കൊടുംചൂടിനെ പ്രതിരോധിക്കാൻ നായ ഇറച്ചി സൂപ്പ് കഴിക്കാൻ ജനങ്ങളോട് നിർദേശിച്ച് ഉത്തരകൊറിയ. ഔദ്യോഗിക മാധ്യമമായ റോഡോങ് സിൻമുനിലൂടെയാണ് ഈ ആരോഗ്യ മുന്നറിയിപ്പ് ഉത്തര കൊറിയ ആഹ്വാനം ചെയ്തത്. ചൂടേറിയ ദിനങ്ങളിൽ ശരീരത്തിന് ഊർജ്ജവും പ്രോട്ടീനും ലഭിക്കാൻ സൂപ്പ് കഴിക്കുന്നത് കൊറിയൻ പാരമ്പര്യമാണ്. തണ്ണിമത്തൻ, വെള്ളരി, ചെറുപയർ എന്നിവയ്ക്കൊപ്പമാണ് ഈ വിഭവവും ശുപാർശ ചെയ്തിരിക്കുന്നത്.

To advertise here,

ചൂടു കൂടുന്നതിന് അനുസരിച്ച് കാർഡിയോവസ്‌കുലാർ അസുഖങ്ങൾ, പ്രമേഹം, ഹൈപ്പർതൈറോയ്ഡിസം എന്നിവ ഗുരുതരമായേക്കാമെന്ന്‌ ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. നായ ഇറച്ചി സൂപ്പ്, മീൻ ചേർത്ത കഞ്ഞി, ചുവന്ന പയർ ചേർത്ത കഞ്ഞി എന്നിവ കഴിക്കാനും ഈ മുന്നറിയിപ്പിൽ പറയുന്നു. നായ ഇറച്ചി സൂപ്പ് പൊതുവെ സ്വീറ്റ് മീറ്റ് സൂപ്പ് എന്നാണ് കൊറിയയിൽ അറിയപ്പെടുന്നതത്രേ. ഭരണകൂടം ഇതിനെ ദേശീയ ഭക്ഷണ സംസ്‌കാരത്തിന്റെ ഭാഗമായി പ്രോത്സാഹിപ്പിക്കുകയും പാചക മത്സരങ്ങൾ നടത്തുകയും ചെയ്യുന്നുണ്ടെങ്കിലും, സാധാരണക്കാരായ വടക്കൻ കൊറിയക്കാർക്ക് ഇത് വളരെ വിലകൂടിയതും അപ്രാപ്യവുമായ ഭക്ഷണമാണ്.

ഉത്തര കൊറിയ ഈ ഭക്ഷണം പ്രോത്സാഹിപ്പിക്കുമ്പോൾ, അയൽരാജ്യമായ ദക്ഷിണ കൊറിയ നായ ഇറച്ചി വിൽപ്പനയും ഉപഭോഗവും പൂർണ്ണമായി നിരോധിക്കാനുള്ള നിയമം നടപ്പിലാക്കിവരികയാണ്.