തൃശ്ശൂര്‍: സദ്യവട്ടങ്ങളിലൂടെ രുചിയുടെ ലോകം സൃഷ്ടിച്ച തൃശ്ശൂരിന്റെ സ്വന്തം പാചകവിദഗ്ധന്‍ വെളപ്പായ കണ്ണന്‍ സ്വാമി എന്ന കെ.എച്ച്. കൃഷ്ണന്‍(52) അന്തരിച്ചു. മൂന്നു പതിറ്റാണ്ടോളമായി പാചകരംഗത്ത് തുടരുന്ന അദ്ദേഹം കോട്ടപ്പുറത്തെ കണ്ണന്‍സ്വാമി കൃഷ്ണ കാറ്ററിങ് ഉടമയായിരുന്നു. അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ചൊവ്വാഴ്ച രാവിലെയാണ് അന്തരിച്ചത്.
പഴയ നടക്കാവിലെ വെളപ്പായ മഠം കുടുംബാംഗമായ കണ്ണന്‍സ്വാമി പാചകരംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ഈ മേഖലയെ ആധുനികീകരിക്കുന്നതില്‍ മുഖ്യപങ്കു വഹിക്കുകയും ചെയ്തിട്ടുണ്ട്. തിരുവിതാംകൂര്‍ മഹാരാജാവില്‍നിന്ന് പട്ടുംവളയും വാങ്ങിയ മുത്തച്ഛന്‍ വെളപ്പായ കൃഷ്ണയ്യരുടെയും പിതാവ് ഹരിഹരന്‍ എന്ന രാശാമണിയുടെയും പാത പിന്തുടര്‍ന്നാണ് അദ്ദേഹം പാചകരംഗത്തേക്കെത്തിയത്.
കലോത്സവങ്ങള്‍, ക്ഷേത്രോത്സവങ്ങള്‍, പള്ളിപ്പെരുന്നാളുകള്‍, ഭക്ഷ്യമേളകള്‍ എന്നിവയ്ക്ക് ഭക്ഷണം ഒരുക്കുന്നതിന് നേതൃത്വം നല്‍കി. പഴയനടക്കാവ് പാണ്ടിസമൂഹമഠം ട്രസ്റ്റ് ബോര്‍ഡ് അംഗമാണ്. അമ്മ: രാജലക്ഷ്മി. ഭാര്യ: കെ. മീനാക്ഷി. മക്കള്‍: രമ്യ(പാലക്കാട്), രാഹുല്‍(കൃഷ്ണ കാറ്ററിങ്). മരുമകന്‍: സൂരജ്(പാലക്കാട്). സംസ്‌കാരം ബുധനാഴ്ച ഒന്‍പതിന് തൃശ്ശൂര്‍ എം.ജി. റോഡിലെ ബ്രാഹ്‌മണശ്മശാനത്തില്‍.
പായസപ്രേമികളെ പ്രലോഭിപ്പിച്ച 'പാലടക്കണ്ണന്‍'
തൃശ്ശൂര്‍: കോട്ടപ്പുറത്തെ വൈദ്യുതിഭവനു സമീപമുള്ള കൃഷ്ണ കാറ്ററിങ്ങില്‍ വര്‍ഷത്തില്‍ 365 ദിവസവും മുടങ്ങാതെ ലഭിച്ചിരുന്നത് പാലടയായിരുന്നു. വെളപ്പായ കണ്ണനെന്ന കെ.എച്ച്. കണ്ണന്റെ മാസ്റ്റര്‍പീസായ പാലടപ്രഥമന്‍. വാങ്ങാനെത്തുന്നവരെല്ലാം കണ്ണന്‍ സ്വാമിയുടെ പാലട ഒരു ലിറ്റര്‍ കൂടുതല്‍ വാങ്ങും. രുചിമുകുളങ്ങളെ അത്രമാത്രം പ്രലോഭിപ്പിക്കുന്നതായിരുന്നു ആ പാലടമധുരം.
ലക്ഷക്കണക്കിനു പേരുടെ നാവില്‍ നിത്യേന രൂചിനിറച്ച അദ്ദേഹം പാചകരംഗത്ത് വ്യത്യസ്തങ്ങളായ വിഭവങ്ങള്‍ തയ്യാറാക്കുന്നതിലും മിടുക്കുകാട്ടി. ഓണക്കാലത്ത് പതിനായിരങ്ങള്‍ക്കാണ് ഇവിടെ ഓണസദ്യ ഒരുക്കാറുള്ളത്. സദ്യയ്ക്കുള്ള ബുക്കിങ് ആഴ്ചകള്‍ക്കു മുന്‍പേ പൂര്‍ത്തിയാകും. അത്തം മുതല്‍ കണ്ണന്‍ സ്വാമിയുടെ ഓണസദ്യ ആരംഭിക്കും. രാവിലെമുതലേ വിഭവങ്ങള്‍ വാങ്ങാനെത്തുന്നവരുടെ തിരക്ക് തുടങ്ങും.
പാരമ്പര്യവഴി പിന്തുടര്‍ന്ന് 1992-ല്‍ കാറ്ററിങ് രംഗത്തേയ്‌ക്കെത്തിയ അദ്ദേഹം തന്റെ സ്ഥാപനത്തില്‍ അത്യാധുനികസൗകര്യങ്ങളും സാങ്കേതികവിദ്യകളും കൊണ്ടുവന്ന് പുതിയ സാധ്യതകള്‍ കണ്ടെത്തി. 1994-ല്‍ ചെറുകിട യൂണിറ്റായാണ് കൃഷ്ണ കാറ്ററിങ് തുടങ്ങിയത്. ശുചിത്വവും ഗുണനിലവാരവും കണക്കിലെടുത്ത് 2016-ല്‍ ഇന്റര്‍നാഷണല്‍ ക്വാളിറ്റി മാനേജ്‌മെന്റ് പുരസ്‌കാരം ലഭിച്ചു. മൂന്നുവര്‍ഷം സി.ബി.എസ്.ഇ. കലോത്സവത്തിന്റെ അടുക്കള കൈകാര്യം ചെയ്യാനും അവസരം ലഭിച്ചു.
94-ല്‍ ശക്തന്‍സ്റ്റാന്‍ഡിനു സമീപമുണ്ടായ അപകടത്തില്‍ പരിക്കേറ്റ് രണ്ടാഴ്ചയോളം കിടപ്പായ അദ്ദേഹത്തിന്റെ ശരീരം വിശ്രമത്തെത്തുടര്‍ന്ന് വണ്ണംവെച്ചുതുടങ്ങി. 2006 ആയപ്പോഴേക്ക് 148 കിലോയിലെത്തി. വണ്ണം കുറയ്ക്കാനായി സ്വകാര്യ ആശുപത്രിയെ സമീപിച്ചെങ്കിലും ശസ്ത്രക്രിയ നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് വേണ്ടെന്നുവെച്ചു.
2006 ഡിസംബറിലെ ശബരിമലയാത്ര പമ്പയ്ക്കുസമീപം നിര്‍ത്തിവെക്കേണ്ടിവന്നു. ഏറെ വിഷമിപ്പിച്ച ഈ സംഭവത്തെത്തുടര്‍ന്ന് അദ്ദേഹം ഭക്ഷണം നിയന്ത്രിച്ചു. ഏറ്റവും പ്രിയപ്പെട്ട പപ്പടവും പായസവുംവരെ വേണ്ടെന്നുവെച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ ഭാരം 80 കിലോയില്‍ത്താഴെയായി. നാലുകൂട്ടം പായസവും വ്യത്യസ്തങ്ങളായ കറിക്കൂട്ടുകളും എന്നും കാണുന്ന പാചകപ്പുരയില്‍നിന്നാണ് നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ടുപോയത്. ഒടുവില്‍ തൃശ്ശൂരുകാരുടെ നാവും മനസ്സും വയറും നിറച്ച യാത്ര അവസാനിപ്പിച്ച് വെളപ്പായ കണ്ണന്‍ മടങ്ങി.
Content Highlights: Velappaya kannan swami life
Published: 20 Nov 2024, 08:09 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented