ന്ത്യന്‍ ക്രിക്കറ്റ് താരം സര്‍ഫറാസ് ഖാന്‍ കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ചിത്രം വൈറലായിരുന്നു. ശരീരഭാരം കുറച്ച് പുതിയ ലുക്കില്‍ നില്‍ക്കുന്ന തന്റെ ചിത്രമാണ് സര്‍ഫറാസ് പങ്കുവെച്ചിരുന്നത്. കഴിഞ്ഞ രണ്ടു മാസത്തെ കഠിന പരിശ്രമത്തിനൊടുവിലാണ് താരം 17 കിലോ കുറച്ചത്.  ഇതെങ്ങനെ സാധിച്ചുവെന്ന് വെളിപ്പെടുത്തിക്കൊണ്ട് സര്‍ഫറാസിന്റെ പിതാവ് നൗഷാദ് ഖാന്‍ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു.

To advertise here,

ചിട്ടയായ ഡയറ്റാണ് ശരീരഭാരം കുറയ്ക്കാന്‍ സര്‍ഫറാസിനെ സഹായിച്ചതെന്നാണ് ഒരു ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സര്‍ഫറാസിന്റെ പിതാവ് പറഞ്ഞത്. 

ഞങ്ങള്‍ ഭക്ഷണം ഒരുപാട് നിയന്ത്രിച്ചു. റോട്ടി(ചപ്പാത്തി പോലുള്ള വിഭവം), ചോറ് എന്നിവയെല്ലാം കഴിക്കുന്നത് നിര്‍ത്തി. ഒന്നരമാസത്തോളം അതൊന്നും കഴിച്ചില്ല. ബ്രോക്കളി, കാരറ്റ്, കക്കരി, സാലഡ്, പച്ചക്കറി സാലഡ് എന്നിവയെല്ലാമാണ് ഞങ്ങള്‍ കഴിച്ചത്. അതൊടൊപ്പം ഗ്രില്‍ ചെയ്ത മീനും ചിക്കനും ബോയില്‍ചെയ്ത ചിക്കനും മുട്ടയുമെല്ലാം കഴിച്ചു. മാത്രമല്ല ഗ്രീന്‍ ടീ, ഗ്രീന്‍ കോഫി എന്നിവയും കുടിക്കുമായിരുന്നു, പിതാവ് നൗഷാദ് ഖാന്‍ പറഞ്ഞു. 

അവൊക്കാഡോ, മുളപ്പിച്ച ചെറുപയര്‍ എന്നിവയെല്ലാം കഴിച്ചിരുന്നു. എന്നാല്‍ റോട്ടി, ചോറ്, പഞ്ചസാര, മൈദ, ബേക്കറി പലഹാരങ്ങള്‍ എന്നിവ പാടേ ഒഴിവാക്കി, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഗ്രീന്‍ കോഫി
സര്‍ഫറാസിന്റെ ഡയറ്റില്‍ ഉള്‍പ്പെടുത്തിയ ഗ്രീന്‍ കോഫി എന്താണെന്ന് അറിയാമോ? ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഗ്രീന്‍ കോഫി ഉപയോഗിക്കാറുണ്ട്. റോസ്റ്റ് ചെയ്യാത്ത കാപ്പിയാണ് ഗ്രീന്‍ കോഫി. ഇതില്‍ വറുത്തെടുത്ത കാപ്പിക്കുരുക്കളേക്കാള്‍ കൂടിയ അളവില്‍ ക്ലോറോജെനിക് ആഡിഡ് (സിജിഎ) അടങ്ങിയിട്ടുണ്ട്. ഇതിന് ഒരുപാട് പോഷകഗുണങ്ങളുണ്ട്. 

റോസ്റ്റ് ചെയ്ത കാപ്പിക്കുള്ള മണമോ ചുവയോ ഈ കാപ്പിക്ക് ഉണ്ടാകില്ല. എന്നാല്‍ ആന്റി ഓക്‌സിഡന്റുകളടങ്ങിയ ഗ്രീന്‍ കോഫി ആരോഗ്യത്തിന്‌ നല്ലതാണെന്ന് ചില പഠനങ്ങള്‍ പറയുന്നു. 

ഗ്രീന്‍ കോഫി ബീന്‍ എക്‌സ്ട്രാക്റ്റിലെ ക്ലോറോജനിക് ആസിഡ് ശരീരഭാരവും കൊഴുപ്പും കുറയ്ക്കുമെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഗ്രീന്‍ കോഫിയിലെ ആന്റി ഓക്‌സിഡന്റുകള്‍ കൊളാജന്‍ കൂട്ടുകയും ഇന്‍ഫ്‌ളമേഷന്‍ കുറയ്ക്കുകയും ചെയ്യുന്നു. ഇത് ചര്‍മം ആരോഗ്യത്തോടെയിരിക്കാന്‍ സഹായിക്കും. രക്തസമ്മര്‍ദവും കൊളസ്‌ട്രോളും കുറയ്ക്കാനും നല്ലതാണ്. 

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)