വെജ് സാൻഡ്‌വിച്ച് ഓർഡർ ചെയ്തപ്പോൾ അതിൽ ചെമ്മീൻ കഷണങ്ങൾ കണ്ടെത്തിയ സംഭവത്തിൽ ഉപഭോക്താവിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ച് ബെംഗളൂരുവിലെ ഉപഭോക്തൃ കമ്മീഷൻ. ഭക്ഷണം എത്തിച്ചു നൽകിയ ഫുഡ് ഡെലവറി ആപ്പായ സ്വിഗ്ഗിയും പാരിസ് പാനിനി റസ്റ്ററൻ്റും ചേർന്ന് ഈ തുക നൽകണമെന്നാണ് കമ്മീഷന്റെ ഉത്തരവ്. നിഷ ജി എന്ന യുവതിയാണ് പരാതിക്കാരി.
വീഗനിസം പിന്തുടരുന്ന ആളാണ് നിഷ. 2024 ജൂലായ് 10ന് സ്വിഗ്ഗി വഴി പാരിസ് പാനിനി എന്ന റസ്റ്ററൻ്റിൽ നിന്ന് ഓർഡർ ചെയ്ത സാൻഡ്‌വിച്ചിനുള്ളിൽ ചെമ്മീൻ കഷണങ്ങൾ ഉണ്ടായിരുന്നതായി കഴിച്ചപ്പോഴാണ് നിഷ കണ്ടെത്തിയത്. ഇത് മാനസികാഘാതമുണ്ടാക്കിയെന്നും ശുദ്ധീകരണ ആചാരങ്ങൾ നടത്തിയെന്ന് പരാതിയിൽ പറയുന്നു.
പിറ്റേ ദിവസം റസ്റ്റോറന്റിലെത്തിയപ്പോൾ മാനേജർ തെറ്റ് സമ്മതിക്കുകയും തിരക്ക് കാരണമാണെന്ന് പറഞ്ഞ് പകരം സാൻഡ്‌വിച്ച് നൽകാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ യുവതി തുടർ നടപടികളിലേക്ക് കടക്കുകയായിരുന്നു. ജൂലായ് 20ന് അയച്ച ലീഗൽ നോട്ടീസിന് മറുപടി ലഭിക്കാതെ വന്നതോടെ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഓഗസ്റ്റ് 22- ന് സ്വിഗ്ഗിക്കും റെസ്റ്ററന്റിനുമെതിരേ ഉപഭോക്തൃ കോടതിയിൽ പരാതി നൽകി.
തങ്ങൾ വെറും ടെക്നോളജി പ്ലാറ്റ്‌ഫോമാണെന്നും ഉപഭോക്താവും റസ്റ്ററന്റും തമ്മിലാണ് കരാറെന്നും സ്വിഗ്ഗി വാദിച്ചു. പാരിസ് പാനിനി തെറ്റ് സമ്മതിച്ചെങ്കിലും തങ്ങൾ വെജ്-നോൺവെജ് ഭക്ഷണം ഒരുമിച്ച് വിളമ്പുന്ന റസ്റ്ററന്റായതിനാൽ തന്നെ ‘ശരിക്കുള്ള വീഗൻ’ തങ്ങളുടെ കടയിൽ നിന്ന് ഓർഡർ ചെയ്യില്ലായിരുന്നുവെന്ന് വാദിച്ചു. എന്നാൽ ഇരുകക്ഷികളുടെയും വാദങ്ങൾ തള്ളിയ കമ്മീഷൻ, ‘മതം, സംസ്കാരം, ആരോഗ്യം അല്ലെങ്കിൽ വ്യക്തിപരമായ തിരഞ്ഞെടുപ്പ് കാരണം ഭക്ഷണനിയന്ത്രണമുള്ള ഒരാൾക്ക് നോൺ-വെജിറ്റേറിയൻ ഭക്ഷണം അബദ്ധവശാൽ നൽകുന്നത് നിസ്സാരമായി കാണാനാവില്ലെന്നും ഇതിന് വൈകാരികവും മതപരവും മാനസികവുമായ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും ചൂണ്ടിക്കാട്ടിയാണ് നഷ്ടപരിഹാരം നൽകാൻ വിധിച്ചത്.
സ്വിഗ്ഗിയും റെസ്റ്ററന്റും ചേർന്ന് 50,000 രൂപ നഷ്ടപരിഹാരമായും 50,000 രൂപ മാനസികമായുണ്ടായ ബുദ്ധിമുട്ടിനും 5,000 രൂപ കോടതി ചെലവിനും 146 രൂപ സാൻഡ്‌വിച്ച് തുക തിരിച്ചുനൽകണമെന്നും (12% പലിശ സഹിതം) കമ്മീഷൻ ഉത്തരവിടുകയായിരുന്നു.
Content Highlights: Bengaluru consumer commission orders Swiggy & Paris Panini to pay Rs 1 Lakh to a vegan woman after finding prawn pieces in her sandwich.
Published: 20 Nov 2025, 12:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented