കുത്തരിച്ചോറും സാമ്പാറും അവിയലും പുളിശ്ശേരിയും ഉള്‍പ്പെടെ സ്ഥിരം കഥാപാത്രങ്ങള്‍ തന്നെയാണ് ഇലയില്‍ തെളിയുന്നത്. കാലം മാറിയെന്നുവെച്ച് സദ്യയിലെ കഥാപാത്രങ്ങള്‍ക്കൊന്നും മാറ്റം വരുത്താന്‍ കഴിയില്ലല്ലോ. പക്ഷേ, ഇവയില്ലാതെ ഒരു ഓണം മലയാളിക്ക് സങ്കല്പിക്കാനുമാകില്ല. ഇതിനിടെ ആകെ ചെയ്യാവുന്നത് പായസത്തില്‍ പുതിയ രുചികളുടെ സാധ്യതകള്‍ തുറക്കാനുള്ള ശ്രമങ്ങളാണ്.
സ്ഥിരം കഥാപാത്രങ്ങളുടെ ഫ്രെയിമിലാണെങ്കിലും ഓണസദ്യക്കായി തൂശനില നിവരുമ്പോള്‍ മലയാളികളുടെ മനസ്സിലും നാവിലും ഇപ്പോഴും ഗൃഹാതുരതയുടെ സ്വാദുണരും. അതനുസരിച്ച് തന്നെയാണ് ഇക്കുറിയും ഓണത്തിനായി നഗരത്തിലെ ഹോട്ടലുകള്‍ ഒരുങ്ങിയിരിക്കുന്നത്.
നഗരത്തിലെ നക്ഷത്ര ഹോട്ടലുകള്‍ ഫെസ്റ്റിവല്‍ പാക്കേജ് എന്ന പേരില്‍ ആഘോഷപൂര്‍വമാണ് ഓണസദ്യക്കായി ഇലയിട്ടുകൊണ്ടിരിക്കുന്നത്. മൂന്നു തരം പായസം ഉള്‍പ്പെടെ 29 വിഭവങ്ങള്‍ നിരത്തിയാണ് ഇടപ്പള്ളി മാരിയറ്റ് ഹോട്ടലില്‍ ഓണസദ്യയുടെ ഇല നിവരുന്നതെന്ന് മാരിയറ്റ് ഫുഡ് ആന്‍ഡ് ബെവറജസ് ഡയറക്ടര്‍ ശ്യാംജിത്ത് വേണുഗോപാല്‍ പറഞ്ഞു.
സ്ഥിരം താരങ്ങളായ പരിപ്പ് പായസത്തിനും പാലടയ്ക്കുമൊപ്പം ഇളനീര്‍ പായസമാണ് മാരിയറ്റിലെ സദ്യയിലെ പുതുമുഖം. തിരുവോണം വരെ എല്ലാ ദിവസവും ഉച്ചയ്ക്ക് 12.30 മുതല്‍ നാലുവരെയാണ് ഇവിടെ ഓണസദ്യക്കായി ഇലയിടുന്നത്.
ശിങ്കാരിമേളവും പുലികളിയും വേലകളിയും കാവടിയും തിരുവാതിരകളിയുമൊക്കെയായി കളര്‍ഫുള്‍ ഫ്രെയിമില്‍ ഓണത്തെ വരവേല്‍ക്കുന്ന ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്തില്‍ അവിസ്മരണീയമായ അനുഭവങ്ങളാണ് അതിഥികളെ കാത്തിരിക്കുന്നത്.
മൂന്നുതരം പായസം ഉള്‍പ്പെടെ 32 വിഭവങ്ങളുമായി ഇലയിടുന്ന ഹോട്ടല്‍ ഗ്രാന്‍ഡ് ഹയാത്തില്‍ ഇക്കുറിയും വലിയ ബുക്കിങ്ങിന്റെ തിരക്കാണ് അനുഭവപ്പെടുന്നതെന്നാണ് ജനറല്‍ മാനേജര്‍ രാജേഷ് രാംദാസ് പറഞ്ഞത്. ''ഓണം ആഘോഷിക്കാന്‍ ഇപ്പോള്‍ പലരും ഹോട്ടലിലേക്ക് വരുന്ന ട്രെന്‍ഡ് കൂടിയിട്ടുണ്ട്. പല സ്ഥാപനങ്ങളും കൂട്ടമായിട്ടാണ് ഓണസദ്യ ബുക്ക് ചെയ്യുന്നത്'' - രാജേഷ് പറഞ്ഞു.
സദ്യയിലെ താരമായ പായസത്തിന്റെ ആഘോഷവുമായി കെടിഡിസിയും രംഗത്തുണ്ട്. പ്രതിദിനം 200 ലിറ്ററിലേറെ പായസം ഇപ്പോള്‍ കെടിഡിസി പായസമേളയിലൂടെ വിറ്റുപോകുന്നുണ്ടെന്ന് ബോള്‍ഗാട്ടി പാലസ് ജനറല്‍ മാനേജര്‍ ടി.പി. ഷൈന്‍ പറഞ്ഞു. പഴംപ്രഥമന്‍ മുതല്‍ പൈനാപ്പിള്‍ പായസം വരെയുള്ള വ്യത്യസ്തതകളുമായാണ് കെടിഡിസിയുടെ പായസമേള നടക്കുന്നത്.
മലയാളത്തനിമയില്‍ ഓണസദ്യ നിറയുന്നതിനിടയില്‍ പഞ്ചാബി മൊഞ്ചില്‍ ഒരു സദ്യയായാലോ. അതിനും കൊച്ചിയില്‍ ഇലയിടുന്നുണ്ട്. കുത്തരിച്ചോറിന്റെ സ്ഥാനത്ത് പഞ്ചാബി ബസ്മതി അരിയുടെ വെള്ളച്ചോറും സാമ്പാറിനുപകരം ദാല്‍ തഡ്കയുമാണ് ഇലയില്‍ നിറയുന്നത്.
കൂട്ടുകറിയുടെ സ്ഥാനത്ത് ചന്ന മസാലയും മെഴുക്കുപുരട്ടിയുടെ സ്ഥാനത്ത് ബിണ്ടി സബ്ജിയും പാലടപ്രഥമനു പകരം പഞ്ചാബി റൈസ് ഖീറുമൊക്കെയായി ഒരോണസദ്യ. തിരുവോണത്തിന് കടവന്ത്രയിലെ 'സേഥി ദി ദാബ'യില്‍ പഞ്ചാബി ഓണസദ്യക്ക് ഏറെ ആവശ്യക്കാരുണ്ടെന്ന് ഷെഫും ഡയറക്ടറുമായ മൊഹീന്ദര്‍ സിങ് സേഥി പറഞ്ഞു.
Content Highlights: Onam Sadya in Kochi hotels, featuring unique payasam varieties and festive celebrations
Published: 02 Sept 2025, 07:46 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented