ജൂൺ മാസത്തിലെ രണ്ടാമത്തെ ശനിയാഴ്ച, ജിൻ സ്നേഹികൾക്ക് പ്രിയപ്പെട്ട ദിനമാണ്. നെതർലൻഡ്സിൽ ഔഷധമായി ഉപയോഗിച്ചിരുന്ന മദ്യത്തിൽ നിന്ന് രൂപാന്തരീകരണം സംഭവിച്ച്  ദേശങ്ങൾ പിന്നിട്ട ജിന്നിൻ്റെ ചരിത്രവും പ്രധാന്യവും ഓർമ്മിപ്പിക്കാനാണ് ലോകമെമ്പാടും ഈ ദിവസം അന്തർദേശീയ ജിൻ ദിനമായി ആഘോഷിക്കുന്നത്.

To advertise here,

ജിൻ ഉപഭോഗത്തിൽ ലോകത്ത് ഇന്ത്യ മുൻപന്തിയിലാണ്. കോക്ടെയിലുകളോടുള്ള താത്പര്യമാണ് ജിന്നിനെ ഇന്ത്യയിൽ ജനപ്രിയമാക്കുന്നത്. ബ്രിട്ടന്റെ പ്രിയപ്പെട്ട പാനീയമെന്നാണ് ജിൻ അറിയപ്പെടുന്നത്. ഉയർന്ന നിലവാരമുള്ള ജിൻ ഉൽപ്പാദിപ്പിക്കുന്നതിലും ബ്രിട്ടൻ തന്നെയാണ് മുന്നിൽ. 17-ാം നൂറ്റാണ്ടിൽ നെതർലൻഡ്സിൽ ഔഷധമായി ഉപയോഗിച്ചിരുന്ന ജെനിവർ എന്ന മദ്യത്തിൽ നിന്നാണ് ജിൻ ഉരുത്തിരിഞ്ഞത്.  ജൂനിപ്പർ എന്ന് പേരുള്ള ബെറിപ്പഴവും മറ്റു സുഗന്ധവ്യഞ്ജനങ്ങളും ചേർത്ത് വാറ്റിയാണ് ജെനിവർ മദ്യം ഉത്പാദിപ്പിച്ചിരുന്നത്. യൂറോപ്പിലെ സന്ന്യാസിമാരായിരുന്നു ഈ ഔഷധത്തിന്റെ ഉത്പാദകർ.വിവിധ ഔഷധസസ്യങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, പൂക്കൾ, അല്ലെങ്കിൽ പഴങ്ങളുടെ സത്തുക്കൾ എന്നിവ ഉപയോഗിച്ച് വ്യത്യസ്ത ശൈലികളിലും ബ്രാൻഡുകളിലും ഇന്ന് ജിൻ നിർമ്മിക്കപ്പെടുന്നു.

ജിന്നിന്റെ ജനപ്രീതിയും സാംസ്കാരിക പ്രാധാന്യവും വർധിപ്പിക്കാൻ ലക്ഷ്യമിട്ട് 2009-ലാണ് ജിൻ ദിനം ആദ്യമായി ആഘോഷിച്ചത്. 

ബ്രിട്ടനാണ് ഉൽപ്പാദനത്തിൽ മുന്നിലെങ്കിലും, ഇന്ത്യയിൽ 30-ലധികം ബ്രാൻഡുകൾ ഇന്ത്യയിൽ  ജിൻ ഉത്പാദിപ്പിക്കുന്നുണ്ട്. ഇവയിൽ ഗ്രേറ്റർ ദാൻ, ഹപൂസ, സ്ട്രേഞ്ചർ ആൻഡ് സൺസ് തുടങ്ങിയവ അന്താരാഷ്ട്ര തലത്തിലും പ്രസിദ്ധിമാണ്. 

കേരളത്തിന്റെ സുഗന്ധം പരത്തുന്ന അയർലൻഡിലെ 'മഹാറാണി' ജിൻ

കേരളത്തിലെ സ്ത്രീകൾക്ക് സമർപ്പിച്ച് 2020-ൽ അയർലൻഡിൽ പുറത്തിറങ്ങിയ പ്രീമിയം ജിന്നാണ് 'മഹാറാണി'. കൊല്ലം സ്വദേശിയായ ഭാഗ്യലക്ഷ്മി ബാരറ്റും ഭർത്താവ് റോബർട്ട് ബാരറ്റും ചേർന്ന് അയർലൻഡിലെ കോർക്ക് നഗരത്തിലാണ് 'മഹാറാണി' എന്ന പേരില്‍ കേരള രുചിയുള്ള, വോഡ്ക ശ്രേണിയില്‍പ്പെട്ട ജിന്‍ ഉത്പാദിപ്പിക്കുന്നത്.

placeholder
ഭാഗ്യാ ബാരെറ്റും ഭര്‍ത്താവ് റോബര്‍ട്ട് ബാരെറ്റും, മഹാറാണി ജിൻ| ഫോട്ടോ: instagram/ @_maharanigin

വയനാട്ടിലെ 'വനമൂലിക' കൂട്ടായ്മയിൽ നിന്ന് ലഭിക്കുന്ന കമ്പിളിനാരങ്ങ, ഏലക്ക, ജാതിപത്രി, കറുവപ്പട്ട തുടങ്ങിയവയാണ് മഹാറാണിയുടെ രുചി വ്യത്യസ്തമാക്കുന്നത്. സ്വന്തം മാറിടം അരിഞ്ഞ് പ്രതിഷേധിച്ച കേരളത്തിന്റെ വീരനായിക നങ്ങേലിയുടെ ഓർമയ്ക്കായി കുപ്പിയിൽ വാളിന്റെ ചിത്രവും മലയാളം എഴുത്തും ഉൾപ്പെടുത്തിയിട്ടുണ്ട്. 

ബ്രിട്ടീഷുകാരെ തുരത്തിയ പോരാട്ടവീര്യംകൊണ്ട് 'റിബല്‍ സിറ്റി' എന്നുകൂടി പേരുള്ള കോര്‍ക്ക് നഗരത്തില്‍ റിബല്‍ സിറ്റി ഡിസ്ലറി എന്ന പേരിലാണ് മലയാളത്തിന്റെ വിപ്ലവസ്പിരിറ്റ് പ്രവര്‍ത്തിക്കുന്നത്.

(നിയമപരമായ മുന്നറിയിപ്പ്- 'മദ്യപാനം ആരോഗ്യത്തിന് ഹാനികരം)