ഗൂഗിൾ തുറന്നപ്പോൾ ഇഡ്ലി ഡൂഡിൽ കണ്ട് ഞെട്ടിയോ? ചിലർ ഇഡ്ലി ദിനമാണെന്ന് വരെ സംശയിച്ചു. ഭക്ഷണം കഴിക്കാൻ പരമ്പരാഗതമായി ഉപയോഗിക്കുന്ന വാഴയിലയുടെ രൂപത്തിലാണ് ഡൂഡിൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇഡ്ഡലിയുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ ദക്ഷിണേന്ത്യൻ പാചകവിഭവങ്ങളിലെ പ്രധാന ഘടകങ്ങൾ ഉപയോഗിച്ചാണ് ഗൂഗിൾ എന്ന വാക്ക് ഡൂഡിലിൽ എഴുതിയിരിക്കുന്നത്. ഫുഡ് ആൻ്റ് ഡ്രിങ്ക് തീമിൽ അവതരിപ്പിക്കുന്ന ഡൂഡിൽ എന്നതിലുപരി മറ്റ് വിശദീകരണങ്ങളൊന്നും ഗൂഗിൾ നൽകിയിട്ടില്ല. 

To advertise here,

ഇൻഡൊനീഷ്യൻ വേരുകളുളള ഇഡ്ലി
ഇൻഡൊനീഷ്യയിലാണ് ഇഡ്ഡലിയുടെ ഉത്ഭവം എന്നാണ് ഭക്ഷണ ചരിത്രകരുടെ കണ്ടെത്തൽ. പുളിപ്പിച്ച ഭക്ഷണങ്ങൾക്ക് പേരുകേട്ടവരാണ് ഇൻഡൊനീഷ്യക്കാർ. ആവിയിൽ വേവിച്ച ഇഡ്ഡലി എന്ന ആശയം 800 നും 1200 CE നും ഇടയിലുള്ള കാലഘട്ടത്തിലാണ് ഇന്ത്യയിലേക്ക് എത്തുന്നത്.

  • 920 AD-യിലെ കന്നഡ കൃതിയിൽ “ഇദ്ദലിഗെ” എന്ന് പരാമർശിക്കുന്നുണ്ട്. പൂർണമായി ഉഴുന്നുമാവ് ഉപയോഗിച്ച് ഉണ്ടാക്കുന്ന വിഭവമായിരുന്നു അത്.
  • 1130 AD-യിലെ സംസ്കൃത ഗ്രന്ഥമായ മാനസൊല്ലാസ “ഇദ്ദരിക”എന്ന പേരിലാണ് സമാനമായ ഒരു വിഭവം വിവരിക്കുന്നത്.
  • 17-ാം നൂറ്റാണ്ടിൽ തമിഴ് സാഹിത്യത്തിൽ ഇഡ്ഡലിയെ “ഇറ്റലി” എന്നും വിവരിക്കുന്നുണ്ട്.

ആദ്യകാലങ്ങളിൽ ഉഴുന്ന് മാത്രം ഉപയോഗിച്ച് തയ്യാറാക്കിയിരുന്ന ഇഡ്ലിയിലേക്ക് പിൽക്കാലത്ത് ഭക്ഷ്യക്ഷാമവും പട്ടിണിയുമുൾപ്പടെയുള്ളവ വന്നതോടെയാണ് അരിയുടെ രംഗപ്രവേശനമെന്നും കരുതുന്നു. ഉഴുന്നിൻ്റെ വിലയാണ്  ഈ മാറ്റത്തിനു കാരണം. 

ഇഡ്ലി ദിനം എന്നാണ്? 

ഗൂഗിൾ ഹോംപേജിൽ ഇഡ്ലി പ്രത്യക്ഷപ്പെട്ടതോടെ ഇന്ന് ഇഡ്ലി ദിനമാണെന്ന് കരുതിയവരുണ്ട്. എന്നാൽ മാർച്ച് 30-നാണ് ലോക ഇഡ്ലി ദിനം ആചരിക്കുന്നത്. ചെന്നൈയിൽ നിന്നുള്ള പ്രശസ്ത ഇഡ്ഡലി വ്യാപാരിയായ എനിയവൻ ആണ് ലോക ഇഡ്ഡലി ദിനം ആദ്യമായി അവതരിപ്പിച്ചത്. 2015-ൽ അദ്ദേഹം 1,328 തരം ഇഡ്ഡലികൾ ഉണ്ടാക്കി ഈ ദിനം ആഘോഷിച്ചു.