ആലപ്പുഴ: കുടുംബശ്രീയുടെ കുട്ടനാടൻ താറാവിറച്ചി ഇനി ബ്രാൻഡഡ് ഉത്പന്നമായി വിപണിയിലെത്തും; പേര് ‘ചീരു’. ആലപ്പുഴ ജില്ലാ മിഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിയാണിത്.

To advertise here,

കുടുംബശ്രീയുടെ താറാവുത്പാദക സംഘങ്ങൾ രൂപവത്കരിച്ചാണു വിൽപ്പന. കുടുംബശ്രീ ഉത്പന്നമെന്നു തിരിച്ചറിയുംവിധമുള്ള പ്രത്യേക പാക്കിങ്ങിലാകും ഇത്.

വെളിയനാട് ബ്ലോക്കിലാണ് പദ്ധതി തുടങ്ങുന്നത്. താറാവുകൃഷി ചെയ്യുന്ന കുടുംബശ്രീ അംഗങ്ങളുണ്ട്. അവരിൽനിന്നും മറ്റു കുട്ടനാടൻ കർഷകരിൽനിന്നും താറാവിനെ വാങ്ങിയാകും ബ്രാൻഡു ചെയ്യുക. അഞ്ചുപേരടങ്ങുന്ന ഉത്പാദകസംഘങ്ങളാണ് കുടുംബശ്രീക്ക് ഉണ്ടാകുക. ചമ്പക്കുളം ബ്ലോക്കിലും അംഗങ്ങളെ കണ്ടെത്തി പദ്ധതി തുടങ്ങും. കുട്ടനാടൻ താറാവിറച്ചി ബ്രാൻഡ് രൂപത്തിലേക്കു മാറുന്നതോടെ മറ്റിടങ്ങളിലേക്കും വിപണനം വ്യാപിപ്പിക്കും.

900 ഗ്രാമിന്റെ പാക്കറ്റ്

ആദ്യഘട്ടത്തിൽ ഫ്രഷ് ഇറച്ചി മാത്രമാണു കിട്ടുക. ഇറച്ചി കഷണങ്ങളാക്കി 900 ഗ്രാം വീതമുള്ള പാക്കറ്റുകളായാകും വിപണിയിലെത്തിക്കുക. പിന്നീട് ശീതീകരിച്ചും മൂല്യവർധിത ഉത്പന്നങ്ങളായും ഇറക്കും. ശീതീകരണസംവിധാനങ്ങളുള്ള വാഹനം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയശേഷമാകും മറ്റു ജില്ലകളിലേക്കു വിൽപ്പന വ്യാപിപ്പിക്കുക.

ഇതിനായി കൂടുതൽ ഉത്പാദകസംഘങ്ങളെ കണ്ടെത്തും. ഇവർക്കു യന്ത്രസാമഗ്രികൾ വാങ്ങുന്നതിന് ഒന്നരലക്ഷം രൂപയും പ്രവർത്തന മൂലധനമായി ലക്ഷം രൂപയും നൽകിയാണു പ്രവർത്തനം.

സരസിൽനിന്നു ബ്രാൻഡിലേക്ക്

ആലപ്പുഴയിലെ കുടുംബശ്രീ സരസ് മേളയുടെ ലോഗോ ഒരു താറാവിന്റെ ചിത്രമായിരുന്നു. ഇതിനു നൽകിയ ‘ചീരു’ എന്ന പേരാണ് ഇപ്പോൾ ഔദ്യോഗിക ബ്രാൻഡായി സ്വീകരിച്ചിരിക്കുന്നത്.