വാഷിങ്ടണ്‍: റസ്റ്ററന്റില്‍ നിന്ന് വാങ്ങിയ സാലഡ് കഴിക്കുന്നതിനിടയില്‍ മനുഷ്യവിരലിന്റെ ഭാഗം ലഭിച്ചുവെന്നാരോപിച്ച് യുവതിയുടെ പരാതി. ന്യൂയോര്‍ക്കിലെ കനെക്ടികട്ടില്‍ മൗണ്ട് കിസ്‌കോയിലുള്ള റസ്റ്ററന്റിനെതിരേയാണ് അലിസണ്‍ കോസി എന്ന യുവതി പരാതി നല്‍കിയത്.

To advertise here,

സാലഡ് കഴിക്കുന്നതിനിടിയില്‍ മനുഷ്യവിരലിന്റെ ഭാഗം ചവയ്ക്കുന്നതായി അനുഭവപ്പെട്ടെന്ന് യുവതി പരാതിയില്‍ പറയുന്നു. ഇത് സാലഡിന്റെ ഭാഗമായിരുന്നുവെന്നും അവര്‍ പരാതിയില്‍ വിശദീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ഏപ്രില്‍ ഏഴിനാണ് റസ്റ്ററന്റില്‍ നിന്ന് സാലഡ് പാര്‍സല്‍ വാങ്ങിയത്. 

സാലഡില്‍ ഉപയോഗിക്കുന്ന അരഗുലയെന്ന ഇലക്കറി മുറിക്കുന്നതിനിടയിലാണ് ഹോട്ടല്‍ മാനേജരുടെ കൈവിരലിന്റെ ചെറിയൊരു ഭാഗം സാലഡിലേയ്ക്ക് വീണതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. അദ്ദേഹം ചികിത്സ നേടിയെങ്കിലും വിരലിന്റെ ഭാഗം കലര്‍ന്ന സാലഡ് ഉപഭോക്താക്കള്‍ക്ക് നല്‍കിയെന്നതാണ് പരാതി. 

സംഭവത്തില്‍ അന്വേഷണം നടത്തിയ വെസ്‌ചെസ്റ്റര്‍ കൗണ്ടി ഡിപാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത്, റസ്റ്ററന്റിന് 900 ഡോളറാണ് പിഴയിട്ടിരിക്കുന്നത്. ഇത്തരത്തിലുള്ള സാലഡ് കഴിച്ചതിനെത്തുടര്‍ന്ന് തനിക്ക് പാനിക് അറ്റാക്ക്, മൈഗ്രേന്‍, ഛര്‍ദ്ദി, തലകറക്കം, ശരീരവേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടായതായും യുവതി പരാതിയില്‍ വിശദീകരിച്ചു. 

ഇത്തരത്തിലുള്ള അലംഭാവത്തിനെതിരേ ബോധവത്ക്കരണം എന്ന ലക്ഷ്യത്തിലാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. ഭക്ഷണം ഉണ്ടാക്കുന്നതിലും നല്‍കുന്നതിലും കാണിക്കേണ്ട പൊതുമര്യാദകളെ മുന്‍നിര്‍ത്തിയുള്ളതാണ് യുവതിയുടെ പരാതി.