മാസങ്ങൾക്ക് മുമ്പ് തന്നെ വിവാഹാവശ്യങ്ങൾക്കും മറ്റും ഓർഡർ സ്വീകരിച്ചവർ ഓട്ടത്തിലാണ്

കൊച്ചി: പാചകവാതകത്തിന്റെ വിലവർധനയും ക്ഷാമവും കാറ്ററിങ് വ്യവസായമേഖലയെ തകർക്കുന്നു. പാചകവാതക ക്ഷാമത്തെത്തുടർന്ന് കഴിഞ്ഞ രണ്ടുമാസമായി മേഖല ഏതാണ്ട് സ്തംഭിച്ചിരിക്കുകയാണ്. വാതക സിലിൻഡർ കിട്ടുമെന്ന് ഉറപ്പില്ലാത്തതിനാൽ, ആരും കാറ്ററിങ് ഓർഡറുകൾ ഏറ്റെടുക്കുന്നില്ല. നേരത്തേ സ്വീകരിച്ച ഓർഡറുകൾതന്നെ റദ്ദാക്കുകയാണ്. ഇതിനകം നൂറുകണക്കിന് ഓർഡറുകൾ റദ്ദാക്കേണ്ടിവന്നതായി സംരംഭകർ പറയുന്നു.
മാസങ്ങൾക്ക് മുമ്പ് തന്നെ വിവാഹാവശ്യങ്ങൾക്കും മറ്റും ഓർഡർ സ്വീകരിച്ചവർ ഓട്ടത്തിലാണ്. സിലിൻഡർ കിട്ടുമെന്ന് ഉറപ്പില്ലാത്തതാണ് പ്രശ്നം. മാത്രമല്ല, നേരത്തേ നിശ്ചയിച്ച നിരക്കിൽതന്നെ ഭക്ഷണം എത്തിക്കേണ്ടിയുംവരും. ഇതും വലിയ ബാധ്യതയാണ്.
അംഗീകൃത ലൈസൻസോടെ പ്രവർത്തിക്കുന്ന 3500-ഓളം കാറ്ററിങ് യൂണിറ്റുകളുണ്ട്. അംഗീകാരമില്ലാതെ പ്രവർത്തിക്കുന്നവ അതിന്റെ പത്തിരട്ടിയോളം വരും. കുടുംബശ്രീ ഉൾപ്പെടെയുള്ള കൂട്ടായ്മയിൽ രൂപപ്പെട്ട കാറ്ററിങ് യൂണിറ്റുകളും ഒട്ടേറെയാണ്.
ചെറിയ ആവശ്യങ്ങൾക്കും കാറ്ററിങ് യൂണിറ്റിനെ ആശ്രയിക്കുന്ന രീതി വ്യാപകമായതിനാൽ, കേരളത്തിന്റെ സാമൂഹികജീവിതത്തിൽ കാറ്ററിങ് സംവിധാനം ഒഴിവാക്കാനാവാത്ത ഘടകമായി മാറിക്കഴിഞ്ഞു. വിവാഹങ്ങൾ, കുടുംബങ്ങളിലെ മറ്റു പരിപാടികൾ, പൊതുപരിപാടികൾ, ആരാധനാലയങ്ങളിലെ ചടങ്ങുകൾ എന്നിവയെല്ലാം പ്രതിസന്ധിയിലാകുന്നുണ്ട്.
വാണിജ്യ സിലിൻഡറിന്റെ വില കഴിഞ്ഞ അഞ്ചുമാസത്തിനിടെ അഞ്ചുതവണ വർധിച്ചു. ഇക്കാലയളവിൽ ഒരു സിലിൻഡറിന് ഏതാണ്ട് 1518 രൂപയാണ് കൂടിയതെന്ന് കേരള കാറ്ററേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നു.
പാചകവാതക ലഭ്യത ഉറപ്പാക്കിയില്ലെങ്കിൽ മേഖലയ്ക്ക് പിടിച്ചുനിൽക്കാനാവാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് അസോസിയേഷൻ എറണാകുളം ജില്ലാപ്രസിഡന്റ് വി.കെ. വർഗീസ് ചൂണ്ടിക്കാട്ടി.
വിവിധ വിഭാഗങ്ങളിലായി ഏതാണ്ട് 1.5 ലക്ഷം പേർ ഈ മേഖലയിൽ തൊഴിലെടുക്കുന്നുണ്ട്. ജോലി കുറയുന്നതിനാൽ, നേരത്തേ മേഖലയിൽ പ്രവർത്തിച്ചിരുന്ന തൊഴിലാളികൾ കൂടുമാറുകയാണ്.
Content Highlights: Rising gas prices and severe shortages have crippled Kerala's catering sector, forcing entrepreneurs to cancel hundreds of pre-booked orders as supply remains uncertain.a
Published: 08 May 2026, 10:36 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented