മുതലായ ലക്ഷണങ്ങൾ പ്രകടമാകും.
രോഗപ്രതിരോധം
നിയന്ത്രിക്കാനുള്ള ഫലപ്രദമായ വഴി പശുക്കിടാക്കളിൽ പ്രതിരോധ വാക്സിനേഷനാണ്. ബ്രൂസല്ലോസിസിനെതിരേയുള്ള വാക്സിനേഷൻ യജ്ഞം സംസ്ഥാന മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തിൽ കഴിഞ്ഞ മേയ് 15 മുതൽ 19 വരെ നിലവിലുണ്ടായിരുന്നു.
പ്രതിരോധ കുത്തിവെപ്പ് എടുപ്പിക്കാത്തവർ തൊട്ടടുത്ത മൃഗാശുപത്രിയുമായി ബന്ധപ്പെടാം. നാലുമുതൽ എട്ട് മാസംവരെ പ്രായമുള്ള എല്ലാ പശു, എരുമക്കിടാങ്ങൾക്കും ഒറ്റത്തവണ പ്രതിരോധകുത്തിവെപ്പ് നൽകുന്നു. ഒറ്റത്തവണ കുത്തിവെപ്പ് നൽകുന്നതിലൂടെ ജീവിതകാലം മുഴുവൻ പ്രതിരോധശേഷി പശുക്കൾക്ക് ലഭിക്കും. ഒപ്പം ഈ ജന്തുജന്യരോഗം പശുക്കളിൽനിന്ന് മനുഷ്യരിലേക്ക് പകരുന്നതിൽനിന്ന് സുരക്ഷ ഉറപ്പുവരുത്തുകയുംചെയ്യും.
Content Highlights: Brucellosis Symptoms causes and treatment
Published: 14 Oct 2023, 05:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented