സാധാരണമായി ഹോസ്റ്റലിലെ ഭക്ഷണം എപ്പോഴും നമുക്ക് മടുപ്പുണ്ടാക്കുന്നതാണ്. ചിലപ്പോൾ രുചിയും കുറവായിരിക്കും. എന്നാൽ എൻ.ഐ.ടി. കാലിക്കറ്റിലെ ഹോസ്റ്റൽ ഭക്ഷണം അങ്ങനെയല്ല. വിവാഹ വിരുന്നിലെ ഭക്ഷണം പോലെയാണ് എൻ.ഐ.ടി.യിലെ ഓരോ വിഭവവും. ഇതുമായി ബന്ധപ്പെട്ട് എൻ.ഐ.ടി.യിലെ പി.എച്ച്.ഡി. സ്‌കോളറായ എക്ത അനിൽ കുമാർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ ഇപ്പോൾ ചർച്ചാവിഷയമാണ്. ഹോസ്റ്റൽ മെസ്സിൽ ഒരു ദിവസം കഴിക്കുന്ന ഭക്ഷണത്തിന്റെ വിശേഷങ്ങളാണ് ഈ വീഡിയോയിലുള്ളത്.

To advertise here,

എൻ.ഐ.ടി.യിലെ ഡി ഹോസ്റ്റൽ മെസ്സിലാണുള്ളതെന്നും ആർ.കെ. കാറ്റേഴ്‌സാണ് ഈ മെസ്സ് നടത്തുന്നതെന്നും വീഡിയോയുടെ തുടക്കത്തിൽ പറയുന്നുണ്ട്. പാവ് ഭാജി, മുളപ്പിച്ച ധാന്യങ്ങൾ, ചോക്കോസ്, വെള്ളപ്പവും സ്റ്റൂവും, ഉപ്പുമാവ്, പുഴുങ്ങിയ മുട്ട, കോൺഫ്‌ളേക്‌സ്, ബ്രെഡും ബട്ടറും, പഴം, ചായ, കാപ്പി, പാൽ എന്നിവയാണ് പ്രഭാത ഭക്ഷണത്തിലുള്ളത്. ഇതിൽനിന്ന് ഇഷ്ടമുള്ളത് എടുത്ത് കഴിക്കാം. കഴിക്കുന്ന അളവിന് ഒരു പരിധിയും വെച്ചിട്ടില്ല.

ഉച്ചഭക്ഷണവും അതുപോലെ മികച്ചതായിരുന്നു. ചിക്കൻ മന്തി, പുലാവ്, ചോറ്, മീൻകറി, സാമ്പാർ, ദാൽകറി, അച്ചാർ, പഴങ്ങൾ, ഗുലാബ് ജാമൂൻ എന്നിവയാണ് ഉച്ചയ്ക്കുള്ള വിഭവങ്ങൾ. ഇതും ഇഷ്ടംപോലെ കഴിക്കാം. വൈകുന്നേരം ചായയോടൊപ്പം സമൂസ, ഉള്ളിവട, പഴംപൊരി, വിവിധ തരം കേക്കുകൾ എന്നിവയാണുള്ളത്. രാത്രിയിലെ ഭക്ഷണവും ഇതുപോലെ വിഭവസമൃദ്ധമായിരുന്നു. ചോറ്, ചില്ലി ചിക്കൻ, ചപ്പാത്തി, പനീർകറി, ദാൽകറി, സാലഡ്, പഴങ്ങൾ എന്നിവയാണ് ഡിന്നറിനുണ്ടായിരുന്നത്.

ഈ വീഡിയോയ്ക്ക് താഴെ ഒട്ടേറെപ്പേരാണ് പ്രതികരിച്ചത്. ഇത് ഹോസ്റ്റൽ മെസ്സാണോ അതോ വിവാഹസദ്യയാണോ എന്നായിരുന്നു ചിലരുടെ കമന്റ്. ഇത് ഹോട്ടലിലുണ്ടാകുന്ന അത്രയും ഭക്ഷണമുണ്ടല്ലോ എന്നും ചിലർ കുറിച്ചു. ഈ ഭക്ഷണത്തിനുവേണ്ടി മാത്രം ഇവിടെ പ്രവേശനം നേടണമെന്നും കമന്റുകളുണ്ട്.