വീട്ടിൽ പനീർ ഉണ്ടാക്കുമ്പോൾ അത് റബ്ബർ പോലെ വലിഞ്ഞ്, കട്ടിയുള്ളതായി മാറുന്നുണ്ടോ? പനീർ നല്ല മൃദു ആയി കിട്ടാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.

To advertise here,

പനീർ വീട്ടിൽ തയ്യാറാക്കാൻ പാൽ, നാരങ്ങാനീര് (അല്ലെങ്കിൽ വിനാഗിരി) പിന്നെ അല്പം ക്ഷമയും മാത്രം മതി. എങ്കിലും പലപ്പോഴും കടയിൽ നിന്ന് കിട്ടുന്നതുപോലെ സോഫ്റ്റ് ആയി ഇവ ലഭിക്കണമെന്നില്ല. 

പാൽ അമിതമായി തിളപ്പിക്കുന്നത്

പാൽ തിളച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ നാരങ്ങാനീര് ഒഴിക്കുന്നത് പനീറിലെ പ്രോട്ടീൻ മുറുകാൻ കാരണമാകും. ഇത് പനീർ കട്ടിയുള്ളതാക്കാം.

  • പാൽ തിളച്ചു തുടങ്ങിയാൽ തീ കുറയ്ക്കുക. അതിനുശേഷം മാത്രം പുളിയ്ക്കായി നാരങ്ങയാ വിനാഗിരിയോ ചേർക്കാം. പാൽ പിരിഞ്ഞു കഴിഞ്ഞാലുടൻ തീ അണയ്ക്കണം.

അമിതമായി നാരങ്ങാനീരോ വിനാഗിരിയോ ചേർക്കുന്നത്

പാൽ പിരിച്ചെടുക്കാൻ അമിതമായി നാരങ്ങാനീര് ചേർത്താൽ പനീർ വരണ്ടതാകാനും പുളിപ്പ് കൂടാനും സാധ്യതയുണ്ട്.

  • ഓരോ ടേബിൾസ്പൂൺ വീതം പതുക്കെ ചേർക്കുക. പച്ച കലർന്ന മഞ്ഞ നിറത്തിലുള്ള വെള്ളം (വേ) തെളിഞ്ഞു വന്നാലുടൻ ചേർക്കുന്നത് നിർത്തുക.

അമിതമായി അമർത്തി വെക്കുന്നത് 

പനീർ കട്ടയാകാൻ വേണ്ടി അതിനു മുകളിൽ അമിത ഭാരം കയറ്റിവെക്കുന്നത് ഉള്ളിലെ ഈർപ്പം പൂർണമായും നഷ്ടപ്പെടാൻ കാരണമാകും. ഇത് പനീറിലെ ജലാംശം കുറയ്ക്കാൻ കാരണമാകാം.

  • പരിഹാരം: മിതമായ ഭാരം മാത്രം ഉപയോഗിക്കുക. 20 മുതൽ 30 മിനിറ്റ് വരെ മാത്രം അമർത്തി വെച്ചാൽ മതിയാകും.

തണുത്ത വെള്ളത്തിൽ കഴുകാതിരിക്കുന്നത്

പനീർ അരിച്ചെടുത്ത ശേഷം തണുത്ത വെള്ളത്തിൽ കഴുകുന്നത് പലരും ഒഴിവാക്കുന്ന ഘട്ടമാണ്. എന്നാൽ ഇത് പനീറിന്റെ സോഫ്റ്റ്‌നസ് നിലനിർത്താൻ അത്യാവശ്യമാണ്.

  • തുണിയിൽ അരിച്ചെടുത്ത പനീർ കഷ്ണങ്ങൾ പച്ചവെള്ളത്തിൽ ഒന്ന് കഴുകുക. ഇങ്ങനെ ചെയ്യുമ്പോൾ പുളിപ്പ് മാറ്റാനും പാചക പ്രക്രിയ പെട്ടെന്ന് നിർത്താനും സഹായിക്കും.

പാലിന്റെ ഗുണനിലവാരം

കൊഴുപ്പ് കുറഞ്ഞ പാലോ (സ്കിംഡ് മിൽക്), അമിതമായി പ്രോസസ് ചെയ്ത പാലോ ഉപയോഗിച്ചാൽ പനീർ മൃദുവാകില്ല.

  • കട്ടിയുള്ള പാൽ (ഫുൾ ഫാറ്റ് മിൽക്) തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. കൊഴുപ്പ് കൂടുന്തോറും പനീർ കൂടുതൽ സോഫ്റ്റ് ആകും.