പത്തനംതിട്ട: കുടുംബശ്രീയുടെ ഓണരുചി ജില്ല ഏറ്റെടുത്തപ്പോള്‍ ലഭിച്ചത് 9,82,800 രൂപയുടെ വിറ്റുവരവ്. പായസം ഉള്‍പ്പെടെ 23 കൂട്ടം വിഭവങ്ങളാണ് കുടുംബശ്രീ ആദ്യമായി നടത്തിയ ഓണസ്സദ്യയില്‍ ഉണ്ടായിരുന്നത്.

To advertise here,

3510 ഓര്‍ഡറുകളാണ് ജില്ലയില്‍ ലഭിച്ചത്. ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച കോള്‍ സെന്ററുകള്‍ മുഖേന 766 ഓര്‍ഡറുകളും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള സംരംഭകര്‍ മുഖേന 2744 ഓര്‍ഡറുകളും ലഭിച്ചു. സ്‌കൂള്‍, കോളേജ്, സ്വകാര്യ സ്ഥാപനങ്ങള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം കുടുംബശ്രീയുടെ ഓണസദ്യ എത്തി. ഇതിനു പുറമേയാണ് വീടുകളില്‍നിന്ന് ലഭിച്ച ഓര്‍ഡറുകള്‍.

കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ എട്ട് ബ്ലോക്കില്‍നിന്നായി ജില്ലയിലെ തിരഞ്ഞെടുത്ത 22 യൂണിറ്റുകളാണ് ഓണസ്സദ്യ ഒരുക്കിയത്. ഓഗസ്റ്റ് 28 മുതലാണ് സദ്യ എത്തിച്ചുതുടങ്ങിയത്. തിരുവോണദിവസംവരെയായിരുന്നു സദ്യ നല്‍കാന്‍ പദ്ധതിയെങ്കിലും നിരവധിപേര്‍ വീണ്ടും ബന്ധപ്പെട്ടതോടെ ശനിയാഴ്ചയും ബുക്കിങ് സ്വീകരിച്ചു. സദ്യ രണ്ട് ദിവസംകൂടി നീട്ടി. ശനിയാഴ്ച 30 പേര്‍ക്ക് സദ്യനല്‍കി. ഞായറാഴ്ചയും 40-ഓളം പേരുടെ വീട്ടില്‍ സദ്യയെത്തി. തിരുവോണത്തിന് മുഴുവന്‍ ഓര്‍ഡറുകളും വീടുകളില്‍നിന്നായിരുന്നു. പറക്കോട് ബ്ലോക്കില്‍ പള്ളിക്കലാണ് കൂടുതല്‍ പേര്‍ സദ്യ ഓര്‍ഡര്‍ ചെയ്തത്. പത്തനംതിട്ട, പന്തളം, തിരുവല്ല എന്നിവിടങ്ങളില്‍നിന്ന് ഒട്ടേറെ ഓര്‍ഡറുകള്‍ ഉണ്ടായിരുന്നു.

500-ല്‍ അധികമുള്ള ഓര്‍ഡറുകളില്‍ ഒരുസദ്യയ്ക്ക് 180 രൂപയും 250 മുതല്‍ 500 വരെയുള്ളവയ്ക്ക് 200 രൂപയും 100 മുതല്‍ 250 വരെയുള്ളവയ്ക്ക് 230 രൂപയും 100 വരെയുള്ള ഓര്‍ഡറുകള്‍ക്ക് 280 രൂപയുമായിരുന്നു നിരക്ക്. ബുക്കിങ് നടത്തിയ വീടുകള്‍ക്ക് എറ്റവും അടുത്തുള്ള യൂണിറ്റാണ് സദ്യ എത്തിച്ച് നല്‍കിയത്. യൂണിറ്റിന് അഞ്ച് കിലോമീറ്ററിന് ഉള്ളിലാണ് ഓര്‍ഡര്‍ എങ്കില്‍ സൗജന്യ ഡെലിവറിയായിരുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച പദ്ധതി വലിയതോതില്‍ എറ്റെടുത്തതിനാല്‍ അടുത്തവര്‍ഷം വിപുലമായി നടത്താന്‍ തിരുമാനിച്ചിട്ടുണ്ട്-കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ എസ്. ആദില പറഞ്ഞു.