ഇന്ത്യയിലെ ഹിൽടോപ് വിനോദസഞ്ചാര കേന്ദ്രങ്ങളിലെ മഞ്ഞും തണുപ്പും ആസ്വദിക്കുമ്പോൾ ഒരു പ്ലേറ്റ് ചൂടുള്ള മാഗി കഴിക്കുന്നത് സഞ്ചാരികളുടെ പ്രധാന വിനോദങ്ങളിലൊന്നാണ്. തണുപ്പകറ്റാൻ സ്വെറ്ററിനേക്കാൾ ഉപകരിക്കുന്നത് ഇൻസ്റ്റന്റ് നൂഡിൽസാണെന്ന് പലരും തമാശയായി പറയാറുണ്ട്. എന്നാൽ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ഇത്തരം കൊച്ചു കടകളിൽ നിന്നും കച്ചവടക്കാർ ഒരു ദിവസം എത്ര രൂപ സമ്പാദിക്കുന്നുണ്ടാകുമെന്ന് ചിന്തിച്ചിട്ടുണ്ടോ? ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താനായി ബാദൽ താക്കൂർ എന്ന കണ്ടന്റ് ക്രിയേറ്റർ നടത്തിയ പരീക്ഷണം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്.

To advertise here,

മഞ്ഞുമൂടിയ ഹിൽടോപ്പിൽ താൽക്കാലികമായി മാഗി സ്റ്റാൾ സജ്ജീകരിച്ചുകൊണ്ടാണ് ബാദൽ പരീക്ഷണം നടത്തിയത്. മരവിപ്പിക്കുന്ന തണുപ്പിലും സഞ്ചാരികളുടെ വലിയ തിരക്കാണ് അദ്ദേഹത്തിന്റെ സ്റ്റാളിന് മുന്നിലുണ്ടായിരുന്നത്. വെറും രണ്ട് മണിക്കൂറിനുള്ളിൽ ഏകദേശം 300 മുതൽ 350 പ്ലേറ്റ് മാഗി വിൽക്കാൻ സാധിച്ചതായി വീഡിയോയിൽ അവകാശപ്പെടുന്നുണ്ട്. ഒരു പ്ലേറ്റ് മാഗിക്ക് 70 രൂപ നിരക്കിൽ കണക്കാക്കിയാൽ വെറും ഒരു ദിവസത്തെ വരുമാനം ഏകദേശം 21,000 രൂപയോളമാണ്.

കണക്കുകൾ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളാണ് നടക്കുന്നത്. ഇത്തരത്തിൽ കച്ചവടം നടക്കുകയാണെങ്കിൽ ഒരു മാസം ആറ് ലക്ഷം രൂപയിലധികം സമ്പാദിക്കാമെന്നും വർഷത്തിൽ ഇത് 75 ലക്ഷം രൂപ കടക്കുമെന്നുമാണ് പലരും കണക്കുകൂട്ടുന്നത്. ജോലി രാജി വെച്ച് പർവ്വതങ്ങളിൽ മാഗി കച്ചവടം തുടങ്ങിയാലോ എന്ന് ചോദിക്കുന്നവരും, ഇതിനെ തങ്ങളുടെ 'പ്ലാൻ ബി' എന്ന് വിശേഷിപ്പിക്കുന്നവരും കുറവല്ല. എങ്കിലും ഗ്യാസ് സിലിണ്ടർ, മാഗി പാക്കറ്റുകൾ, പ്ലേറ്റുകൾ എന്നിവയുടെ ചിലവ് ഈ തുകയിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നതും പ്രധാനമാണ്.