തൃശ്ശൂര്‍: തുമ്പപ്പൂ ചോറുവിളമ്പി ആശിച്ച കറികളെത്തി... പിന്നെ വയറും മനസ്സും നിറച്ചൊരു സദ്യ. മലയാളികളുടെ ഓണസ്വപ്നത്തില്‍ ഒഴിച്ചു കൂടാനാകാത്ത അനുഭവം. വിഭവം എത്രയുണ്ടെങ്കിലും വിളമ്പേണ്ടത് തൂശനിലയിലാകണം. അല്ലെങ്കില്‍ ഓണസ്സദ്യയുടെ ഫീല്‍ കിട്ടില്ലല്ലോ.. പക്ഷേ ഇത്തവണ തൂശനിലയെക്കുറിച്ച് അത്ര ആശവേണ്ട എന്നാണ് വ്യാപാരികള്‍ പറയുന്നത്. ഇലയുടെ വരവ് കുറഞ്ഞതോടെ വില കുതിച്ചുയരുന്നതുതന്നെ കാരണം.

To advertise here,

നാക്കില തമിഴ്‌നാട്ടില്‍നിന്നു തന്നെ കയറി വരണം. അത്തത്തിന് മൊത്തവില ഇലയൊന്നിന് അഞ്ചായിരുന്നെങ്കില്‍ നിലവില്‍ ചില്ലറവിപണിയില്‍ 10-15 നിരക്കിലാണ് ഇല വില്‍ക്കുന്നത്. കോളേജുകള്‍, സ്‌കൂളുകള്‍, ഓഫീസുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഓണാഘോഷം തുടങ്ങിയതോടെയാണ് ഇലയുടെ വില ഉയര്‍ന്നത്. വലിയ തോതില്‍ ഇല വാങ്ങുന്നവര്‍ക്ക് വ്യാപാരികള്‍ വിലകുറച്ചു നല്‍കാറുണ്ട്. 

തമിഴ്‌നാട്ടിലെ തൂത്തുക്കുടി, കാവല്‍കിണര്‍, മധുര, തിരുനെല്‍വേലി എന്നിവിടങ്ങളിലെ വലിയ തോട്ടങ്ങളില്‍നിന്നാണ് കേരളത്തിലേക്ക് വാഴയില കൂടുതലായി എത്തുന്നത്. ഞാലിപ്പൂവന്‍ വാഴയുടെ ഇലയ്ക്കാണ് കൂടുതല്‍ ആവശ്യക്കാര്‍.

ഇതു പെട്ടെന്നു പൊട്ടിപ്പോകില്ല, നേര്‍ത്തതുമാണ്. എളുപ്പം വാടുകയുമില്ല. ഇല ശേഖരിക്കാന്‍ മാത്രം തിരുനെല്‍വേലി ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ നാട്ടുവാഴ, ചക്കവാഴ ഉള്‍പ്പെടെയുള്ള പ്രത്യേകയിനം വാഴകള്‍ കൃഷി ചെയ്യുന്നുണ്ട്. വാഴയിലയില്‍ ഉച്ചയൂണ് കൊടുക്കുന്നത് നിന്നതും പേപ്പര്‍ വാഴയിലയുടെ കടന്നുവരവും കാരണം പലരും നാടന്‍ വാഴയില വില്‍പ്പന അവസാനിപ്പിച്ചു. അടപ്രഥമന്‍, പാലട എന്നിവയ്ക്ക് ആവശ്യമായ അട ഉണ്ടാക്കുന്നതിനും വാഴയിലയാണ് ഉപയോഗിച്ചിരുന്നത്. ഇപ്പോള്‍ ഇവയും റെഡിമെയ്ഡാണ്.