ആലപ്പുഴ: ഒരു നാട്ടുമാങ്ങ ചപ്പിവലിച്ചുകഴിക്കുന്ന സുഖം... ഉള്ളില്‍ നിറയുന്ന മധുരം... തീര്‍ന്നു കഴിഞ്ഞാലും കൈയില്‍നിന്നു വിട്ടുപോകാത്ത മണം. ജില്ലയുടെ മുക്കിലും മൂലയിലും ഇതനുഭവപ്പെടുകയാണിപ്പോള്‍. മൂവാണ്ടന്‍, നീലം, ചന്ദ്രക്കാരന്‍, കര്‍പ്പൂരം, പഞ്ചാരമാങ്ങയെന്നിങ്ങനെ വിവിധ പേരുകളില്‍ നാട്ടിലെങ്ങും മാങ്ങ നിറഞ്ഞിരിക്കുന്നു. കണ്ണിമാങ്ങ മുതല്‍ മാമ്പഴംവരെ ആസ്വദിക്കാന്‍ ഇത്രയധികം കിട്ടിയ മറ്റൊരു വര്‍ഷമില്ലെന്നു പറയുന്നു.

To advertise here,

രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഉദരാരോഗ്യത്തിനും ഊര്‍ജംനിലനിര്‍ത്താനും സഹായിക്കുന്ന ധാരാളം പോഷകങ്ങള്‍ മാങ്ങയിലുണ്ട്. മാങ്ങാ അച്ചാര്‍, മാങ്ങാ ജ്യൂസ്, മാമ്പഴപ്പുളിശ്ശേരി എന്നിങ്ങനെ സര്‍വത്ര മാങ്ങമയമാണ്. ചിലര്‍ക്ക് പഴുത്ത മാങ്ങയോടാണ് പ്രിയം. മറ്റു ചിലര്‍ച്ച് പച്ചമാങ്ങയോടും. ഇവയ്ക്കു രണ്ടും വ്യത്യസ്തമായ ആരോഗ്യഗുണങ്ങളാണുള്ളത്.

നിറയെ മാമ്പഴം, വിലയും കുറവ്

മുന്‍വര്‍ഷത്തെക്കാള്‍ മാമ്പഴം വിപണിയില്‍ ഒന്നിച്ചെത്തിയതോടെ മാമ്പഴവിപണിയില്‍ വില കുറഞ്ഞു. നാട്ടുമാവിലെ മാമ്പഴമാണ് വിപണിയില്‍ 95 ശതമാനവും വരുന്നത്. കഴിഞ്ഞ മാമ്പഴക്കാലത്ത് മൂവാണ്ടന്‍ മാമ്പഴത്തിന്റെ വില കിലോയ്ക്ക് 60 രൂപയായിരുന്നത് ഇത്തവണ 25 രൂപയിലേക്കെത്തി.

പ്രിയോറിന് കിലോയ്ക്ക് 80-90 രൂപയായിരുന്നുവെങ്കില്‍ ഇത്തവണ 30-35 രൂപയായി മൊത്തവില. മാവ് പൂത്ത് കണ്ണിമാങ്ങയാകുമ്പോഴേ വില നല്‍കി കച്ചവടം ഉറപ്പിക്കുന്നതായിരുന്നു കഴിഞ്ഞവര്‍ഷംവരെ പതിവ്. എന്നാല്‍, ഇത്തവണ കായ്ഫലം കൂടിയതോടെ കച്ചവടക്കാര്‍ക്കുപോലും വേണ്ടാതെ മാമ്പഴങ്ങള്‍ നിറഞ്ഞുകിടക്കുകയാണ്.

മാമ്പഴം എങ്ങനെ പള്‍പ്പാക്കാം
മാമ്പഴം കേടുകൂടാതെ സൂക്ഷിച്ചുവെക്കാനുള്ള ഒരു എളുപ്പമാര്‍ഗമാണ് മാമ്പഴ പള്‍പ്പ്.

ചേരുവകള്‍
നന്നായി പഴുത്ത മാങ്ങ തൊലി ചെത്തി കഷണങ്ങളാക്കിയത് 20 എണ്ണം 
ചെറുനാരങ്ങയുടെ നീര് - രണ്ട്

അരിഞ്ഞുവെച്ചിരിക്കുന്ന മാമ്പഴം വെള്ളം ഒട്ടുംചേര്‍ക്കാതെ മിക്‌സിയിലിട്ട് അരച്ചെടുക്കുക. അതിനുശേഷം അടുപ്പില്‍ പാന്‍ വെച്ച് അരച്ച മാമ്പഴം അതിലേക്കു മാറ്റുക. അടുപ്പ് തീ കൂട്ടിവെക്കുകയും ഒപ്പംതന്നെ നന്നായി ഇളക്കിക്കൊണ്ടിരിക്കുകയും ചെയ്യണം. ചേരുവ പാത്രത്തിനടിയില്‍ പിടിക്കാതെ ശ്രദ്ധിക്കണം. വെള്ളം വറ്റുന്നവരെ നന്നായി ഇളക്കുക, ഒപ്പംതന്നെ നന്നായി കുറുകുകയും വേണം.

ഏകദേശം 40 മിനിറ്റോളം ഇളക്കുമ്പോഴേക്കും പാകത്തിനു കുറുകിയ രീതിയിലാകും. അതിലേക്ക് നാരങ്ങാനീര് ഒഴിക്കുക. വീണ്ടും പത്തുമിനിറ്റോളം ഇളംതീയില്‍വെച്ച് മാങ്കോ പള്‍പ്പ് ഇളക്കുക. നാരങ്ങാനീര് പാത്രത്തിന്റെ എല്ലാ വശത്തേക്കും ഒരുപോലെയെത്തി എന്നറപ്പുവരുത്തണം.

അതിനുശേഷം നന്നായി തണുക്കാന്‍വെക്കുക. തണുത്തശേഷം ഈ മാങ്കോ പള്‍പ്പ് നല്ല ഗ്ലാസ് ബോട്ടിലിലാക്കി സൂക്ഷിച്ചുവെക്കാം.