കാസര്‍കോട്: ഓണപ്പരീക്ഷയും ഓണാഘോഷവും ഓണാവധിയും കഴിഞ്ഞു. ഇനി ഒരു ചിക്കന്‍ മന്തി കൂടി ആയാലോ... കാഞ്ഞിരപ്പൊയില്‍ ഗവ. ഹൈസ്‌കൂളിലെ കുട്ടികള്‍ക്കാണ് ഉച്ചഭക്ഷണ മെനുവില്‍ ചിക്കന്‍ മന്തി കൂടി ഉള്‍പ്പെടുത്തിയത്. പ്രീപ്രൈമറി മുതല്‍ പത്താം ക്ലാസ് വരെയുള്ള സ്‌കൂളിലെ 450-ഓളം കുട്ടികള്‍ക്ക് 24 അധ്യാപകര്‍, നാല് അനധ്യാപകര്‍, പിടിഎ, എംപിടിഎ, നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്ന് 600-ഓളം പേര്‍ക്കാണ് വ്യാഴാഴ്ച ഉച്ചയൂണിന് പകരം ചിക്കന്‍ മന്തി വിളമ്പിയത്.

To advertise here,

അധ്യാപകരും എസ്എംസിയും പിടിഎയും ചേര്‍ന്നാണ് ചിക്കന്‍ മന്തി തയ്യാറാക്കിയത്. 70 കിലോ കോഴി ഇറച്ചിയും 80 കിലോ അരിയും ഇതിനായി ഉപയോഗിച്ചു. മറ്റു ചേരുവകളെല്ലാം കൂട്ടായ പ്രയത്‌നത്തിലൂടെ എത്തിച്ചു. പിടിഎ വൈസ് പ്രസിഡന്റ് നാരയിലെ ഷെഫീഖും ഭാര്യ സുനീറയുമാണ് മന്തി തയ്യാറാക്കിയത്. 

ഒപ്പം പിടിഎ പ്രസിഡന്റ് വി. മുകേഷ്, എസ്എംസി ചെയര്‍മാന്‍ കെ. വിജേഷ്, എംപിടിഎ പ്രസിഡന്റ് സി. മല്ലിക, പ്രഥമാധ്യാപിക കെ. ശ്രീകല, പിടിഎ അംഗങ്ങള്‍, അധ്യാപകര്‍ എന്നിവര്‍ സഹായത്തിനുണ്ടായിരുന്നു. ഓണത്തിന് പായസത്തോടെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും വിഭവസമൃദ്ധമായ സദ്യ ഒരുക്കിയിരുന്നു. ഓണത്തിന് മുന്‍പ് ഫ്രൈഡ് റൈസ് നല്‍കിയിരുന്നു. ഇപ്പോള്‍ മന്തിയും കൂടിയായപ്പോള്‍ കുട്ടികളെല്ലാവരും ഹാപ്പി.

വരും ദിവസങ്ങളില്‍ മാസത്തില്‍ ഒരു ദിവസം ചിക്കന്‍ മന്തിയോ ചിക്കന്‍ ബിരിയാണിയോ നല്‍കുമെന്ന് പിടിഎ പ്രസിഡന്റ് വി. മുകേഷ് പറഞ്ഞു. മന്തി കഴിച്ചവരും ഇതുവരെ കഴിക്കാത്തവരും എല്ലാവരും ഒരേസ്വരത്തില്‍ പറഞ്ഞു, മന്തി സൂപ്പര്‍ ഒപ്പം മന്ത്രിമാമന് താങ്ക്‌സ്. 

ഭക്ഷണമെനുവില്‍ വരുത്തിയ മാറ്റം കുട്ടികളിലും രക്ഷിതാക്കളിലും വലിയ സന്തോഷമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും വരും ദിവസങ്ങളിലും മെനുവില്‍ വൈവിധ്യം കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും പ്രഥമാധ്യാപിക കെ. ശ്രീകല പറഞ്ഞു.