നവരാത്രി ആഘോഷങ്ങൾ അടുത്തെത്തിയിരിക്കുകയാണ്. ഏത് ഭൂപ്രദേശത്തും പ്രിയപ്പെട്ടവരെല്ലാം ഒത്തുകൂടുന്ന ആഘോഷങ്ങളിൽ ഭക്ഷണത്തിൻ്റെ പങ്ക് വലുതാണ്. മാംസം, ഉള്ളി, വെളുത്തുള്ളി എന്നിവയെല്ലാം ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കിയുള്ള വ്രതങ്ങൾ പല ആഘോഷങ്ങളുടേയും ഭാഗമാകാറുണ്ട്. എന്നാൽ ബംഗാളിലേക്ക് വരുമ്പോൾ ഈ രീതിക്ക് വലിയ മാറ്റമുണ്ടാകും. ഇതിനു പിന്നിലെ കാരണം നവരാത്രി കാലങ്ങളിൽ പലപ്പോഴും ചർച്ചയാകാറുണ്ട്.
ബംഗാളിന്റെ ഏറ്റവും വലിയ ആഘോഷമായ ദുർഗ പൂജയുടെ തുടക്കമാണ് നവരാത്രി. കൊഷാ മാങ്‌ഷോ (Kosha Mangsho), ഇലീഷ് മാച്ച് (Ilish Machh), ചിക്കൻ കറി എന്നിവയാൽ ബംഗാളി അടുക്കളകൾ നിറയുന്ന സമയമാണത്. ഇത്തരം ഒരു ആചാരത്തിനിടെ മാംസാഹാരം എങ്ങനെ കഴിക്കുന്നു എന്ന വൈരുദ്ധ്യം ബംഗാളിന് പുറത്തുള്ള പലർക്കും സംശയമായിതോന്നിയേക്കാം.
മത്സ്യവും മാംസവും നിറഞ്ഞ ബംഗാളികളുടെ ആഘോഷം
ബംഗാളികളെ സംബന്ധിച്ച് നവരാത്രി കാലത്ത് മത്സ്യവും മാംസവും കഴിക്കുന്നത് പാരമ്പര്യത്തിൻ്റെയും സംസ്കാരത്തിൻ്റെയും ഭാഗമാണ്. ദുർഗാദേവിയുടെ വീട്ടിലേക്കുള്ള തിരിച്ചുവരവിൻ്റെ ആഘോഷമാണ് നവരാത്രി. ഉപവാസത്തിലൂടെയല്ല, മറിച്ച് വിരുന്നുകളിലൂടെയാണ് അവർ ഭക്തി പ്രകടിപ്പിക്കുന്നത്.
ഉത്തർപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ, ഉള്ളി, വെളുത്തുള്ളി, മാംസം എന്നിവ പൂർണ്ണമായും ഒഴിവാക്കിയാണ് നവരാത്രി ആചരിക്കുന്നത്. എന്നാൽ ബംഗാളിൽ, ദുർഗ പൂജാ പന്തലുകൾക്ക് സമീപം ബിരിയാണി, ഫിഷ് ഫ്രൈ, എഗ്ഗ് റോൾസ്, മട്ടൺ കറി എന്നിവ വിൽക്കുന്ന സ്റ്റാളുകൾ കാണാം. ഇത് ആഘോഷത്തിൻ്റെ ഭാഗമായിട്ടാണ് ബംഗാളികൾ കണക്കാക്കുന്നത്.
ബംഗാളി പാചകരീതിയുടെ ഭാഗമായ മീൻ
നദികളാലും ഫലഭൂയിഷ്ഠമായ ഭൂമിയാലും ചുറ്റപ്പെട്ട ബംഗാളിന്റെ ഭൂമിശാസ്ത്രവും ചരിത്രവുമാണ് ഇവിടുത്തെ ഭക്ഷണരീതിക്ക് രൂപം നൽകിയതെന്നാണ് കരുതപ്പെടുന്നത്. നൂറ്റാണ്ടുകളായി ബംഗാളി രുചിയിൽ പ്രധാനിയാണ് മീൻ. മത്സ്യവും മാംസവും മതപരമായ ഉത്സവങ്ങളിൽ കഴിക്കുന്നത് ദൈവാനുഗ്രഹമായിട്ടാണ് ബംഗാളിൽ കണക്കാക്കുന്നതെന്ന് ചരിത്രകാരൻമാർ വിലയിരുത്തുന്നു. ബംഗാളിലെ ഈർപ്പമുള്ള കാലാവസ്ഥയും നദിയാൽ ചുറ്റപ്പെട്ട ഭൂമിശാസ്ത്രവും മീൻ അവരുടെ ദൈനംദിന പോഷകമായി മാറ്റുന്നതിൽ പങ്കുവഹിച്ചിട്ടുണ്ട്.
ബംഗാളിലെ പല ക്ഷേത്ര ആചാരങ്ങളിലും മാംസാഹാര വഴിപാടുകൾ സജീവമായി ഉൾപ്പെടുത്താറുണ്ട്. കാളിയുടെ (ദുർഗയുടെ ഉഗ്രരൂപം) ആരാധനയിൽ പലപ്പോഴും ആടിനെ ബലിയർപ്പിക്കാറുണ്ട്. ഈ മാംസം പിന്നീട് പാകം ചെയ്ത് പ്രസാദമായി വിതരണം ചെയ്യുകയും ചെയ്യുന്നു. മഹിഷാസുരനെ ദുർഗാ ദേവി വധിച്ചതിൻ്റെ വിജയം ആഘോഷിക്കുന്നതിൻ്റെ ഭാഗമായി ധാരാളം മത്സ്യവും ബലി മാംസവും പാചകം ചെയ്ത് അനുസ്മരിക്കാറുണ്ട്.
നവരാത്രി ആഘോഷങ്ങളിൽ ബംഗാളിൽ ഏറ്റവും പ്രചാരമുള്ള വിഭവങ്ങളിൽ ചിലത്
• കൊഷാ മാങ്‌ഷോ (Kosha Mangsho)
• ഇലീഷ് മാച്ച് (Ilish Machh)
• ഉരുളക്കിഴങ്ങുകൊണ്ട് തയ്യാറാക്കിയ ചിക്കൻ കറി
• മട്ടൺ ബിരിയാണി
• ഫിഷ് ഫ്രൈ, ഫിഷ് കറി( കാളാഞ്ചി, റോഹു തുടങ്ങിയ മീനുകൾ ബംഗാളികളുടെ നവരാത്രി ഭക്ഷണത്തിൽ പ്രധാനിയാണ്)
Content Highlights: Explore the unique Bengali tradition of enjoying fish and meat during Navratri/Durga Puja.
Published: 20 Sept 2025, 05:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented