ഏറെ ആരാധകരുള്ള ഡ്രൈ ഫ്രൂട്ടാണ് ബദാം. ആരോഗ്യ ഗുണങ്ങളിലും പിന്നിലല്ല. എന്നാൽ ബദാം ഉൾപ്പടെയുള്ള നട്സുമായി ബന്ധപ്പെട്ട് പല തെറ്റിധാരണകളും അടുത്തിടെയായി പ്രചാരത്തിലുണ്ട്. ബദാം, വാൽനട്ട്, പിസ്ത തുടങ്ങിയ നട്സ് കഴിക്കുന്നതിന് മുമ്പ് ഏറെ നേരം വെള്ളത്തിൽ കുതിർക്കണം എന്ന പ്രചാരണം നിരവധി ഇൻഫ്ലുവൻസർമാർ നടത്തുന്നുണ്ട്. എന്നാൽ ഇത് വാസ്തവമാണോ?
നട്സിൽ അടങ്ങിയ ഫൈറ്റേറ്റുകൾ (phytates) കുറയ്ക്കാൻ കുതിർക്കൽ സഹായിക്കുമെന്നാണ് ഇവരിൽ ഭൂരിഭാഗംപേരും പറയുന്നത്. ഈ പ്രവൃത്തി സിങ്ക്, കാൽസ്യം, ഇരുമ്പ് തുടങ്ങിയ സൂക്ഷ്മപോഷകങ്ങളുടെ ആഗിരണം മെച്ചപ്പെടുത്തുമെന്നും വാദമുണ്ട്. കുതിർക്കാത്ത നട്സ് കഴിച്ചാൽ ദഹനപ്രശ്നങ്ങൾ, രോഗങ്ങൾ, മറ്റ് പല പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് മറ്റു ചിലർ പ്രചരിപ്പിക്കുന്നുണ്ട്.
എന്നാൽ ഫൈലേറ്റുകളുടെ സാന്നിധ്യം കുതിർക്കലിലൂടെ കുറയ്ക്കാൻ കഴിയുമോ എന്ന് പരിശോധിക്കാൻ ശാസ്ത്രീയ പഠനങ്ങൾ നടന്നിട്ടുണ്ട്. നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിലാണ് ഇതുമായി ബന്ധപ്പെട്ട പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. പഠനത്തിൽ വിവിധ സമയങ്ങളിൽ, ഉപ്പ് ചേർത്തും ചേർക്കാതെയും ബദാം കുതിർത്ത്, ഹൈ-പെർഫോമൻസ് ലിക്വിഡ് ക്രോമാറ്റോഗ്രാഫി (HPLC) ഉപയോഗിച്ച് ഫൈറ്റേറ്റുകളുടെയും ധാതുക്കളുടെയും അളവ് അളന്നു.
നട്സിലെ ഫൈറ്റേറ്റുകളുടെയും ധാതുക്കളുടെയും അളവിൽ കുതിർക്കലിന് ശേഷം യാതൊരു മാറ്റവും ഉണ്ടായില്ല എന്നാണ് പഠനത്തിൽ പറയുന്നത്. കൂടാതെ കുതിർക്കുമ്പോൾ ചില ധാതുക്കൾ ചെറിയ അളവിൽ നഷ്ടപ്പെടുന്നുണ്ടെന്നും കണ്ടെത്തി. കുതിർത്ത് കഴിക്കാൻ താത്പര്യമുള്ളവർക്ക് അങ്ങനെ കഴിക്കാമെങ്കിലും വെള്ളത്തിൽ കുതിർത്താൽ പോഷകങ്ങൾ കൂടുമെന്ന വാദം തെറ്റാണെന്ന് പഠനം സൂചിപ്പിക്കുന്നു.
ബദാമിൻ്റെ ആരോഗ്യ ഗുണങ്ങൾ
കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നു
ചുവന്ന രക്താണുക്കളിലെ വിറ്റാമിന്‍ ഇയുടെ അളവ് ഉയര്‍ത്താന്‍ ബദാം സഹായിക്കുന്നു.
ഹൃദയാരോഗ്യത്തിന്
ബദാം കഴിക്കുന്നത് ശീലമാക്കിയവരില്‍ കൂടുതല്‍ ആന്റിഓക്‌സിഡന്റ് അടങ്ങിയിരിക്കുന്നതായി പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദം നിയന്ത്രിക്കുകയും രക്തചംക്രമണം തടസ്സങ്ങളില്ലാതെ നടത്തുകയും ചെയ്യുന്നു.
പ്രമേഹം നിയന്ത്രിക്കുന്നു
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത് ഏറെ സഹായിക്കുന്നവയാണ് ബദാം. ബദാമില്‍ ധാരാളമായി കണ്ടുവരുന്ന മഗ്നീഷ്യം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. ടൈപ്പ് 2 പ്രമേഹരോഗികള്‍ക്ക് നിശ്ചിത അളവില്‍ ദിവസവും ബദാം കഴിക്കുന്നത് ഏറെ ഗുണം ചെയ്യും.
രക്തസമ്മര്‍ദം കുറയ്ക്കുന്നു
ശരീരത്തില്‍ മഗ്നീഷ്യത്തിന്റെ അളവ് കുറയുന്നത് രക്തസമ്മര്‍ദം വര്‍ധിപ്പിക്കുന്നു. ഇത് ഹൃദയാഘാതം, മസ്തിഷ്‌കാഘാതം തുടങ്ങിയവയ്ക്ക് വഴിവെക്കുന്നു. ബദാമിലെ മഗ്നീഷ്യത്തിന്റെ അളവ് രക്തസമ്മര്‍ദം നിയന്ത്രിച്ച് നിര്‍ത്താന്‍ സഹായിക്കുന്നു.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)
Content Highlights: Debunking myths about soaking almonds.
Published: 24 Jul 2025, 06:31 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented