ഇൻസ്റ്റാമാർട്ടിലൂടെ സാധനങ്ങൾ ഓർഡർ ചെയ്യുന്നവരുടെ എണ്ണം കൂടിവരികയാണ്. പാൽ വാങ്ങാനോ എന്തെങ്കിലും അടിയന്തര സാധനം കിട്ടാനോ വേണ്ടിയുള്ള ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന ഈ ഡെലിവെറി സംവിധാനം ഇപ്പോൾ ദൈനംദിന പാചകം, ലഘുഭക്ഷണം എന്നിവയ്ക്കായിപോലും ഉപയോഗിക്കുന്നു. സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിന്റെ പുതിയ വാർഷിക ഓർഡർ വിശകലനമായ 'How India Instamarted 2025'-ൽ കഴിഞ്ഞ വർഷം രാജ്യത്തുടനീളം നൽകിയ ലക്ഷക്കണക്കിന് ഓർഡറുകളെ കുറിച്ച് പറയുന്നു.

To advertise here,

റിപ്പോർട്ട് അനുസരിച്ച് ഇപ്പോഴും പാൽ തന്നെയാണ് ഓർഡറുകളിൽ പ്രധാനപ്പെട്ട ഒരു സാധനം. ഓരോ സെക്കന്റിലും നാല് പാക്കറ്റിൽ കൂടുതൽ പാൽ എന്ന കണക്കിലാണ് ഓർഡർ ചെയ്തിരിക്കുന്നത്. ഇത് ഒളിമ്പിക്‌സിലെ 26000 നീന്തൽക്കുളങ്ങൾ നിറയ്ക്കാനുള്ള അത്രയും അളവ് പാൽ വരും. ചീസിനേക്കാൾ അമ്പത് ശതമാനത്തിൽ കൂടുതൽ വിറ്റഴിക്കപ്പെട്ടത് പനീറാണ്. ലഘുഭക്ഷണങ്ങളുടെ കാര്യത്തിൽ ഇന്ത്യയിലെ പത്ത് വലിയ നഗരങ്ങളിൽ ഒമ്പതിലും രാത്രി വൈകിയുള്ള ഓർഡറുകളിൽ മസാല ചിപ്‌സ് ആണ് ഒന്നാം സ്ഥാനത്തുള്ളത്.

പാചകത്തിന് ആവശ്യമായ സാധനങ്ങളിൽ കറിവേപ്പില, തൈര്, മുട്ട എന്നിവയാണ് ഓർഡർ ചെയ്തവയിൽ പ്രധാനപ്പെട്ടത്. കൊച്ചിയിലുള്ള ഒരു ഉപഭോക്താവ് ഒരു വർഷത്തിൽ 368 തവണയാണ് കറിവേപ്പിലെ ഓർഡർ ചെയ്തത്. ഏകദേശം ഒരു ദിവസം ഒരു തവണ എന്ന കണക്കിലാണ് ഇത് വരിക. ബെംഗളൂരിൽ നിന്നുള്ള ഒരു ഉപഭോക്താവ് നൂഡിൽസിനായി മാത്രം 4.36 ലക്ഷം രൂപയാണ് ചെലവഴിച്ചത്. മുംബൈയിലെ ഒരാൾ റെഡ്ബുൾ ഷുഗർ ഫ്രീക്കായി 16.3 ലക്ഷം രൂപയും ചെലവഴിച്ചു. ബെംഗളൂരിൽനിന്ന് മറ്റൊരു രസകരമായ ഓർഡറുമുണ്ട്. 1.7 ലക്ഷം രൂപയുടെ ഐ ഫോണിനൊപ്പം ഇയാൾ 178 രൂപയുടെ നാരങ്ങ സോഡയും ഓർഡർ ചെയ്തു. പ്രോട്ടീൻ അടങ്ങിയ തൈരുകളും റെഡി ടു ഡ്രിങ്ക് ഷേക്കുകളും വാങ്ങാനായി 2.8 ലക്ഷം രൂപ ചെലവഴിച്ച ഉപഭോക്താവുള്ളത് നോയിഡയിലാണ്.

ഭക്ഷണ ട്രെൻഡുകളിൽ മാറ്റം വന്നിട്ടും ഇന്ത്യയുടെ പ്രിയപ്പെട്ട പാനീയമായി ചായ തുടരുകയാണ്. ആദ്യത്തെ പത്ത് നഗരങ്ങളിൽ ഓർഡർ ചെയ്ത ഓരോ കപ്പ് കാപ്പിക്കും അനുസരിച്ച് ഇന്ത്യക്കാർ 1.3 കപ്പ് ചായയാണ് കുടിച്ചത്. ഇന്ത്യയിലെ ഏറ്റവും സജീവമായ ഇൻസ്റ്റാമാർട്ട് ഉപയോക്താക്കളെയും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. 1,000 ഓർഡറുകൾ പിന്നിട്ട പവർ ഷോപ്പറുകൾ കൊൽക്കത്ത (1,197 ഓർഡറുകൾ), മുംബൈ (1,142), കൊച്ചി (1,089), ഗുരുഗ്രാം (1,033) തുടങ്ങിയ നഗരങ്ങളാണ്. രാവിലേയും വൈകുന്നേരവുമാണ് കൂടുതൽ ഓർഡറുകളും ലഭിച്ചിട്ടുള്ളത്.

ഏറ്റവും കൂടുതൽ പണം ചെലഴിച്ച ഉപയോക്താവ് ഓർഡർ ചെയ്തത് ഒരു വർഷം 22 ലക്ഷം രൂപയുടെ സാധനങ്ങളാണ്. ഐ ഫോണും സ്വർണനാണങ്ങളും മുതൽ പാൽ, മുട്ട, ഐസ്‌ക്രീം, പഴങ്ങൾ എന്നിവര വരെ ഇതിൽ ഉൾപ്പെടും. ഏറ്റവും ചെറിയ ഓർഡർ 10 രൂപയുടെ പ്രിന്റ് ഔട്ടാണ്. ഇത് ബെംഗളൂരുവിൽ നിന്നുള്ള ഓരാളാണ് ഓർഡർ ചെയ്തത്.