തിരുവനന്തപുരം: കുടുംബശ്രീയുടെ 'മീറ്റ് പോയിന്റ് ടേക് എവേ' കൗണ്ടറുകൾക്ക് തുടക്കമാകുന്നു. പ്രഭാതഭക്ഷണം, രാത്രിഭക്ഷണം, ലഘുഭക്ഷണങ്ങൾ എന്നിവയാണ് ഇതുവഴി ലഭ്യമാവുക. ആദ്യഘട്ടത്തിൽ ജില്ലയിൽ നാല് കൗണ്ടറുകൾ പ്രവർത്തനമാരംഭിക്കും.

To advertise here,

പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച മുളവന ജങ്ഷനിൽ ഉച്ചയ്ക്ക് 1.30-ന് ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി നിർവഹിക്കും. കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ പങ്കെടുക്കും.

ബ്രോസ്റ്റഡ് ചിക്കൻ, ചിക്കൻ നഗ്ഗെട്ട്സ്, കബാബ്, മോമോസ്, സമൂസ, ചിക്കൻ 65, ചിക്കൻ ലോലിപോപ്, ചിക്കൻ ബ്രീഡഡ് പോപ്സ്, ചിക്കൻ മീറ്റ് ബോൾസ് എന്നിങ്ങനെ വിവിധ വിഭവങ്ങളും ഇതിലൂടെ ലഭ്യമാകും.

ഭക്ഷ്യവിഭവങ്ങളുടെ ഗുണമേന്മ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലടക്കം ഏകീകൃത മാതൃകയിലാണ് സംരംഭം ആരംഭിക്കുക. കുടുംബശ്രീ കഫേ, കാന്റീൻ യൂണിറ്റുകൾക്ക് സ്ഥിരവരുമാന മാർഗം ഒരുക്കുന്നതിന്റെ ഭാഗമായാണ് പദ്ധതിയുടെ തുടക്കം.

തിരഞ്ഞെടുത്ത യൂണിറ്റ് അംഗങ്ങൾക്ക് കുടുംബശ്രീയുടെ നേതൃത്വത്തിൽ മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യയുമായി സഹകരിച്ചുകൊണ്ട് ഭക്ഷ്യവിഭവങ്ങൾ, ചേരുവകൾ തയ്യാറാക്കൽ, ഫുഡ് പായ്ക്കിങ്, പർച്ചേസിങ്, മാർക്കറ്റിങ് എന്നിവയിലടക്കം മികച്ച പരിശീലനവും ലഭ്യമാക്കും.

ടേക് എവേ കൗണ്ടറുകൾ എല്ലായിടത്തും പൂർത്തിയാകുന്നതോടെ ഇരുനൂറിലേറെ വനിതകൾക്ക് സുസ്ഥിരതൊഴിലും വരുമാനവും ലഭ്യമാകും. ടേക് എവേ കൗണ്ടറുകൾ തുടങ്ങാൻ താത്പര്യമുള്ള അയൽക്കൂട്ട-ഓക്സിലറി അംഗങ്ങൾക്ക് അതത് കുടുംബശ്രീ ജില്ലാമിഷൻ ഓഫീസുമായി ബന്ധപ്പെടാം.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആവശ്യമായ പരിശീലനവും സാമ്പത്തിക പിന്തുണകളും കുടുംബശ്രീ ലഭ്യമാക്കും.