തേങ്ങ ചട്ണി, മുളക് ചട്ണി ഒക്കെ അങ്ങോട്ട് മാറിനില്‍ക്കട്ടെ. സോഷ്യല്‍ മീഡിയയിലിപ്പോള്‍ തവള ചട്ണിയാണ് വൈറൽ. ഉണക്കിയ തവളകളെ ഉപയോഗിച്ച് ഉണ്ടാക്കിയ ചട്ണിയുടെ വീഡിയോ നാല് ദിവസം കൊണ്ട് 1.1 കോടി ആളുകളാണ് ഇതുവരെ കണ്ടത്. telien the foodie എന്ന ഫുഡ് വ്‌ളോഗിങ് ചാനലിലാണ് തവള ചട്ണിയുടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 

To advertise here,

ഉണക്കിയ തവളകള്‍, ചുവന്ന മുളക്, ഇഞ്ചി, വെളുത്തുള്ളി, പുതിന എന്നിവ ചേര്‍ത്താണ് ചട്ണി ഉണ്ടാക്കുന്നത്. ചേരുവകളെല്ലാം ഇടിച്ച് പൊടിരൂപത്തിലാക്കുകയാണ് ചെയ്യുന്നത്. വീഡിയോയില്‍ ചോറിനൊപ്പമാണ് ചട്ണി കഴിക്കുന്നത്. ഈ തവള ചട്ണി മണിപ്പൂര്‍ പരമ്പരാഗത വിഭവമാണെന്നാണ് വീഡിയോയിൽ പറയുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയ്‌ക്കെതിരെ അതിരൂക്ഷമായ കമന്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കാണുമ്പോള്‍ തന്നെ ഓക്കാനും വരുന്നുവെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.  ഉണക്കമീന്‍ പോലെയോ ഉണക്ക മാംസം പോലെയോ സ്വാദിഷ്ടമായ ഒരു വിഭവമാണ് ഉണക്ക തവളയെന്നും ചിലര്‍ കമന്റ് ചെയ്തിരിക്കുന്നു. നാഗാലാന്റ്, മിസോറാം പോലുള്ള സംസ്ഥാനങ്ങളിലെ ഗോത്രസമുദായക്കാരുടെ പരമ്പരാഗത വിഭവങ്ങളിലൊന്നാണ് ഇതെന്നും ചിലര്‍ വിശദീകരിക്കുന്നുണ്ട്. സമാനമായ പല പരമ്പരാഗത ഭക്ഷണങ്ങളുടെ വീഡിയോകളും ഈ ഫുഡ് വ്‌ളോഗില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രധാനവിഭവമാണ് തവള ഉണക്കിയത്. പലരീതിയില്‍ തവളകളെ ഇവര്‍ പാകം ചെയ്ത് കഴിക്കാറുണ്ട്. തെരുവുകളിലും കടകളിലുമെന്നപോലെ ഓണ്‍ലൈന്‍ സൈറ്റുകളിലും ഉണക്കിയ തവളകളെ വാങ്ങാന്‍ കിട്ടും.