പനങ്ങാട്: ജപ്പാനിലെ ടോക്യോ സ്വദേശിയായ റ്റാക്ക് ഷികമായുടെ 'സാക്കുറ കോമിച്ചി' റസ്റ്ററന്റിന്റെ സ്റ്റാളിലെ രണ്ട് വിഭവങ്ങൾ രുചിക്കാൻ തിരക്കേറെയാണ്. മിസോസൂപ്പും (കടൽപ്പായൽ സൂപ്പ്), ഷിയോകൊമ്പു ഒനിഗിരി (ഉപ്പിലിട്ട കടൽപ്പായൽ-അരി വിഭവം)യുമാണ് സാക്കുറ കോമിച്ചിയിലെ സ്റ്റാർ വിഭവങ്ങൾ. ഇത് കഴിക്കാൻ ജപ്പാനിലേക്കു പോകേണ്ട, കൊച്ചിയിലെ ഫിഷറീസ് സർവകലാശാലയിലേക്കു വന്നാൽ മതി. ഇവിടെ നടക്കുന്ന 'കടൽപ്പായലും നീലസമ്പദ്‌വ്യവസ്ഥയും' എന്ന ശാസ്ത്രസമ്മേളനത്തോടനുബന്ധിച്ചുള്ള പ്രദർശനമേളയിലാണ് ഈ കടൽപ്പായൽ ഭക്ഷ്യവിഭവങ്ങളുള്ളത്. പ്രദർശനം ശനിയാഴ്ച സമാപിക്കും.
വിവിധയിനം കടൽപ്പായലിനങ്ങളെ (സീവീഡ്) പരിചയപ്പെടുന്നതിനും സീവീഡ് വിഭവങ്ങൾ രുചിക്കുന്നതിനുമുള്ള അവസരമാണ് ഫിഷറീസ് സർവകലാശാല ഒരുക്കുന്നത്. റ്റാക്ക് ഷികമായുടെ മകനായ കൗകി ഷികമാ ഫിഷറീസ് സർവകലാശാലയിലെ മത്സ്യശാസ്ത്ര ബിരുദ വിദ്യാർഥിയാണ്. ഇതുകൂടാതെ ഒട്ടേറെ ജാപ്പനീസ് വിഭവങ്ങൾ 'സാക്കുറ കോമിച്ചി' റസ്റ്ററന്റിലുണ്ട്.
ഫിഷറീസ് സർവകലാശാലയുടെ പ്രദർശനസ്റ്റാളിൽ കടൽപ്പായലിൽനിന്നുള്ള പിസ്ത, നൂഡിൽസ്, ബോബ്ബാ ചായ, പലയിനം ചോക്ലേറ്റ്‌സ്, ബിസ്‌കറ്റുകൾ, അച്ചാറുകൾ, ജാമുകൾ, ജപ്പാനിലെ പ്രശസ്തമായ സുഷി പൊതിയുന്ന നോറി ഷീറ്റ് അഥവാ ലാവർ എന്നിവയുണ്ട്. ഇതുകൂടാതെ, 15-ലധികം കടൽപ്പായലിനങ്ങളും ഈ സ്റ്റാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തുനിന്നുള്ള മത്സ്യ വികസന ബോർഡിന്റെയും കേന്ദ്ര മത്സ്യസങ്കേതിക സ്ഥാപനത്തിന്റെയും സഹകരണത്തോടെ സ്ഥാപിതമായ കടൽപ്പായൽ സ്റ്റാർട്ടപ്പ് ആയ ഫുക്കായി (നാച്ചു)യുടെ സ്റ്റാളിൽ കടൽപ്പായലിൽ നിന്നുള്ള ചോക്ലേറ്റ്, ബിസ്‌കറ്റ്, കടൽപ്പായൽ ചേർത്ത ദോശ, ഇഡ്ഡലി പൊടികൾ, ഹെൽത്ത് മിക്‌സ്, സോപ്പ്, ബോഡി ലോഷൻ, മോയ്സ്ചറൈസർ എന്നിവ വിൽപ്പനയ്ക്കുണ്ട്.
കൊച്ചിയിലെ കേന്ദ്ര മത്സ്യസങ്കേതിക സ്ഥാപനത്തിന്റെ (സിഫ്ട്) സ്റ്റാളിൽ കടൽപ്പായൽ കുക്കിസ്, ജെർകീ, ജെൽ, നുട്രാഡ്രിങ്ക് എന്നീ ഭക്ഷ്യവിഭവങ്ങൾ പരിചയപ്പെടാം. ഇതുകൂടാതെ, കടൽപ്പായൽ ചേർത്ത സാനിറ്റൈസർ, മോയ്സ്ചറൈസെർ, ബോഡി ലോഷൻ എന്നിവയും ഈ സ്റ്റാളിൽ ലഭിക്കും.
കടൽപ്പായൽ ചേർത്ത അടപ്രഥമൻ പായസം, പാൽ അലർജി ഉള്ളവർക്കും കഴിക്കാവുന്ന ഐസ്‌ക്രീമിനോട് സാമ്യമുള്ള കടൽപ്പായൽ സോർബറ്റ്, കടൽപ്പായൽ-പൈനാപ്പിൾ ജാം, തക്കാളി-കടൽപ്പായൽ കെച്ചപ്പ്, കടൽപ്പായൽ പക്കവട, കടൽപ്പായൽ പപ്പടം, കടൽപ്പായൽ കട്ലറ്റ് എന്നിവ മത്സ്യസംസ്‌കരണ മേഖലയിലെ നൂതന ഉത്പന്നങ്ങൾ പരിചയപ്പെടുത്തുന്ന നിഫാറ്റിന്റെ സ്റ്റാളിന്റെ പ്രത്യേകതയാണ്.
കോലഞ്ചേരി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സിന്തൈറ്റ് ഇൻഡസ്ട്രീസിന്റെ സ്റ്റാളിൽ ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കാൻ സഹായിക്കുന്ന കടൽപ്പായലിൽ നിന്നുമുള്ള ഒമേഗാ ത്രീ ഫാറ്റി ആസിഡ് അടങ്ങിയ ആരോഗ്യ മിശ്രിതം പ്രദർശനത്തിനായുണ്ട്. കടൽപ്പായൽ ആരോഗ്യവർധക-സൗന്ദര്യവർധക ഉത്പന്നങ്ങളുടെ സ്റ്റാളുകൾ കൂടാതെ മത്സ്യഫെഡ്, കേന്ദ്രസമുദ്രമത്സ്യഗവേഷണ സ്ഥാപനം, അഡാക്, എൻ.ബി.എഫ്.ജി.ആർ., മത്സ്യ ഉത്പന്ന കയറ്റുമതി വികസന ഏജൻസി, എൻ.എസ്.സി.ആർ. എന്നീ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ വിവരിക്കുന്ന സ്റ്റാളുകളും മേളയുടെ ഭാഗമാണ്.
Content Highlights: Showcasing diverse seaweed-based food products like miso soup, noodles, and sushi sheets., Highlighting the 'Blue Economy' and scientific advancements in marine research.
Published: 07 Mar 2026, 03:29 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented