വീട്ടിലിരിന്ന് ഭക്ഷണം കഴിക്കുന്നതിന്റെ സന്തോഷം ഒന്ന് വേറെ തന്നെയാണ്. പ്രിയപ്പെട്ട ബട്ടര്‍ ചിക്കനും നാനും ബിരിയാണിയുമെല്ലാം  വീട്ടിലേയ്ക്ക് ഓര്‍ഡര്‍ ചെയ്ത് കഴിയ്ക്കുന്നത് നമ്മളില്‍ പലരുടേയും പതിവാണ്. എന്നാല്‍ ഹോട്ടലില്‍ നിന്നുള്ള ഭക്ഷണം പലപ്പോഴും ഒറ്റയ്ക്ക് കഴിച്ചുതീര്‍ക്കുവാന്‍ കഴിഞ്ഞില്ലെന്ന് വരും. എന്നാല്‍ പിന്നീട് ഇവ ചൂടാക്കി കഴിക്കാമെന്ന് കരുതിയാല്‍ അതേ രുചി ലഭിച്ചെന്നു വരില്ല.

To advertise here,

അതിനാല്‍ പലപ്പോഴും ഇത് ഉപയോഗമില്ലാതെ പോകുകയാണ് പതിവ്. ഇത്തരത്തില്‍ നാന്‍ വാങ്ങിയിട്ട് ബാക്കി വന്നാല്‍ ചൂടാക്കിയെടുക്കുമ്പോള്‍ രുചി നഷ്ടപ്പെടുകയും കട്ടിയേറി പോകുകയും ചെയ്തത് നമ്മളില്‍ പലരും അഭിമുഖീകരിച്ച പ്രശ്‌നമാകും. എന്നാല്‍ നാന്‍ ചൂടാക്കിയെടുക്കുമ്പോള്‍ രുചി നഷ്ടപ്പെടാതിരിക്കാന്‍ ഇനി വഴിയുണ്ട്.

അതിനുള്ള പോംവഴിയാണ് ഠാക്കൂര്‍ സിസ്റ്റേഴ്‌സ് ഓഫീഷ്യല്‍ എന്ന ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. വളരെ എളുപ്പത്തില്‍ രുചിയും മയവും നഷ്ടപ്പെടാതെ നാന്‍ ചൂടാക്കിയെടുക്കാം. വളരെ വേഗത്തിലാണ് ഈ വീഡിയോ വൈറലായത്. വീഡിയോയില്‍ നാന്‍ ചൂടാക്കുന്നത് ഇത്തരത്തിലാണ്.

ചൂടുള്ള തവയിലേയ്ക്ക് കട്ടിയായ നാന്‍ വെയ്ക്കുന്നു. ശേഷം ഇതിലേയ്ക്ക് മൂന്ന് ടേബിള്‍ സ്പൂണ്‍ വെള്ളം ചേര്‍ത്തുകൊടുക്കുന്നു. അത് ചൂടാകുന്നത് വരെ കാത്തിരിക്കുന്നതും വീഡിയോയില്‍ കാണാം. തവ അതിന്റെ മൂടിയുപയോഗിച്ച് മൂടാന്‍ പാടില്ലെന്നും അവര്‍ വീഡിയോയില്‍ സൂചിപ്പിക്കുന്നുണ്ട്. ശേഷം വെള്ളം വറ്റി വരുമ്പോഴേക്കും നാന്‍ എടുക്കാവുന്നതാണ്.

ഇത് ചെയ്യുമ്പോള്‍ ഇരുവശവും ചൂടാക്കേണ്ട ആവശ്യം വരുന്നില്ലായെന്നതും ശ്രദ്ധേയമാണ്. തികച്ചും ഹോട്ടലില്‍ നിന്നും വാങ്ങിയ അതേപോലെ മൃദുവായ നാന്‍ കഴിയ്ക്കുന്നതും വീഡിയോയില്‍ കാണാവുന്നതാണ്. വീഡിയോയ്ക്ക് വളരെ നല്ലരീതിയിലുള്ള കമന്റുകളാണ് ലഭിച്ചത്.

20 ലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ ഇതിനകം കണ്ടത്. നാന്‍ ചൂടാക്കാനുളള മറ്റു മാര്‍ഗങ്ങളും ആളുകള്‍ കമന്റില്‍ പങ്കുവെച്ചിട്ടുണ്ട്. കുക്കറില്‍ വേവിക്കുവാനും ഗ്യാസ് കത്തിച്ച് ആ തീയില്‍ നേരിട്ട് വെച്ച് ഇരുവശങ്ങളും ചൂടാക്കിയെടുക്കാമെന്നും മെക്രോവേവ് ഓവനില്‍ വെച്ച് വെള്ളം തളിച്ച് നാന്‍ ചൂടാക്കാമെന്നെല്ലാം കമന്റ് വന്നിട്ടുണ്ട്.