ബട്ടര്‍ ചിക്കന്റെ ഉപജ്ഞാതാവിനെച്ചൊല്ലിയുള്ള തര്‍ക്കം നിലനില്‍ക്കെ വീണ്ടും ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി. ബട്ടര്‍ ചിക്കന്റെ ഉദ്ഭവ വിഷയത്തില്‍ ഒരഭിമുഖത്തില്‍ മോത്തി മഹല്‍ റസ്റ്ററന്റ് ഉടമസ്ഥര്‍ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ക്കെതിരേ ദര്യഗഞ്ച് റസ്റ്ററന്റ് ഉടമയാണ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. ബട്ടര്‍ ചിക്കന്റെയും ദാല്‍ മഖനിയുടെയും പേരില്‍ വര്‍ഷങ്ങളായി തര്‍ക്കത്തിലാണ് ഡല്‍ഹിയിലെ പ്രമുഖ റസ്റ്ററന്റുകളായ മോത്തി മഹലും ദര്യഗഞ്ചും.

To advertise here,

'ബട്ടര്‍ ചിക്കനും ദാല്‍ മഖനിയും ആദ്യമുണ്ടാക്കിയവര്‍' എന്ന ടാഗ് ലൈന്‍ ദര്യഗഞ്ച് റസ്റ്ററന്റ് ഉപയോഗിച്ചതിനെതിരേ മോത്തി മഹല്‍ സമര്‍പ്പിച്ച കേസ് നിലവില്‍ ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലാണ്. കേസ് മേയ് 29-ന് പരിഗണിക്കാനിരിക്കെയാണ് പുതിയ ഹര്‍ജി. മോത്തി മഹലിന്റെ മുന്‍ ഉടമയായ അന്തരിച്ച കുണ്ഡല്‍ ലാല്‍ ഗുജ്‌റാളാണ് ബട്ടര്‍ ചിക്കനും അതേ കൂട്ടില്‍ കോഴിയിറച്ചിക്കുപകരം ചെറുപയര്‍ ചേര്‍ത്ത് ദാല്‍ മഖനിയും ആദ്യമായുണ്ടാക്കിയത് എന്നാണ് ഇവരുടെ വാദം. 

1950 മുതല്‍ ഈ വാദത്തില്‍ പഴയഡല്‍ഹിയില്‍ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തന്തൂരി ചിക്കനുണ്ടാക്കിയതും ഗുജ്‌റാളാണെന്ന് ഇവര്‍ അവകാശപ്പടുന്നു. അതിനാല്‍ ഈ വിഭവങ്ങള്‍ ആദ്യമായുണ്ടാക്കിയത് തങ്ങളാണെന്ന ദര്യഗഞ്ച് റസ്റ്ററന്റിന്റെ അവകാശവാദം വിലക്കണമെന്നാണ് മോത്തിമഹലിന്റെ ആവശ്യം.

എന്നാല്‍, മോത്തിമഹല്‍ ഉടമയായിരുന്ന അന്തരിച്ച കുന്ദന്‍ ലാല്‍ ഗുജ്‌റാളും ദര്യഗഞ്ച് ഉടമയായിരുന്ന അന്തരിച്ച കുണ്ഡല്‍ ലാല്‍ ജഗ്ഗിയും ഒരുമിച്ച് പാകിസ്താനിലെ പെഷവാറില്‍ വിഭജനത്തിനുമുമ്പ് സ്ഥാപിച്ചതാണ് ആദ്യത്തെ മോത്തി മഹല്‍ റസ്റ്ററന്റെന്നാണ് ദര്യാഗഞ്ച് ഉടമകളുടെ വാദം. കുണ്ഡല്‍ ലാല്‍ ജഗ്ഗിയാണ് ബട്ടര്‍ ചിക്കന്റെയും ദാല്‍ മഖനിയുടെയും രസക്കൂട്ട് ഇന്ത്യയിലെത്തിച്ചതെന്നും ഇവര്‍ അവകാശപ്പെടുന്നു.