കണ്ണൂര്‍: ഭക്ഷണസാധനങ്ങള്‍ പാചകം ചെയ്യാന്‍ ഉപയോഗിച്ച എണ്ണ പുനരുപയോഗിക്കുന്നത് തടയാനുള്ള പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കും. ഒപ്പം, റീപര്‍പ്പസ് യൂസ്ഡ് കുക്കിങ് ഓയില്‍ (റൂക്കോ) പദ്ധതിയും കൂടുതല്‍ കാര്യക്ഷമമാക്കും. പഴകിയ പാചക എണ്ണ ബയോഡീസല്‍ നിര്‍മാണത്തിന് ലഭ്യമാക്കുന്ന ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പദ്ധതിയാണിത്.

To advertise here,

ഇതുവഴി പുനരുപയോഗം ഒഴിവാക്കാനാവും. പാചക എണ്ണ വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കും എന്നതിനാലാണ് ഇക്കാര്യത്തില്‍ ജാഗ്രത.

കടകളില്‍ ഉപയോഗിച്ച പാചക എണ്ണ പ്രത്യേകമായി സൂക്ഷിച്ച് ജൈവ ഡീസല്‍ ഉത്പാദിപ്പിക്കുന്ന കമ്പനികള്‍ക്ക് കൈമാറണമെന്നാണ് വ്യവസ്ഥ. ഹോട്ടലുകള്‍, ഭക്ഷണശാലകള്‍, മറ്റ് ഭക്ഷ്യ ഉത്പാദന യൂണിറ്റുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നാണ് എണ്ണ ശേഖരിക്കുന്നത്. ജില്ലയില്‍ ഒരുമാസം ശരാശരി 9094 ലിറ്റര്‍ എണ്ണയാണ് ശേഖരിക്കുന്നത്. നൂറിലേറെ കടകളില്‍നിന്നാണിത്. മൂന്ന് ഏജന്‍സികളാണ് ഉപയോഗശൂന്യമായ പാചക എണ്ണ വാങ്ങുന്നത്.

ഇത് ജൈവ ഡീസല്‍ ഉത്പാദകര്‍ക്ക് കൈമാറും. കേരളത്തില്‍ നാല് കമ്പനികള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിവിധ ഘട്ടങ്ങളിലെ നടപടിക്രമങ്ങള്‍ക്ക് ശേഷം ഇത് ജൈവ ഡീസല്‍ ആക്കിമാറ്റുന്നു. ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിറ്റിയും ബയോ ഡീസല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയും ചേര്‍ന്ന് രൂപം കൊടുത്ത പദ്ധതിയാണിത്.

ടോട്ടല്‍ പോളാര്‍ കോമ്പൗണ്ട്‌സ് (ടിപിസി) അളവ് പരിശോധിച്ചാണ് എണ്ണ ഉപയോഗയോഗ്യമാണോ എന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് നിശ്ചയിക്കുന്നത്. ഇത് 25 ശതമാനത്തില്‍ കൂടിയാല്‍ സുരക്ഷിതമല്ല. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) മാനദണ്ഡപ്രകാരമാണിത്. പ്രത്യേക ഉപകരണം ഉപയോഗിച്ചാണ് പരിശോധിക്കുക.

ഇത്തരത്തില്‍ ഈ വര്‍ഷം 160 സാമ്പിളുകളാണ് പരിശോധിച്ചത്. സുരക്ഷിതമല്ലാത്ത ആറ് സാമ്പിളുകള്‍ കണ്ടെത്തി നടപടിയെടുത്തു. ഒരിക്കല്‍ ഉപയോഗിച്ച് ബാക്കിയുള്ള എണ്ണയില്‍ പുതിയ എണ്ണ ചേര്‍ത്ത് വീണ്ടും പാചകത്തിനും വറവ് പലഹാരങ്ങള്‍ക്കും ഉപയോഗിക്കുന്നതായി പരിശോധനയില്‍ കണ്ടെത്താറുണ്ട്.

പലവട്ടം തിളച്ചാല്‍
പാചക എണ്ണ തിളയ്ക്കുമ്പോഴും പുകയുമ്പോഴും ഇതിന്റെ രാസഘടനയില്‍ മാറ്റംവരും. രാസമാറ്റങ്ങളുടെ ശൃംഖലയാണ് സംഭവിക്കുന്നത്. പലതവണ ചൂടാക്കുമ്പോള്‍ ട്രൈഗ്ലിസറൈഡുകള്‍ വിഘടിച്ച് ആല്‍ഡിഹൈഡുകള്‍ ഉണ്ടാകുന്നു. ഇത് പ്രോട്ടീനും ഡിഎന്‍എയുമായി ചേര്‍ന്ന് ക്ഷതമേല്‍പ്പിക്കുന്നു.

ചില കാന്‍സര്‍, അമിത രക്തസമ്മര്‍ദം, ഹൃദയാഘാതത്തിന് വിഴിവെക്കുന്ന ധമനികളിലെ ജരിതാവസ്ഥ, കരള്‍ രോഗം, ഓര്‍മ നഷ്ടമാവുന്ന അല്‍ഷിമേഴ്‌സ് രോഗം എന്നിവയ്‌ക്കൊക്കെ ഇത് വഴിയൊരുക്കാം.