തെറ്റായ ജീവിതരീതികള്‍ കൊളസ്‌ട്രോളിന്റെ അളവ് കൂടാന്‍ ഇടയാക്കും. കൊളസ്‌ട്രോള്‍ നില ഉയരുമ്പോള്‍ പ്രത്യേകിച്ച് ലക്ഷണങ്ങള്‍ ഉണ്ടാകണമെന്നില്ല. മറ്റെന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിശോധന നടത്തുമ്പോഴായിരിക്കാം കൊളസ്‌ട്രോളിന്റെ ആധിക്യം തിരിച്ചറിയുന്നത്. പ്രമേഹം, അമിതവണ്ണം, അമിത ബി.പി. തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവരില്‍ കൊളസ്‌ട്രോള്‍ നില ഉയരുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കാനിടയുണ്ട്.

To advertise here,

ആവശ്യമായ കൊളസ്‌ട്രോള്‍

ശരീരത്തിന് ആവശ്യമായ കൊഴുപ്പിന്റെ ഏറിയ പങ്കും കരള്‍ ഉത്പാദിപ്പിക്കുന്നുണ്ട്. അതുകൂടാതെ, കഴിക്കുന്ന ഭക്ഷണത്തിലൂടെയും കൊഴുപ്പ് ലഭിക്കുന്നു. അധികമായി എത്തുന്ന അന്നജവും പ്രോട്ടീനുമെല്ലാം കൊഴുപ്പായാണ് ശരീരത്തില്‍ സംഭരിക്കുന്നത്. ഫാറ്റി ആസിഡുകള്‍, ഫോസ്‌ഫോ ലിപ്പിഡുകള്‍ തുടങ്ങി വിവിധ ഇനം കൊഴുപ്പുകള്‍ ശരീരത്തിലുണ്ട്. കൊഴുപ്പുകളുടെ കൂട്ടമാണ് കൊളസ്‌ട്രോള്‍. പലതരം ലിപ്പോപ്രോട്ടീനുകള്‍, ട്രൈഗ്ലിസറൈഡുകള്‍ എന്നിവ ഇതിലുണ്ട്.

ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് അത്യാവശ്യമായ ഘടകമാണ് കൊളസ്‌ട്രോള്‍. രക്തത്തിലൂടെയാണ് കൊളസ്‌ട്രോള്‍ കോശങ്ങളിലെത്തുന്നത്. കൊളസ്‌ട്രോള്‍ രക്തത്തില്‍ ലയിക്കില്ല. കോശനിര്‍മാണമുള്‍പ്പെടെ നിരവധി കാര്യങ്ങള്‍ക്ക് കൊളസ്‌ട്രോള്‍ ആവശ്യമാണ്. കൊളസ്‌ട്രോളിന് രക്തത്തിലൂടെ സഞ്ചരിക്കാന്‍ ഒരു പ്രോട്ടീന്‍ ആവശ്യമാണ്. ആ പ്രോട്ടീനും കൊഴുപ്പുകണങ്ങളും ചേര്‍ന്നതിനെയാണ് ലിപ്പോപ്രോട്ടീനുകളെന്ന് പറയുന്നത്.

ലിപ്പോ പ്രോട്ടീനുകള്‍ പലതരം

സാന്ദ്രതയുടെ അടിസ്ഥാനത്തില്‍ ലിപ്പോപ്രോട്ടീനുകളെ  തരംതിരിക്കുന്നു. സാന്ദ്രത കൂടിയ ലിപ്പോ പ്രോട്ടീനാണ് എച്ച്.ഡി.എല്‍. സാന്ദ്രത കുറഞ്ഞതാണ് എല്‍.ഡി.എല്‍. സാന്ദ്രത വളരെയധികം കുറഞ്ഞതാണ് വി.എല്‍.ഡി.എല്‍. ഇടത്തരം തോതില്‍ സാന്ദ്രതയുള്ളവയാണ് ഐ.ഡി.എല്‍. ഏറ്റവും സാന്ദ്രത കുറഞ്ഞതാണ് കൈലോ മൈക്രോണുകള്‍.

നല്ല കൊളസ്‌ട്രോള്‍

സാന്ദ്രത കൂടിയ എച്ച്.ഡി.എല്ലില്‍ കൊഴുപ്പ് കുറവും പ്രോട്ടീന്‍ കൂടുതലുമാണ്. കോശങ്ങളിലും രക്തക്കുഴലുകളിലും കൂടുതലായി അടിഞ്ഞുകൂടുന്ന കൊഴുപ്പ് കണികകളെ കരളിലേക്കെത്തിക്കുകയാണ് എച്ച്.ഡി.എല്‍. ചെയ്യുന്നത്. അതിനാല്‍ രക്തക്കുഴലുകളില്‍ കൊളസ്‌ട്രോള്‍ അടിഞ്ഞുകൂടുന്നത് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ എച്ച്.ഡി.എല്‍. സഹായകമാണ്. രക്തക്കുഴലുകളെ സംരക്ഷിക്കുന്ന ഈ സ്വഭാവം കൊണ്ടാണ് എച്ച്.ഡി.എല്ലിന് നല്ല കൊളസ്‌ട്രോള്‍ എന്ന വിശേഷണം കിട്ടിയത്. എച്ച്.ഡി.എല്‍. വര്‍ധിക്കാന്‍ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ ശീലമാക്കുന്നതിനൊപ്പം വ്യായാമവും അത്യാവശ്യമാണ്. ദിവസവും 45 മിനിറ്റ് മിതമായ തോതില്‍ വ്യായാമം ചെയ്യണം.

ചീത്ത കൊളസ്‌ട്രോള്‍

സാന്ദ്രത കുറഞ്ഞ ലിപ്പോപ്രോട്ടീനാണ് എല്‍.ഡി.എല്‍. പ്രോട്ടീനിന്റെ അളവ് കുറവും കൊഴുപ്പിന്റെ അളവ് കൂടുതലുമാണ് ഇതില്‍. കരളില്‍നിന്ന് കൊളസ്‌ട്രോളിനെ ശരീരത്തിന്റെ വിവിധഭാഗങ്ങളിലേക്ക് രക്തത്തിലൂടെ കൊണ്ടുപോവുകയാണ് എല്‍.ഡി.എല്‍. കൊളസ്‌ട്രോളിന്റെ ദൗത്യം. ഇവ ആവശ്യത്തിലും കൂടുതലാകുമ്പോള്‍ അത് ശരീരത്തില്‍ സംഭരിക്കപ്പെടും. രക്തക്കുഴലിന്റെ ഏറ്റവും അകത്തെ പാളിയായ എന്‍ഡോതീലിയത്തില്‍ എല്‍.ഡി.എല്‍. അടിഞ്ഞുകൂടിയാല്‍ രക്തം സുഗമമായി ഒഴുകുന്നതിന് തടസ്സമുണ്ടാകും. ഹാര്‍ട്ട് അറ്റാക്ക് പോലെയുള്ള പ്രശ്‌നങ്ങള്‍ക്ക് ഇത് കാരണമാകുന്നു. അളവ് കൂടുമ്പോള്‍മാത്രമേ എല്‍.ഡി.എല്‍. അപകടകാരിയാകുന്നുള്ളൂ. നോര്‍മല്‍ അളവിലാണെങ്കില്‍ ഉപകാരിയാണ്. കോശഭിത്തിയുടെ നിര്‍മാണത്തിലും തലച്ചോറിലെ കോശങ്ങളുടെ പ്രവര്‍ത്തനത്തിലുമൊക്കെ എല്‍.ഡി.എല്ലിന് വലിയ പങ്കുണ്ട്.

ഡിസ് ലിപിഡിമിയ

ആരോഗ്യത്തിന് ഭീഷണിയാകുന്ന തരത്തില്‍ ലിപിഡുകളുടെ അളവിലുണ്ടാകുന്ന മാറ്റങ്ങളെയാണ് ഡിസ് ലിപിഡിമിയ എന്ന് വിശേഷിപ്പിക്കുന്നത്. പലതരത്തിലുള്ള ലിപിഡുകള്‍ (കൊഴുപ്പുകള്‍) ശരീത്തിലുണ്ടാകാറുണ്ട്. ഇവയുടെ അളവിലും അനുപാതത്തിലും മാറ്റം ഉണ്ടാകുമ്പോഴാണ് പ്രശ്‌നമാകുന്നത്. ഡിസ് ലിപിഡിമിയ രണ്ട് തരത്തിലുണ്ട്. പ്രൈമറിയും സെക്കന്‍ഡറിയും. പാരമ്പര്യഘടകം മൂലമുണ്ടാകുന്നതാണ് പ്രൈമറി ഡിസ് ലിപിഡിമിയ. പ്രമേഹവും അമിതവണ്ണവും മൂലമുണ്ടാകുന്നതാണ്  സെക്കന്‍ഡറി ഡിസ് ലിപിഡിമിയ.

ഹൈപ്പര്‍ ലിപിഡിമിയ

എല്‍.ഡി.എല്‍., ട്രൈഗ്ലിസറൈഡ് എന്നിവയുടെ അളവ് വലിയ തോതില്‍ കൂടുകയും അതേസമയംതന്നെ നല്ല കൊളസ്‌ട്രോളായ എച്ച്.ഡി.എല്ലിന്റെ അളവ് വളരെയധികം കുറയുകയും ചെയ്യുന്ന അവസ്ഥ.

ലിപിഡ് പ്രൊഫൈല്‍ പരിശോധന

കൊളസ്‌ട്രോളിന്റെ അളവ് തിരിച്ചറിയാനായി നടത്തുന്ന രക്തപരിശോധനയാണ് ലിപിഡ് പ്രൊഫൈല്‍ പരിശോധന. കൊളസ്‌ട്രോള്‍ കൂടുന്നതിന് പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നും കാണാറില്ല. അതുകൊണ്ട്, ഇടയ്ക്കിടെ പരിശോധിക്കുക മാത്രമാണ്  പ്രശ്‌നം നേരത്തെ കണ്ടെത്താനുള്ള മാര്‍ഗം. മുന്‍പൊക്കെ 40 വയസ്സിന് മുകളിലുള്ളവര്‍ വര്‍ഷത്തിലൊരിക്കല്‍ കൊളസ്‌ട്രോള്‍ പരിശോധന നടത്തണമെന്നാണ് പറയാറുള്ളത്. എന്നാല്‍, ഇപ്പോള്‍ 25 വയസ്സിന് മുകളിലുള്ള ചെറുപ്പക്കാരും വര്‍ഷംതോറും കൊളസ്‌ട്രോള്‍ പരിശോധന നടത്തണമെന്നാണ് നിര്‍ദേശിക്കുന്നത്. ഇതുവഴി ഭാവിയിലുണ്ടാകാനിടയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ എന്തൊക്കെയാകാം എന്നതിനെക്കുറിച്ച് സൂചന ലഭിക്കും.

കൊളസ്‌ട്രോള്‍ കൂടുതലുള്ളവരാണെങ്കില്‍ ചികിത്സയിലൂടെ കുറയുന്നുണ്ടോ എന്നറിയാന്‍ മൂന്ന് മാസത്തിലൊരിക്കല്‍ കൊളസ്‌ട്രോള്‍ പരിശോധന നടത്താന്‍ നിര്‍ദേശിക്കാറുണ്ട്. ടോട്ടല്‍ കൊളസ്‌ട്രോള്‍ എന്നത് ഒരു സ്‌ക്രീനിങ് ടെസ്റ്റാണ്. അതിനാല്‍ ടോട്ടല്‍ കൊളസ്‌ട്രോള്‍ അളവിനൊപ്പം അതിലെ വിവിധ ഘടകങ്ങളായ എച്ച്.ഡി.എല്‍., എല്‍.ഡി.എല്‍., ട്രൈഗ്ലിസറൈഡുകള്‍ എന്നിവയുടെ അളവുകളും പരിശോധിക്കേണ്ടതുണ്ട്.

ലിപിഡ് പ്രൊഫൈല്‍ പരിശോധന നടത്തുന്നതിനുമുന്‍പ് 12 മണിക്കൂര്‍ നേരം ഭക്ഷണം കഴിക്കരുത്. ഭക്ഷണത്തില്‍നിന്നുള്ള കൊഴുപ്പ് ശരീരത്തിലെ കൊഴുപ്പുനിലയെ ബാധിക്കാതിരിക്കാനാണിത്. വെള്ളം കുടിക്കാം. ചായയും ജ്യൂസും കുടിക്കരുത്.

200 mg/dL ആണ് പൊതുവേ ടോട്ടല്‍ കൊളസ്‌ട്രോളിന്റെ പരിധിയായി സൂചിപ്പിക്കുന്നത്. എന്നാല്‍, ടോട്ടല്‍ കൊളസ്‌ട്രോള്‍ 190 ആണെങ്കില്‍ പ്രശ്‌നമില്ലെന്നും 205 ആയാല്‍ പ്രശ്‌നമാണെന്നും കരുതരുത്. ജാഗ്രത ആവശ്യമാണ് എന്ന സൂചനയാണ് ഈ അളവുകള്‍. ഈ അളവുകള്‍ക്കൊപ്പം മറ്റ് ആരോഗ്യവിവരങ്ങളും കൊളസ്‌ട്രോളിലെ വിവിധഘടകങ്ങളുടെ അനുപാതവും കൂടി കണക്കിലെടുത്താണ് ഇപ്പോഴത്തെ കൊളസ്‌ട്രോള്‍ അളവ് പ്രശ്‌നമാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത്.

അമിതഭാരവും കൊളസ്‌ട്രോളും

അമിതഭാരമുള്ളവര്‍ക്കുമാത്രം കൊളസ്‌ട്രോള്‍ കൂടുമെന്നും മെലിഞ്ഞവര്‍ക്ക് കൊളസ്‌ട്രോള്‍ നോര്‍മലായിരിക്കുമെന്നും പറയുന്നത് ശരിയല്ല. എന്നാല്‍, അമിതഭാരമുള്ളവര്‍ക്ക് കൊളസ്‌ട്രോളിന്റെ അളവ് കൂടാനുള്ള സാധ്യത അധികമാണ്. മെലിഞ്ഞ ശരീരപ്രകൃതിയുള്ള നിരവധി ആളുകളില്‍ കൊളസ്‌ട്രോള്‍ കൂടിയ അളവില്‍ കണ്ടുവരാറുണ്ട്. പെട്ടെന്ന് തടിയും തൂക്കവും കൂടുന്നവരില്‍ കൊളസ്‌ട്രോള്‍ കൂടാനുള്ള സാധ്യത അധികമാണ്. അത്തരക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണം.  വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ മാത്രമല്ല കൊളസ്‌ട്രോള്‍ കൂട്ടുന്നത്. ചോറിന്റെയും പഞ്ചസാരയുടെയും അളവ് കൂടുന്നതും പച്ചക്കറികളുടെ അളവ് കുറയുന്നതും കൊളസ്‌ട്രോള്‍ വര്‍ധിക്കാന്‍ കാരണമാകും.  ചോറിന്റെ അളവ് കുറച്ച് പച്ചക്കറികളുടെയും പഴങ്ങളുടെയും അളവ് ഭക്ഷണത്തില്‍ കൂട്ടണം.

ചെറുപ്പക്കാരിലെ കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ കൂടുതലാവുന്ന ചെറുപ്പക്കാര്‍ക്ക് മരുന്നുകള്‍ ആദ്യം നിര്‍ദേശിക്കാറില്ല.  കൊളസ്‌ട്രോള്‍ നിയന്ത്രണത്തിന്റെ ആദ്യഘട്ടം ആരോഗ്യകരമായ ഭക്ഷണശീലങ്ങളും വ്യായാമവുമാണ്. അതിനുശേഷംമാത്രമേ മരുന്നുകള്‍ നിര്‍ദേശിക്കാറുള്ളൂ.

പുകവലിയുള്ളവര്‍, പ്രമേഹമുള്ളവര്‍, 40 വയസ്സ് കഴിഞ്ഞവര്‍  എന്നിവര്‍ക്ക് കൊളസ്‌ട്രോള്‍ വരാന്‍ സാധ്യത കൂടുതലാണ്. അങ്ങനെയുള്ളവര്‍ കൊളസ്‌ട്രോളിനെ ഏറെ ശ്രദ്ധിക്കണം. പ്രമേഹവും പുകവലിയുമൊക്കെയുള്ളവരുടെ രക്തക്കുഴലുകള്‍ തുരുമ്പുപിടിച്ച ഇരുമ്പ് പൈപ്പ് പോലെയായി മാറാം. ഇത്തരക്കാരില്‍ രക്തക്കുഴലില്‍ കൊഴുപ്പടിയുന്ന അവസ്ഥയായ അതിറോസ്‌ക്‌ളിറോസിസ് ഉണ്ടാവും. ഇവയില്‍ കൊളസ്‌ട്രോള്‍ പറ്റിപ്പിടിച്ച് അതൊരു തടസ്സമായി മാറും. അങ്ങനെ രക്തമൊഴുക്ക് തടസ്സപ്പെടും. അപ്പോഴാണ് ബ്ലോക്കുണ്ടായി ഹാര്‍ട്ട് അറ്റാക്ക് പോലുള്ള പ്രശ്‌നങ്ങളുണ്ടാകുന്നത്.

കൊളസ്‌ട്രോള്‍ വ്യതിയാനം കുട്ടികളിലും

കുട്ടികളിലും ഇപ്പോള്‍ ഉയര്‍ന്ന കൊളസ്‌ട്രോള്‍ നില കാണാന്‍ തുടങ്ങിയിട്ടുണ്ട്. ജീവിതരീതിയില്‍ വന്ന മാറ്റങ്ങളാണ് ഇതിന് കാരണം. കുട്ടികളില്‍ കൊളസ്‌ട്രോള്‍ വര്‍ധിച്ചാല്‍ മരുന്നിനെ ആശ്രയിക്കാറില്ല. അവരുടെ നിലവിലെ ജീവിതശൈലി ആരോഗ്യകരമാക്കിയാല്‍ത്തന്നെ കൊളസ്‌ട്രോള്‍ നില നോര്‍മലാകും. കുട്ടികളില്‍ കൊളസ്‌ട്രോള്‍ നില ഉയരുന്നത് അവര്‍ക്ക് ഭാവിയില്‍ പല രോഗങ്ങളും വരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുണ്ട് എന്ന് മറക്കരുത്. അതുകൊണ്ട് കുട്ടികളെ ചടഞ്ഞുകൂടി ഇരിക്കാന്‍ അനുവദിക്കരുത്.

കൊഴുപ്പ്  അളവുകള്‍

ടോട്ടല്‍ കൊളസ്‌ട്രോള്‍ 200ല്‍ താഴെയായിരിക്കണം.
എച്ച്.ഡി.എല്‍. കൊളസ്‌ട്രോള്‍ അളവ് 60ന് മുകളില്‍ .
എല്‍.ഡി.എല്‍. കൊളസ്‌ട്രോള്‍ അളവ് 100ല്‍ താഴെ ആയിരിക്കണം.
ട്രൈഗ്ലിസറൈഡുകളുടെ അളവ് 150ല്‍ താഴെയായിരിക്കണം
വി.എല്‍.ഡി.എല്‍. അളവ് നോര്‍മല്‍ 30 g/dL.
ടോട്ടല്‍ കൊളസ്‌ട്രോളും എച്ച്.ഡി.എല്‍.
കൊളസ്‌ട്രോളും തമ്മിലുള്ള അനുപാതം നോര്‍മല്‍ 5 ന് താഴെ.
എച്ച്.ഡി.എല്ലും എല്‍.ഡി.എല്ലും തമ്മിലുള്ള അനുപാതം നോര്‍മല്‍ 3.5 ന് താഴെ)

കോഴിക്കോട് ആസ്റ്റര്‍ മിംസിലെ ഇന്റേണല്‍ മെഡിസിന്‍ വിഭാഗം കൺസൽട്ടന്റാണ് ലേഖിക

ടെക്സ്റ്റ്: അനു സോളമൻ

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്