ഗായകൻ, സംഗീത സംവിധായകൻ എന്നീ പേരുകളിലാണ് ശങ്കർ മഹാദേവനെ പലരും അറിയുന്നുണ്ടാകുക. എന്നാൽ 'ഫുഡിയായ' ശങ്കറിന്റെ രുചി ലോകവും ഇപ്പോൾ ശ്രദ്ധനേടുകയാണ്. കൊറിയോഗ്രാഫറും സംവിധായികയുമായ ഫറാ ഖാൻ ശങ്കർ മാഹാദേവിൻ്റെ വീട്ടിലെത്തി നടത്തിയ അഭിമുഖത്തിലാണ് തൻ്റെ ഭക്ഷണ വിശേഷങ്ങൾ അദ്ദേഹം പങ്കുവെക്കുന്നത്. 

To advertise here,

ഭക്ഷണ പ്രിയനായ താൻ പുതിയ റസ്റ്ററൻ്റ്  ശൃംഖല ആരംഭിക്കുന്നതിനെ കുറിച്ചും അദ്ദേഹം പങ്കുവെക്കുന്നുണ്ട്. തന്റെ അതിഥികൾക്കായി പോട്ട്ലി പ്രോൺ ബിരിയാണിയും തയ്യാറാക്കി നൽകുന്നുണ്ട്. പ്രത്യേക മസാലയിൽ മാരിനേറ്റ് ചെയ്ത് പൊരിച്ചെടുത്ത കൊഞ്ച്, വേവിച്ച ചോറിനൊപ്പം വാഴയിലയിൽ കിഴികെട്ടിയാണ്  പോട്ട്ലി പ്രോൺ ബിരിയാണി തയ്യാറാക്കുന്നത്. കിഴി എന്നർഥം വരുന്ന ഹിന്ദി വാക്കാണ് പോട്ട്ലി. ആന്ധ്രാ പ്രദേശാണ് വിഭവത്തിൻ്റെ ഉറവിടം. വെളുത്തുളളി, മല്ലിയില, പച്ചമുളക്, നാരങ്ങ, ഉപ്പ് എന്നിവ ചേർത്ത് തയ്യാറാക്കിയ ചമ്മന്തിയും ശങ്കർ തയ്യാറാക്കുന്നുണ്ട്.  ഇതിൽ എക്സ്പേർട്ടാണല്ലോ എന്ന് ഫറ അഭിനന്ദിക്കുമ്പോൾ കുക്കിങ് തൻ്റെ പാഷനാണെന്ന് ശങ്കർ പ്രതികരിക്കുന്നുണ്ട്. 

ഭക്ഷണം കഴിക്കാനും പാചകം ചെയ്യാനും തത്പരനായ ശങ്കറിൻ്റെ റസ്റ്ററൻ്റ് തീമും പേരും ശ്രദ്ധേയമാണ്. 

എഴുത്തുകാരൻ ആർ.കെ. നാരായണന്റെ കഥകളിലെ സാങ്കൽപ്പിക ഗ്രാമമായ മാൽഗുഡിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് റസ്റ്ററൻ്റ് ആരംഭിക്കുന്നത്. മുംബൈയിലെ ചെമ്പൂർ, ബോരിവലി, ലോവർ പരേൽ എന്നിവിടങ്ങളിലാണ് 'മാൽഗുഡി' എന്ന പേരുള്ള റസ്റ്റോറന്റ് ശൃംഖല ആരംഭിക്കുന്നത്. ശങ്കറിന്റെ ഭാര്യ സംഗീത ശങ്കർ മഹാദേവനെയും മക്കളായ സിദ്ധാർത്ഥിനെയും ശിവത്തിനെയും ഫറയുടെ വീഡിയോയിൽ കാണാം. ഈ ഓഗസ്റ്റിൽതന്നെ 'മാൽഗുഡി' റസ്റ്റോറന്റുകൾ ഉദ്ഘാടനം ചെയ്യുമെന്ന് ശങ്കർ പറയുന്നുണ്ട്. മെനുവിലെ എല്ലാ വിഭവങ്ങളും ശങ്കർ തന്നെ ക്യൂറേറ്റ് ചെയ്തതാണെന്ന പ്രത്യേകതയുമുണ്ട്.

"100 വർഷം പഴക്കമുള്ള മുൽബാഗൽ ദോശ ഞങ്ങൾ വിളമ്പും. ഇത് ആദ്യമായി രുചിക്കുന്നവർക്ക് മികച്ച അനുഭവമായിരിക്കും", ശങ്കർ മഹാദേവൻ പറഞ്ഞു. ശങ്കറിന്റെ ദക്ഷിണേന്ത്യൻ റസ്റ്ററന്റ് സന്ദർശിക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് ഫറായും പറയുന്നുണ്ട്.