മാര്‍ച്ച് എന്നാല്‍ കുട്ടികള്‍ക്ക് പരീക്ഷാച്ചൂടിന്റെ കാലമാണ്. മാനസികസമ്മര്‍ദമേറുന്ന സമയം. അതോടൊപ്പം വേനല്‍ച്ചൂടും ഉയരുന്ന കാലമാണ് മാര്‍ച്ച്. ഈ രണ്ട് കാര്യങ്ങളും കൂടിയാവുമ്പോള്‍ പലര്‍ക്കും ഭക്ഷണത്തിലുള്ള ശ്രദ്ധകുറയും.
പലപ്പോഴും ഭക്ഷണം ഒഴിവാക്കുന്ന കുട്ടികളുമുണ്ട്. എന്നാല്‍, നല്ല ഭക്ഷണക്രമവും ജീവിതശൈലിയും നന്നായി പഠിക്കാനും പരീക്ഷയെഴുതാനും സഹായിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ചൂടിനെ പ്രതിരോധിക്കാനും ക്ഷീണമകറ്റാനും വേണം ഭക്ഷണത്തില്‍ നല്ലശ്രദ്ധ. പരീക്ഷയുടെയും വേനലിന്റെയും ചൂടില്‍ തളരാതിരിക്കാന്‍ പിന്തുടരേണ്ട ഭക്ഷണക്രമത്തെക്കുറിച്ച് പറയുന്നു കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ ന്യൂട്രീഷ്യനിസ്റ്റ് സൂര്യ അഭിലാഷ്.
Also Read
പല കുട്ടികളിലും കാണുന്ന രീതി പ്രഭാതഭക്ഷണം ഒഴിവാക്കുക എന്നതാണ്. പ്രഭാതഭക്ഷണം ഒഴിവാക്കുന്നതുതന്നെ കുട്ടികളില്‍ ശാരീരികവും മാനസികവുമായ ഉന്മേഷക്കുറവ് കൂട്ടുന്നു. തലച്ചോറിലേക്കുള്ള പോഷകാഹാരക്കുറവ് ഓര്‍മക്കുറവിനും ഏകാഗ്രത നഷ്ടപ്പെടാനും കാരണമാകുന്നു.
ഇടവേളകളില്‍ ഭക്ഷണം കഴിക്കുന്നത് ശീലമാക്കാന്‍ ശ്രമിക്കുക. അത്താഴം എട്ടിനുമുന്‍പ് കഴിക്കുന്നതാണ് ഏറ്റവും നല്ലത്. ഒരുനേരത്തെ ഭക്ഷണംപോലും ഒഴിവാക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ആഹാരത്തിന്റെ അളവുകുറച്ച് തവണകള്‍ കൂട്ടിക്കഴിക്കാനാണ് ശ്രദ്ധിക്കേണ്ടത്.
ഇവ ശ്രദ്ധിക്കാം
• പഴങ്ങളും പച്ചക്കറികളും ഇലക്കറികളും ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക
• വറുത്തതും പൊരിച്ചതുമായ ആഹാരസാധനങ്ങള്‍, ബേക്കറി പലഹാരങ്ങള്‍, പാക്കറ്റ് ഭക്ഷണങ്ങള്‍, ഫാസ്റ്റ് ഫുഡ് എന്നിവയെല്ലാം പരീക്ഷക്കാലത്ത് ഒഴിവാക്കുന്നതാണ് നല്ലത്.
• അന്തരീക്ഷ ഊഷ്മാവ് കൂടുമ്പോള്‍ ഇത്തരം ഭക്ഷണം കഴിക്കുന്നത് ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ക്കും ഉദരസംബന്ധമായ അസുഖങ്ങള്‍ക്കും വഴിയൊരുക്കും. ഇതുകാരണം പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കുട്ടികള്‍ക്ക് കഴിയാതാകുന്നു.
• മാതാപിതാക്കള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുകയും കഴിവതും വീടുകളില്‍ പാചകംചെയ്യുന്ന ആഹാരം കഴിക്കാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യണം.
• ചെറുമത്സ്യങ്ങള്‍, മുട്ട, പാല്‍, പയര്‍-പരിപ്പ് വര്‍ഗങ്ങള്‍ എന്നിവ പ്രോട്ടീന്‍ ലഭിക്കാന്‍ അത്യുത്തമമാണ്.
• സംസ്‌കരിച്ച മാംസാഹാരങ്ങള്‍ കൂടുതല്‍ കഴിക്കുന്നത് ഒഴിവാക്കുക.
• ദിവസവും ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക(രണ്ടു മുതല്‍ 2.5 ലിറ്റര്‍വരെ)
• ഇടവേളകളില്‍ സംഭാരം, നാരങ്ങാവെള്ളം, കരിക്കിന്‍ വെള്ളം, പഴച്ചാറുകള്‍, പച്ചക്കറി സൂപ്പുകള്‍ എന്നിവ ഉള്‍പ്പെടുത്തി ശരീരത്തിലെ നിര്‍ജലീകരണം ഒഴിവാക്കുക.
• കാര്‍ബണേറ്റഡ് ഡ്രിങ്ക്സ് ഒഴിവാക്കുക.
• രാത്രി ആറുമുതല്‍ എട്ടുമണിക്കൂര്‍വരെ ഉറക്കം ശീലമാക്കുക. ഇത് തലച്ചോറിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കും. ഉറക്കമൊഴിച്ച് പഠിക്കുന്നത് നല്ലശീലമല്ല.
• ദിവസവും 30 മിനിറ്റെങ്കിലും വ്യായാമം ശീലമാക്കുക. നടത്തമോ നൃത്തമോ സൈക്കിളോടിക്കുകയോ തുടങ്ങി ഇഷ്ടമുള്ള എന്തുമാവാം.
Content Highlights: Plan a healthy summer diet for children
Published: 22 Feb 2024, 09:33 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented