
ഏറെ വര്‍ഷങ്ങളായി മലയാളികള്‍ക്ക് പരിചിതനായ ടാന്‍സാനിയക്കാരന്‍ കിലി പോള്‍ കേരളത്തിലെത്തിയപ്പോഴും മലയാളികൾ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. ഇപ്പോഴിതാ കേരള ബിരിയാണി ആസ്വദിക്കുന്ന കിലിയുടെ വീഡിയോ ട്രെന്റാവുകയാണ്
മലയാളം ഗാനങ്ങള്‍ക്ക് ലിപ്സിങ്ക് ചെയ്തും നൃത്തം ചെയ്തുമെല്ലാം കേരളത്തിന് സുപരിചിതനായ കിലി പോള്‍ 'ഇന്നസെന്റ്' എന്ന മലയാളം ചിത്രത്തില്‍ അഭിനയിക്കാനാണ് കേരളത്തിലെത്തിയത്. കൊച്ചി മാരിയറ്റിലെ റസ്റ്ററന്റ് ജീവനക്കാരന്‍ തനിക്ക് ബിരിയാണി വിളമ്പുന്ന വീഡിയോ ആണ് കിലി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്. അരികിലുള്ള പാത്രത്തില്‍ ചിപ്‌സും മറ്റ് വിഭവങ്ങളും കാണാം.
'ഇന്ത്യയിലുള്ളപ്പോള്‍ വീട്ടിലുള്ളതുപോലെ, ഇന്ത്യയോടും കേരളത്തോടും നന്ദി' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്. രണ്ട് കോടിയലധികം പേര്‍ കണ്ട വീഡിയോയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധിപേരാണ് കമന്റുകളുമായിയെത്തിയത്.
കിലി ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമയാണ് ഇന്നസെന്റ്. ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് കഴിഞ്ഞ ദിവസം കൊച്ചി ലുലു മാളില്‍ നടന്നിരുന്നു. പരിപാടിയില്‍ കിലി പോള്‍ സംസാരിച്ചതിലെ രസകരമായ ചില ഭാഗങ്ങള്‍ വൈറലായിരുന്നു. മലയാളികളുടെ സ്നേഹത്തിന് നന്ദിയറിയിച്ച കിലി പോൾ തനിക്ക് മലയാളി പെൺകുട്ടിയെ വിവാഹം ചെയ്ത് കേരളത്തിൽ സ്ഥിരതാമസമാക്കാനുള്ള ആഗ്രഹവും അന്ന് വെളിപ്പെടുത്തി. കൈയടികളോടെയാണ് കിലി പോളിന്റെ ഈ പ്രഖ്യാപനത്തെ പ്രേക്ഷകർ സ്വീകരിച്ചത്.
നാവില്‍ വെള്ളമൂറുന്ന കോഴി ബിരിയാണി വയ്ക്കാം
ചേരുവകള്‍
- ചിക്കന്‍ കഷണങ്ങള്‍- ഒരു കിലോ
- ബിരിയാണി അരി- നാലുകപ്പ്
- സവാള അരിഞ്ഞത്- നാല്
- വെളുത്തുള്ളി- പത്തല്ലി
- ഇഞ്ചി- ഒരു കഷണം
- പച്ചമുളക്- ആറ്
- കുരുമുളക്പൊടി- അര സ്പൂണ്‍
- പെരുംജീരകം- അരസ്പൂണ്‍
- മസാലപ്പൊടി- അരസ്പൂണ്‍
- ഏലയ്ക്ക- എട്ട്
- കറുവപ്പട്ട, ഗ്രാമ്പു- ആറ്
- തക്കാളി- രണ്ട്
- മല്ലിയില, പുതിനയില- ഓരോ പിടി
- ഉണക്കമുന്തിരി, കശുവണ്ടി- അരക്കപ്പ്
- എണ്ണ/നെയ്യ്- അരകപ്പ്
- വെള്ളം- അഞ്ച് കപ്പ്
- ബിരിയാണി മസാല- ആവശ്യത്തിന്
- തൈര്- രണ്ട് ടേബിള്‍സ്പൂണ്‍'
തയ്യാറാക്കുന്ന വിധം
മസാലപ്പൊടി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, പുതിനയില, മല്ലിയില എന്നിവ അരയ്ക്കുക. ഈ മസാലയുടെ പകുതി എടുത്ത് അതില്‍ ഉപ്പ്, മഞ്ഞള്‍പ്പൊടി, എന്നിവ ചേര്‍ത്ത് ആ കൂട്ട് ചിക്കനില്‍ നന്നായി പുരട്ടി ഒരു മണിക്കൂര്‍ വയ്ക്കാം. അരി അരമണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത ശേഷം വെള്ളം വാര്‍ത്ത് എടുക്കുക. ചിക്കന്‍ കുക്കറില്‍ ഒരു വിസില്‍ വരുന്നതുവരെ വേവിക്കാം. കശുവണ്ടിയും ഉണക്കമുന്തിരിയും കുറച്ച് സവാളയും എണ്ണയില്‍ വറുത്ത് കോരി മാറ്റി വയ്ക്കുക. ബാക്കി വന്ന എണ്ണയില്‍ സവാള ഇട്ട് വഴറ്റാം. വാടിത്തുടങ്ങുമ്പോള്‍ ആദ്യം തയ്യാറാക്കിയ മസാലകൂട്ട് ചേര്‍ത്ത് പച്ചമണം മാറുന്നതുവരെ ഇളക്കുക. ഇതിലേക്ക് നുറുക്കിയ തക്കാളി ചേര്‍ക്കാം. തക്കാളി നന്നായി ഉടഞ്ഞ് വേവുമ്പോള്‍ അതിലേക്ക് ബിരിയാണി മസാല, തൈര്, കറിവേപ്പില എന്നിവയും ചേര്‍ക്കാം. ഇതിലേക്ക് ചിക്കന്‍ ചേര്‍ത്ത് ഇളക്കി യോജിപ്പിച്ച ശേഷം മാറ്റി വയ്ക്കാം.
ബിരിയാണി ഉണ്ടാക്കുന്നതിനുള്ള പാത്രത്തില്‍ കാല്‍ കപ്പ് നെയ്യില്‍ ഗ്രാമ്പൂ, കറുവപ്പട്ട, ഏലയ്ക്ക എന്നിവ മൂപ്പിക്കുക. ഇതിലേക്ക് അഞ്ച് കപ്പ് വെള്ളം, നാരങ്ങാ നീര്, ഉപ്പ് എന്നിവ ചേര്‍ക്കാം. ഇനി അരി ഇട്ട് വേവിക്കാം. പകുതി വേവാകുമ്പോള്‍ അടുപ്പില്‍ നിന്ന് ഇറക്കുക. ശേഷം അടി കട്ടിയുള്ള ഒരു പാത്രത്തില്‍ എണ്ണപുരട്ടി അതില്‍ ചിക്കന്‍ നിരത്തുക. മുകളില്‍ ചോറ് ഇടുക. മുകളില്‍ വറുത്തു വച്ച് ഉണക്കമുന്തിരിയും കശുവണ്ടിയും സവാളയും വിതറുക. അടച്ച് ശേഷം ചൂടായ തവയുടെ മുകളില്‍ അരമണിക്കൂര്‍ വച്ച് വേവിക്കാം.
Content Highlights: Tanzanian star Kili Paul delights Kerala with his love for Biriyani
Published: 02 Jun 2025, 12:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented