ഫിറ്റനസിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചചെയ്യരുതെന്ന് പലവേദികളിലും സംസാരിച്ച നടിയാണ് തമന്ന ഭാട്ടിയ. നടിയുടെ ശ്രദ്ധേയമായ ശരീരഭാരം കുറയ്ക്കല്‍ നിരവധി ഫിറ്റ്‌നസ് പ്രേമികള്‍ക്ക് പ്രചോദനമായിക്കൊണ്ടിരിക്കുകയാണ്. കഠിനമായ ശാരീരിക പരിശീലനത്തിലൂടെ മാത്രമല്ല തമന്ന ഭാരം കുറച്ചത്. സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണക്രമമാണ് ഇതിന് കാരണമെന്ന് തമന്ന പറയുന്നു.

To advertise here,

ഫിറ്റ്‌നസ് നേടാന്‍ അവരെ ഏറ്റവും കൂടുതല്‍ സഹായിച്ചത് തന്റെ ദൈനംദിന പ്രഭാതഭക്ഷണ ശീലത്തിലെ ഒരു ഇന്ത്യന്‍ വിഭവമാണെന്ന് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് തമന്ന.

താന്‍ ദിവസവും പ്രഭാതഭക്ഷണമായി പോഹ കഴിക്കാറുണ്ടെന്നും ഇത് തന്റെ ശരീരഭാരം കുറയ്ക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചെന്നും തമന്ന പറഞ്ഞു. ഗുണപരമായ നിരവധി ഘടകങ്ങളടങ്ങിയ, നാരുകള്‍ ധാരാളമുള്ള പോഹ കഴിച്ചാല്‍ കൂടുതല്‍ നേരം വയറുനിറഞ്ഞതായി തോന്നാനും ദിവസം മുഴുവന്‍ ഊര്‍ജസ്വലയായിരിക്കാനും സഹായിക്കുമെന്ന് തമന്ന പറയുന്നു.

സുസ്ഥിരമായ ശരീരഭാരം നിയന്ത്രിക്കുന്നതിലും മൊത്തത്തിലുള്ള ആരോഗ്യത്തിനും പോഹ വഹിക്കുന്ന പങ്കിനെക്കുറിച്ച് സംസാരിക്കവെ താന്‍ അതെങ്ങനെയാണ് അത് കഴിച്ചിരുന്നതെന്നും തമന്ന പങ്കുവെച്ചു. 'ഉരുളക്കിഴങ്ങ് ചേര്‍ത്താണ് പോഹയുണ്ടാക്കുക. അധികം ചേരുവകളൊന്നും ഇല്ലാത്ത പ്ലെയിന്‍ ആയ പോഹയാണ് കഴിക്കാറ്,' തമന്ന വിശദീകരിച്ചു.

ഇടയ്ക്ക്, ശരീരഭാരം കുറയ്‌ക്കേണ്ടിവന്നപ്പോഴാണ് ധാരാളം മുളപ്പിച്ച പയര്‍വര്‍ഗങ്ങളും പോഹയും കഴിക്കാന്‍ തുടങ്ങിയതെന്നും പോഹക്കൊപ്പം മുളപ്പിച്ച പയര്‍വര്‍ഗങ്ങള്‍ കൂടി ചേര്‍ത്താല്‍ അത് ശരീരഭാരം കുറയ്ക്കാന്‍ വളരെ നല്ലതാണെന്നും തമന്ന കൂട്ടിച്ചേര്‍ത്തു.

പോഷകസമൃദ്ധമായ പോഹക്കൊപ്പം വിറ്റാമിനുകള്‍, ധാതുക്കള്‍, നാരുകള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമായ മുളപ്പിച്ച പയര്‍വര്‍ഗങ്ങള്‍ ചേര്‍ക്കുമ്പോള്‍, അത് ദഹനം മെച്ചപ്പെടുത്തുകയും ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുകയും പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

ഇതാദ്യമായല്ല തമന്ന ഭാട്ടിയ തന്റെ ഭക്ഷണ രഹസ്യങ്ങള്‍ ആരാധകരുമായി പങ്കുവെക്കുന്നത്. തന്റെ ചര്‍മ സംരക്ഷണത്തില്‍ ഭക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും തമന്ന മുമ്പ് സംസാരിച്ചിട്ടുണ്ട്. പാല്‍, ഗ്ലൂട്ടന്‍ ഉത്പന്നങ്ങള്‍ എന്നിവ തനിക്ക് അലര്‍ജിയാണെന്ന് മുന്‍പ് തമന്ന വെളിപ്പെടുത്തിയിരുന്നു.

''നല്ല ചര്‍മത്തിന് നല്ല ഭക്ഷണക്രമം സഹായിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ഉദാഹരണത്തിന്, പലര്‍ക്കും അവര്‍ക്കറിയാത്ത ഭക്ഷണസംബന്ധമായ അലര്‍ജികളുണ്ട്. വര്‍ഷങ്ങളോളം, എനിക്ക് ഗ്ലൂട്ടനും ഡയറിയും ചേരില്ലെന്ന് എനിക്കറിയില്ലായിരുന്നു. പലതും പരീക്ഷിച്ച് നോക്കിയാണ് ഞാനത് കണ്ടെത്തിയത്. ഞാന്‍ പലതരം ഭക്ഷണക്രമങ്ങളും സമീപനങ്ങളും പരീക്ഷിച്ചു. 'ഗ്ലൂട്ടന്‍, പാല്‍ ഉത്പ്പന്നങ്ങള്‍ എന്നിവ കഴിക്കാത്തപ്പോള്‍ എന്റെ ചര്‍മം മെച്ചപ്പെടുന്നുവെന്ന്' അപ്പോഴാണ് എനിക്ക് മനസ്സിലായത്.