
മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ആന്തരിക അവയവമാണ് കരള്‍. കരളില്‍ അമിതമായി കൊഴുപ്പ് അടിയുന്നതിനെയാണ് ഫാറ്റി ലിവര്‍ എന്ന് പറയുന്നത്. അഞ്ചുശതമാനത്തില്‍ കൂടുതല്‍ കൊഴുപ്പ് കരളില്‍ അടിയുമ്പോഴാണ് അമിത കൊഴുപ്പായി കണക്കാക്കുന്നത്.
ഫാറ്റി ലിവര്‍ ഉണ്ടാകാനുള്ള പ്രധാന കാരണം മദ്യപാനമാണ്. എന്നാല്‍ ഒരിക്കലും മദ്യം ഉപയോഗിക്കാത്തവരിലും ഫാറ്റി ലിവര്‍ ഉണ്ടാകാറുണ്ട്. ഇതിനെ മദ്യപാനംകൊണ്ടല്ലാതെ വരുന്ന ഫാറ്റി ലിവര്‍ രോഗം എന്നുപറയുന്നു. ഇതിനെത്തന്നെ രണ്ടായി തരംതിരിക്കാം. ഒന്ന്, കരളില്‍ കൊഴുപ്പ് അടിയുമ്പോള്‍ മാത്രം ഉണ്ടാകുന്നത്; ഇതിനെ നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് (NAFLD) എന്ന് വിളിക്കുന്നു. രണ്ട്, കരളില്‍ കൊഴുപ്പ് അടിയുന്നതോടൊപ്പം നീരും (inflammation) ഉണ്ടാകുന്നത്; ഇതിനെ നോണ്‍ ആല്‍ക്കഹോളിക്ക് സ്റ്റിയറ്റോഹെപ്പറ്റൈറ്റിസ് (Nonalcoholic steatohepatitis-NASH) എന്നു പറയുന്നു.
അമിതവണ്ണം, പ്രമേഹം, രക്തത്തില്‍ കൊളസ്ട്രോളിന്റെ അളവ് കൂടുന്നത് എന്നിവയ്ക്കുപുറമേ ചില മരുന്നുകളുടെ ഉപയോഗവും ഫാറ്റി ലിവര്‍ ഉണ്ടാകുന്നതിന് സാധാരണയായി കാരണമാകാറുണ്ട്. കുടലിലെ ബാക്ടീരിയകളില്‍ (Gut microbiota) ഉണ്ടാകുന്ന വ്യത്യാസങ്ങളും അസന്തുലിതാവസ്ഥയും ഫാറ്റി ലിവറിന് കാരണമായേക്കാമെന്ന് സമീപകാല പഠനങ്ങള്‍ വ്യക്തമാക്കുന്നു. ബാക്ടീരിയകള്‍ ഉണ്ടാക്കുന്ന എന്‍ഡോ ടോക്സിനുകള്‍ കുടലിന്റെ ശ്ലേഷ്മസ്തരങ്ങളില്‍ കേടുപാടുകളുണ്ടാക്കുകയും അതുമൂലം നീരുണ്ടാക്കുന്ന ഘടകങ്ങള്‍ (Inflammatory factors) കൂടുകയും ചെയ്യുന്നു. ഇത് മദ്യംമൂലമല്ലാത്ത ഫാറ്റി ലിവര്‍ ഡിസീസിലേക്ക് നയിക്കുന്നു.
നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് ഉള്ള 80 ശതമാനം ആളുകളും ഫാറ്റി ലിവര്‍ (Isolated Fatty Liver) അവസ്ഥയില്‍ തന്നെ തുടരുന്നു. എന്നാല്‍ 20 ശതമാനം ആളുകളില്‍ ഇത് നാഷ് ആയിത്തീരുന്നു. ഫാറ്റി ലിവര്‍ മാത്രമുള്ളവര്‍ക്ക് സിറോസിസ് വരാനുള്ള സാധ്യത വളരെ കുറവാണ്. എന്നാല്‍ നാഷ് ഉള്ള 11 ശതമാനം പേര്‍ക്ക് 15 വര്‍ഷംകൊണ്ട് അത് സിറോസിസ് ആയിത്തീരാനുള്ള സാധ്യതയുണ്ട്. സിറോസിസ് ബാധിച്ചവരില്‍ ഏഴുശതമാനം പേരില്‍ അത് കാന്‍സറായി മാറാനുള്ള സാധ്യതയുമുണ്ട്.
ലക്ഷണങ്ങള്‍
മിക്കയാളുകളിലും ഫാറ്റി ലിവര്‍ ലക്ഷണങ്ങളൊന്നും കാണിക്കാറില്ല. വളരെ കുറച്ചുപേരില്‍ ക്ഷീണവും വയറിന്റെ മുകളില്‍ വലതുവശത്തായി വേദനയും ഉണ്ടാകാറുണ്ട്. പലപ്പോഴും മറ്റ് അസുഖങ്ങളുടെ ഭാഗമായി അള്‍ട്രാസൗണ്ട് സ്‌കാനിങ് വേണ്ടിവരുമ്പോള്‍ കരളില്‍ കൊഴുപ്പടിഞ്ഞതായി കാണുകയോ ഹെല്‍ത്ത് ചെക്കപ്പുകളുടെ ഭാഗമായി രക്തപരിശോധന നടത്തുമ്പോള്‍ കരളിലെ എന്‍സൈമുകള്‍ (AST, ALT) ഉയര്‍ന്ന തോതിലുള്ളതായി കാണുകയോ ചെയ്യുമ്പോഴാണ് ഈ രോഗത്തിന്റെ സാന്നിധ്യം തിരിച്ചറിയുന്നത്.
കൊഴുപ്പ് കൂടുന്നതനുസരിച്ച് കരളില്‍ നീര്‍വീക്കം വരുകയും നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് നാഷ് ആയിത്തീരുകയും ചെയ്യും. ഇതുമൂലം കാലക്രമേണ കരളിലെ കോശങ്ങള്‍ നശിക്കുകയും, അത് ലിവര്‍ സിറോസിസ് എന്ന അവസ്ഥയിലേക്ക് പരിണമിക്കുകയും ചെയ്യും.
മെലിഞ്ഞവരിലെ ഫാറ്റി ലിവര്‍
സാധാരണയായി അമിത വണ്ണമുള്ള ആളുകളിലാണ് ഫാറ്റി ലിവര്‍ രോഗം കാണപ്പെടുന്നത്. എന്നാല്‍ മെലിഞ്ഞ വ്യക്തികളിലും ഇത് ഉണ്ടാകാം. ഇതിനെയാണ് ലീന്‍ നാഷ് (Lean NASH) എന്നുപറയുന്നത്. അതായത്, ബോഡി മാസ് ഇന്‍ഡക്‌സ് (BMI) 23kg/m2ല്‍ താഴെയുള്ള വ്യക്തികള്‍ക്ക് ഉണ്ടാകുന്ന ഫാറ്റി ലിവര്‍ ആണ് ലീന്‍ നാഷ്. ഇത്തരം ആളുകളില്‍ ചര്‍മത്തിനടിയിലുള്ള കൊഴുപ്പ് (Subcutaneous fat) കുറവായിരിക്കും. എന്നാല്‍ വയറിനുള്ളലെ കൊഴുപ്പ് (Visceral fat) കൂടുതലായിരിക്കും. പാശ്ചാത്യരെക്കാളുമധികം ഏഷ്യന്‍ വംശജര്‍ക്കാണ് ഇത്തരത്തിലുള്ള ഫാറ്റി ലിവര്‍ കാണപ്പെടുന്നത്.
ഫാറ്റി ലിവറും മറ്റ് അസുഖങ്ങളും
ഫാറ്റി ലിവറുള്ള വ്യക്തികളില്‍ ഹൃദ്രോഗം വളരെ കൂടുതലായി കാണാറുണ്ട്. പ്രമേഹരോഗികള്‍, അമിത വണ്ണമുള്ളവര്‍, കൊളസ്ട്രോള്‍ ഉയര്‍ന്ന തോതിലുള്ളവര്‍ എന്നിവര്‍ക്ക് ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മദ്യപാനംമൂലമല്ലാത്ത ഫാറ്റി ലിവര്‍ രോഗമുള്ളവരില്‍ ഏറ്റവും പ്രധാനപ്പെട്ട മരണകാരണം ഹൃദ്രോഗമാണ്. രണ്ടാമത്തെ മരണകാരണം കാന്‍സറാണ്. ഇതില്‍ പ്രധാനം ലിവര്‍ കാന്‍സറാണ്. പാന്‍ക്രിയാസ്, വന്‍കുടല്‍, പിത്തക്കുഴലിലെ കാന്‍സര്‍ (Cholangio carcinoma), സ്തനാര്‍ബുദം, പ്രോസ്റ്റേറ്റ് കാന്‍സര്‍ തുടങ്ങിയവയും കൂടുതലായി കാണുന്നുണ്ട്.
രോഗനിര്‍ണയം
എ.എസ്.ടി., എ.എല്‍.ടി. എന്നിവ ലിവര്‍ എന്‍സൈമുകളാണ്. ലിവര്‍ ഫങ്ഷന്‍ ടെസ്റ്റില്‍ എ.എസ്.ടി., എ.എല്‍.ടി. എന്നിവയുടെ അനുപാതം ഒന്നിനുമുകളിലാണെങ്കില്‍ നാഷിനുള്ള സാധ്യത സൂചിപ്പിക്കുന്നു. മദ്യപാനത്തിലൂടെയാണ് ലിവര്‍ എന്‍സൈമുകള്‍ കൂടുന്നതെങ്കില്‍ എ.എസ്.ടി., എ.എല്‍.ടി. അനുപാതം 2-ന് മുകളിലായിരിക്കും. ബിലിറൂബിന്റെ അളവ് സാധാരണ കൂടാറില്ല.
ഒരാളുടെ രക്തപരിശോധനയില്‍ എ.എസ്.ടിയും എ.എല്‍.ടിയും ഉയര്‍ന്ന തോതിലാണെങ്കില്‍ ഹെപ്പറ്റൈറ്റിസ്-സി, ഹെപ്പറ്റൈറ്റിസ്-ബി തുടങ്ങിയ വൈറസ് ബാധയില്ല എന്ന് ഉറപ്പുവരുത്തണം. ഇതിനുപുറമേ സെറുലോപ്ലാസ്മിന്‍ (Ceruloplasmin), ഫെറിറ്റിന്‍ (Ferritin) എന്നിവ കൂടുതലല്ലെന്നും സ്ഥിരീകരിക്കേണ്ടതുണ്ട്. കരളില്‍ കോപ്പറും ഇരുമ്പും അമിതമായി അടിഞ്ഞുകൂടിയിട്ടുണ്ടോ എന്ന് ഈ ടെസ്റ്റുകള്‍വഴി മനസ്സിലാക്കാം.
വയറിന്റെ അള്‍ട്രാസൗണ്ട് സ്‌കാന്‍ ചെയ്യുന്നതിലൂടെ അമിതമായ കൊഴുപ്പടിയുന്നത് കണ്ടുപിടിക്കാന്‍ കഴിയും. സി.ടി. സ്‌കാന്‍, എം.ആര്‍.െഎ. സ്‌കാന്‍ എന്നിവ കരളിലെ കൊഴുപ്പ് നിര്‍ണയിക്കാന്‍ സഹായകമാകാറുണ്ട്. ഇതിന് ഏറ്റവുംകൂടുതലായി ഉപയോഗിക്കുന്നത് അള്‍ട്രാസൗണ്ട് സ്‌കാന്‍ തന്നെയാണ്.
നാഷ് എന്ന രോഗം സിറോസിസ് ആയി മാറാന്‍ സാധ്യതയുണ്ടോ എന്ന് മനസ്സിലാക്കാന്‍ കരളിലെ ഫൈബ്രോസിസ് എത്രമാത്രമെന്നറിയണം. ലിവര്‍ ഫൈബ്രോസിസ് മനസ്സിലാക്കാന്‍ ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗം ലിവര്‍ ബയോപ്‌സിയാണ്. അതിനായി കരളില്‍നിന്ന് സാമ്പിള്‍ ടിഷ്യൂ എടുത്ത് മൈക്രോസ്‌കോപ്പിലൂടെ പരിശോധിച്ചാല്‍ കൊഴുപ്പും നീരും മനസ്സിലാക്കാം. ഫൈബ്രോസിസ് എത്രമാത്രമുണ്ടെന്ന് അറിയാനും ഇതുവഴി സാധിക്കുന്നു. പക്ഷേ ലിവര്‍ ബയോപ്‌സി പലതരം സങ്കീര്‍ണതകളുള്ള ഒരു പരിശോധനയാണ്. രക്തസ്രാവമാണ് ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നം. ഈ സങ്കീര്‍ണതകള്‍ ഇല്ലാത്ത പല പരിശോധനകളും സാധ്യമാണെങ്കിലും അവയ്‌ക്കൊന്നും ലിവര്‍ ബയോപ്‌സിയോളം കൃത്യതയില്ല.
മറ്റ് പരിശോധനകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് ഇലാസ്റ്റോഗ്രഫി (Elastography) ആണ്. കുറഞ്ഞ ആംപ്ലിറ്റിയൂഡുള്ള ഷിയര്‍ തരംഗങ്ങള്‍ കരളിലൂടെ കടത്തിവിടുകയും ഈ തരംഗത്തിന്റെ വേഗത അളക്കുന്നതിലൂടെ കരളിന്റെ കാഠിന്യം (Stiffness) മനസ്സിലാക്കുകയും ചെയ്യുന്നു. എം.ആര്‍. ഇലാസ്റ്റോഗ്രാഫി (MR Elastography) ഇത്തരത്തില്‍ വളരെ ഉപയോഗപ്രദമാണ്.
ചികിത്സ
ഫാറ്റി ലിവര്‍ ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളിലൊന്ന് കലോറികൂടിയ ആഹാരം അമിതമായി കഴിക്കുന്നതാണ്. വ്യായാമക്കുറവും ശാരീരിക അധ്വാനക്കുറവും കൂടിയാകുമ്പോള്‍ അപകടസാധ്യതയേറുന്നു. ഫാറ്റി ലിവറിനെതിരേ പൂര്‍ണമായും ഫലപ്രദമായ മരുന്നൊന്നും ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ജീവിതശൈലി ക്രമീകരണം തന്നെയാണ് പ്രതിരോധവും ചികിത്സയും. ജീവിത ശൈലിയിലുള്ള വ്യത്യാസപ്പെടുത്തലുകളിലൂടെ അമിതഭാരം കുറയ്ക്കാം. അതിലൂടെ, ഫാറ്റി ലിവര്‍ എന്നത് സിറോസിസോ കാന്‍സറോ ആയി മാറുന്നത് തടയാന്‍ കഴിയും. ശരീരഭാരം കുറയ്ക്കുന്നതിലൂടെ കരളിലുള്ള ട്രൈഗ്ലിസറൈഡും നീരും കുറയുന്നു; ഇതോടൊപ്പം മറ്റ് സങ്കീര്‍ണതകളും.
കൊഴുപ്പുകുറഞ്ഞതും (Low fat) കലോറി കുറഞ്ഞതുമായ (Hypocaloric) ആഹാരത്തോടൊപ്പം നടത്തവും തൂക്കം കുറയ്ക്കാന്‍ സഹായിക്കും. ഒരാള്‍ക്ക് ഒരുദിവസം ആവശ്യമുള്ള കലോറിയില്‍നിന്ന് 750 കലോറി കുറവുള്ള ആഹാരം നല്‍കുന്നതിനെയാണ് കലോറി കുറഞ്ഞ ആഹാരം എന്നതുകൊണ്ടുദ്ദേശിക്കുന്നത്. ഒരാഴ്ച 200 മിനിറ്റ് എന്ന രീതിയിലുള്ള നടത്തവും തൂക്കം കുറയ്ക്കുന്നതിന് സഹായിക്കും. പത്തുശതമാനം ഭാരക്കുറവ് 12 മാസംകൊണ്ടുണ്ടായാല്‍ കരളിലുണ്ടാകുന്ന ഫൈബ്രോസിസ് കുറയും. എന്നാല്‍ വളരെ പെട്ടെന്ന് തൂക്കം കുറയുന്നത് കരളിലെ എന്‍സൈമുകള്‍ വര്‍ധിക്കാനും കാരണമായേക്കാം.
ആഹാരത്തില്‍ അറിയേണ്ടത്
ആഹാരത്തിലെ അന്നജത്തിന്റെ അളവ് സാധാരണയായി 55 മുതല്‍ 65 ശതമാനമാണ്. അതുപോലെ കൊഴുപ്പിന്റെ അളവ് 25 മുതല്‍ 35 ശതമാനവും പ്രോട്ടീന്റെ അളവ് 10 മുതല്‍ 20 ശതമാനവുമാണ്. എന്നാല്‍ ഫാറ്റി ലിവര്‍ ഉള്ള വ്യക്തികളില്‍ അന്നജത്തിന്റെ അളവ് 40 ശതമാനമായി കുറയ്‌ക്കേണ്ടതുണ്ട്. അതുപോലെ, പ്രോട്ടീന്റെയും കൊഴുപ്പിന്റെയും അളവ് 30 ശതമാനമാക്കി നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. അതായത് കൊഴുപ്പിനെയും അന്നജത്തെയും കൂടുതല്‍ പ്രോട്ടീന്‍കൊണ്ട് സപ്ലിമെന്റ് ചെയ്യേണ്ടതായിട്ടുണ്ട്.
പഞ്ചസാര അടങ്ങിയ പാനീയങ്ങളുടെ ഉപയോഗം വളരെ കുറയ്ക്കണം. അതുപോലെ പഴച്ചാറുകളുടെ (Fruit juice) ഉപയോഗവും ഗ്ലൂക്കോസ് കൂടുതല്‍ അടങ്ങിയ ആഹാരവും കുറയ്‌ക്കേണ്ടത് ആവശ്യമാണ്.
ഫാറ്റി ലിവര്‍ എന്ന രോഗം കൂടുതല്‍ വഷളാകാതിരിക്കാന്‍ ഏറ്റവും ഉത്തമമായ ആഹാരരീതി മെഡിറ്ററേനിയന്‍ ഡയറ്റാണ്. ഇതില്‍ കൂടുതലും അപൂരിത ഫാറ്റി ആസിഡുകളും (Unsaturated fatty acid) പച്ചക്കറികളും പഴവര്‍ഗങ്ങളും പയര്‍വര്‍ഗങ്ങളും ധാന്യങ്ങളും മത്സ്യവും ഉള്‍പ്പെടുന്നു.
പ്രധാനമായും സസ്യാഹാരം കഴിക്കുക, മാംസാഹാരം കുറയ്ക്കുക (പ്രത്യേകിച്ച് റെഡ് മീറ്റ് കുറയ്ക്കുക), മത്സ്യത്തിന്റെ അളവ് കൂട്ടുക (ഇതില്‍ അയല, മത്തി, ട്യൂണ തുടങ്ങിയ മത്സ്യങ്ങള്‍ ആഹാരത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുക, അതുവഴി കൂടുതല്‍ ഒമേഗാ3 ഫാറ്റി ആസിഡ് ലഭിക്കുകയും ചെയ്യും). നാരുകള്‍ കൂടുതലുള്ള ഭക്ഷണവും (High fibre diet) ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. അതുപോലെത്തന്നെ ഫാസ്റ്റ് ഫുഡ്, ബേക്കറി ഭക്ഷണങ്ങള്‍, മധുര പലഹാരങ്ങള്‍ തുടങ്ങിയവ ആഹാരത്തില്‍ ഗണ്യമായി കുറയ്‌ക്കേണ്ടതാണ്. അതിനോടൊപ്പം ശരിയായ വ്യായാമവും ആവശ്യമാണ്. എത്ര തിരക്കിട്ട ജോലിക്കിടയിലും ദിവസം 45 മിനിറ്റ് വ്യായാമത്തിനുവേണ്ടി മാറ്റിവയ്‌ക്കേണ്ടത് അത്യന്താപേക്ഷിതമാണ്. നീന്തല്‍, വേഗത്തില്‍ നടക്കുക, ജോഗിങ്, സൈക്ലിങ് തുടങ്ങിയവയില്‍ ഏതെങ്കിലും ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്നതാണ്.
ജീവിതരീതിയില്‍ വരുത്തേണ്ട മാറ്റങ്ങള്‍
നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ മൂലം സിറോസിസ് ഉണ്ടായ ആളുകള്‍ക്ക് 1.25- 1.5 gm/kgm പ്രോട്ടീന്‍ നല്‍കേണ്ടതായിട്ടുണ്ട്. ഇതുമൂലം പേശികള്‍ക്ക് ബലക്ഷയം (Sarcopenia) ഉണ്ടാകുന്നത് തടയാന്‍ കഴിയും. ഒറ്റത്തവണ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുകയും കുറച്ച് ഭക്ഷണം പല തവണകളായി കഴിക്കുകയും വേണം. ആഹാരത്തില്‍നിന്ന് പഞ്ചസാരയുള്ള പാനീയങ്ങള്‍, പ്രോസസ്സ് ചെയ്ത ആഹാരങ്ങള്‍ (processed food) എന്നിവയും ഒഴിവാക്കണം.
നോണ്‍ ആള്‍ക്കഹോളിക് ഫാറ്റി ലിവര്‍ മുഖേന സിറോസിസ് ഉണ്ടാകുമ്പോള്‍ കരളിന്റെ പ്രവര്‍ത്തനത്തെ ചൈല്‍ഡ് എ, ബി, സി എന്നിങ്ങനെ വര്‍ഗീകരിക്കാറുണ്ട് (Child classification). രക്തത്തില്‍ ആല്‍ബുമിന്റെ അളവ്, രക്തം കട്ടപിടിക്കുന്നതിന്റെ അളവ്, (INR) ബിലിറൂബിന്റെ അളവ് തുടങ്ങിയ ഘടകങ്ങളാണ് ചൈല്‍ഡ് ക്ലാസിഫിക്കേഷനില്‍ ഉപയോഗിക്കുന്നത്. കരളിന്റെ പ്രവര്‍ത്തനം ചൈല്‍ഡ് സി ആകുമ്പോള്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയമാകേണ്ടിവരും.
ആഹാരത്തില്‍ കൂടുതല്‍ പച്ചക്കറികളും ധാന്യങ്ങളും മത്സ്യവും ആരോഗ്യകരമായ കൊഴുപ്പും ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ചിട്ടയോടെയുള്ള വ്യായാമവും വേണം. തുടര്‍ച്ചയായ ചെക്കപ്പുകളിലൂടെ ഈ രോഗം സങ്കീര്‍ണതകളിലേക്ക് ചെന്നെത്തുന്നത് ഒരു പരിധിവരെ തടയാന്‍ കഴിയും. ഇപ്പോള്‍ ജീവിതശൈലി വ്യതിയാനങ്ങള്‍ മാത്രമേ ഈ രോഗത്തിന്റെ ചികിത്സയായി ഉള്ളൂവെങ്കിലും ധാരാളം പുതിയ മരുന്നുകള്‍ പരീക്ഷണ ഘട്ടത്തിലുണ്ട് എന്നത് ആശ്വാസത്തിന് വക നല്‍കുന്നു.
കുട്ടികളിലെ ഫാറ്റി ലിവര്‍
അമിത വണ്ണമുള്ള അറുപതുശതമാനം കുട്ടികളില്‍ ഫാറ്റിലിവര്‍ കാണുന്നതായി പഠനങ്ങളുണ്ട്. ഒന്‍പത് വയസ്സിനും 11 വയസ്സിനുമിടയിലുള്ള കുട്ടികളില്‍ രക്തപരിശോധനയും അള്‍ട്രാസൗണ്ട് സ്‌കാനും ചെയ്താല്‍ രോഗം നേരത്തെ കണ്ടുപിടിക്കാന്‍ കഴിയും.
കുട്ടികളില്‍ ഫാറ്റി ലിവര്‍ ഉണ്ടാകുകയെന്നത് തികച്ചും ആശങ്കാജനകമായ കാര്യമാണ്. വിദ്യാലയങ്ങളില്‍ അമിതവണ്ണം, പ്രമേഹം തുടങ്ങിയ അവസ്ഥകള്‍ തടയിടുന്നതിനുവേണ്ട മുന്‍കരുതലുകളെക്കുറിച്ച് പഠിപ്പിക്കണം. അതുപോലെ രക്ഷിതാക്കളും ജാഗ്രത പുലര്‍ത്തണം.
ടു ഹിറ്റ് സിദ്ധാന്തം
ഫാറ്റി ലിവറും നാഷും ഉണ്ടാക്കുന്ന കാരണങ്ങളെ ടൂ ഹിറ്റ് സിദ്ധാന്തത്തിലൂടെ (Two hit hypothesis) വിശദീകരിക്കുന്നു. ആദ്യത്തെ 'ഹിറ്റ്' ഫാറ്റി ആസിഡ് മെറ്റബോളിസത്തിന്റെ (Fatty Acid Metabolism) ക്രമക്കേടുമൂലം കരളില്‍ കൊഴുപ്പ് അടിയുന്നതാണ്. രണ്ടാമത്തെ 'ഹിറ്റ്' പാരിസ്ഥിതികവും ജനിതകവുമായ വ്യതിയാനം നിമിത്തം കരളില്‍ നീരുണ്ടാകുന്നതാണ്. എന്നാല്‍, ഇപ്പോള്‍ ഫാറ്റി ലിവര്‍ പല (Multiple hits) ഹിറ്റുകള്‍കൊണ്ടും ഉണ്ടാകുന്നുവെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ചില വ്യതിയാനങ്ങള്‍, ഉദാഹരണത്തിന് അമിതവണ്ണവും പ്രമേഹവും തുടര്‍ച്ചയായ ഹിറ്റുകളായാണ് (continuous hits) കണക്കാക്കുന്നത്.
ഫീക്കല്‍ മൈക്രോ ബയോട്ട ട്രാന്‍സ്പ്ലാന്റ്
കുടലിലെ ബാക്ടീരിയകളിലുണ്ടാകുന്ന അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനായി ശരിയായ ദാതാവില്‍ നിന്ന് വിസര്‍ജ്യം ശേഖരിച്ച് വന്‍കുടലിലോ ചെറുകുടലിലോ എന്‍ഡോസ്‌കോപ്പി മുഖേനയോ ക്യാപ്‌സ്യൂള്‍ രൂപത്തിലോ നിക്ഷേപിക്കുന്ന രീതിയെ ഫീക്കല്‍ മൈക്രോ ബയോട്ട ട്രാന്‍സ്പ്ലാന്റ് എന്ന് പറയുന്നു. സമീപകാലത്ത് ഈ ചികിത്സാരീതിയും നാഷ് എന്ന രോഗത്തിനെതിരായി ഉപയോഗിക്കുന്നുണ്ട്.
(കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗം പ്രൊഫസറാണ് ലേഖകന്‍)
ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്
Content Highlights: Fatty Liver,Liver Health, Alcohol Consumption, Health
Published: 24 Mar 2022, 04:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented